TopTop
Begin typing your search above and press return to search.

യുദ്ധം തുടങ്ങാറായപ്പോള്‍ പടനായകനെ മാറ്റി, എം.വി ഗോവിന്ദനും ജയരാജനുമില്ല, സെക്രട്ടറി സ്ഥാനത്ത് പിണറായിയുടെ വിശ്വസ്തൻ വിജയരാഘവൻ; പ്രതിസന്ധി കാലത്തെ സിപിഎം നീക്കങ്ങൾ

യുദ്ധം തുടങ്ങാറായപ്പോള്‍ പടനായകനെ മാറ്റി, എം.വി ഗോവിന്ദനും ജയരാജനുമില്ല, സെക്രട്ടറി സ്ഥാനത്ത് പിണറായിയുടെ വിശ്വസ്തൻ വിജയരാഘവൻ; പ്രതിസന്ധി കാലത്തെ സിപിഎം നീക്കങ്ങൾ

കഴിഞ്ഞ ദിവസങ്ങളില്‍ പോലും സിപിഎമ്മിന്റെ കേന്ദ്ര, സംസ്ഥാന നേതാക്കള്‍ പറഞ്ഞത് ബിനീഷ് കോടിയേരിക്കെതിരായ കേസും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേയും തമ്മില്‍ ബന്ധപ്പെടുത്തേണ്ടതില്ലെന്നാണ്. 'മകന്‍ ചെയ്യുന്നതിന് അച്ഛന്‍ ഉത്തരാവാദിയല്ല'; സിപിഎമ്മിന്റെ കേന്ദ്ര നേതാക്കള്‍ മുതല്‍ ടെലിവിഷന്‍ ചാനലുകളില്‍ ചര്‍ച്ചകള്‍ക്ക് വരുന്ന നേതാക്കള്‍ വരെ ആവര്‍ത്തിച്ചു. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ പാര്‍ട്ടി നിലപാട് മാറ്റി. കോടിയേരി ബാലകൃഷ്ണന്‍ ഒഴിഞ്ഞു. പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗം എ. വിജയരാഘവന് ചുമതല നല്‍കാനും പാര്‍ട്ടി സെക്രട്ടറിയേറ്റ് തീരുമാനിച്ചു.

രണ്ട് കാര്യങ്ങളാണ് ഇതില്‍ സവിശേഷമായിട്ടുള്ളത്. ഒന്ന് ചികിത്സയുടെ പേര് പറഞ്ഞ് കോടിയേരി ഒഴിയുന്നതിന്റെ സമയം. സംസ്ഥാനം തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ മധ്യത്തില്‍ നില്‍ക്കുമ്പോഴാണ് സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി രാജിവെയ്ക്കുന്നത്. മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ അറസ്റ്റിലായതിനെ തുടര്‍ന്നാണ് സ്ഥാനമൊഴിയലെന്നാണ് പൊതുവിൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേ സമയം കഴിഞ്ഞ കുറച്ചു ദിവസമായി അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായിരുന്നതായും പറയുന്നു. മകന്റെ അറസ്റ്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും അതിനെ ബാധിച്ചിട്ടുണ്ടാകാം. അതുപോലെ, തെരഞ്ഞെുടപ്പ് സമയത്ത് കൂടുതൽ ഉത്തരവാദിത്തം ഏറ്റെടുക്കാൻ കഴിയാത്ത ആരോഗ്യ അവസ്ഥയും സെക്രട്ടറി സ്ഥാനം ഒഴിയുന്നതിന് കാരണമായിട്ടുണ്ട്. ഇപ്പോള്‍ അതിനെ സെക്രട്ടറിയുടെ ആരോഗ്യ പ്രശ്‌നവും തുടർ ചികിത്സയുമാക്കിയെന്ന് മാത്രം. തെരഞ്ഞെടുപ്പിന്റെ മധ്യത്തില്‍വെച്ചുള്ള സ്ഥാനമൊഴിയല്‍, പ്രതിപക്ഷത്തിന്റെയും പൊതു സമൂഹത്തിന്റെയും ആരോപണങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നറിഞ്ഞിട്ടും എന്തുകൊണ്ട് ഇപ്പോള്‍ ഇങ്ങനെ ഒരു തീരുമാനമെടുത്തു എന്നതാണ് പ്രധാനപ്പെട്ട പ്രശ്നം. രണ്ടാമത് പകരക്കാരനായി എ. വിജയരാഘവനെ തെരഞ്ഞെടുത്തതിലെ കൗതുകം. മുഴുവന്‍ സമയ സെക്രട്ടറിയല്ലെങ്കിലും കേരളത്തിന്റെ പാര്‍ട്ടി സെക്രട്ടറിയായി പൊളിറ്റ് ബ്യൂറോ അംഗമല്ലാത്ത ഒരാള്‍ നിയമിതനാകുന്നത് ചടയന്‍ ഗോവിന്ദന് ശേഷം ഇതാദ്യമായാണ്. എം.വി ഗോവിന്ദന്‍, ഇ.പി ജയരാജന്‍ എന്നിങ്ങനെ സെക്രട്ടറി സ്ഥാനത്തേക്ക് നിരന്തരം ഉയര്‍ന്നുകേട്ട പേരുകള്‍ മാറ്റിയാണ് എ. വിജയരാഘവന് ചുമതല നല്‍കുന്നത്.

കഴിഞ്ഞ ദിവസമാണ് ബിനീഷ് കോടിയേരിയെ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. നേരത്തെ തന്നെ ബിനീഷിനെ അറസ്റ്റ് ചെയ്തപ്പോള്‍ രാജിവെയ്ക്കാമെന്ന നിര്‍ദ്ദേശം കോടിയേരി ബാലകൃഷ്ണന്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ അന്ന് വേണ്ടെന്ന നിലാപാടിലായിരുന്നു മുഖ്യമന്ത്രിയടക്കമുള്ളവർ പാർട്ടി യോഗങ്ങളിൽ സ്വീകരിച്ചത്. എന്നാല്‍ എം.എം ബേബിയെ പോലുള്ള പൊളിറ്റ് ബ്യുറോ അംഗം അതിരൂക്ഷമായി തന്നെ ഇക്കാര്യത്തില്‍ പ്രതികരിക്കുകയും ചെയ്തു. അതേസമയം, ബിനീഷിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍ ഇഡി ഉയര്‍ത്തിയപ്പോള്‍ മുഖ്യമന്ത്രി സ്വീകരിച്ച സമീപനം ശ്രദ്ധേയമായിരുന്നു. തന്റെ ഓഫീസുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തോട് സ്വീകരിച്ച സമീപനമായിരുന്നില്ല ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പരസ്യമായി സ്വീകരിച്ചത്. ഉയര്‍ന്നുവരുന്ന ആരോപണങ്ങളുമായി ബന്ധപ്പെട്ട് ഇപ്പോഴൊന്നും പറയാന്‍ കഴിയില്ലെന്നായിരുന്നു അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. അതായത് അച്ഛന്‍/മകന്‍ ന്യായീകരണങ്ങള്‍ക്ക് പോലും പിണറായി വിജയന്‍ മിനക്കെട്ടില്ല. സ്ഥാനമൊഴിയുന്നു എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കാന്‍, മുറുകുന്ന കേസിനോടൊപ്പം ഈ നിലപാടും കോടിയേരിയെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് സൂചന. കേസ് കൂടുതല്‍ ശക്തമാകുന്നുവെങ്കില്‍ പാര്‍ട്ടിയില്‍ താന്‍ ഒറ്റപ്പെട്ടു പോകുമെന്ന ആശങ്ക അദ്ദേഹത്തിനുണ്ടായിരുന്നുവത്രെ.

കോവിഡ് കാലമായിരുന്നില്ലെങ്കില്‍ സിപിഎമ്മില്‍ ഇത് സമ്മേളനകാലമാകുമായിരുന്നു. പുതിയ സംസ്ഥാന, കേന്ദ്ര നേതൃത്വങ്ങളെ തെരഞ്ഞെടുക്കേണ്ട കാലം. സിപിഎമ്മിന്റെ രീതിയനുസരിച്ച് കോടിയേരിക്ക് ഒരു തവണ കൂടി സെക്രട്ടറി ആകാവുന്നതാണ്. അനാരോഗ്യം കാരണം അദ്ദേഹം അതിന് മുതിരില്ലെന്നായിരുന്നു സൂചന. ആ സാഹചര്യത്തില്‍ പാര്‍ട്ടിയുടെ അടുത്ത സെക്രട്ടറി ആരാണെന്നത് സംബന്ധിച്ച് അഭ്യൂഹങ്ങള്‍ നേരത്തെ തന്നെ ഉണ്ടായിരുന്നു. പിണറായി വിജയന്റെ ഏറ്റവും അടുത്ത വിശ്വസ്തന്‍ സെക്രട്ടറി ആകുന്നതിലപ്പറം ഒന്നും ഇപ്പോഴത്തെ അവസ്ഥയില്‍ സിപിഎമ്മില്‍ സംഭവിക്കില്ല. ഇ.പി ജയരാജന്റെ പേരായിരുന്നു പറഞ്ഞുകേട്ടതില്‍ ഒന്ന്. ആലപ്പുഴ സമ്മേളനത്തില്‍ പിണറായി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞപ്പോള്‍ ഇ.പിയെ സെക്രട്ടറിയാക്കാന്‍ ശ്രമം നടന്നിരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. നേരത്തെ കോടിയേരി ബാലകൃഷ്ണന്‍ ചികിത്സാര്‍ത്ഥം അമേരിക്കയിലേക്ക് പോയപ്പോള്‍ ചുമതലകള്‍ നിര്‍വഹിച്ചത് എം.വി ഗോവിന്ദനായിരുന്നു. അതുകൊണ്ട് തന്നെ പാർട്ടി സെക്രട്ടറി സ്ഥാനത്തേക്ക് വരുമെന്ന് കരുതിയിരുന്നത് ഈ രണ്ടുപേരുകാരായിരുന്നു. എന്നാല്‍ മുന്നണി കണ്‍വീനറുടെ ചുമതല വഹിക്കുന്ന, പിണറായി വിജയന്റെ മറ്റൊരു വിശ്വസ്തനായ എ. വിജയരാഘവനെയാണ് ഇനിയുള്ള ഇടവേളയില്‍ പാര്‍ട്ടിയെ നയിക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. എ. വിജയരാഘവന്‍ ഇനി കണ്‍വീനര്‍ സ്ഥാനം ഒഴിയുമോ എന്ന കാര്യം വ്യക്തമല്ല. അങ്ങനെ വന്നാല്‍ എം.വി ഗോവിന്ദനൊ ആനത്തലവട്ടം ആനന്ദനോ ആയിരിക്കാം മുന്നണി കണ്‍വീനര്‍. എന്നാല്‍ അതിനുള്ള സാധ്യത ഇപ്പോഴില്ലെന്നാണ് പാർട്ടിയിലെ ചിലർ പറയുന്നത്.

പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബിയെ തീര്‍ത്തും അവഗണിച്ചാണ് സെക്രട്ടറിയുടെ പുതിയ ചുമതലക്കാരനെ നിശ്ചയിച്ചിരിക്കുന്നതെന്നത് സിപിഎമ്മിലെ ആഭ്യന്തര രാഷ്ട്രീയത്തിലെ പ്രതിഫലനവും കൂടിയാണ്.

അടുത്ത വെല്ലുവിളി സിപിഎം നേരിടുന്നത് അസാധാരണ സാഹചര്യത്തെ എങ്ങനെ പൊതു സമൂഹത്തില്‍ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ നേരിടുമെന്നതാണ്. സെക്രട്ടറിയുടെ രാജി ആദ്യം തള്ളിയ സിപിഎമ്മിന് ഇപ്പോള്‍ അത് അംഗീകരിക്കേണ്ടിവന്നു. ഇതേ അവസ്ഥ മുഖ്യമന്ത്രിക്കും ഉണ്ടാകുമെന്ന പ്രചാരണമാണ് പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. സിപിഎമ്മുമായും ഭരണ സംവിധാനവുമായി ബന്ധപ്പെട്ട് കൂടുതല്‍ വലിയ വെളിപ്പെടുത്തലുകളും സംഭവങ്ങളും അടുത്ത ദിവസങ്ങളില്‍ ഉണ്ടാകുമെന്ന പ്രചാരണവും രാഷ്ട്രീയ കേന്ദ്രങ്ങളില്‍ സജീവമാണ്. എല്ലാം കൊണ്ടും കേരളത്തില്‍ സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണ് ഈ തെരഞ്ഞെടുപ്പ് കാലം ഉണ്ടാക്കാന്‍ പോകുന്നത്. എ വിജയരാഘവന് ഇതെങ്ങനെ നേരിടാന്‍ കഴിയുമെന്നതാണ് ഏറെ പ്രധാനം.


Next Story

Related Stories