TopTop
Begin typing your search above and press return to search.

"വിദ്യാര്‍ഥികള്‍ ഈ നാടിന്റെ ശത്രുക്കളല്ല മുഖ്യമന്ത്രീ, നരകയാതന അനുഭവിക്കുന്ന അവരോട് എന്തിനാണ് ഈ വാശി?"

"വിദ്യാര്‍ഥികള്‍ ഈ നാടിന്റെ ശത്രുക്കളല്ല മുഖ്യമന്ത്രീ, നരകയാതന അനുഭവിക്കുന്ന അവരോട് എന്തിനാണ് ഈ വാശി?"

ലോക്ക്ഡൗണ്‍ മൂലം ഡല്‍ഹിയില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ നാട്ടില്‍ എത്തിക്കുന്നതു സംബന്ധിച്ചുള്ള വിവാദം രൂക്ഷമാവുകയാണ്. വിദ്യാര്‍ഥികളെ കൊണ്ടുവരാമെന്ന് പറയുകയും പിന്നീട് അതില്‍ നിന്ന് പിന്നോക്കം പോവുകയുമാണ് സംസ്ഥാന സര്‍ക്കാര്‍ എന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം. ഒടുവില്‍ ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്ക് തങ്ങള്‍ നടന്നു തുടങ്ങുമെന്ന് വിദ്യാര്‍ഥികള്‍ ഭീഷണി മുഴക്കിയാതോടെ തിരികെ കൊണ്ടുവരാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഡല്‍ഹി ഉള്‍പ്പെടെ കേരളത്തിന്‌ പുറത്തുള്ള ഏത് നഗരത്തില്‍ തുടര്‍ന്നതും അപകടകരമാണെന്ന് വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നു. ഹോസ്റ്റലുകള്‍ വരെ അടയ്ക്കുകയും ചെയ്ത സാഹചര്യത്തില്‍ തങ്ങള്‍ എന്ത് ചെയ്യണം എന്നാണ് വിദ്യാര്‍ഥികള്‍ ചോദിക്കുന്നത്. കേരള സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പുലര്‍ത്തുന്ന അലംഭാവം വെടിയണമെന്നാണ് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത് ആവശ്യപ്പെടുന്നത്. വിദ്യാര്‍ത്ഥികളെ അവഗണിച്ചുകൊണ്ട് മുന്നോട്ടു പോകാനൊന്നും സര്‍ക്കാരിന് കഴിയില്ലെന്നും വലിയ ഭവിഷ്യത്ത് ഉണ്ടാകുമെന്നും അഭിജിത് മുന്നറിയിപ്പ് നല്‍കുന്നു.

ഈ കൊറോണക്കാലത്ത് അനാവശ്യമായി ഒരു വിമര്‍ശനവും സര്‍ക്കാരിനെതിരെ കെ.എസ്.യു ഉയര്‍ത്തിയിട്ടില്ല. പക്ഷേ, ഈ നാട്ടില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ അന്യനാടുകളില്‍ കിടന്ന് നരകയാതന അനുഭവിക്കുമ്പോള്‍, അത് കണ്ടില്ലെന്നു നടിച്ച് അവരോട് ശത്രുത മനോഭാവത്തോടെ പെരുമാറുന്ന മുഖ്യമന്ത്രിയെ ഞങ്ങള്‍ക്ക് വിമര്‍ശിക്കാതിരിക്കാനാകില്ല. അതൊരിക്കലും അനാവശ്യ വിമര്‍ശനവുമല്ല. തങ്ങാനിടമില്ലാതെ, കഴിക്കാന്‍ ഭക്ഷണമില്ലാതെ, മടങ്ങിപ്പോരാന്‍ മാര്‍ഗമില്ലാതെ, ഗതികെട്ട് നടക്കാന്‍ തീരുമാനിച്ച നമ്മുടെ വിദ്യാര്‍ത്ഥികളെ, അവരിങ്ങോട്ട് വരേണ്ട എന്ന സമീപനത്തോടെ അവഗണിക്കുമ്പോള്‍, അവരെ മരണത്തിന്റെ വ്യാപാരികളാക്കാന്‍ സൈബര്‍ സഖാക്കള്‍ പണിയെടുക്കുമ്പോള്‍, അത് കണ്ടും കേട്ടും നില്‍ക്കാന്‍ ഉത്തരവാദിത്വപ്പെട്ട ഒരു വിദ്യാര്‍ത്ഥി പ്രസ്ഥാനമെന്ന നിലയ്ക്ക് കെ.എസ്.യുവിന് കഴിയില്ല.

ഏപ്രില്‍ 29-ന് നോര്‍ക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചപ്പോള്‍ ഡല്‍ഹിയിലുള്ള വിദ്യാര്‍ത്ഥികളോട് ഉദ്യോഗസ്ഥര്‍ പറഞ്ഞത് മേയ് 15-ഓടെ അവരെ നാട്ടിലേക്ക് കൊണ്ടു വരാനുള്ള ട്രെയിന്‍ സൗകര്യം ഏര്‍പ്പാടാക്കുമെന്നായിരുന്നു. മേയ് 14-ന് അവരോട് പറയുന്നത് അത് നടക്കില്ലെന്നാണ്. രണ്ട് കാരണമാണ് പറഞ്ഞത്, റെയില്‍വേയ്ക്ക് മുന്‍കൂറായി 15 ലക്ഷം രൂപ കൊടുക്കണം, അതില്ലെന്ന്. നാട്ടിലേക്ക് മടങ്ങുന്നവരുടെ രജിസ്‌ട്രേഷന്‍ പൂര്‍ണമായില്ലെന്നാണ് മറ്റൊരു കാരണം. ഒറ്റ രാത്രികൊണ്ട് തങ്ങളത് ശരിയാക്കാമെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞപ്പോള്‍, വീണ്ടുമവര്‍ 15 ലക്ഷത്തിന്റെ ബുദ്ധിമുട്ട് പറയുകയാണ്. ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി, കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ നാട്ടിലേക്ക് മടക്കി കൊണ്ടു പോകുന്നതിന്റെ സാമ്പത്തിക ചെലവ് ഏറ്റെടുക്കാമെന്ന് അറിയിച്ചിരുന്നതാണ്. അക്കാര്യം പറഞ്ഞപ്പോള്‍, ഉദ്യോഗസ്ഥരുടെ മറുപടി, രാഷ്ട്രീയപാര്‍ട്ടികളുടെയും മതസംഘടനകളുടെയും പണം സ്വീകരിക്കരുതെന്നതാണ് സര്‍ക്കാര്‍ നിലപാട് എന്നായിരുന്നു.

മറ്റാരുടെയും പണം വേണ്ടെങ്കില്‍ സര്‍ക്കാര്‍ ചെലവാക്കണം. പിണറായി വിജയന്റെ വീട്ടില്‍ നിന്നെടുത്ത് ചെലവാക്കണമെന്നല്ല പറയുന്നത്. സര്‍ക്കാര്‍ ഖജനാവില്‍ നിന്നെടുക്കണം. സര്‍ക്കാരിന്റെ ചെലവില്‍ വിദ്യാര്‍ത്ഥകളെ മടക്കിക്കൊണ്ടു വരണം. അതെന്താണ് സര്‍ക്കാരിന് ചെയ്താല്‍? ഡല്‍ഹി പിസിസി പണം നല്‍കാമെന്നു പറഞ്ഞപ്പോള്‍ അത് വേണ്ടെന്നു പറഞ്ഞു മുടക്കി. എന്നാല്‍ സര്‍ക്കാരിന്റെ പണം എടുക്കാന്‍ പറഞ്ഞാല്‍ അതും ചെയ്യില്ല. സഹായിക്കുകയുമില്ല, സഹായിക്കാന്‍ വരുന്നവരെ അതിന്ന അനുവദിക്കുകയുമില്ല. നരകയാതന അനുഭവിക്കുന്ന വിദ്യാര്‍ത്ഥികളോട് എന്തിനാണ് ഇത്ര വാശി? ഇതൊരു ജനാധിപത്യ സ്റ്റേറ്റിന് ചേരുന്നതാണോ? ഇത്ര പ്രാകൃതമാകാമോ ഒരു മുഖ്യമന്ത്രിയുടെ മനസ്? സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോരാന്‍ ആഗ്രഹിക്കുന്ന നമ്മുടെ കുട്ടികളോട് മുഖം തിരിക്കുന്നത് ക്രൂരതയല്ലേ?

ഡല്‍ഹിയില്‍ നിന്നും 600 ല്‍പ്പരം ട്രെയിനുകളാണ് ഓരോരോ സംസ്ഥാനത്തേക്കും പോയത്. വിദ്യാര്‍ത്ഥികളെ സഹിതം തങ്ങളുടെ നാട്ടുകാരെ ഓരോരോ സംസ്ഥാനവും അവരാല്‍ മുന്‍കൈയെടുത്ത് കൊണ്ടു പോവുകയാണ്. കേരളത്തിന് അതിലൊന്നും താത്പര്യമല്ല. ഓരോ ദിവസവും മണിക്കൂറുകളോളം പത്രസമ്മേളനം നടത്തി വാചകമടിക്കണം. ഉറുമ്പിന് വെള്ളം കൊടുക്കണം, പ്രാവിന് അരി കൊടുക്കണമെന്നൊക്കെ പറഞ്ഞ്, താനെന്തോ വലിയ മനുഷ്യസ്‌നേഹിയാണെന്ന് പ്രചരിപ്പിക്കണം. മനുഷ്യരിവിടെ ജീവന്‍ കൈയില്‍ പിടിച്ച് ഒരു രക്ഷാമാര്‍ഗം തേടി അലയുന്നത് കാണാന്‍ കണ്ണുമില്ല, അവരുടെ സങ്കടം കേള്‍ക്കാന്‍ കാതുമില്ല. ഇതൊക്കെ ജനം തിരിച്ചറിയും.

വിദ്യാര്‍ത്ഥികളോട് ഹോസ്റ്റല്‍ ഒഴിയാന്‍ പറഞ്ഞിരിക്കുകയാണ്. തങ്ങാന്‍ ഇടമില്ല കുട്ടികള്‍ക്ക്. വിശാഖപട്ടണത്ത് ഒരു കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു. മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് ഒപ്പമുണ്ടായിരുന്ന ഇതര സംസ്ഥാന വിദ്യാര്‍ത്ഥികളെയെല്ലാം അവരുടെ സംസ്ഥാന സര്‍ക്കാരുകള്‍ തിരിച്ചു കൊണ്ടുപോയി. നമ്മുടെ കുട്ടികള്‍ മാത്രമാണ് ഒറ്റപ്പെട്ട് കിടക്കുന്നത്. വിദ്യാര്‍ത്ഥികളെയടക്കമുള്ള മലയാളികളെ തിരിച്ചു കൊണ്ടുപോകുന്നതിന് എന്തു ചെയ്യാനും തയ്യാറാണെന്നു കാണിച്ച് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് മൂന്നു തവണയാണ് കേരള മുഖ്യമന്ത്രിക്ക് കത്തയച്ചത്. ഒടുവില്‍ വാര്‍ത്തയായപ്പോളല്ലെ ഒന്ന് പ്രതികരിക്കാന്‍ പോലും തയ്യാറായത്. ഇങ്ങനെയാണോ ഒരു സംസ്ഥാന സര്‍ക്കാര്‍ അതിന്റെ ജനതയോട് കടമ കാണിക്കേണ്ടത്? കോവിഡ് സ്ഥിരീകരിച്ചവരെ ഉള്‍പ്പെടെയാണ് പഞ്ചാബ് ഉള്‍പ്പെടെയുള്ള സര്‍ക്കാരുകള്‍ തിരിച്ചു നാട്ടിലേക്ക് കൊണ്ടു പോയത്, ഞങ്ങള്‍ നോക്കിക്കോളാമെന്ന് പറഞ്ഞ്. ഇവിടെ രണ്ടര ലക്ഷം ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ സജ്ജമാണെന്നു പറഞ്ഞിട്ട്, ഇനിയാരും ഇങ്ങോട്ട് വരേണ്ടെന്നാണ് പറയേണ്ടത്. കോവിഡ് കേസുകള്‍ കുറച്ച് കൊണ്ടു വന്ന് മേനി നടിക്കാനണോ?

വിദ്യാര്‍ത്ഥികളെ അവഗണിച്ചുകൊണ്ട് മുന്നോട്ടു പോകാനൊന്നും സര്‍ക്കാരിന് കഴിയില്ല. വലിയ ഭവിഷ്യത്ത് ഉണ്ടാകും. ബെംഗളൂരുവില്‍ പഠിക്കുന്ന കോഴിക്കോട് കുന്ദമംഗലം സ്വദേശിയായ ഒരു വിദ്യാര്‍ത്ഥിനി കഴിഞ്ഞ ദിവസം വിളിച്ചിരുന്നു. ആ കുട്ടിക്ക് ഒപ്പമുണ്ടായിരുന്ന കാശ്മീര്‍, രാജസ്ഥാന്‍ സ്വദേശികളായ വിദ്യാര്‍ത്ഥികളെല്ലാം നാട്ടിലേക്ക് മടങ്ങി. ഈ കുട്ടി പാസിന് അപേക്ഷിച്ചിട്ട് കര്‍ണാടകത്തില്‍ നിന്നും മേയ് 12 ന് പാസ് നല്‍കി. പക്ഷേ കേരളത്തില്‍ പാസ് അനുവദിച്ചിരിക്കുന്നത് ജൂണ്‍ എട്ടിന്! അടുത്തമാസം വരെ ആ കുട്ടി അവിടെ നില്‍ക്കാനാണോ കേരള സര്‍ക്കാര്‍ പറയുന്നത്? ഇതാണോ ഉത്തരവാദിത്തം? മൈസൂരില്‍ കുടുങ്ങിക്കിടന്ന 60-ഓളം ഭിന്നശേഷിക്കാരായ കുട്ടികളെയും മാതാപിതാക്കളെയും നാട്ടിലെത്തിക്കാന്‍ പറഞ്ഞിട്ട്, രണ്ടാഴ്ച്ചയോളമാണ്, ഇടപെടാം, വേണ്ടത് ചെയ്യാമെന്നൊക്കെ മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നത്. ഒടുവില്‍ മൈസൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതൃത്വം ഉമ്മന്‍ ചാണ്ടിയെ ബന്ധപ്പെടുകയും അദ്ദേഹം വയനാട് കളക്ടറെ വിളിച്ച് അവര്‍ക്ക് നാട്ടിലേക്ക് മടങ്ങാനുള്ള സൗകര്യം ഏര്‍പ്പെടുത്തുകയുമായിരുന്നു. വയനാട് വരെ എത്താന്‍ ആവശ്യമായ വാഹനച്ചെലവ് വഹിച്ചത് യൂത്ത് കോണ്‍ഗ്രസാണ്. വയനാട്ടില്‍ എത്തിയ അവര്‍ക്ക് അതാത് ജില്ലകളിലേക്ക് പോകാന്‍ വാഹന സൗകര്യം ഏര്‍പ്പാടാക്കുമോയെന്നു തിരക്കിയപ്പോള്‍ കളക്ടര്‍ പറഞ്ഞത്, കെഎസ്ആര്‍ടിസി ബസ് ഏര്‍പ്പാടാക്കാം, പക്ഷേ പണം നല്‍കണമെന്ന്. ഒടുവില്‍ ഉമ്മന്‍ ചാണ്ടി ഇടപെട്ടാണ് അവരെ അവരുടെ നാടുകളില്‍ എത്തിച്ചതും. രാഷ്ട്രീയം പറയുന്നതല്ല, പക്ഷേ, ജനം പലതും തിരിച്ചറിയണം.

ഈ സമീപനം സര്‍ക്കാര്‍ മാറ്റണം. ഡല്‍ഹിയില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ക്ക് നാട്ടിലേക്ക് നടക്കേണ്ട ഗതികേട് ഉണ്ടാക്കരുത്. പണമില്ലെങ്കില്‍, ഡല്‍ഹി പിസിസി സഹായിക്കാമെന്ന് പറഞ്ഞത് അംഗീകരിക്കണം. അതല്ലെങ്കില്‍ സര്‍ക്കാര്‍ പണം മുടക്കണം. ഇക്കാര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം തന്നെ നില്‍ക്കും കെ.എസ്.യു. അത് ഞങ്ങളുടെ കടമയും ഉത്തരവാദിത്തവുമാണ്.


രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍

Next Story

Related Stories