TopTop

വെടിയുണ്ടകൾ കാണാതായ കേസിൽ പത്ത് മാസമായി അന്വേഷണം ഇഴയുന്നു; മന്ത്രിയുടെ ഗൺമാനും പ്രതി, ഉന്നത ഉദ്യോഗസ്ഥരെ തൊടാതെ എഫ്ഐആർ

വെടിയുണ്ടകൾ കാണാതായ കേസിൽ പത്ത് മാസമായി അന്വേഷണം ഇഴയുന്നു; മന്ത്രിയുടെ ഗൺമാനും പ്രതി, ഉന്നത ഉദ്യോഗസ്ഥരെ തൊടാതെ എഫ്ഐആർ

തിരുവനന്തപുരം എസ്എപി ക്യാംപിൽ നിന്നും വെടിയുണ്ടകൾ നഷ്ടമായ കേസിൽ എഫ്ഐആർ രജിസ്റ്റ്റ്റർ ചെയ്ത് പത്ത് മാസം പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്തിയില്ല. മന്ത്രി കടകം പള്ളി സുരേന്ദ്രന്റെ ഗൺമാൻ ഉൾപ്പെടെ പത്ത് പോലീസുകാർ പ്രതിയായ കേസിൽ ഉന്നത സമ്മർദ്ദമാണ് കേസ് ഇഴഞ്ഞ് നീങ്ങാൻ കാരണമെന്നാണ് ആരോപണം.

എസ്എപി ക്യാമ്പിൽ നിന്നും വെടിയുണ്ടകൾ കാണാതായെന്ന മുൻ കമാണ്ടൻറ് സേവ്യറിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ 2019 ഏപ്രിൽ 3 നാണ് പേരൂർക്കട പൊലീസ് കേസെടുക്കുന്നത്. 1996 മുതൽ 2018 വരെയുള്ള കാലയളവിൽ കാണാതായ വെടിയുണ്ടകളെ കുറിച്ചാണ് പരാതി.

എഫ്ഐആറിലെ മൂന്നാം പ്രതിയായ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ ഗൺമാൻ സനിൽകുമാർ എസ് എ പി ക്യാമ്പിലെ ഹവിൽദാറായിരിക്കെ വെടിക്കോപ്പുകളുടെ സൂക്ഷിപ്പ് ചുമതലയുണ്ടായിരുന്നു. ഇക്കാലയളവിൽ ഉൾപ്പെടെ വെടിയുണ്ടകളുടെ വിവരങ്ങൾ കേസിൽ പ്രതിചേർക്കപ്പെട്ട 11 പേരും രജിസ്റ്ററിൽ രേഖപ്പെടുത്തിയില്ലെന്നാണ് എഫ്ഐറിൽ പറയുന്നത്. അതീവ സുരക്ഷയോടെ കൈകാര്യം ചെയ്യേണ്ടിയിരുന്ന എകെ 47 തോക്കുകളുടെ തിരകളിലടക്കം ജാഗ്രതകുറവ് ഉണ്ടായെന്നും കണ്ടെത്തലുണ്ട്. ജോലിയിലെ വീഴ്ച മൂലം സർക്കാറിന് നഷ്ടമുണ്ടായെന്നും ചില ഉദ്യോഗസ്ഥർ രേഖകളിൽ കൃത്രിമം കാണിച്ചെന്നും എഫ്ഐആറിൽ പറയുന്നു.

എന്നാൽ, സൂഷിപ്പുകാര്‍ ഉൾപ്പെടെ പ്രതിചേർക്കപ്പെടുമ്പോൾ അയുധങ്ങളുടെ ചുമതലയുള്ള ഉന്നത ഉദ്യാഗസ്ഥരെ കേസിൽ പ്രതിചേർത്തിട്ടില്ലെന്നതും ശ്രദ്ധേയമാണ്. എന്നാൽ അതീവ ഗൗരവുമുള്ള കേസായതിനാൽ അന്വേഷണം പെട്ടെന്ന് തന്നെ ക്രൈം ബ്രാഞ്ചിന് കൈമാറി. എന്നിട്ടും കേസിൽ അന്വേഷണം ഇപ്പോഴും എങ്ങുമെത്തിയില്ല.

അതേസമയം, കഴിഞ്ഞ ദിവസം സിഎജി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ നടപടികൾ ഊർജ്ജിതമാക്കുകയാണ് ക്രൈം ബ്രാഞ്ച്. അന്വേഷണം രണ്ട് മാസം കൊണ്ട് തീർക്കണമെന്നാണ് ക്രൈംബ്രാഞ്ച് മേധാവിയുടെ പുതിയ നിർദ്ദേശം. ഇതിന്റെ ഭാഗമായി സിഎജി റിപ്പോ‍ട്ടിലുള്ള എസ്എപി ക്യാമ്പിലുള്ള 660 ഓട്ടോമാറ്റിക് തോക്കുകളും ഹാജരാക്കാൻ ക്രൈംബ്രാഞ്ച് നിർദ്ദേശം നൽകിയിട്ടുണ്ട്.


Next Story

Related Stories