TopTop
Begin typing your search above and press return to search.

കൊച്ചി മേയറെ മാറ്റുന്ന വിവാദം; അരങ്ങേറുന്നത് ഗ്രൂപ്പുകൾ തമ്മിലുള്ള ഒളിപോര്

കൊച്ചി മേയറെ മാറ്റുന്ന വിവാദം; അരങ്ങേറുന്നത് ഗ്രൂപ്പുകൾ തമ്മിലുള്ള ഒളിപോര്

കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ മാറ്റം ജില്ലയിലെ കോണ്‍ഗ്രസിനകത്ത് ചേരിപ്പോര് രൂക്ഷമാക്കുന്നു. സൗമിനി ജെയിനെ മാറ്റണമെന്നത് ഐ ഗ്രൂപ്പിന്റെയും ജില്ലയിലെ ചില മുതിര്‍ന്ന നേതാക്കളുടെയും ആവശ്യമാണ്. . ഗ്രൂപ്പ് താത്പര്യത്തിന്റെ പേരിലാണ് സൗമിനി ജെയിനെ മാറ്റുന്നതെന്നും അതംഗീകരിക്കാനാകില്ലെന്നുമാണ് എ ഗ്രൂപ്പ് പറയുന്നത്. കോര്‍പ്പറേഷന്‍ ഭരണമുന്നണിയിലെ എ ഗ്രൂപ്പ് കൗണ്‍സിലര്‍മാരും മേയറെ മാറ്റുന്നതിനോട് വിയോജിക്കുകയാണ്. മേയറെ മാത്രമല്ലാതെ, ഡപ്യൂട്ടി മേയര്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ എന്നിവരെയടക്കം മാറ്റി താത്കാലിക പരിഹാരം ഉണ്ടാക്കിയാല്‍ പോലും കൊച്ചിന്‍ കോര്‍പ്പറേഷന്‍ ഭരണം സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന് വരുന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പിലും തലവേദന സൃഷ്ടിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.

മേയര്‍ക്ക് അനുകൂലമായി നിലപാട് എടുത്ത കെപിസിസി പ്രസിഡന്റിനെ തിരുത്താൻ ശക്തമായ സമ്മര്‍ദ്ദമാണ് സംസ്ഥാന നേതൃത്വത്തിനു മുന്നില്‍ ജില്ലയിലെ ഒരു വിഭാഗം നേതാക്കള്‍ ചെലുത്തുന്നത്. എംപിമാരായ ഹൈബി ഈഡന്‍, ബന്നി ബഹനാന്‍, എംഎല്‍എമാരായ വി ഡി സതീശന്‍, പി ടി തോമസ്, ഡിസിസി പ്രസിഡന്റും നിയുക്ത എംഎല്‍എയുമായ ടി ജെ വിനോദ്, മുതിര്‍ന്ന നേതാക്കളായ കെ വി തോമസ്, കെ ബാബു, ഡൊമനിക് പ്രസന്റേഷന്‍ എന്നിവരാണ് സൗമിനിയെ മാറ്റാനുള്ള ഓപ്പറേഷന് ചുക്കാന്‍ പിടിക്കുന്നത്. മേയര്‍ തന്നിഷ്ടപ്രകാരം കാര്യങ്ങള്‍ ചെയ്യുകയും മറ്റുള്ളവരുടെ അഭിപ്രായങ്ങളോ നിര്‍ദേശങ്ങളോ അംഗീകരിക്കാന്‍ തയ്യാറാകുന്നില്ലെന്നുമാണ് എതിര്‍വിഭാഗം ഉയര്‍ത്തുന്ന ആക്ഷേപങ്ങള്‍. വെളളക്കെട്ടിനും മാലിന്യപ്രശ്നങ്ങള്‍ക്കും റോഡുകളുടെ തകര്‍ച്ചയ്ക്കും പരിഹാരം കാണാന്‍ മേയര്‍ക്ക് കഴിഞ്ഞില്ലെന്നും അതിന് ജനങ്ങള്‍ നല്‍കിയ തിരിച്ചടി തന്നെയാണ് ഉപതെരഞ്ഞെടുപ്പില്‍ ഉണ്ടായതെന്നും ഈ നേതാക്കള്‍ ആവര്‍ത്തിക്കുന്നു ജയിച്ചിടത്ത് മാറ്റവും തോറ്റിടത്ത് മാറ്റങ്ങളൊന്നും ഉണ്ടാകുന്നില്ലെന്ന പരിഹാസത്തോടെയാണ് ഐ ഗ്രൂപ്പിന്റെ വാദങ്ങളെ എ ഗ്രൂപ്പ് തള്ളിക്കളയുന്നത്. 'എറണാകുളത്ത് സിറ്റിംഗ് സീറ്റ് നഷ്ടപ്പെട്ടില്ലെന്നോര്‍ക്കണം. അതേസമയം വട്ടിയൂര്‍ക്കാവിലും കോന്നിലും കൈയിലുണ്ടായിരുന്ന സീറ്റുകള്‍ പോയി. അവിടെയൊന്നും ആര്‍ക്കും സ്ഥാനവും പോകുന്നില്ല, ആരെയെങ്കിലും മാറ്റണമെന്നും പറയുന്നില്ല. തോറ്റിടങ്ങളില്‍ ഇല്ലാത്ത പ്രശ്നമാണ് ജയിച്ചിടത്ത്; ജില്ലയിലെ ഒരു പ്രമുഖനായ എ ഗ്രൂപ്പ് നേതാവ് പറഞ്ഞു. മുല്ലപ്പള്ളിയുടെ ഇടപെടല്‍ ഉണ്ടായിരുന്നില്ലെങ്കില്‍ സൗമിനി ജെയിന്‍ സ്വയമേവ തന്നെ ഇതിനകം രാജിവയ്ക്കുമായിരുന്നുവെന്നാണ് ഐ ഗ്രൂപ്പ് നേതാക്കള്‍ പറയുന്നത്. ഈ കണക്കുകൂട്ടലുകള്‍ കെപിസിസി പ്രസിഡന്റ് തെറ്റിച്ചതോടെ സൗമിനിക്ക് മാത്രമല്ല, എ ഗ്രൂപ്പിനാകെ പ്രതിരോധശക്തി കിട്ടി. ഇതു മനസിലാക്കിയാണ് ജില്ലയിലെ മുതിര്‍ന്ന നേതാക്കള്‍ യോഗം ചേര്‍ന്നതും കോര്‍പ്പറേഷന്‍ ഭരണത്തില്‍ അടിയന്തിരമായി മാറ്റങ്ങള്‍ കൊണ്ടു വരണമെന്നും കെപിസിസി നേതൃത്വത്തെ അറിയിച്ചതും. ജില്ല നേതൃത്വത്തിന്റെ ആവശ്യം കെപിസിസി പ്രസിഡന്റ് അംഗീകരിക്കുമെന്നാണ് ഐ ഗ്രൂപ്പ് നേതാവും ജിസിഡിഎ മുന്‍ ചെയര്‍മാനുമായ എന്‍. വേണുഗോപാല്‍ അഴിമുഖത്തോട് പറഞ്ഞത്. 'മേയര്‍ മാറണമെന്നു കെപിസിസി പ്രസിഡന്റ് പറഞ്ഞാല്‍ ആ നിമിഷം മാറണം. എന്നാല്‍ പ്രസിഡന്റിന് പെട്ടെന്ന് അങ്ങനെയൊരു തീരുമാനം പറയാന്‍ കഴിയില്ല. ഈ വിഷയത്തില്‍ ജില്ലയില്‍ നിന്നുള്ള എംപിയും എംഎല്‍എമാരും ഡിസിസി നേതൃത്വവും ഒരുമിച്ചെടുത്ത തീരുമാനം കെപിസിസി പ്രസിഡന്റിനെ അറിയിച്ചിട്ടുണ്ട്. ആ തീരുമാനം തള്ളിക്കളയാന്‍ പ്രസിഡന്റ് തയ്യാറാകില്ല'. എറണാകുളം ഉപതെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിഞ്ഞെങ്കിലും മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന ടി ജെ വിനോദിന് ലഭിച്ചത്. അടുത്ത വര്‍ഷം നടക്കുന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പിലും അതിനടുത്ത വര്‍ഷം വരുന്ന നിയമസഭ തെരഞ്ഞെടുപ്പിലും ജില്ലയില്‍ കോണ്‍ഗ്രസിന് ഉണ്ടായേക്കാവുന്ന തിരിച്ചടിയെ കൂടി ഉപതെരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാണിക്കുന്നുണ്ടെന്നാണ് ഐ ഗ്രൂപ്പ് നേതാക്കള്‍ പറയുന്നത്. ഈ തിരിച്ചടിക്ക് പ്രധാന കാരണം കോര്‍പ്പറേഷന്‍ ഭരണമാണെന്നും അതിന്റെ ഉത്തരവാദിത്വം മേയര്‍ക്കാണെന്നും പറഞ്ഞാണ് സ്ഥാനമാറ്റത്തിനു വേണ്ടി വാദിക്കുന്നത്. എന്നാല്‍ ഈ വാദം തള്ളിക്കളഞ്ഞ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, വിജയമായാലും പരാജയമായാലും അതിന് കൂട്ടുത്തരവാദിത്വം ഉണ്ടെന്നും ഒരാളെ മാത്രം ബലിയാടാക്കരുതെന്നും തിരിച്ചടിച്ചതോടെ അതുവരെ പ്രതിരോധത്തില്‍ നിന്നിരുന്ന എ ഗ്രൂപ്പുകാര്‍ ഐ ഗ്രൂപ്പിനെതിരേ രംഗത്തു വരികയായിരുന്നു. ഒരുഘട്ടത്തില്‍ മേയര്‍ സ്ഥാനത്തു നിന്നും രാജിവയ്ക്കാമെന്ന് സൗമിനി ജെയിന്‍ സന്നദ്ധത അറിയിച്ചിരുന്നതുമാണ്. വെള്ളക്കെട്ടിന്റെ പേരില്‍ ഹൈക്കോടതിയില്‍ നിന്നുവരെ രൂക്ഷമായ വിമര്‍ശനം നേരിടേണ്ടിവന്നതോടെയായിരുന്നു സൗമിനി സ്ഥാനമൊഴിയാന്‍ തീരുമാനിച്ചത്. എന്നാല്‍, കെപിസിസി പ്രസിഡന്റിന്റെ പിന്തുണ കിട്ടിയതോടെ ആ തീരുമാനത്തില്‍ നിന്നും അവര്‍ പിന്മാറുകയായിരുന്നു. രാജിവച്ചാല്‍ എല്ലാ കുറ്റങ്ങള്‍ക്കും ഉത്തരവാദി താന്‍ തന്നെയാണെന്ന എതിരാളികളുടെ വിമര്‍ശനങ്ങള്‍ ശരിയായെന്നു വരുമെന്ന ചിന്തയും സൗമിനിയെ രാജി തീരുമാനത്തില്‍ നിന്നും പിന്തിരിപ്പിച്ചു. ഇതോടെയാണ് എങ്ങനെയായാലും സൗമിനി ജെയിനെ മേയര്‍ സ്ഥാനത്തു നിന്നും മാറ്റിയേ മതിയാകൂ എന്ന വാശിയിലേക്ക് ഐ ഗ്രൂപ്പുകാര്‍ വന്നത്. 'ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹിക്കുക എന്ന, ഒരു തദ്ദേശഭരണ സ്ഥാപനത്തിന്റ ഉത്തരവാദിത്വം കൊച്ചിന്‍ കോര്‍പ്പറേഷനുമുണ്ട്. എന്താണ് പ്രശ്നങ്ങള്‍ എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനെങ്കിലും കോര്‍പ്പറേഷന്‍ ഭരണകര്‍ത്താക്കള്‍ക്ക് കഴിയണം. പല സന്ദര്‍ഭങ്ങളായി നിരവധി വിഷയങ്ങള്‍ ഞങ്ങള്‍ തന്നെ കോര്‍പ്പറേഷന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുള്ളതാണ്. അതൊന്നും ഗൗരവത്തില്‍ എടുത്തില്ല. ജനങ്ങളുടെ പ്രശ്നങ്ങള്‍ മനസിലാക്കാനും പരിഹരിക്കാനും കഴിഞ്ഞില്ലെങ്കില്‍ വലിയ തിരിച്ചടി നേരിടേണ്ടി വരും. പാര്‍ട്ടിക്ക് അത്തരത്തിലൊരു തിരിച്ചടിയുണ്ടാകാതിരിക്കാന്‍ ഉചിതമായ തീരുമാനം ഉണ്ടാകണം. അല്ലാതെ മേയറെ മാറ്റണമെന്ന് എന്തെങ്കിലും വ്യക്തിതാത്പര്യത്തിന്റെ പുറത്ത് പറയുന്നതല്ല; എറണാകുളം എംപി കൂടിയായ ഹൈബി ഈഡന്‍ പറയുന്നു മേയറെ മാത്രം ബലിമൃഗമാക്കി ബാക്കിയുള്ളവര്‍ രക്ഷപ്പെടാന്‍ നോക്കരുതെന്ന കെപിസിസി പ്രസിഡന്റിന്റെ വിമര്‍ശനത്തിനെ നേരിടാന്‍ ഐ ഗ്രൂപ്പ് ഹൈബി ഈഡന്റെ നിലപാടിനോട് ചേര്‍ന്നുള്ള വാദങ്ങളും ഉയര്‍ത്തുന്നുണ്ട്. മേയറെ മാത്രമല്ല, കോര്‍പ്പറേഷന്‍ ഭരണത്തില്‍ മൊത്തത്തില്‍ ചില മാറ്റങ്ങള്‍ കൊണ്ടു വരുന്നത് അനുകൂലമായ സാഹചര്യങ്ങള്‍ സൃഷ്ടിച്ചേക്കാമെന്ന് പറഞ്ഞ്, തങ്ങള്‍ വ്യക്തിയാധിഷ്ഠിതമായല്ല വിമര്‍ശനങ്ങളും നിര്‍ദേശങ്ങളും ഉയര്‍ത്തുന്നതെന്ന പ്രതീതി സൃഷ്ടിക്കാനാണ് ഐ ഗ്രൂപ്പ് നേതാക്കള്‍ ശ്രമിക്കുന്നത്. 'മേയറെ മാറ്റുന്നതുമായി ബന്ധപ്പെട്ട തീരുമാനം വെള്ളക്കെട്ടോ ഉപതെരഞ്ഞെടുപ്പോ ആയി ബന്ധപ്പെട്ട് ഉണ്ടായതല്ല. മുന്‍പേ തീരുമാനിക്കപ്പെട്ട കരാര്‍ അനുസരിച്ചു മാത്രമാണ് ഈ തീരുമാനം. ഭരണം ഏല്‍ക്കുന്ന സമയം തന്നെ ആദ്യത്തെ രണ്ടര വര്‍ഷം കഴിയുമ്പോള്‍ മേയറും ഡെപ്യൂട്ടി മേയറും അടക്കം എല്ലാവരെയും മാറ്റി പുതിയൊരു ടീമിനെ കൊണ്ടുവരുമെന്ന ധാരണയുണ്ടായിരുന്നു. ആ ധാരണപ്രകാരമുള്ള സമയം വന്നപ്പോള്‍, മകളുടെ കല്യാണമാണ് അതൊന്നു കഴിയുന്നതുവരെ സമയം തരണമെന്ന് മേയര്‍ പറഞ്ഞു. അത് അംഗീകരിച്ചു. മകളുടെ കല്യാണം വന്ന സമയത്താണ് കേരളത്തില്‍ പ്രളയം ഉണ്ടാകുന്നത്. ആ സമയത്ത് മേയറെ മാറ്റുന്നത് ഉചിതമാകില്ലെന്നു ഞങ്ങള്‍ തന്നെ തീരുമാനമെടുത്തപ്രകാരമാണ് വീണ്ടും സമയം നീട്ടിക്കൊടുത്തത്. പ്രളയകാലഘട്ടം കഴിഞ്ഞതിനു പിന്നാലെയാണ് ശബരിമല വിഷയം വരുന്നത്. അപ്പോഴും തീരുമാനംം നീട്ടിവച്ചു, ശബരിമല കെട്ടടിങ്ങിയപ്പോഴേക്കും ലോക്സഭ തെരഞ്ഞെടുപ്പ് എത്തി. അത്തരമൊരു ഘട്ടത്തില്‍ മേയറെ മാറ്റുന്നത് ശരിയല്ലെന്നു തോന്നിയതുകൊണ്ട് അവര്‍ തന്നെ തുടര്‍ന്നു. ലോക്സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ മേയറെയും ഡെപ്യൂട്ടി മേയറെയും കണ്ടെത്താനുള്ള ചര്‍ച്ചകള്‍ നടക്കുമ്പോഴാണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത്. എങ്കില്‍ ഉപതെരഞ്ഞെടുപ്പ് കൂടി കഴിഞ്ഞ് പുതിയ മേയറെ കണ്ടെത്താമെന്ന് ജില്ല നേതൃത്വം ഉറപ്പിച്ചു. ഉപതെരഞ്ഞെടുപ്പും കഴിഞ്ഞ സാഹചര്യത്തില്‍ മുന്‍ തീരുമാനം നടപ്പാക്കുക മാത്രമാണ് ചെയ്യാന്‍ പോകുന്നത്. അല്ലാതെ അവരെ ഒറ്റയ്ക്ക് ബലിമൃഗമാക്കി ബാക്കിയെല്ലാവരും രക്ഷപ്പെടുകയല്ല. ഞങ്ങളൊരിക്കലും വെള്ളപ്പൊക്കത്തിനും മാലിന്യത്തിനും റോഡ് തകര്‍ച്ചയ്ക്കും എല്ലാം കാരണം മേയര്‍ മാത്രമാണെന്നു കുറ്റപ്പെടുത്തിയിട്ടില്ല. കൊച്ചിയിലെ പ്രശ്നങ്ങള്‍ക്ക് ഇറിഗേഷനന്‍ ഡിപ്പാര്‍ട്ട്മെന്റിനും പൊതുമരാമത്ത് വകുപ്പിനും സംസ്ഥാന സര്‍ക്കാരിനും എല്ലാം ഉത്തരവാദിത്വമുണ്ട്. അല്ലാതെ, കോര്‍പ്പറേഷനു മാത്രമാണ് എല്ലാ ഉത്തരവാദിത്വങ്ങളുമെന്ന് പറയാന്‍ കഴിയില്ല; എ ഗ്രൂപ്പിന്റെ ആരോപണങ്ങള്‍ക്കുള്ള മറുപടിയായി്ട്ടു കൂടി എന്‍. വോണുഗോപാല്‍ പറയുന്ന വാദങ്ങളാണിത്. എന്നാല്‍ മേയറെ മാറ്റുന്നതിനു പിന്നില്‍ ഗ്രൂപ്പ് താത്പര്യം തന്നെയാണെന്ന ആരോപണത്തിലാണ് എ ഗ്രൂപ്പ്. ഉപതെരഞ്ഞെടുപ്പില്‍ ഉണ്ടായ തിരിച്ചടിയുടെ പേരില്‍ മേയറെ മാത്രം ബലിയാടാക്കി ആരും കൈകഴുകി രക്ഷപ്പെടേണ്ടെന്നാണ് ജില്ലയിലെ എ ഗ്രൂപ്പിന്റെ വക്താവ് അഴിമുഖത്തോട് പ്രതികരിച്ചത്. എ ഗ്രൂപ്പുകാരായ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരുടെയും പ്രതികരണവും ഇതുപോലെ ആയിരുന്നു. ഉപതെരഞ്ഞെടുപ്പില്‍ തിരിച്ചടി ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്വം ജില്ലയിലെ നേതൃത്വത്തിനാണെന്നും അവരുടെ വീഴ്ച്ച മറച്ചുവയ്ക്കാനാണ് മേയറെ കുരുതി കൊടുക്കാന്‍ നോക്കുന്നതെന്നുമാണ് എ ഗ്രൂപ്പിന്റെ ആക്ഷേപം. 'ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് കിട്ടിയില്ലെങ്കില്‍ അതിനുത്തരവാദി മേയറാണോ? ആ സ്ഥാനാര്‍ത്ഥിയും അദ്ദേഹത്തെ മത്സരിപ്പിച്ച ജില്ല നേതൃത്വവുമാണ്. കോര്‍പ്പറേഷന്‍ ഭരണമാണ് എല്ലാത്തിനും തിരിച്ചടിയായതെങ്കില്‍, അതേ കോര്‍പ്പറേഷന്‍ ഭരണത്തിന്റെ ഭാഗമായിരുന്ന ഒരാളെ തന്നെ സ്ഥാനാര്‍ത്ഥിയാക്കിയതെന്തിനായിരുന്നു. ഒക്ടോബര്‍ 21 ന് നടന്ന തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത് ഒക്ടോബര്‍ ഒന്നിനായിരുന്നു. സെപംതംബര്‍ 31 വരെ ഇവിടെയൊരു കോര്‍പ്പറേഷന്‍ ഉണ്ടെന്നും അതിന്റെ ഭരണം മോശമാണെന്നും എറണാകുളത്തെ നേതാക്കന്മാര്‍ അറിഞ്ഞിരുന്നില്ലേ? കോര്‍പ്പറേഷന്‍ ഭരണത്തോട് ജനങ്ങള്‍ക്ക് പ്രതിഷേധം ഉണ്ടെങ്കില്‍, ഡെപ്യൂട്ടി മേയറെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ബുദ്ധിയുള്ള ആരെങ്കിലും തയ്യാറാകുമോ? മത്സരിക്കാന്‍ യോഗ്യരായവര്‍ വേറെയില്ലാതിരുന്നിട്ടാണോ? ജനപിന്തുണയുള്ളവരുടെ സാമൂഹിക-സാമുദായിക സമവാക്യങ്ങള്‍ ഒത്തുവരുന്നവുമായ നേതാക്കള്‍ ഇവിടെ വേറെയും ഉണ്ടായിരുന്നു. അവരെയെല്ലാം അവഗണിച്ചുകൊണ്ട് മോശം ഭരണം നടത്തുന്ന കോര്‍പ്പറേഷന്‍ കൗണ്‍സിലിലെ തന്നെ ഒരാളെ മത്സരിപ്പിക്കാന്‍ തീരുമാനിക്കുന്നതിനെ ഗ്രൂപ്പ് താത്പര്യം എന്നല്ലാതെ മറ്റെന്താണ് വിളിക്കേണ്ടത്? മേയര്‍ക്ക് ഭരിക്കാന്‍ അറിയില്ലെങ്കില്‍, ഡപ്യൂട്ടി മേയര്‍ക്ക് തിരുത്താന്‍ കഴിഞ്ഞില്ലേ? അദ്ദേഹം ഡിസിസി പ്രസിഡന്റ് കൂടിയാണെന്നോര്‍ക്കണം. മൊത്തം പാര്‍ട്ടിയും കൂടെയുള്ളൊരാള്‍. അങ്ങനെയൊരാള്‍ക്ക് ഈ ഭരണം നന്നാക്കാന്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലേ? ജനങ്ങളുടെ വിരോധം സ്ഥാനാര്‍ത്ഥിയോട് ഉണ്ടായിരുന്നു. നാലവര്‍ഷമായിട്ട് ഇതേ കോര്‍പ്പറേഷന്റെ ഭാഗമായിരിക്കുന്നൊരാളല്ലേ. സ്ഥാനാര്‍ത്ഥി വിരോധം തന്നെയാണ് വോട്ട് കുറയാന്‍ കാരണം. ഡിസിസി പ്രസിഡന്റ്, ഡെപ്യൂട്ടി മേയര്‍ എന്നീ സ്ഥാനങ്ങള്‍ ഉള്ളയാള്‍ക്ക് തന്നെയാണ് വീണ്ടും എംഎല്‍എ സ്ഥാനവും നല്‍കുന്നത്. ഒരേ സമയം പലസ്ഥാനമാനങ്ങളുള്ളൊരാളെ ജനങ്ങളുടെ മുന്നില്‍ കൊണ്ടു ചെല്ലുന്നത് അവരോടുള്ള വെല്ലുവിളിയാണ്. ആ വെല്ലുവിളിയോട് ജനം പ്രതികരിച്ചു. വോട്ട് ചെയ്തില്ല. എന്തൊക്കെ വന്നാലും കോണ്‍ഗ്രസിനെ കൈവിടാത്തൊരു ജനതയുണ്ട് കൊച്ചിയില്‍, അവര്‍ വന്നു വോട്ട് ചെയ്തതുകൊണ്ട് മാത്രം കഷ്ടിച്ചു രക്ഷപ്പെട്ടു. എന്തിനായിരുന്നു ഇങ്ങനെയൊരു ചൂതാട്ടം നേതാക്കള്‍ നടത്തിയത്? തോറ്റുപോയില്ലേ അവര്‍. എന്നിട്ട് ആ തോല്‍വി മറ്റൊരാളുടെ തലയില്‍ കെട്ടിവച്ചുക്ഷപ്പെടാനും നോക്കുന്നൂ. ജനം ഇതൊക്കെ കാണുന്നുണ്ടെന്നാണ് ആരായാലും ഓര്‍ക്കേണ്ടത്. തനിക്കെതിരേ നടക്കുന്നത് ഗ്രൂപ്പ് പോര് തന്നെയാണെന്ന് സൗമിനി ജെയിനും ഇപ്പോള്‍ തുറന്നടിക്കുന്നുണ്ട്. തന്നെ ഒറ്റപ്പെടുത്തി ഇല്ലാതാക്കാന്‍ നോക്കുകയാണെന്ന പരാതി എതിര്‍വിഭാഗത്തിനെതിരേ അവര്‍ ഉയര്‍ത്തുന്നുണ്ട്. താന്‍ മാറണമെന്നു പറയുന്ന ഹൈബി ഈഡന്‍ എംപിക്കെതിരേ, 'നേട്ടങ്ങള്‍ മാത്രം പങ്കിടുകയും കോട്ടങ്ങള്‍ പങ്കിടാതിരിക്കുകയും ചെയ്യുന്നവരെന്നു പരസ്യമായി തന്നെയാണ് സൗമിനി തിരിച്ചടിച്ചത്. സ്വയം രാജിവച്ച് പോകില്ലെന്ന നിലപാട് ഉറപ്പിക്കാനും അവരെ പ്രേരിപ്പിക്കുന്നത് തനിക്കെതിരേ നടക്കുന്നത് വ്യക്തിപരമായ ആക്രമണമാണ് എന്നു തിരിച്ചറിഞ്ഞുകൊണ്ടാണ്. എന്നാല്‍, സൗമിനിയുടെ പ്രതികരണങ്ങള്‍ നേതാക്കള്‍ക്കെതിരേയുള്ള അധിക്ഷേപമായാണ് ഐ ഗ്രൂപ്പ് കാണുന്നത്. 'പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ പാരമ്പര്യമോ അനുഭവമോ ഒന്നുമില്ലാത്തൊരാള്‍ക്ക് ഹൈബി ഈഡനെ പോലൊരു നേതാവിനെതിരെ പ്രതികരിക്കാന്‍ എന്താണ് യോഗ്യത? താത്കാലികമായി കൗണ്‍സിലറും മേയറുമൊക്കെയായൊരാള്‍ മാത്രമാണ് സൗമിനി ജയിന്‍ എന്നവര്‍ ഓര്‍ക്കണം' എന്നായിരുന്നു ഐ ഗ്രൂപ്പ് നേതാവിന്റെ വിമര്‍ശനം. 2021 ലെ നിയമസഭ തെരഞ്ഞെടുപ്പിന്റെ ട്രയലായാണ് യുഡിഎഫ് എറണാകുളം ഉപതെരഞ്ഞെടുപ്പിനെ കണ്ടതെങ്കില്‍, അടുത്ത വര്‍ഷം നടക്കുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായാണ് എല്‍ഡിഎഫ് കഴിഞ്ഞ തെരഞ്ഞെടുപ്പിനെ കണ്ടത്. കോര്‍പ്പറേഷന്‍ ഭരണപരാജയങ്ങള്‍ എല്‍ഡിഎഫ് പ്രധാന പ്രചാരണവിഷയങ്ങളുമാക്കി. കോര്‍പ്പറേഷനെതിരേയുള്ള ജനവികാരം ഇളക്കിവിടാനും എല്‍ഡിഎഫിന് കഴിഞ്ഞു. സംസ്ഥാന സര്‍ക്കാരിനെതിരേയുള്ള വിമര്‍ശനങ്ങളോ, പാലാരിവട്ടം പാലം പോലുമോ ഉപതെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ കാര്യമായി ചര്‍ച്ച ചെയ്തില്ല. ഇത്ര ശക്തമായി ജനവികാരം കോര്‍പ്പറേഷന്‍ ഭരണത്തിനെതിരേ നിലനില്‍ക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞിരുന്നില്ലെന്നു കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ സമ്മതിക്കുന്നുണ്ട്. അടുത്ത വര്‍ഷം നവംബറില്‍ പുതിയ കോര്‍പ്പറേഷന്‍ ഭരണസമിതി ചുമതലയേല്‍ക്കണം. സെപ്റ്റംബര്‍, ഒക്ടോബറോടെ തെരഞ്ഞെടുപ്പ് വിജ്ഞാപനവും പെരുമാറ്റച്ചട്ടങ്ങളും നിലവില്‍ വരും. അതായത് ഇനിയൊരു വര്‍ഷം പോലും തികച്ചുമില്ല. അതിനുള്ളില്‍ എന്തെങ്കിലും പരിഹാരം ഉണ്ടാക്കാന്‍ കഴിയുമോയെന്നാണ് കോണ്‍ഗ്രസ് ചിന്തിക്കുന്നത്. മേയര്‍ മാറുന്നതുകൊണ്ട് മാത്രം ഒന്നുമാകില്ലെന്ന് അറിയാമെങ്കിലും താത്കാലിക മുഖം രക്ഷിക്കലെങ്കിലുമായിട്ടാണ് പാര്‍ട്ടി നേതൃത്വത്തിൽ ചിലർ കോർപ്പറേഷൻ ഭരണ മാറ്റത്തെ കാണുന്നത്. എന്നാല്‍ സൗമിനി ജെയിന് പകരമൊരാള്‍ വരുമ്പോള്‍, ജില്ലയിലെ എ-ഐ ഗ്രൂപ്പ് പോരാട്ടം കൂടുതല്‍ ശക്തമാക്കുകയാണ്. അതിനുള്ള സൂചനകളാണ് നേതാക്കളുടെ പ്രസ്താവനകളിൽ നിന്ന് വ്യക്തമാകുന്നത്.


Next Story

Related Stories