TopTop
Begin typing your search above and press return to search.

'കെ.എസ്.യു നേതാവ് ബാഹുല്‍ കൃഷ്ണയുടെ വീട്ടില്‍ അഭി എന്നൊരാള്‍ ഇല്ല എന്നറിയാമായിരുന്നു; അഭിജിത് ആള്‍മാറാട്ടം നടത്തിയത് മന:പൂര്‍വം'; ഗുരുതര ആരോപണങ്ങളുമായി പഞ്ചായത്ത് പ്രസിഡന്റ്

കെ.എസ്.യു നേതാവ് ബാഹുല്‍ കൃഷ്ണയുടെ വീട്ടില്‍ അഭി എന്നൊരാള്‍ ഇല്ല എന്നറിയാമായിരുന്നു; അഭിജിത് ആള്‍മാറാട്ടം നടത്തിയത് മന:പൂര്‍വം; ഗുരുതര ആരോപണങ്ങളുമായി പഞ്ചായത്ത് പ്രസിഡന്റ്

സ്വന്തം പേരുവിവരങ്ങള്‍ മറച്ചു വച്ച് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് കൊവിഡ് പരിശോധനനയ്ക്ക് വിധേയനായ സംഭവം കരുതിക്കൂട്ടി ചെയ്തതാണെന്ന് പോത്തന്‍കോട് പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ കെ വേണുഗോപാലന്‍ നായര്‍. ആള്‍മാറാട്ടം നടത്തി കോവിഡ് പരിശോധനയ്ക്ക് വിധേയമായ സംഭവത്തില്‍ കെ.എം അഭിജിത്തിനെതിരെ താന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പശ്ചാത്തലത്തില്‍ അഴിമുഖത്തോട് പ്രതികരിക്കെയാണ് കെ വേണുഗോപാലന്‍ നായർ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചത്.

ആരോഗ്യ പ്രവര്‍ത്തനും കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായ ചിലരുടെ സഹായത്തോടെയാണ് ഇത്തരത്തില്‍ അഭിജിത്ത് പരിശോധനയ്ക്ക് വിധേയമായത് എന്നും അദ്ദേഹം ആരോപിച്ചു. മന:പൂര്‍വമാണ് തെറ്റായ വിവരങ്ങള്‍ നല്‍കിയത്. ഇതിന് തെളിവാണ് ഫോണ്‍ നമ്പര്‍ തിരുത്തി നല്‍കിയതെന്നും പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി.

കെ വേണുഗോപാലന്‍ നായരുടെ പ്രതികരണം-

"പഞ്ചായത്തിനകത്ത് ആര്‍ക്കെങ്കിലും കോവിഡ് സ്ഥിരീകരിച്ചാലോ ക്വാറന്റിനില്‍ ഉണ്ടെങ്കിലോ എല്ലാ സഹായങ്ങളും നടപടികളും പൂര്‍ത്തിയാക്കുന്നത് ഞങ്ങള്‍ അറിഞ്ഞുകൊണ്ടാണ്. അതുകൊണ്ട് തന്നെ പഞ്ചായത്തില്‍ ഒരാള്‍ രോഗ ലക്ഷണങ്ങളോടെ ക്വാറന്റെയില്‍ ഇരുന്നാലോ രോഗം സ്ഥിരീകരിക്കപ്പെട്ടാലോ പഞ്ചായത്തിന് അതിന്റെ വിവരങ്ങള്‍ ലഭിക്കുകയും ഇടപെടുകയും ചെയ്യുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ബുധനാഴ്ച പോത്തന്‍കോട് പഞ്ചായത്തിലെ അച്ചപ്പള്ളി ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ വച്ച് 48 പേരെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയത്. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരാണ് ഇവിടെ പരിശോധനയ്ക്ക് ഉണ്ടായിരുന്നത്.

പരിശോധനയില്‍ 19 പേര്‍ പോസിറ്റീവായി. അവിടെ നിന്നും ലഭിച്ച വിവരങ്ങള്‍ പരിശോധിച്ചപ്പോള്‍ പ്ലാമൂട് വാര്‍ഡില്‍ തിരുവോണം വീട്ടില്‍ അഭിഎം.കെ എന്നൊരാള്‍ കോവിഡ് പോസിറ്റീവ് ആണ്. ഇയാളെ വിവരമറിയിക്കാന്‍ വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തില്ല. എന്നാല്‍ കെ.എസ്.യു നേതാവ് ബാഹുല്‍ കൃഷ്ണയുടെ വീടാണ് പ്ലാമൂട് തിരുവോണം എന്ന് വ്യക്തമായി അറിയാമായിരുന്നു. അവിടെ അഭിയെന്ന പേരില്‍ ഒരാളില്ലെന്നും അറിയാം. തുടര്‍ന്നാണ് ആരാണ് അഭി, ഇയാള്‍ എങ്ങോട്ട് പോയി എന്ന് പരിശോധിച്ചത്". ഇതോടെയാണ് വിവരങ്ങള്‍ അറിയുന്നതെന്നും പ്രസിഡന്റ് കെ വേണുഗോപാലന്‍ നായര്‍ പറയുന്നു.

"കോവിഡ് ടെസ്റ്റ് നടത്തിയ സ്ഥലത്തെ ആശാ വര്‍ക്കര്‍ നല്‍കിയ വിവരങ്ങള്‍ പ്രകാരം രണ്ട് പേര്‍ ടെസ്റ്റിന് വന്നിരുന്നു; 39, 40 നമ്പറുകളില്‍ ഇവര്‍ പരിശോധനയ്ക്ക് വിധേയരായി. ടെസ്റ്റ് ചെയ്ത ശേഷം ഇവര്‍ മടങ്ങിപ്പോയി എന്ന് വ്യക്തമായി. ബാഹുല്‍ കൃഷ്ണ, അഭി എം.കെ എന്നിങ്ങനെയാണ് പേര് നല്‍കിയിരുന്നത്. ബാക്കി നാല്‍പ്പത്തിയാറ് പേരും അവിടെ തുടരുകയും ചെയ്തു. ഇതില്‍ അഭിജിത്ത് പോസിറ്റീവും ബാഹുല്‍ കൃഷ്ണ നെഗറ്റീവാവുകയും ചെയ്തു. ഈ വിവരം അറിയിക്കാന്‍ നല്‍കിയ ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടെങ്കിലും ലഭിച്ചില്ല. ഇതോടെയാണ് പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയില്‍ ഞാന്‍ ഇടപെടുന്നത്. അപ്പോഴാണ് അഭി എം.കെ, കെ എസ് യു നേതാവ് കെ.എം അഭിജിത്ത് ആണെന്ന് അറിയുന്നത്.

അഭിജിത്തിന് രോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നെന്നാണ് അറിയാന്‍ കഴിഞ്ഞിരുന്നത്. ഈ സാഹചര്യത്തില്‍ തന്നെയായിരുന്നു തിരുവനന്തപുരം നഗരത്തില്‍ നടന്ന പ്രതിഷേധങ്ങളില്‍ എല്ലാം അദ്ദേഹം പങ്കെടുത്തിരുന്നതും. എന്നാല്‍ തിരുവനന്തപുരം നഗരത്തില്‍ നിരവധിയിടങ്ങളില്‍ ടെസ്റ്റിങ് കേന്ദ്രങ്ങള്‍ ഉണ്ടെന്നിരിക്കെ രഹസ്യമായി പോത്തന്‍കോട് എത്തി ടെസ്റ്റിന് വിധേയമായത് വിവരങ്ങള്‍ പുറത്ത് വരാതിരിക്കാനാണ്. വിവരം പുറത്തറിഞ്ഞാല്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ നിരീക്ഷണത്തില്‍ പോകേണ്ട സാഹചര്യം ഉണ്ടാകും" അത് ഒഴിവാക്കാനാണ് ശ്രമം നടന്നതെന്നും പഞ്ചായത്ത് പ്രസിഡന്റ് പറയുന്നു.

പോത്തന്‍കോട് പഞ്ചായത്തിലെ ബാഹുല്‍ കൃഷ്ണയുടെ വാര്‍ഡിലെ ആരോഗ്യ പ്രവര്‍ത്തകന്റെ സഹായത്തോടെയാണ് ഇവര്‍ പരിശോധനയ്ക്ക് വിധേയരായതെന്ന ഗുരുതര ആരോപണവും അദ്ദേഹം മുന്നോട്ട് വയ്ക്കുന്നുണ്ട്. സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഈ ആരോഗ്യ പ്രവര്‍ത്തകന്‍ ഹര്‍ഷകുമാരാണ് ഇതിന് സൗകര്യം ഒരുക്കിയത്. ഇത് വെളിപ്പെട്ടതോടെയാണ് പോലീസില്‍ പരാതി നല്‍കുന്ന സാഹചര്യം ഉണ്ടായതെന്നും അദ്ദേഹം പ്രതികരിച്ചു.

"കോഴിക്കോട് സ്വദേശിയായ അഭിജിത്ത് തിരുവനന്തപുരത്ത് രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വരുന്നതില്‍ തെറ്റില്ല. എന്നാല്‍ നഗരത്തില്‍ ഇത്രയും സൗകര്യങ്ങള്‍ ഉണ്ടെവന്നിരിക്കെ എന്തിനാണ് പോത്തന്‍കോട് വന്ന് ടെസ്റ്റിന് വിധേയമാകുന്നത്. പ്ലാമൂട് നിന്നും എട്ട് കിലോമീറ്റര്‍ അകലെയാണ് ടെസ്റ്റിങ് നടന്ന സ്‌കൂള്‍. പുറത്ത് നിന്നുള്ളവര്‍ ഒരു തരത്തിലുള്ള നിര്‍ദേശങ്ങളും പാലിക്കാതെ വന്ന് ടെസ്റ്റ് ചെയ്ത് പോവുന്നു എന്നുള്ള കാര്യം ഭീതിയുണ്ടാക്കുന്നതാണ്.

അദ്ദേഹം ഒരാഴ്ചയായി ക്വാറന്റെയിനിലായിരുന്നു എന്നാണ് പറയുന്നത്. അങ്ങനെയെങ്കില്‍ അത് പഞ്ചായത്ത് അധികൃതര്‍ അറിയണം. വീടിന് മുന്നില്‍ പോസ്റ്റര്‍ ഒട്ടിക്കണം. മറ്റുള്ളവരുടെ സന്ദര്‍ശനം വിലക്കേണ്ടതുണ്ട്. അവിടെയുള്ള ആശാവര്‍ക്കര്‍ പോലും അറിഞ്ഞിട്ടില്ല. ഇത് ടെസ്റ്റിങ്ങ് നടക്കുന്നു എന്നറിഞ്ഞ് വന്ന് പരിശോധനയ്ക്ക് വിധേയമായതാണ്. ഇതിനെല്ലാം സഹായവും ലഭിച്ചിട്ടുണ്ട്".

ഇതിനെല്ലാം പുറമെ പരിശോധിക്കുന്നതിനായി നല്‍കിയ വിവരങ്ങളില്‍ ഫോണ്‍ നമ്പര്‍ പോലും തെറ്റിച്ചാണ് നല്‍കിയിരിക്കുന്നതെന്നും പഞ്ചായത്ത് പ്രസിഡന്റ് പറയുന്നു. "ആദ്യം ബന്ധപ്പെടേണ്ട നമ്പറായി നല്‍കിയത് ബാഹുല്‍ കൃഷ്ണയുടേതാണ്. പിന്നീട് അത് വെട്ടിത്തിരുത്തിയിട്ടുണ്ട്. പിന്നീട് നല്‍കിയ നമ്പര്‍ പരിശോധച്ചപ്പോള്‍ അത് ഹരി പ്രസാദ് എന്നയാളുടേതാണ്. ആ ഹരി പ്രസാദിന്റെ വീട്ടിലാണ് ഇപ്പോള്‍ അഭിജിത്ത് താമസിക്കുന്നത്. എന്നാല്‍ ഈ നമ്പര്‍ ആരുടേതാണ് എന്ന് പോലും പരിശോധനാ കേന്ദ്രത്തില്‍ അറിയിച്ചിട്ടില്ല. ആശുപത്രിയില്‍ പോയി പരിശോധിച്ചപ്പോള്‍ മാത്രമാണ് ഇപ്പോള്‍ വിവരങ്ങള്‍ പുറത്ത് വരുന്നത്. ഇതെല്ലാം മനപ്പുര്‍വം ചെയ്യുന്നതാണ് എന്നതിനുള്ള തെളിവാണ്. ഒരു കെ എം അഭിജിത്ത് മാത്രമായിരിക്കില്ല. മറ്റു പലരും ഇങ്ങനെ ടെസ്റ്റിന് വിധേയമായിരിക്കാന്‍ ഇടയുണ്ട്", സര്‍ക്കാറിന്റെ കോവിഡ് പ്രതിരോധത്തെ താളം തെറ്റിക്കാന്‍ നടത്തിയ മന:പൂര്‍വമായ നീക്കമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.

അതേസമയം, വിവാദത്തിന് പിന്നാലെ പഞ്ചായത്ത് പ്രസിഡന്റിന്റെ പരാതിയില്‍ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ കെ എം അഭിജിത്തിനെതിരെ കേസെടുത്തു. ആള്‍മാറാട്ടം, പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം ലംഘിക്കല്‍ തുടങ്ങിയവ ചുമത്തിയാണ് നടപടി. കെഎസ്‌യു പ്രസിഡന്റിനെ സഹായിച്ച ആരോഗ്യ പ്രവര്‍ത്തകനെതിരെയും കേസെടുക്കും. ഇക്കാര്യം മന്ത്രി കടകംപളളി സുരേന്ദ്രനും മാധ്യങ്ങളോട് വ്യക്തമാക്കി.

എന്നാല്‍ പേര് രേഖപ്പെടുത്തിയതില്‍ പഞ്ചായത്ത് ജീവനക്കാര്‍ക്കുണ്ടായ പിഴവാണ് വിവാദത്തിന് കാരണമെന്ന നിലപാടില്‍ അഭിജിത്തും ഒപ്പമുള്ളവരും ഉറച്ചു നില്‍ക്കുകയാണ്. നേരത്തെ ഫേസ്ബുക്കില്‍ വ്യക്തമാക്കിയ നിലപാട് ആവര്‍ത്തിക്കുകയാണ് വിഷയത്തില്‍ അഭിജിത്തും കെ എസ് യു നേതാക്കളും. രാഷ്ട്രീയലാക്കോടെയാണ് പഞ്ചായത്ത് പ്രസിഡൻ്റ് ആരോപണം ഉന്നയിക്കുന്നതെന്നും സഹപ്രവ‍ർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സ്വയം നിരീക്ഷണത്തിലായിരുന്ന അഭിജിത്ത് രോ​ഗലക്ഷണം കാണിച്ചതിനെ തുട‍ർന്ന് താൻ ഇടപെട്ടാണ് പോത്തൻകോട്ടേക്ക് കൊണ്ടു വന്നതെന്നും അഭിജിത്തിൻ്റെ സുഹൃത്തും കെഎസ്.യു നേതാവുമായ ബാഹുൽ കൃഷ്ണ പറഞ്ഞു.


എന്‍.പി അനൂപ്

എന്‍.പി അനൂപ്

സീനിയര്‍ സബ് എഡിറ്റര്‍‌

Next Story

Related Stories