TopTop
Begin typing your search above and press return to search.

28 വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊലക്കത്തിക്കിരയായ ഒരു എസ്എഫ്ഐ നേതാവ് തൃശൂരിലെ രാഷ്ട്രീയ കളംമാറ്റങ്ങളുടെ കാലത്ത് ഓര്‍മിക്കപ്പെടുന്നു; ആരാണ് സഖാവ് കൊച്ചനിയന്‍?

28 വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊലക്കത്തിക്കിരയായ ഒരു എസ്എഫ്ഐ നേതാവ് തൃശൂരിലെ രാഷ്ട്രീയ കളംമാറ്റങ്ങളുടെ കാലത്ത് ഓര്‍മിക്കപ്പെടുന്നു; ആരാണ് സഖാവ് കൊച്ചനിയന്‍?

1992 ഫെബ്രുവരി 29; കേരളത്തിലെ ക്യാമ്പസുകള്‍ നിശ്ചലമായ ദിവസം. തൃശൂര്‍ കുട്ടനെല്ലൂര്‍ ഗവ. കോളേജ് വിദ്യാര്‍ത്ഥിയും എസ്എഫ്ഐ നേതാവുമായിരുന്ന കൊച്ചനിയന്‍ കൊല്ലപ്പെടുന്നത് അന്നായിരുന്നു. കൊച്ചനിയന്‍ വധക്കേസിലെ രണ്ടാം പ്രതിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന അഡ്വ. എം കെ മുകുന്ദന്റെ രാഷ്ട്രീയ മാറ്റത്തിലൂടെയാണ് 28 വര്‍ഷങ്ങള്‍ക്കിപ്പുറം സഖാവ് കൊച്ചനിയന്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. കൊച്ചനിയനെ കൊലപ്പെടുത്തിയതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നാണ് അഡ്വ. മുകുന്ദനും മൂന്നാം പ്രതി മാര്‍ട്ടിന്‍ ജോസഫും കഴിഞ്ഞ ദിവസങ്ങളില്‍ വെളിപ്പെടുത്തിയത്. അന്നത്തെ കോണ്‍ഗ്രസ് ഗ്രൂപ്പ് വഴക്കിന്റെ ഇരകളായിരുന്നു തങ്ങളെന്നും യഥാര്‍ത്ഥ പ്രതി ഉന്നതനായ ഒരു കോണ്‍ഗ്രസ് നേതാവിന്റെ ബന്ധുവാണെന്നും മുകുന്ദനും മാര്‍ട്ടിനും പറയുന്നു. ഈ വെളിപ്പെടുത്തല്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് കാരണമായി തീര്‍ന്നിരിക്കുകയാണ്. പക്ഷേ, കേവലമൊരു വിവാദകഥയിലെ കഥാപാത്രമായി മാത്രം അറിയപ്പെടേണ്ടയാള്‍ അല്ല സഖാവ് കൊച്ചനിയന്‍. ജീവിതത്തിന്റെ പ്രതിസന്ധികളെ മറികടന്ന് നല്ലൊരു വിദ്യാര്‍ത്ഥി നേതാവായി പേരെടുത്ത, കമ്യൂണിറ്റ്‌സ് പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടാവേണ്ടിയിരുന്ന ഒരു സഖാവ്. കുടുംബത്തിന്റെ പ്രതീക്ഷയായിരുന്ന ഒരു മകന്‍.

തൃശൂര്‍ മണ്ണുത്തി വെറ്റിനറി കോളേജിന്റെ പിന്നിലുള്ള പാട്ടളക്കുന്ന് എന്ന സ്ഥലത്തായിരുന്നു കൊച്ചനിയന്റെ വീട്. വളരെ നിര്‍ദ്ധനമായൊരു കര്‍ഷക കുടുംബം. മൂന്നു മക്കളില്‍ ഏറ്റവും ഇളയവനായിരുന്നു കൊച്ചനിയന്‍. ഏറ്റവും മൂത്ത ജേഷ്ഠനും അതിനു താഴെയുള്ള സഹോദരിയും വീട്ടിലെ പ്രാരാബ്ധം കൊണ്ട് പാതിവഴിയില്‍ പഠനം അവസാനിപ്പിച്ചവര്‍. പഠിക്കാന്‍ മിടുക്കനായതുകൊണ്ട് കൊച്ചനിയന്റെ വിദ്യാഭ്യാസം ആ ഇല്ലായ്മകള്‍ക്കിടയിലും മുന്നോട്ടു പോയി. പഠനം അവസാനിപ്പിക്കേണ്ട ഘട്ടം പലപ്പോഴും മുന്നിലുണ്ടായിരുന്നു. പക്ഷേ, പാര്‍ട്ടി സഖാക്കളും സുഹൃത്തുക്കളും ഒപ്പം നിന്നതോടെ ആ പ്രതിസന്ധികളെല്ലാം കൊച്ചനിയന് മറികടക്കാനായി. പഠിച്ച് നല്ലൊരു ജോലി നേടി കുടുംബത്തെ സംരക്ഷിക്കുകയെന്ന ചിന്ത പാര്‍ട്ടി പ്രവര്‍ത്തനത്തിനൊപ്പം തന്നെ കൊച്ചനിയന്‍ മനസില്‍ കൊണ്ടു നടന്നിരുന്നു.

കുട്ടനെല്ലൂര്‍ ഗവ. കോളേജില്‍ കൊച്ചനിയന്‍ ബിരുദത്തിനു ചേര്‍ന്നു. സാമ്പത്തികശാസ്ത്രമായിരുന്നു വിഷയം. മികച്ച സംഘാടകന്‍, കലാസാഹിത്യ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യം; വളരെ വേഗത്തില്‍ തന്നെ കൊച്ചനിയന് കോളേജില്‍ തന്റെ സ്വാധീനം ഉറപ്പിക്കാന്‍ കഴിഞ്ഞു. കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. രാഷ്ട്രീയ വ്യത്യാസത്തിനപ്പുറം എല്ലാവരോടും ഒരുപോലെ ഇടപെട്ടിരുന്ന, ആരുടെ വിഷയത്തിലും ഇടപെട്ടുകൊണ്ട് അവരെ സഹായിച്ചിരുന്ന കൊച്ചനിയന്‍ സൗഹൃദങ്ങള്‍ മാത്രമായിരുന്നു ഉണ്ടാക്കിയിരുന്നത്. പക്ഷേ, അങ്ങനെയൊരാളാണ് ഇടനെഞ്ചില്‍ കുത്തേറ്റ് കൊല്ലപ്പെടുന്നതും. കോഴിക്കോട് സര്‍വകലാശാല യൂണിയന്‍ ഇന്റര്‍സോണ്‍ യുവജനോത്സവവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊച്ചനിയന്റെ ജീവനെടുക്കുന്നത്.

"തര്‍ക്കം എന്നു പറയാന്‍ കഴിയില്ല. കോളേജിലെ രണ്ട് സംഘടനകള്‍ തമ്മിലുണ്ടായ തര്‍ക്കമോ, വ്യക്തികള്‍ തമ്മിലുണ്ടായ തര്‍ക്കമോ ഒന്നും അവിടെ നടന്നിരുന്നില്ല. കലോത്സവത്തില്‍ കുട്ടനെല്ലൂര്‍ കോളേജിനെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നവരുടെ സംഘത്തെ നയിച്ചിരുന്നത് ജനറല്‍ സെക്രട്ടറിയായിരുന്ന കൊച്ചനിയന്‍ ആയിരുന്നു. ഒരാളോടു പോലും വഴക്കിനു പോകാത്ത, ഒരാളും ശത്രുക്കളായി ഇല്ലായിരുന്ന കൊച്ചനിയന്‍. വളരെ കാലത്തിനുശേഷം കെ എസ് യു നടത്തുന്ന കലോത്സവമായിരുന്നു അത്. സാധാരണ എസ്എഫ്ഐ സംഘാടക ചുമതല വഹിക്കുമ്പോള്‍ സംഘടനഭേദമില്ലാതെ എല്ലാവരെയും ഒരുമിച്ച് നിര്‍ത്തി പരസ്പരം സഹകരണത്തോടെയാണ് കലോത്സവം നടത്തുക. പക്ഷേ, കെ എസ് യുക്കാര്‍ മറ്റാരെയും അടുപ്പിച്ചിരുന്നില്ല. സംഘാടനത്തില്‍ വലിയ പിഴവുകളും ഉണ്ടായിരുന്നു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടങ്ങുന്ന സംഘവുമായാണ് കൊച്ചനിയന്‍ പോയിരുന്നത്. ന്യായമായി കിട്ടേണ്ട അവകാശങ്ങള്‍ ചോദിക്കാന്‍ വേണ്ടി മാത്രമായിരുന്നു അദ്ദേഹം പോയത്. നിരായുധനായി. പക്ഷേ, അവര്‍ ആയുധങ്ങളൊക്കെ കരുതി വച്ചിരുന്നു", കൊച്ചനിയന്റെ സഹപ്രവര്‍ത്തകനായിരുന്ന സഖാവ് യു പി ജോസഫിന്റെ വാക്കുകള്‍. എസ്എഫ്ഐ മുന്‍ സംസ്ഥാന സെക്രട്ടറിയും നിലവില്‍ സിപിഎം തൃശൂര്‍ ജില്ല സെക്രട്ടേറിയേറ്റ് അംഗവും സിഐടിയു ജില്ല സെക്രട്ടറിയുമാണ് യു.പി ജോസഫ്.

തൃശൂര്‍ രാമനിലയത്തിനു സമീപത്തായിരുന്നു കലോത്സവ സംഘാടക സമിതിയുടെ ഓഫിസ്. ഓഫിസിനു മുന്നിലെ റോഡില്‍ നിന്നായിരുന്നു കൊച്ചനിയന്‍ സംഘാടകരോട് സംസാരിച്ചത്. സന്ധ്യ മയങ്ങിയിരുന്നു അപ്പോള്‍. വളരെ ശാന്തമായി കാര്യങ്ങള്‍ സംസാരിച്ചുകൊണ്ടിരുന്ന കൊച്ചനിയന്റെ ശരീരത്തിലേക്ക് സംഘാടക സമിതി ഓഫിസില്‍ നിന്നും ഇറങ്ങി വന്നവരാണ് കത്തി കുത്തിയിറക്കിയത്. സംഭവസ്ഥലത്ത് തന്നെ കൊച്ചനിയന്‍ മരിച്ചു. മറ്റ് എസ്എഫ്ഐ നേതാക്കളൊക്കെ വിവരം അറിഞ്ഞ് എത്തുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു.

"അന്ന് തന്നെയായിരുന്നു എസ്എഫ്ഐ സംസ്ഥാന സമ്മേളനം നടന്നത്. കൊച്ചനിയനും സമ്മേളന പ്രതിനിധിയായിരുന്നു. കോളേജ് യൂണിയന്‍ ഭാരവാഹിയായതുകൊണ്ട് കലോത്സവ പരിപാടികളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാന്‍ ആവില്ലെന്നു കൊച്ചനിയന്‍ കത്തു നല്‍കിയിരുന്നു. അങ്ങനെയാണ് സഖാവിനെ സ്‌പെഷ്യല്‍ ലീവ് അനുവദിക്കുന്നത്. സമ്മേളനം നടക്കുന്നതിനാല്‍ ഞങ്ങളാരും തന്നെ സ്ഥലത്തുണ്ടായിരുന്നില്ല. യൂണിയന്‍ ഭാരവാഹികള്‍ മാത്രമായിരുന്നു അന്നവിടെ ഉണ്ടായിരുന്നത്. ഇന്നത്തെ പോലെ മൊബൈല്‍ ഫോണ്‍ സൗകര്യം ഒന്നും ഇല്ലായിരുന്നതിനാല്‍ സമ്മേളനം കഴിഞ്ഞ് വളരെ വൈകിയാണ് ഞങ്ങള്‍ വിവരം അറിയുന്നത്. സ്ഥലത്ത് എത്തുമ്പോഴേക്കും പിന്നെയും വൈകിയിരുന്നു. അപ്പോഴേക്കും എല്ലാം അവസാനിച്ചിരുന്നു", യു.പി ജോസഫ് ഓര്‍ക്കുന്നു.

മുന്‍ ഭീഷണികളോ, മുന്‍പ് നടന്ന അക്രമണ സംഭവങ്ങളുടെ തുടര്‍ച്ചയോ കൊച്ചനിയന്റെ കൊലപാതകത്തിനു പിന്നില്‍ ഉണ്ടായിരുന്നില്ല. അങ്ങനെ എന്തെങ്കിലും ഉണ്ടായിരുന്നുവെങ്കില്‍ വേണ്ട കരുതല്‍ എടുക്കുമായിരുന്നുവെന്നാണ് യു പി ജോസഫ് പറയുന്നത്. അങ്ങനെയൊന്നും തന്നെ പറയാനുണ്ടായിരുന്നില്ല. വളരെ അപ്രതീക്ഷിതമായ ആക്രമണം. എന്തിനായിരുന്നു അവര്‍ ആ ജീവിതം തല്ലിക്കെടുത്തിയതെന്ന് കൊച്ചനിയനെ അറിയാവുന്ന എല്ലാവരുടെയും ഉള്ളില്‍ ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമാണെന്നാണ് ജോസഫ് പറയുന്നത്.

കൊച്ചനിയന്‍ കേസിലെ ഒന്നാം പ്രതി മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. രണ്ടാം പ്രതിയായിരുന്ന അഡ്വ. എം.കെ മുകുന്ദനെ വെറുതെ വിടുകയായിരുന്നു. കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കുന്ന സമയത്താണ് ഈ സംഭവം നടക്കുന്നത്. കേസ് അട്ടിമറിക്കാന്‍ പാര്‍ട്ടി തലത്തിലും സര്‍ക്കാര്‍ തലത്തിലും വലിയ ഗൂഢാലോചനകള്‍ നടന്നിരുന്നുവെന്നാണ് അഡ്വ. മുകുന്ദനും മാര്‍ട്ടിന്‍ ജോസഫും ആരോപിക്കുന്നത്. ഇപ്പോള്‍ വിവാദമായിരിക്കുന്നതും ഈ ആരോപണങ്ങളാണ്. എന്നാല്‍ ഇപ്പോഴത്തെ രാഷ്ട്രീയ മാറ്റത്തിന്റെ പേരില്‍ കൊച്ചനിയനെ വിവാദ വിഷയമാക്കരുതെന്നാണ് യു പി ജോസഫ് പറയുന്നത്. "ഇപ്പോഴത്തെ വിവാദങ്ങള്‍ വേറൊരു തരത്തിലാണ് കാണേണ്ടത്. ഒരാളുടെ രാഷ്ട്രീയ നിലപാടുകളുടെ മാറ്റമനുസരിച്ച് ഇതുപോലൊരു സംഭവത്തെ വിവാദമാക്കേണ്ട കാര്യമില്ല. കേസുമായി ബന്ധപ്പെട്ട് പുതിയ വസ്തുതകള്‍ വരുന്നുണ്ടെങ്കില്‍ മാത്രം ചര്‍ച്ച ചെയ്യേണ്ട കാര്യമാണ്. കാരണം, ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നതിലൊന്നും പുതുമയില്ല. മുന്‍പും കേട്ടിട്ടുള്ളതാണ്. രാഷ്ട്രീയ സ്വാധീനം നടന്നിരുന്നുവെന്നത് പരസ്യമായ കാര്യമാണ്. പക്ഷേ, അതിനുള്ള തെളിവുകള്‍ ഇല്ലാതെ പോയി. ഇന്നിപ്പോള്‍ ഈ വിഷയം ഉയര്‍ന്നു വന്നിരിക്കുന്നത് ഒരാളുടെ രാഷ്ട്രീയ നിലപാടിന്റെ പ്രശ്‌നമായാണ്. അത് വിവാദമാക്കിയിരിക്കുന്നത് ചില വിവാദ ബിസിനസുകാരുമാണ്", ഇരുട്ട് വീണ് തുടങ്ങിയ സമയവും, സംഭവ സ്ഥലത്ത് കലോത്സവുമായി ബന്ധപ്പെട്ടവര്‍ മാത്രമെ ഉണ്ടായിരുന്നൂവെന്നുള്ളതുമാണ് കേസിലെ അട്ടിമറിക്ക് സഹായകമായതെന്നാണ് പരാതി.

കൊച്ചനിയന്റെ മരണം കേരളത്തില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായി. നാട് മുഴുവന്‍ കരഞ്ഞ ദിവസമായിരുന്നു അന്നെന്നാണ് യു പി ജോസഫ് പറയുന്നത്. "അധ്യാപകരും സഹപാഠികളും എല്ലാം തളര്‍ന്നു പോയി. എല്ലാവര്‍ക്കും അത്രയേറെ അടുപ്പമുണ്ടായിരുന്നു ആ സഖാവിനോട്" എന്നും ജോസഫ് പറയുന്നു. കൊച്ചനിയന്റെ കൊലപാതക കേസില്‍ അട്ടിമറികള്‍ക്ക് സാധിച്ചെങ്കിലും ക്യാമ്പസുകളില്‍ കെ എസ് യുവിനെതിരേയും ജില്ലയില്‍ കോണ്‍ഗ്രസിനെതിരേയും ശക്തമായ പ്രതിഷേധത്തിനും ഒറ്റപ്പെടുത്തലിനും കൊച്ചനിയന്‍ വധം കാരണായി തീര്‍ന്നിരുന്നു.


Next Story

Related Stories