TopTop
Begin typing your search above and press return to search.

കെ ടി ജലീൽ, ബിനീഷ് കോടിയേരി, സർക്കാറിന് വീണ്ടും അഗ്നിപരീക്ഷ; മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സമരം കടുപ്പിക്കാന്‍ യുഡിഎഫും ബിജെപിയും

കെ ടി ജലീൽ, ബിനീഷ് കോടിയേരി, സർക്കാറിന് വീണ്ടും അഗ്നിപരീക്ഷ; മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സമരം കടുപ്പിക്കാന്‍ യുഡിഎഫും ബിജെപിയും

തിരുവനന്തപുരം സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെടി ജലീലിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷ പാർട്ടികൾ. ചോദ്യംചെയ്തതിന്റെ പേരില്‍ കെടി ജലീല്‍ രാജിവയ്ക്കേണ്ടതില്ല എന്നാണ് സിപിഎം കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങളുടെ നിലപാട്. എന്നാൽ മന്ത്രി രാജിവയ്ക്കും വരെ ശക്തമായ സമരവുമായി മുന്നോട്ട് പോവുമെന്ന് യുഎഡിഎഫും ബിജെപിയും വ്യക്തമാക്കിക്കഴിഞ്ഞു. വിഷയം ഇന്ന് ചേരുന്ന സിപിഎം പോളിറ്റ് ബ്യൂറോ ചർച്ച ചെയ്യുമെന്നും റിപ്പോർട്ടുകളുണ്ട്.

ജലീലിനെ ചോദ്യം ചെയ്ത വാർത്ത പുറത്ത് വന്നതിന് പിന്നാലെ അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിലേക്ക് വിവിധ പ്രതിപക്ഷ സംഘടനകള്‍‌ സംഘടിപ്പിച്ച മാർച്ചിൽ വലിയ സംഘർഷങ്ങൾ അരങ്ങേറിയിരുന്നു. ബിജെപിയും യൂത്ത് കോണ്‍ഗ്രസുമാണ് രാത്രിയോടെ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തിയത്.

സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ നേതൃത്വത്തിലായിരുന്നു ബിജെപിയുടെ മാര്‍ച്ച്. മാര്‍ച്ചിനിടെ സെക്രട്ടേറിയറ്റിന് മുന്നില്‍ വലിയ സംഘര്‍ഷം തന്നെയാണ് അരങ്ങേറിയത്. പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളും ലാത്തിചാര്‍ജും ഉണ്ടായി. സംഭവത്തിൽ ഏതാനും പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. നാല് തവണ പോലീസ് ജല പീരങ്കി പ്രയോഗിച്ചു. ജലീലിന്റെ മലപ്പുറത്തെ വീടിന്റെ മുന്നിലും പ്രതിഷേധം അരങ്ങേറി.

മന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെട്ട് ഇന്ന് മുതൽ മുതല്‍ സംസ്ഥാന വ്യാപകമായ പ്രതിഷേധവും സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് ബിജെപി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

ഇന്നലെ രാവിലെയാണ് മന്ത്രിയെ ഇഡി ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്. യുഎഇ കോൺസുലേറ്റ് വഴി മതഗ്രന്ഥങ്ങൾ വന്നത് സംബന്ധിച്ചുള്ള വിവാദത്തിലാണ് സാമ്പകത്തിക കാര്യങ്ങൾ പരിശോധിക്കുന്ന കേന്ദ്ര ഏജൻസി മന്ത്രിയെ ചോദ്യം ചെയ്തിരിക്കുന്നത്. എന്നാൽകെ.ടി.ജലീൽ കുറ്റക്കാരനല്ല എന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നത്. കുറ്റക്കാരനെന്ന് കോടതി വിധിക്കും വരെ രാജിയുടെ ആവശ്യമില്ലന്നായിരുന്നു പൊളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻ പിള്ള പ്രതികരിച്ചത്. സാധാരണ പൗരനെന്ന നിലയിൽ ജലീൽ ചോദ്യം ചെയ്യലിനോട് സഹകരിച്ചെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്.

അതേസമയം, സ്വർണക്കടത്ത് കേസിൽ അന്വേഷണം ആരംഭിച്ച് രണ്ട് മാസം പിന്നിടുമ്പോൾ അന്വേഷണം സംസ്ഥാന സർക്കാറിനോട് ഏറെ അടുത്തെത്തി നിൽക്കുന്ന സാഹചര്യം ഭരണ പക്ഷത്ത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ ഇഡി ചോദ്യം ചെയ്തതിന് പിന്നാലെ കെടി ജലീനെയും വിളിപ്പിച്ചതോടെ അന്വേഷണ ഏജൻസികൾ കേസിന്റെ അടുത്ത ഘട്ടത്തിലേക്ക് കടന്നതായാണ് വിലയിരുത്തപ്പെടുന്നത്.

ഇരുവരിൽനിന്നും നിലവിൽ പ്രാഥമിക വിവരങ്ങൾ മാത്രമാണ് തേടിയതെന്നാണ് റിപ്പോർട്ടുകൾ. ബിനീഷ് കോടിയേരിക്കും എൻഫോർസ്മെന്റ് ക്ലീൻ ചിറ്റ് നൽകിയിട്ടില്ല. ബിനീഷിനെ വീണ്ടും വിളിപ്പിക്കും എന്ന് ഉറപ്പായതോടെ ബിനീഷ് കൊച്ചിയിൽ തന്നെ തുടരുകയാണെന്നാണ് വിവരം. ഇവരെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്ന സാഹചര്യം ഉണ്ടായാൽ സർക്കാറിന് അത് കൂടുതൽ തലവേദന സൃഷ്ടിക്കാൻ ഇടയാക്കും.



Next Story

Related Stories