TopTop

ഒറ്റ മണിക്കൂര്‍ കൊണ്ട് ഭരണാനുമതി, രണ്ടു ദിവസത്തിനുള്ളില്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ ഒരു കോടിയുടെ അത്യാധുനിക സൗകര്യങ്ങളോടെ അത്യാഹിത വിഭാഗം

ഒറ്റ മണിക്കൂര്‍ കൊണ്ട് ഭരണാനുമതി, രണ്ടു ദിവസത്തിനുള്ളില്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ ഒരു കോടിയുടെ അത്യാധുനിക സൗകര്യങ്ങളോടെ അത്യാഹിത വിഭാഗം

കൊറോണ ലോകത്താകെ അനേകമാളുകളുടെ ജീവന്‍ കവര്‍ന്നെടുക്കുന്ന ഭീതിജനകമായ ഒരു സാഹചര്യത്തില്‍ കണ്ണൂരിലെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒരു ഐ.സി.യു യൂണിറ്റ് തുടങ്ങുന്നതിന് ഒരു കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കി കെ.കെ രാഗേഷ് എം.പി. ഇന്നലെയാണ് അടിയന്തിര പ്രാധാന്യത്തോടെ എം.പി ഫണ്ടില്‍ നിന്നും ഒരു കോടി രൂപയുടെ ആധുനിക ഉപകരണങ്ങള്‍ വാങ്ങിക്കുന്നതിനായി ഭരണാനുമതി ലഭ്യമായതെന്ന് രാഗേഷ് അഴിമുഖത്തോട് പറഞ്ഞു.

കേരളത്തിലും ഈ രോഗം മൂലം ജന ജീവിതമാകെ സ്തംഭിച്ചിരിക്കുകയാണ്. കൊറോണ വൈറസ് ബാധ ചികിത്സയുമായി ബന്ധപ്പെട്ട് കണ്ണൂരിലെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒട്ടേറെ പേര്‍ നിരീക്ഷണത്തിലും ചികിത്സയിലുമാണ്. ഈ സാഹചര്യത്തിലാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അത്യാധുനിക ഉപകരണങ്ങളോടുകൂടിയ ഒരു ഇന്റന്‍സീവ് കെയര്‍ യൂണിറ്റ് കൂടി പുതുതായി സ്ഥാപിക്കുന്നതിനെ കുറിച്ച് ആലോചിച്ചതെന്ന് രാഗേഷ് പറഞ്ഞു.

യൂണിറ്റിലേക്ക് അഞ്ച് നവീന വെന്റിലേറ്റര്‍, നാല് പോര്‍ട്ടബിള്‍ വെന്റിലേറ്റര്‍, എട്ട് മള്‍ട്ടി പാരമീറ്റര്‍ മോണിറ്റര്‍, പേസറോടു കൂടിയ രണ്ടു ഡിഫിെ്രെബലേറ്റര്‍, ഒരു ഡിഫിെ്രെബലേറ്റര്‍ ആന്‍ഡ് കാര്‍ഡിയാക് മോണിറ്റര്‍ , ഇ.സിജി. മെഷിന്‍, ക്രാഷ് കാര്‍ട്ട് തുടങ്ങിയ ഉപകരണങ്ങള്‍ എന്നിവയാണ് ലഭ്യമാക്കുക എന്ന് അദ്ദേഹം പറഞ്ഞു. രണ്ടൊ മൂന്നോ ദിവസത്തിനകം ഇവയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന് രാഗേഷ് അറിയിച്ചു.

സാധാരണ നിലയില്‍ ജില്ലാ കലക്ടറും പ്ലാനിങ് ഓഫീസര്‍ ഉള്‍പ്പെടെയുള്ളവര്‍, മൂന്നു മാസമെങ്കിലും എടുത്താണ് ഭരണാനുമതി- അഡ്മിനിസ്‌ട്രേറ്റീവ് സാങ്ഷന്‍ (എ.എസ്) നല്‍കുന്നത് ഇത് ഒരു മണിക്കൂറ് കൊണ്ടാണ് എ.എസ് ലഭിച്ചത്. കൂടാതെ, പരിയാരം മെഡിക്കല്‍ കോളേജ് അധികൃതരും അടിയന്തിര പ്രാധാന്യത്തോടെ യൂണിറ്റ് സ്ഥാപിക്കാന്‍ ആവശ്യമായിട്ടുള്ള നടപടികള്‍ എടുക്കുന്നുണ്ടെന്നും രാഗേഷ് അഴിമുഖത്തോട് പറഞ്ഞു.

കൊറോണ ചികിത്സയുമായി ബന്ധപ്പെട്ട് മെഡിക്കല്‍ സൂപ്രണ്ട് ഡോ കെ സുദീപിനേയും കോളേജ് പ്രിന്‍സിപ്പാള്‍ ഡോ എന്‍ റോയിയേയും വിളിച്ച് കാര്യങ്ങള്‍ ആരാഞ്ഞിരുന്നു. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊറോണ പോസിറ്റീവായ ഒരു രോഗിയെ അസുഖം ഭേദമായി കഴിഞ്ഞദിവസം ഡിസ്ചാര്‍ജ്ജ് ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ വലിയതോതില്‍ കൊറോണ രോഗികള്‍ എത്തിയാലും അടിയന്തിര ചികിത്സ നല്‍കി ജീവന്‍ രക്ഷിക്കുന്നതിനായി ഒരു ഐ.സി.യു കൂടി ആരംഭിക്കുന്നതിനെക്കുറിച്ച് സംസാരിച്ചതിന്റെ ഭാഗമായാണിതെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ലമെന്റ് സമ്മേളനം കഴിഞ്ഞ് നാട്ടിലെത്തിയ രാഗേഷ് ഇപ്പോള്‍ കണ്ണൂരിലെ വീട്ടില്‍ സെല്‍ഫ് ക്വാറന്റൈനിലാണ്.

രാജ്യം അതീവ ഗുരുതരമായ ഒരു സ്ഥിതി വിശേഷത്തിലൂടെ കടന്ന പോകുമ്പോള്‍ ഏതു വിധേനയും പാര്‍ലമെന്റ് സമ്മേളനം നടത്തികൊണ്ടു പോകുക എന്ന നിലയിലാണ് കേന്ദ്ര സര്‍ക്കാര്‍ ചിന്തിച്ചത്. യഥാര്‍ത്ഥത്തില്‍ നമ്മുടെ റെയില്‍ വേ സംവിധാനം ആകെ നിര്‍ത്തലാക്കുകയും അന്താരാഷ്ടട്ര വിമാന സര്‍വ്വീസുകള്‍ റദ്ദാക്കുകയും ആഭ്യന്തര സര്‍വ്വീസികുള്‍ റദ്ദ് ചെയ്യാന്‍ തുടങ്ങുകയും ചെയ്ത ഘട്ടത്തില്‍ പോലും പാര്‍ലമെന്റില്‍ വിവിധ കക്ഷികള്‍ സമ്മേളനം നിര്‍ത്തിവെക്കണം ആവശ്യം ഉന്നയിച്ചിരുന്നു. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് താന്‍ എം.പി എന്ന നിലയില്‍ ഒരു നോട്ടീസും നല്‍കിയിരുന്നു. പാര്‍ലമെന്റ് സമ്മേളനം ചേരുക എന്നതല്ല ഇപ്പോള്‍ അടിയന്തിരമായിട്ടുള്ളത്, എം.പിമാര്‍ അവരുടെ മണ്ഡലങ്ങളിലേക്ക് പോയി അവിടെ നടക്കുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാവാനുള്ള അവസരം പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് നല്‍കണമെന്ന് താന്‍ ആ നോട്ടീസ് പറഞ്ഞിരുന്നു. പക്ഷെ, വാശിയോടെ പാര്‍ലമെന്റ് സമ്മേളനം നടത്തികൊണ്ടു പോവുക എന്ന ഒരു സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റ് സമ്മേളനം നിര്‍ത്തിവെച്ചാല്‍ അത് ജനങ്ങളെ ഭീതിയിലാക്കുമെന്നാണ് അന്ന് പ്രധാനമന്ത്രി പറഞ്ഞ ന്യായീകരണം. ഇന്ന് ഇപ്പോള്‍ നമ്മുടെ രാജ്യം മാകെ ലോക്ക് ഡൗണ്‍ ചെയ്തിരിക്കുകയാണ്. ഇപ്പോഴത്തെ ലോക്ക് ഡൗണ്‍ സാഹചര്യത്തിലേക്കാണ് നമ്മുടെ രാജ്യം നീങ്ങുന്നത് എന്നകാര്യം മുന്‍കൂട്ടി കാണുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടു.

പാര്‍ലമെന്റ് അംഗങ്ങളും ജീവനക്കാരും മാധ്യമ പ്രവര്‍ത്തകരും അടക്കം പ്രതിദിനം 2500ല്‍ അധികം ആളുകള്‍ ഒത്തു ചേരുന്ന ഇടമാണ് പാര്‍ലമെന്റ്. ഇത്രയധികം പേര്‍ ഒത്തു ചേരുന്നതിന് ഇടയാകുന്ന തരത്തില്‍ പാര്‍ലമെന്റ് സമ്മേളനം നടത്തുന്നതിലൂടെ, ഇങ്ങിനെ പാര്‍ലമെന്റ് കോംപ്ലക്‌സില്‍ ജനങ്ങള്‍ക്ക് ഒത്തു ചേരാമെങ്കില്‍ മറ്റു ഇടങ്ങളില്‍ ഒത്തു ചേരുന്നതിന് എന്താണ് തടസ്സം എന്ന നിലയിലേക്ക് കാര്യത്തിന്റെ ഗൗരവം ജനങ്ങള്‍ വേണ്ടത്ര ഗ്രഹിക്കുന്നതിന് തടസ്സമായിട്ട് ഈ തീരുമാനം മാറുകയാണ് ചെയ്തത്. ഇക്കാര്യം ഞങ്ങള്‍ നേരത്തെ തന്നെ ചൂണ്ടിക്കാണിച്ചതാണ്. പക്ഷെ, സര്‍ക്കാര്‍ അത് ചെവികൊണ്ടില്ല. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ കാര്യങ്ങള്‍ വളരെ മുന്‍കൂട്ടി കണ്ട് തീരുമാനം എടുക്കേണ്ട സംഭവങ്ങള്‍ അതാത് സമയങ്ങളില്‍ എടുത്തു. എന്നാല്‍, കേന്ദ്രത്തിന് ഇക്കാര്യത്തില്‍ വീഴ്ച സംഭവിച്ചുവെന്നും അദ്ദേഹം പറഞ്ഞു.


Next Story

Related Stories