TopTop
Begin typing your search above and press return to search.

അതിരപ്പിള്ളി വനമേഖലയിലെ 625 വന്‍മരങ്ങള്‍ മുറിക്കാന്‍ കെഎസ്ഇബി, ആനക്കയം ജലവൈദ്യുതി പദ്ധതിക്കായി സംരക്ഷിത മേഖലയില്‍ സ്ഫോടനത്തിലൂടെ ടണലും നിര്‍മിക്കുന്നു

അതിരപ്പിള്ളി വനമേഖലയിലെ 625 വന്‍മരങ്ങള്‍ മുറിക്കാന്‍ കെഎസ്ഇബി, ആനക്കയം ജലവൈദ്യുതി പദ്ധതിക്കായി സംരക്ഷിത മേഖലയില്‍ സ്ഫോടനത്തിലൂടെ ടണലും നിര്‍മിക്കുന്നു

ഉരുള്‍പൊട്ടല്‍ സാധ്യതാ മേഖലയായ ആനക്കയത്ത് കടുവ സങ്കേതത്തിനുള്ളില്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ ടണല്‍ നിര്‍മ്മിക്കാനൊരുങ്ങി കെഎസ്ഇബി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിന്റെ ഭാഗമായി അതിരപ്പിള്ളി വനമേഖലയിലെ 625 വന്‍ മരങ്ങള്‍ മുറിച്ച് മാറ്റാന്‍ കെഎസ്ഇബി കരാര്‍ നല്‍കി. ആനക്കയം ചെറുകിട ജലവൈദ്യുതി പദ്ധതിക്കായാണ് പരിസ്ഥിതി ദുര്‍ബല പ്രദേശമായ വനമേഖലയില്‍ വന്‍മരങ്ങള്‍ മുറിച്ച് നീക്കുന്നതും ടണല്‍ നിര്‍മ്മിക്കുന്നതും. പറമ്പിക്കുളം കടുവാസങ്കേതത്തിന്റെ സംരക്ഷിതമേഖലയോട് ചേര്‍ന്നുള്ള പ്രദേശത്തെ (ബഫര്‍ സോണ്‍) വനമേഖലയിലാണ് ഇതിനായി മരങ്ങള്‍ മുറിക്കുന്നത്.

മരങ്ങള്‍ മുറിച്ച് മാറ്റുന്നതിനായി കെഎസ്ഇബി 45.94 ലക്ഷം രൂപയ്ക്കാണ് തിരുവനന്തപുരം ആസ്ഥാനമായ ചിത്ര എന്റര്‍പ്രൈസസിന് കരാര്‍ നല്‍കിയത്. അതിരപ്പിള്ളിയ്ക്കും ഷോളയാറിനുമിടയിലുള്ള ആനക്കയം പ്രദേശത്തെ 20 ഏക്കറിലാണ് ചെറുകിട വൈദ്യുതി പദ്ധതി ആരംഭിക്കുക. കടുവാ സങ്കേതത്തിന്റെ ബഫര്‍ സോണില്‍ ഉള്‍പ്പെടുന്ന അഞ്ചു കിലോമീറ്ററില്‍ ഭൂര്‍ഭ ടണല്‍ നിര്‍മ്മിച്ചാണ് 7.5 മെഗാവാട്ട് ശേഷിയുള്ള പവര്‍ഹൗസ് സ്ഥാപിക്കുക. നിര്‍മ്മാണം ആരംഭിക്കുന്നതിന് മുന്നോടിയായാണ് ഇപ്പോള്‍ മരംമുറിക്കാന്‍ കരാര്‍ നല്‍കിയിരിക്കുന്നത്.

30 വര്‍ഷം മുമ്പ് ആലോചനയിലുണ്ടായിരുന്ന വൈദ്യുതോത്പാദന പദ്ധതിയാണ് ആനക്കയത്ത് നടപ്പാക്കാനൊരുങ്ങുന്നത്. ഷോളയാര്‍ പവര്‍ഹൗസില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിച്ചതിന് ശേഷമുള്ള വെള്ളം ടണലിലൂടെ വഴിതിരിച്ച് വിട്ട് ആനക്കയത്തെത്തിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നതാണ് പദ്ധതി. ഷോളയാര്‍ മുതല്‍ ആനക്കയം വരെ നീളുന്നതാണ് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന ഭൂഗര്‍ഭ ടണല്‍. തുരങ്കത്തിനായി ഡ്രില്ലിങ് നടത്താനായിരുന്നു ആദ്യ ആലോചന. എന്നാല്‍ പദ്ധതി ചെലവ് ഏറുമെന്നതിനാല്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ പാറക്കെട്ടുകള്‍ പൊട്ടിച്ച് ടണല്‍ നിര്‍മ്മിക്കാനാണ് പിന്നീട് തീരുമാനിച്ചത്.

അണക്കെട്ട് നിര്‍മ്മിക്കാതെ വൈദ്യുതി ഉത്പാദിപ്പിക്കാനാവും എന്ന നേട്ടമാണ് കെഎസ്ഇബി ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ സംരക്ഷിത വനമേഖലയോട് ചേര്‍ന്ന പാരിസ്ഥിതിക ദുര്‍ബല മേഖലയില്‍ വനം ഇല്ലാതാക്കിയും പാറ തുരന്നും ഉള്ള പദ്ധതിയോട് പരിസ്ഥിതി പ്രവര്‍ത്തകരും പരിസ്ഥിതി ശാസ്ത്രജ്ഞരുമടക്കം പലകുറി വിയോജിപ്പുകള്‍ രേഖപ്പെടുത്തിയിരുന്നു. രാജ്യത്തെ അമ്പത് കടുവാ സങ്കേതങ്ങളില്‍ ആദ്യ പത്തില്‍ വരുന്നതാണ് പറമ്പിക്കുളം. 27 കടുവകള്‍ ഇവിടെയുണ്ടെന്നാണ് കണക്ക്. 643.66 ചതുരശ്ര കിലോമീറ്റര്‍ വരുന്ന പറമ്പിക്കുളം കടുവാ സങ്കേതത്തിനോട് ചേര്‍ന്ന 252.77 ചതുരശ്ര കിലോമീറ്റര്‍ ബഫര്‍ സോണിനുള്ളിലാണ് നിയുക്ത പദ്ധതി വരിക. എന്നാല്‍ 2018ല്‍ വലിയ തോതില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ പ്രദേശമാണ് ആനക്കയം. ഉരുള്‍പൊട്ടല്‍ നാമാവശേഷമാക്കിയ ആനക്കയം ആദിവാസി കോളനിയിലുള്ളവരെ പുനരധിവസിപ്പിക്കാന്‍ ഇനിയും സര്‍ക്കാരിന് കഴിഞ്ഞിട്ടുമില്ല. തുടര്‍ന്നും ചെറുതും വലുതുമായ നിരവധി മണ്ണിടിച്ചിലുകളും ഉരുള്‍പൊട്ടലുകളും ആനക്കയം പ്രദേശത്തുണ്ടായി.

2014ലാണ് കര്‍ശന നിബന്ധനകളോടെ ദേശീയ കടുവ സംരക്ഷണ അതോറിറ്റി പദ്ധതിക്ക് അനുമതി നല്‍കിയത്. എന്നാല്‍ 2018ന് ശേഷം കേരളത്തിലെ സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. 2018ല്‍ മഹാപ്രളത്തിനൊപ്പം നിരവധി ഉരുള്‍പൊട്ടലുകള്‍ക്കും മണ്ണിടിച്ചിലുകള്‍ക്കും കേരളം സാക്ഷിയായിരുന്നു. പിന്നീട് 2019ലും ഈ വര്‍ഷവും ചെറുതും വലുതുമായ മണ്ണിടിച്ചിലുകളും ഉരുള്‍പൊട്ടലുകളും വെള്ളപ്പൊക്കവും കേരളത്തെ പിന്തുടര്‍ന്നു. ഈ സാഹചര്യത്തില്‍ 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആലോചനകള്‍ തുടങ്ങിയ, 2014ല്‍ അനുമതി ലഭിച്ച പദ്ധതിയെക്കുറിച്ച് പുനര്‍വിചിന്തനം ചെയ്യണം എന്നതാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ ആവശ്യം.

ചാലക്കുടി പുഴ സംരക്ഷണ സമിതി പ്രവര്‍ത്തകനായ എസ് പി രവി പറയുന്നു, "2018ലെ ഉരുള്‍പൊട്ടലിന് ശേഷം ആനക്കയത്തും പരിസര പ്രദേശങ്ങളിലുമായി ചെറുതും വലുതുമായ നിരവധി ഉരുള്‍പൊട്ടലുകളും മണ്ണിടിച്ചിലുകളും ഉണ്ടായി. അനുമതി ലഭിച്ച പദ്ധതിയുമായി സാങ്കേതികമായി സര്‍ക്കാരിന് മുന്നോട്ട് പോവാം. എന്നാല്‍ 2018ന് ശേഷമുള്ള സാഹചര്യത്തില്‍ പരിസ്ഥിതിക്ക് പ്രാധാന്യം നല്‍കിയുള്ള വികസനത്തിന് അനുയോജ്യമായമായ പദ്ധതിയല്ല ഇത്. നിയന്ത്രിത സ്‌ഫോടനത്തിലൂടെ ശബ്ദ മലിനീകരണം മാത്രമാണ് ഇല്ലാതാവുന്നത്. മറ്റൈല്ലാ പാരിസ്ഥിതിക പ്രത്യാഘാതങ്ങളും ഉണ്ടാവാനിടയുണ്ട്. വന്യമൃഗങ്ങളുടെ സഞ്ചാര സ്ഥലം കൂടിയാണ് ഇതെന്നിരിക്കെ ചുരുങ്ങിയത് നിര്‍മ്മാണ കാലയളവിലെങ്കിലും വന്യജീവികളുടെ സഞ്ചാരത്തെ അത് തടസ്സപ്പെടുത്തും.' വന്യമൃഗങ്ങളുടെ സഞ്ചാരത്തേയും ആവാസവ്യവസ്ഥയേയും ബാധിക്കരുതെന്ന ഉദ്ദേശത്തോടെ വാഹനങ്ങളെ കടത്തി വിടുന്നതിന് പോലും നിയന്ത്രണമുള്ള പ്രദേശത്താണ് സ്‌ഫോടനം നടത്തി പാറ തുരന്ന് തുരങ്കം ഉണ്ടാക്കി ടണല്‍ സ്ഥാപിക്കുന്നത്. ഇതിനായി എട്ട് ഹെക്ടര്‍ സ്ഥലമാണ് വനംവകുപ്പ് വിട്ട് നല്‍കിയത്"

139.62 കോടിയാണ് പദ്ധതി തുകയായി കണക്കാക്കുന്നത്. എന്നാല്‍ സാമ്പത്തികമായി വലിയ നഷ്ടമാണ് പദ്ധതി വഴി ഉണ്ടാവുക എന്നാണ് വിമര്‍ശനം. ഷോളയാറില്‍ ഒരു വര്‍ഷം 23 കോടി യൂണിറ്റ് വൈദ്യുതിയാണ് ഉത്പാദിപ്പിക്കുന്നത്. അതിന്റെ പത്ത് ശതമാനം വൈദ്യുതിയാണ് ആനക്കയത്ത് ഉത്പാദിപ്പിക്കുക. പദ്ധതി ചെലവ് തിരിച്ച് പിടിക്കണമെങ്കില്‍ പോലും അമിത വിലയ്ക്ക് വര്‍ഷങ്ങളോളം വൈദ്യുതി വിറ്റാല്‍ മാത്രമേ സാധിക്കൂ എന്നും അഭിപ്രായമുണ്ട്. "2018ല്‍ 150 കോടിയോളം രൂപയാണ് പദ്ധതി തുകയായി കണക്കാക്കിയിട്ടുള്ളത്. ആ തുകയുമായി തട്ടിച്ച് നോക്കിയാല്‍ ഒരു മെഗാവാട്ടിന് 20 കോടി രൂപയാണ് ചെലവ്. സാധാരണ ഇത് ഒമ്പത് മുതല്‍ 10 കോടി രൂപവരെയായിരിക്കും. യൂണിറ്റിന് പത്ത് രൂപയെങ്കിലും ഈടാക്കാതെ പദ്ധതി ലാഭത്തിലാവില്ല. 4-ഉും നാലര രൂപയ്ക്കുമാണ് പുറത്ത് നിന്ന് ഇപ്പോള്‍ വൈദ്യുതി വാങ്ങുന്നത്. കേന്ദ്ര പൂളില്‍ നിന്ന് അതിലും കുറഞ്ഞ നിരക്കില്‍ ലഭിക്കും. പലപ്പോഴും ആ വിഹിതം പോലും കൂടുതലായി കേരളത്തില്‍ ഉപയോഗിക്കാറില്ല. അങ്ങനെയിരിക്കെ ഇത്രയും തുക ചെലവാക്കി ഇങ്ങനെയൊരു പദ്ധതി എന്തിനെന്നതാണ് ചോദ്യം. കായംകുളം താപനിലയം പോലുള്ള സ്ഥലങ്ങളില്‍ പോലും യൂണിറ്റിന് ആറര മുതല്‍ ഏഴ് രൂപ വരെയാണ് നിരക്ക്. ആ നിലയം തന്നെ അടച്ച് പൂട്ടി. ആ സമയത്ത് ഇത്രയും നഷ്ടമായേക്കാവുന്ന പദ്ധതി, കേരളത്തിന്റെ മാറിയ പരിസ്ഥിതിയില്‍, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കി നിര്‍മ്മിക്കുന്നതെന്തിന്?" അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ എല്ലാവിധ അനുമതികളും ലഭിച്ചതിന് ശേഷമാണ് പദ്ധതി ആരംഭിക്കുന്നതെന്ന് കെഎസ്ഇബി ഡയറക്ടര്‍ (സിവില്‍) ബിബിന്‍ ജോസഫ് അഴിമുഖത്തോട് പറഞ്ഞു. മരം മുറിക്കാന്‍ 2019 നവംബറില്‍ ഇ-ടെന്‍ഡര്‍ ക്ഷണിച്ചിരുന്നു. എന്നാല്‍ ആരും ടെന്‍ഡര്‍ നടപടിയില്‍ പങ്കെടുത്തില്ല. പിന്നീട് കഴിഞ്ഞ ജൂണ്‍ മാസത്തില്‍ വീണ്ടും ന്‍െഡര്‍ വിളിച്ചു. ചിത്ര എന്റര്‍പ്രൈസസ് മാത്രമാണ് ടെന്‍ഡറില്‍ പങ്കെടുത്തത്. മരം മുറിക്കല്‍ പൂര്‍ത്തിയായാല്‍ ടണല്‍, പവര്‍ഹൗസ് നിര്‍മ്മാണത്തിനുള്ള ടെന്‍ഡര്‍ ക്ഷണിക്കുമെന്നും ബിബിന്‍ ജോസഫ് പറഞ്ഞു. "ഷോളയൂരില്‍ നിന്ന് ആനക്കയം വരെയുള്ള പ്രദേശത്താണ് ടണല്‍ നിര്‍മ്മിക്കുന്നത്. പെരിങ്ങല്‍ക്കുത്ത് റിസര്‍വോയറിന് മുകളിലായായിരിക്കും വൈദ്യുതി ഉത്പാദന കേന്ദ്രം. എല്ലാവിധ പഠനങ്ങളും പൂര്‍ത്തിയായതിന് ശേഷമാണ് പദ്ധതിക്ക് അനുമതി ലഭിച്ചത്. ബഫര്‍ സോണാണ്. എന്നാല്‍ ഡാം ഒന്നും പദ്ധതിയിലില്ല. ടണല്‍ മാത്രമാണുള്ളത്. പാറയ്ക്കകത്ത് കൂടി തുരന്ന് പോവുന്നു എന്നത് മാത്രമാണ് ഒരു പ്രശ്‌നമായി ചൂണ്ടിക്കാട്ടാനുള്ളത്", ബിബിന്‍ ജോസഫ് വ്യക്തമാക്കി.

മുമ്പ് 2009 ഡിസംബറില്‍ ആനക്കയം ചെറുകിട ജലവൈദ്യുത പദ്ധതിയുടെ നിര്‍മ്മാണ ജോലികള്‍ക്കുള്ള ടെന്‍ഡര്‍ ക്ഷണിച്ചിരുന്നു. മുംബൈ ആസ്ഥാനമായ വക്ച എഞ്ചിനീയറിങ് ലിമിറ്റഡ് എന്ന കമ്പനിക്ക് 2011ല്‍ നിര്‍മ്മാണത്തിനുള്ള വര്‍ക്ക് ഓര്‍ഡര്‍ നല്‍കുകയും ചെയ്തു. എന്നാല്‍ പദ്ധതിക്കാവശ്യമായ എട്ട് ഹെക്ടര്‍ വനഭൂമി ലഭ്യമാവാതെയിരുന്നതോടെ കമ്പനിയുമായി നിര്‍മ്മാണ കരാര്‍ ഒപ്പു വയ്ക്കാ കഴിഞ്ഞില്ല. 1990-ല്‍ പദ്ധതിക്കുള്ള കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ആദ്യഘട്ട അനുമതി ലഭിച്ചു. എന്നാല്‍ 2009ല്‍ പറമ്പിക്കുളം കടുവാ സങ്കേതമായി പ്രഖ്യാപിച്ചപ്പോള്‍ പുതുക്കിയ അനുമതി വേണമെന്ന വനം വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം വീണ്ടും കെഎസ്ഇബി അപേക്ഷ സമര്‍പ്പിച്ചു. ദേശിയ കടുവ സംരക്ഷണ അതോറിറ്റിയുടെ അനുമതിക്കായി ബോര്‍ഡ് അപേക്ഷിച്ചു. വ്യവസ്ഥകള്‍ക്ക് വിധേയമായി 2013 ജൂലൈയില്‍ രണ്ടാം ഘട്ട അനുമതി ലഭിച്ചു. 2014ല്‍ കര്‍ശന വ്യവസ്ഥകള്‍ക്ക് വിധേയമായി മൂന്നാം ഘട്ട അനുമതിയും നേടി. പാറ പൊട്ടിക്കുന്നതിനും ടണല്‍ നിര്‍മ്മാണത്തിനും സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിക്കാന്‍ പാടില്ല എന്നതായിരുന്നു അന്ന് വച്ച കര്‍ശന വ്യവസ്ഥ. എന്നാല്‍ ഈ വ്യവസ്ഥ പാലിച്ചുകൊണ്ട് പണി ചെയ്യുക ബൂദ്ധിമുട്ടാണെന്നും ഈ വ്യവസ്ഥ ടെന്‍ഡറില്‍ പറയാത്തതാണെന്നും കാണിച്ച് നിര്‍മ്മാണ പ്രവര്‍ത്തനം ഏറ്റെടുത്ത കമ്പനി കരാറില്‍ നിന്ന് അവരെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു. 2014ല്‍ കമ്പനിയെ കരാറില്‍ നിന്ന് ഒഴിവാക്കി. പിന്നീട് കേന്ദ്ര വനം പ രിസ്ഥിതി മന്ത്രാലയം വച്ച പാറപൊട്ടിക്കല്‍ സംബന്ധിച്ച കര്‍ശന ഉപാധികള്‍ ലഘൂകരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടന്നു. 2017ല്‍ രണ്ട് തവണ ഉന്നതതല സംഘം പദ്ധതി പ്രദേശം സന്ദര്‍ശിക്കുകയും സ്‌ഫോടനം നടത്തുമ്പോള്‍ മൃഗങ്ങള്‍ക്കും പരിസ്ഥിതിക്കും ദോഷം വരുത്തരുതെന്ന നിര്‍ദ്ദേശത്തോടെ നിയന്ത്രിത സ്‌ഫോടനം നടത്താനുള്ള അനുമതി നല്‍കുകയുമായിരുന്നു.


കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ഡപ്യൂട്ടി എഡിറ്റര്‍

Next Story

Related Stories