TopTop
Begin typing your search above and press return to search.

എല്ലാവരെയും ആക്ഷേപിച്ചിട്ടില്ല; ജോലി ചെയ്യാന്‍ താല്‍പര്യമില്ലാത്ത ഒരു വിഭാഗം കെഎസ്ആര്‍ടിസിയിലുണ്ട്: ഫേസ്ബുക്ക് ലൈവില്‍ ബിജു പ്രഭാകര്‍

എല്ലാവരെയും ആക്ഷേപിച്ചിട്ടില്ല; ജോലി ചെയ്യാന്‍ താല്‍പര്യമില്ലാത്ത ഒരു വിഭാഗം കെഎസ്ആര്‍ടിസിയിലുണ്ട്: ഫേസ്ബുക്ക് ലൈവില്‍ ബിജു പ്രഭാകര്‍

ജോലി ചെയ്യാന്‍ താല്‍പര്യമില്ലാത്ത ഒരു വിഭാഗം കെഎസ്ആര്‍ടിസിയിലുണ്ടെന്ന് സിഎംഡി ബിജു പ്രഭാകര്‍. ആര്‍ക്കും കേറി മേയാന്‍ പറ്റുന്ന പൊതുമേഖലാ സ്ഥാപനമായി കെഎസ്ആര്‍ടിസി മാറി. വടകര ഡിവിഷനില്‍ ഒരു മഹാന്‍ 120 ദിവസമാണ് കണ്ടെയ്ന്‍മെന്റ് സോണ്‍ എന്ന് പറഞ്ഞ് ജോലിക്ക് ഹാജരാകാതിരുന്നത്. ഇതൊക്കെ നടക്കുന്നത് ജോലിയില്‍ ആത്മാര്‍ത്ഥതയില്ലാത്തവര്‍ കാരണമാണ്. ജീവനക്കാരെ എല്ലാവരെയും ആക്ഷേപിച്ചിട്ടില്ലെന്നും ബിജു പ്രഭാകര്‍ പറഞ്ഞു. കെഎസ്ആര്‍ടിസി പുനരുദ്ധാരണം 2.0 സംബന്ധിച്ചും ഭാവി പ്രവര്‍ത്തന പദ്ധതികള്‍ സംബന്ധിച്ചും ഫേസ്ബുക്ക് ലൈവിലൂടെ ജീവനക്കാരെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

കേരളത്തിലെ ജനങ്ങളുടെ പൈസയാണ് നിങ്ങള്‍ക്ക് ബജറ്റിലൂടെ തരുന്നത്. 5000 കോടി രൂപയാണ് കഴിഞ്ഞ അഞ്ചുകൊല്ലംകൊണ്ട് സര്‍ക്കാര്‍ നല്‍കിയത്. എന്നിട്ടും കെഎസ്ആര്‍ടിസി നന്നായില്ല. ഇതിന് കാരണം പിടിപ്പുകെട്ട മിഡില്‍ മാനേജ്മെന്റും ടോപ്പ് മാനേജ്മെന്റുമാണ്. പ്രൊഫഷണല്‍ മാനേജ്മെന്റായി മാറിയില്ലെങ്കില്‍ അത്തരത്തിലുള്ളവരെ മാറ്റിനിര്‍ത്തി പുതിയ ബോര്‍ഡ് വരുമെന്നും സിഎംഡി പറഞ്ഞു.

ചീഫ് ഓഫീസിലിരിക്കുന്ന അഞ്ചോ ആറോ കഴിവുകെട്ട ഉദ്യോഗസ്ഥരെ മാറ്റിയാല്‍ ഈ സംവിധാനം നന്നായി പോകും. കെഎസ്ആര്‍ടിസിയെ തകര്‍ക്കാനല്ല ഞാന്‍ ഇവിടുള്ളത്. റിട്ടയര്‍ ചെയ്താല്‍ കെഎസ്ആര്‍ടിസിയെ നശിപ്പിച്ചയാള്‍ എന്ന ചീത്തപ്പേര് എനിക്ക് ഉണ്ടാകരുത്. കെഎസ്ആര്‍ടിസിയെ രക്ഷിച്ചയാള്‍ എന്ന പേര് മാത്രമേ എനിക്കുണ്ടാകാവൂ. പിടിപ്പുകേടുള്ള ചില ഉദ്യോഗസ്ഥരാണ് കെഎസ്ആര്‍ടിസി ഡയറക്ടറേറ്റിലിരിക്കുന്നത്. ഈ ഉദ്യോഗസ്ഥര്‍ തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കണമെന്നും സിഎംഡി പറഞ്ഞു.


Next Story

Related Stories