TopTop

കെഎം ബഷീറിന്റെ മരണം: ശ്രീറാം വെങ്കിട്ടരാമൻ തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചെന്ന് കുറ്റപത്രം, രക്ത പരിശോധന മനപ്പൂർവം വൈകിപ്പിച്ചു

കെഎം ബഷീറിന്റെ മരണം: ശ്രീറാം വെങ്കിട്ടരാമൻ തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചെന്ന് കുറ്റപത്രം, രക്ത പരിശോധന മനപ്പൂർവം വൈകിപ്പിച്ചു

മാധ്യമ പ്രവർത്തകൻ കെ എം ബഷീർ കൊല്ലപ്പെടാനിടയാക്കിയ വാഹനാപകടം സംഭവിക്കുമ്പോൾ മുൻ സർവേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ചിരുന്ന ഫോക്‌സ് വാഗണ്‍ വെന്റോ കാര്‍ സഞ്ചരിച്ചിരുന്നത് 100 കിലോമീറ്ററിലേറെ വേഗതയിലെന്ന് കുറ്റപത്രം. സംഭവം നടന്ന സമയം മുതല്‍ കുറ്റങ്ങള്‍ മറച്ചു വെക്കാനും തെളിവുകൾ ഇല്ലാതാക്കാനുമുള്ള ശ്രമങ്ങളാണ് ശ്രീറാം വെങ്കിട്ടരാമന്‍ നടത്തിയതെന്നും പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച അന്തിമ കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു.

66 പേജുള്ള കുറ്റപത്രത്തില്‍ 84 രേഖകളും 72 തൊണ്ടിമുതലുകളും നൂറ് സാക്ഷിമൊഴികളുമാണ് പ്രത്യേക അന്വേഷണ സംഘം തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മൂന്നില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടാതെ ശാസ്ത്രീയ തെളിവും സാക്ഷിമൊഴികളും തെളിവായുണ്ട്.

പത്തുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കുന്ന ക്രിമിനല്‍ കുറ്റങ്ങളാണ് ശ്രീറാമിനെതിരെ ചുമത്തിയിട്ടുള്ളത്. ശ്രീറാം മദ്യപിച്ചിരുന്നതായി അറിഞ്ഞിട്ടും തന്റെ കാര്‍ ശ്രീറാമിന് കൈമാറുകയും വേഗതയില്‍ ഓടിക്കാന്‍ അനുവദിക്കുകയും ചെയ്തതിനാണ് വഫക്കെതിരെ പ്രേരണാക്കുറ്റം ചുമത്തിയിട്ടുള്ളത്. അറിവും ബോധ്യവുമുള്ള ഐഎ എസ് ഉദ്യോഗസ്ഥനും ഡോക്ടറുമായ ശ്രീറാം വെങ്കിട്ടരാമനാണ് അപകടകരമായി വാഹനമോടിച്ചത് എന്ന് കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. അപകടകരമായി ഡ്രൈവ് ചെയ്ത് വരുത്തിയ മനപ്പൂര്‍വമല്ലാത്ത നരഹത്യ, പൊതുമുതല്‍ നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളും ശ്രീറാമിനെതിരെ ചുമത്തിയിട്ടുണ്ട്.

അതേസമയം, അപകടസമയത്ത് സ്ഥലത്തെത്തിയ പോലീസിനോട് താന്‍ കാറോടിച്ചിട്ടില്ലെന്നും രണ്ടാം പ്രതിയായ വഫ ഫിറോസാണ് കാര്‍ ഓടിച്ചതെന്നുമാണ് ശ്രീറാം പറഞ്ഞെതെന്നാണ് കുറ്റപത്രം പറയുന്നത്. ബഷീറിനെ പോലീസ് ആംബുലന്‍സില്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോയതിനു ശേഷം പോലീസിനൊപ്പം ശ്രീറാം മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് വന്നിരുന്നു. പിന്നീട് അപകടത്തില്‍ തനിക്കും പരിക്കേറ്റുവെന്ന് പറഞ്ഞ് ആശുപത്രിയിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ ഒരു പോലീസുകാരനൊപ്പം ജനറല്‍ ആശുപത്രിയിലെത്തിച്ചു. എന്നാൽ കാര്യമായ പരിക്കൊന്നുമില്ലാതിരുന്നിട്ടും തുടര്‍ ചികിത്സക്കായി മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. പരിശോധനയില്‍ ശ്രീറാമിന് മദ്യത്തിന്റെ മണം ഉണ്ടെന്ന് ജനറല്‍ ആശുപത്രിയിലെ ഡോ. രാകേഷ് എസ് കുമാര്‍ രേഖപ്പെടുത്തിയിരുന്നതായി മ്യൂസിയം പോലീസ് ക്രൈം എസ് ഐ മൊഴിയും കുറ്റപത്രത്തിലുണ്ട്.

ഇതിന് ശേഷം സുഹൃത്തായ ഡോ. അനീഷ് രാജിനെ ശ്രീറാം വിളിച്ചു വരുത്തുകയും ജനറല്‍ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളജിലേക്ക് പോകാതെ സുഹൃത്തിനൊപ്പം കിംസ് ആശുപത്രിയിലേക്ക് പോവുകയുമായിരുന്നു. കൂടാതെ രക്തത്തിലെ മദ്യത്തിന്റെ അളവ് കുറയുന്നതു വരെ രക്തം ശേഖരിക്കുന്നത് മന:പൂര്‍വ്വം വൈകിപ്പിച്ച് തെളിവു നശിപ്പിക്കുകയായിരുന്നു ശ്രീറാമിന്റെ ലക്ഷ്യമെന്നും കുറ്റപത്രം ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ ആഗസ്​റ്റ്​ മൂന്നിന്​ പുലർച്ചെ മ്യൂസിയത്തിന്​ സമീപം പബ്ലിക്​ ഓഫിസിന്​ മുന്നിൽ വച്ചാണ്​ കാറിടിച്ച്​ ബഷീർ കൊല്ലപ്പെട്ടത്. സംഭവത്തിൽ അ​റ്റിലായ ശ്രീറാമിനെ ആറ്​ മാസത്തേക്ക്​ സസ്​പെൻഡ്​ ചെയ്​തു. സസ്‌പെൻഷൻ പിന്നീട്​ മൂന്ന്​ മാസത്തേക്ക്​ കൂടി നീട്ടി.


Next Story

Related Stories