ഇനിയുള്ള അഞ്ച് -ആറ് മാസം കേരളം രാഷ്ട്രീയം മാത്രമായിരിക്കും ചര്‍ച്ച ചെയ്യുക. ഡിസംബറില്‍ മൂന്ന് ഘട്ടങ്ങളിലായി തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് നടക്കും. പിന്നീട് ഏപ്രില്‍ മെയ് മാസങ്ങളിലായി നിയമസഭ തെരഞ്ഞെടുപ്പും. സമീപകാലത്തൊന്നും ഇല്ലാത്ത രീതിയില്‍ പ്രക്ഷ്ബുധമായ രാഷ്ട്രീയ അവസ്ഥയിലാണ് കേരളം തെരഞ്ഞെടുപ്പ് കാലത്തിലേക്ക് നീങ്ങുന്നത്.
കഴിഞ്ഞ ആറ് മാസത്തിനിടെ പുറത്തുവന്ന സംഭവങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍, ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ മറ്റൊരു രീതിയില്‍ ആകുമായിരുന്നു അഭിമുഖീകരിക്കുക. കോവിഡ് ഉള്‍പ്പെടെ സംസ്ഥാനത്തിന് മേല്‍ വന്ന് ഭവിച്ച ദുരിതങ്ങളെ ജനപക്ഷത്തിന് നിന്ന് നോക്കുമ്പോള്‍ സാമാന്യം ഭേദപ്പെട്ട രീതിയില്‍ കൈകാര്യം ചെയ്തതിന്റെ ആത്മവിശ്വാസം മുന്നണിയെ നയിക്കുന്ന പാര്‍ട്ടിക്കും, സര്‍ക്കാരിനുമുണ്ടായിരുന്നു. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തങ്ങളെ മുന്‍നിര്‍ത്തിയായിരുന്നു സര്‍ക്കാരിന്റെ കോവിഡ് വിരുദ്ധ പോരാട്ടങ്ങളും. രാഷ്ട്രീയമായി നോക്കുമ്പോഴും എല്‍ഡിഎഫ് കരുത്തു നേടുക മാത്രമെ ചെയ്തിട്ടുള്ളു. കഴിഞ്ഞ 38 വര്‍ഷമായി യുഡിഎഫിനൊപ്പമുന്ദായീരുന്ന കേരള കോണ്‍ഗ്രസിനെ കൂടെക്കൂട്ടാന്‍ കഴിഞ്ഞതോടൊപ്പം ഇടക്കാലത്ത് അപ്പുറത്തായിരുന്ന ലോക് താന്ത്രിക് ജനതാദളിനെ മുന്നണിയിലെത്തിക്കാനും ഇടതുപക്ഷത്തിന് കഴിഞ്ഞു. അതായത് മുന്നണിയുടെ രാഷ്ട്രീയ ബലാബലത്തില്‍ ഇടതുപക്ഷത്തിന് ഉണ്ടാക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമാണ്. യുഡിഎഫിനെ സംബന്ധിച്ചാകട്ടെ, സ്ഥിതിഗതികള്‍ നേരെ തിരിച്ചാണ്. അഞ്ച് വര്‍ഷം കൂടുമ്പോള്‍ ഭരണമാറ്റം ഉണ്ടാകുന്ന കേരളത്തില്‍, അവസാന വര്‍ഷങ്ങളാകുമ്പോഴേക്കും കുഴപ്പങ്ങളും അസ്വാരസ്യങ്ങളും ഉണ്ടാകാറുള്ളത് ഭരണ മുന്നണിയാലാണ്. എന്നാല്‍ ഇതില്‍ മാറ്റമുണ്ടായിരിക്കുന്നു. പ്രശ്നങ്ങള്‍ പ്രതിപക്ഷ മുന്നണിയിലാണ് സംഭവിച്ചിരിക്കുന്നത്. കേരളത്തില്‍ പിടിമുറുക്കാന്‍ വേണ്ടി പതിറ്റാണ്ടുകളായി ശ്രമിച്ചുകൊണ്ടിരിക്കുന്ന ബിജെപിയിലാണെങ്കില്‍ മുന്നണിയില്‍ മാത്രമല്ല, പാര്‍ട്ടിയില്‍ തന്നെ അഭിപ്രായ വ്യത്യാസം പരസ്യമായ വിഴുപ്പലക്കലിന്റെ തരത്തിലേക്ക് തരംതാണിരിക്കുന്നു. ബിഡിജെഎസ് എത്രകാലം തുടരുമെന്ന് ആർക്കും ഒരുറപ്പുമില്ല.
പുതിയ കക്ഷികളെ യുഡിഎഫിലേക്ക് എടുക്കില്ലെന്ന് കണ്‍വീനര്‍ എം എം ഹസ്സന് പറഞ്ഞിട്ടുണ്ടെങ്കിലും ചില ധാരണകള്‍ യുഡിഎഫിന് നിര്‍ണായകമാവും. വെല്‍ഫയര്‍ പാര്‍ട്ടിയുമായി മുസ്ലീം ലീഗ് ഉണ്ടാക്കുന്ന ധാരണ മലബാറിലെ ചില തദ്ദേശ സ്ഥാപനങ്ങളെ സംബന്ധിച്ചെങ്കിലും നിര്‍ണായകമായി മാറിയേക്കാനാണ് സാധ്യത. ഈ ധാരണ എസ്ഡിപിഐയുമായി ഉണ്ടാകുമോ എന്ന് വ്യക്തമല്ല.
ഇങ്ങനെ സംഘടനാപരമായി നോക്കൂമ്പോള്‍ മെച്ചപ്പെട്ട അവസ്ഥയിലാണ് എല്‍ഡിഎഫ്. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട വിവാദങ്ങളും അതുപോലെ മുന്നണിയ്ക്ക് നേതൃത്വം നല്കുന്ന പാര്‍ട്ടിയുടെ സെക്രട്ടറിയുടെ കുടുംബം അകപ്പെട്ടിരിക്കുന്ന പ്രശ്നങ്ങളും സിപിഎമ്മിനെ വലിയ വിശ്വാസ തകര്‍ച്ചയിലാണ് എത്തിച്ചിരിക്കുന്നത്. നാളിതുവരെ കേരളത്തിലെ ഒരു ഇടതുപക്ഷ സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെ ഓഫീസിന് ഇതുപോലുള്ള പ്രതിസന്ധി നേരിടേണ്ടി വന്നിട്ടില്ല. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ നടക്കുന്ന അന്വേഷണം കൂടൂതല്‍ കൂടുതല്‍ സങ്കീര്‍ണമാവുകയുമാണ്. അച്ഛനും മകനും രണ്ട് വ്യക്തികളാണെന്ന ന്യായവാദത്തിന്റെ അടിസ്ഥാനത്തില്‍ പിടിച്ചുനില്‍ക്കാവുന്ന ആരോപണങ്ങളല്ല, സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നേരിടുന്നത്. ഇക്കാര്യങ്ങള്‍ പാര്‍ട്ടിയുടെ തന്നെ അനുഭാവികള്‍ സമ്മതിക്കുകയും ചെയ്യുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ടാമത്തെ പ്രമുഖനെ ചോദ്യം ചെയ്യാന്‍ ഇഡി വിളിപ്പിച്ചുകഴിഞ്ഞു. ഇനി എന്താവുമെന്നത് സംബന്ധിച്ച് ആശങ്ക ഭരണ നേതൃത്വത്തിലുള്ളവരില്‍ പ്രകടമാണ്.
കേരളം തദ്ദേശ ഭരണ തെരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോള്‍ ഉള്ള പൊതു രാഷ്ട്രീയ ചിത്രം ഇതാണ്.
എല്‍ഡിഎഫിനെ സംബന്ധിച്ച് നേരത്തെ വിശദീകരിച്ച രാഷ്ട്രീയ സംഭവങ്ങളുടെ പ്രത്യാഘാതം എന്താവുമെന്ന കാര്യം മാറ്റി നിര്‍ത്തിയാല്‍ ഏറ്റവും പ്രധാനമായിട്ടുള്ളത് കേരള കോണ്‍ഗ്രസ് ജോസ് ഗ്രൂപ്പിന്റെ വരവ് രാഷ്ട്രീയമായി ഗുണം ചെയ്യുമോ എന്നറിയാന്‍ കഴിയുമെന്നുള്ളതാണ്. ജോസ് ഗ്രൂപ്പിനെ മുന്നണിയിലെടുക്കുമ്പോള്‍ സിപിഐ ഉയര്‍ത്തിയ ആശങ്ക അവരുടെ വോട്ട് ഇടതുപക്ഷത്തിലേക്ക് വരില്ലെന്നതായിരുന്നു. നിരവധി നേതാക്കള്‍ പാര്‍ട്ടി വിട്ട് പിജെ ജോസഫിനൊപ്പം പോയത് ഈ നിഗമനത്തെ ഒരളവുവരെ സാധൂകരിക്കുന്നതുമായി. കോട്ടയം, ഇടുക്കി ജില്ലകളില്‍ എത്രത്തോളം ഗുണം ഇടതുപക്ഷത്തിന് കിട്ടുമെന്നതിന്റെ യഥാര്‍ത്ഥ അളവുകോല്‍ തദ്ദേശ തെരഞ്ഞെടുപ്പാകും.
കോട്ടയം ജില്ലാ പഞ്ചായത്താണ് ഇടതുപക്ഷം ജോസിന്റെ സഹായത്തോടെ ലക്ഷ്യമിടുന്ന ഒരു പ്രധാന ഭരണ കേന്ദ്രം. 2015 ലെ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് 14 ഉം എല്‍ഡിഎഫിന് എട്ടും സീറ്റുകളാണ് കോട്ടയം ജില്ലാ പഞ്ചായത്തില്‍ ലഭിച്ചത്. കോട്ടയം ജില്ലയില്‍ ആറ് മുന്‍സിപ്പാലിറ്റികളാണുള്ളത്. അതില്‍ നാലെണ്ണം യുഡിഎഫിനും രണ്ടെണ്ണം എല്‍ഡിഎഫിനുമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലഭിച്ചത്. പാലാ ഉള്‍പ്പെടയുള്ള യുഡിഎഫിന് വന്‍ ഭൂരിപക്ഷമുള്ള മുന്‍സിപ്പാലിറ്റികളില്‍ ജോസിന്റെ മുന്നണിമാറ്റം എന്ത് മാറ്റം കൊണ്ടുവരുമെന്നത് ഇടതു - കേരള കോണ്‍ഗ്രസ് ബന്ധത്തെ സംബന്ധിച്ച് പ്രധാനമാണ്. കോട്ടയത്തെ 71 പഞ്ചായത്തുകളില്‍ 44 ഉം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ആണ് ലഭിച്ചത്.
തിരുവനന്തപുരം കോര്പ്പറേഷന് മൂന്ന് മൂന്നണികള്‍ക്കും പ്രധാനമാണ്. കേരളത്തില്‍ ബിജെപി ശക്തിപ്പെടുമ്പോള്‍ എന്ത് മാറ്റമാണ് പൊതു രാഷ്ട്രീയത്തില്‍ സംഭവിക്കുകയെന്നതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കാറുള്ള സ്ഥലമാണ് തിരുവനന്തപുരം കോര്പ്പറേഷന്. തിരുവനന്തപുരത്തെ 42 ഡിവിഷനുകളില്‍ എല്‍ഡിഎഫ് 2015 ല്‍ വിജയിച്ചപ്പോള്‍ 34 സീറ്റാണ് ബിജെപി നേടിയത്. യുഡിഎഫിന് കിട്ടിയതാകട്ടെ, 21 സീറ്റുകള്‍ മാത്രം. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ കുതിച്ചുചാട്ടത്തെ തുടര്‍ന്ന് ഇത്തവണ കോര്പ്പറേഷന് ഭരണം പിടിക്കാന്‍ ബിജെപി ശ്രമിക്കുമ്പോള്‍, ഭരണം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് ഇടതുപക്ഷം. തിരുവനന്തപുരം നഗരസഭയിലെ നഷ്ടപ്രതാപം വീണ്ടെടുത്തുവെന്ന് തെളിയിക്കേണ്ടത് യുഡിഎഫിനെ സംബന്ധിച്ച് നിലനില്‍പ്പിന്റെ കൂടി ആവശ്യമാണ്.
സംസ്ഥാനത്തെ ആകെയുള്ള ആറ് കോര്‍പ്പറേഷനുകളില്‍ ഇപ്പോള്‍ കൊച്ചിയും കണ്ണൂരും മാത്രമാണ് ഇപ്പോള്‍ യുഡിഎഫിന്റെ കൈവശമുള്ളത്. തൃശ്ശൂരില്‍ തലനാരിഴയ്ക്കാണ് യുഡിഎഫിന് അധികാരം നഷ്ടമായത്. 23 എല്‍ഡിഎഫിനും, 21 യുഡിഎഫിനുമെന്നതായിരുന്നു അവിടുത്തെ കക്ഷി നില.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ മുന്‍സിപ്പാലിറ്റികളില്‍ എല്‍ഡിഎഫിനും യുഡിഎഫിനും ഏകദേശം തുല്യ നിലയായിരുന്നു. 42 എല്‍ഡിഎഫിന് കിട്ടിയപ്പോള്‍ 41 യുഡിഎഫിന് കിട്ടി. സംസ്ഥാനത്ത് ബിജെപി ഭരിക്കുന്ന ഏക മുന്‍സിപ്പാലിറ്റി പാലക്കാടാണ്. തിരുവനന്തപുരത്ത് ബിജെപിയുടെ നേട്ടം യുഡിഎഫിനാണ് തിരിച്ചടിയായതെങ്കില്‍ പാലക്കാട് നേരെ തിരിച്ചാണ് സ്ഥിതിഗതി. ഇവിടെ 24 വാര്‍ഡുകള്‍ ബിജെപിയ്ക്ക് ലഭിച്ചപ്പോള്‍ 16 എണ്ണം യുഡിഎഫിന് കിട്ടി. എല്‍ഡിഎഫിന് ലഭിച്ചതാകട്ടെ ആകെ ആറെണ്ണവും. ബിജെപിയ്ക്ക് വലിയ നേട്ടമുണ്ടാക്കിയ തെരഞ്ഞെടുപ്പായിരുന്നു 2015 ലെ തദ്ദേശ തെരഞ്ഞെടുപ്പ്. 14 ഗ്രാമ പഞ്ചായത്തുകളില്‍ അവര്‍ ഭരിക്കാന്‍ യോഗ്യത നേടി. കാസര്‍കോടായിരുന്നു കൂടുതല്‍. അഞ്ചെണ്ണം പാലക്കാട് മുന്‍സിപ്പാലിറ്റിയില്‍, തിരുവന്തപുരം കോര്‍പ്പറേഷനില്‍ ആറ് സീറ്റില്‍ നിന്ന് 34 ലേക്കും എത്താന്‍ കഴിഞ്ഞു. എന്നാല്‍ അതിന് ശേഷം നേമത്ത് ഒ രാജഗോപാലിന്റെ ജയമല്ലാതെ കാര്യമായൊന്നും ഉണ്ടായില്ലെന്ന് മാത്രമല്ല, 'സുവര്‍ണാവസര'മുണ്ടായ ലോക്സഭ തെരഞ്ഞെടുപ്പിലും തിരിച്ചടിയാണ് ഉണ്ടായത്.
ഭരണം നിലനിര്‍ത്താന്‍ ആവുമോ എന്നതിന്റെ സൂചന തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ കാണാന്‍ കഴിയുമെന്ന് എല്‍ഡിഎഫ് കരുതുന്നു. കടുത്ത വെല്ലുവിളി നേരിടുമ്പോഴും പ്രാദേശിക തെരഞ്ഞെടുപ്പിലെ പതിവ് വിജയം ആവര്‍ത്തിക്കാന്‍ കഴിഞ്ഞാല്‍ അത് സിപിഎമ്മിനും എല്‍ഡിഎഫിനും വലിയ ആത്മവിശ്വാസം ആയിരിക്കും. മുന്നണിയില്‍ ഘടകകക്ഷികളുടെ ശോഷണത്തിനിടയിലും അനുകൂല രാഷ്ട്രീയ സാഹചര്യം ഉപയോഗിക്കാന്‍ കഴിയുന്നുവെന്നതിന് യുഡിഎഫിന് ഈ തെരഞ്ഞെടുപ്പില്‍ നേട്ടം അനിവാര്യമാണ്. കേരളത്തിലെ മൂന്നാം ശക്തിയെന്നത് കടലാസില്‍ മാത്രം ഒതുങ്ങുന്നതല്ലെന്ന് കാണിക്കാന്‍ ബിജെപിയ്ക്ക് 2015 ല്‍നിന്ന് മുന്നോട്ടു പോകുകയും വേണം. കേരളം പോരിനിറങ്ങുമ്പോള്‍ മുന്നണികള്‍ ലക്ഷ്യമിടുന്നത് ഇതൊക്കെയാണ്.