സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീലിനെ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നതിനിടെ മന്ത്രിയുടെ രാജിക്കായും മുറവിളി. കഴിഞ്ഞ ആറ് ദിവസമായി പ്രതിഷേധ പരിപാടികളും പോലീസ് നടപടികളും തുടരുന്നതിനിടെ ഇന്നത്തെ എന്‍ഐഎ നടപടി വിഷയം കൂടുതല്‍ രൂക്ഷമാക്കുകയാണ്.
മന്ത്രി കെ ടി ജലീലിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നത് അതീവ ഗുരുതരമായ പ്രശ്നമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. കൂടുതല്‍ നാണംകെടാതെ ഇനിയെങ്കിലും ജലീല്‍ രാജി വെക്കാന്‍ തയ്യാറാവണം എന്നും ചെന്നിത്തല ആവശ്യപ്പെട്ടു. വാര്‍ത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജലീല്‍ സ്വയം രാജിവച്ചില്ലെങ്കില്‍ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കണം. ശിവശങ്കറിനെ മാറ്റിനിര്‍ത്തിയത് എന്‍ഐഎ ചോദ്യംചെയ്തപ്പോഴാണെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
മന്ത്രിമാരുടെ ഗുരുതര ക്രമക്കേടുകളെ വെള്ളപൂശുന്നതിന് പകരം മന്ത്രിസഭ ഉടനടി പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിനെ നേരിടാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് ആവശ്യപ്പെട്ടു. മന്ത്രി ജലീലിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് പിന്നാലെ എന്‍.ഐ.എ ചോദ്യം ചെയ്തത് അതീവ ഗൗരവമുള്ള വിഷയമാണ്. മന്ത്രി സഭയിലെ നാലുമന്ത്രിമാര്‍ സംശയത്തിന്റെ നിഴലിലാണ്.സ്പീക്കറും അന്വേഷണ ഏജന്‍സിയുടെ നിരീക്ഷണത്തിലാണ്. മന്ത്രിമാരേയും കുടുംബാംഗങ്ങളേയും തുടരെത്തുടരെ സംരക്ഷിക്കുകയാണ് മുഖ്യമന്ത്രി.
എല്ലാ ക്രമക്കേടുകളുടേയും കേന്ദ്രബിന്ദു മുഖ്യമന്ത്രിയാണ്.അധികാരത്തില്‍ തുടരാനുള്ള ധാര്‍മികാവകാശം ഈ സര്‍ക്കാരിനില്ല. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ മന്ത്രിയെ ചോദ്യം ചെയ്യുന്നത് നിസ്സാരവത്കരിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.സമനില തെറ്റിയ മുഖ്യമന്ത്രി പലപ്പോഴും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് ക്ഷുഭിതനായിട്ടാണ് പ്രതികരിക്കുന്നത്. മന്ത്രിയെ എന്‍.ഐ.എചോദ്യം ചെയ്തത് ലാഘവബുദ്ധിയോടെ കാണാന്‍ കഴിയില്ല. ഭീകരവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വശങ്ങളാണ് എന്‍.ഐ.എ പ്രധാനമായും അന്വേഷിക്കുക.കൂടാതെ സൈബര്‍ കുറ്റകൃത്യങ്ങള്‍,ആയുധക്കള്ളക്കടത്ത്, മനുഷ്യക്കടത്ത് തുടങ്ങിയവയും എന്‍.ഐ.എയുടെ അന്വേഷണ പരിധിയില്‍ വരുന്ന വിഷയങ്ങളാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
എന്‍ഐഎ പോലൊരു ഏജന്‍സി അന്വേഷിക്കുന്നത് രാജ്യ ദ്രോഹം, തീവ്രവാദം എന്ന നിലകളില്‍ വരുന്ന കുറ്റകൃത്യങ്ങളാണ്. അങ്ങനെയുള്ള അന്വേഷണ ഏജന്‍സിക്ക് മുന്പില് ഒരു മന്ത്രിചോദ്യം ചെയ്യലിന് ഹാജരാകേണ്ടി വരുന്ന സാഹചര്യത്തില്‍ അധികാരത്തില്‍ തുടരുന്നത് നല്ലതല്ല. പ്രശ്നത്തിന്റെ ഗൗരവം കണക്കിലെടുത്ത് ജലീല്‍ രാജിവെക്കണമെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. എന്‍ഐഎ നടപടിയുടെ പശ്ചാത്തലത്തില്‍ കെടി ജലീലിന്റെ രാജി അനിവാര്യമാണെന്നാണ് ബിജെപി നിലപാട്. മന്ത്രിയെ ഇനിയും ന്യായീകരിക്കാന്‍ നില്‍ക്കരുതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് പ്രതികരിച്ചു.
സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷുമായി മന്ത്രി കെടി ജലീലിന് വര്‍ഷങ്ങളായുള്ള ബന്ധമുണ്ടെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് ആരോപിച്ചു. ആരോപണം നേരിട്ട ഒരു ഘട്ടത്തിലും രാജി വേണ്ടെന്ന സിപിഎം നേതാക്കളുടെ നിലപാട് വിചിത്രമാണ്. മുഖ്യമന്ത്രി തന്നെ സംശയത്തിന്റെ നിഴലിലാണ്. സര്‍ക്കാര്‍ രാജിവയ്ക്കണമെന്നും സുരേന്ദ്രന് തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. സത്യം പുറത്ത് വന്നാല്‍ മന്ത്രിസഭയിലെ കൂടുതല്‍ പേര് രാജി വയ്ക്കേണ്ടി വരുമെന്ന വസ്തുതയാണ് പാര്‍ട്ടിയുടെ ഈ പ്രതിരോധത്തിന് പിന്നില്‍. മുഖ്യമന്ത്രിയുടെ ഓഫീസ് കുറ്റവാളികളെ സംരക്ഷിയ്ക്കുന്ന കേന്ദ്രമായി മാറി. കോവിഡ് പ്രതിരോധത്തിലല്ല, മറിച്ച് തെളിവ് നശിപ്പിക്കുന്നതിലാണ് സര്‍ക്കാരിന്റെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും സുരേന്ദ്രന് ആരോപിച്ചു.
കെ ടി ജലീലിന് മന്ത്രി സ്ഥാനത്ത് തുടരാനുള്ള ധാര്‍മികത നഷ്ടമായെന്ന് മുസ്ലീം ലീഗ് ആരോപിച്ചു. അധികാരത്തില്‍ ഒരു നിമിഷം പോലും കെടി ജലീല്‍ തുടരരുത് എന്നായിരുന്നു പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. ഇതിനുള്ള ധാര്‍മികത അദ്ദേഹത്തിനില്ല, ജലീല്‍ ഭരണത്തില്‍ കടിച്ച് തൂങ്ങരുതെന്നും ഉടന്‍ രാജിവയ്ക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ പിന്തുണയാണ് ജലീലിന്റ ബലമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലീഗിനെ ജലീല്‍ ധാര്‍മ്മികത പഠിപ്പിക്കേണ്ടെന്നും വര്‍ഗീയത ഇളക്കിവിട്ട് വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ശ്രമമാണ് ഇപ്പോള്‍ ജലീല്‍ നടത്തുന്നതൊന്നായിരുന്നു പൊന്നാനി എംപി ഇ ടി മുഹമ്മദ് ബഷീറിന്റെ പ്രതികരണം. കെ ടി ജലീല്‍ ഒളിച്ച് പോകുന്നതാണ് സംശയമുണ്ടാക്കുന്നതെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് പ്രതികരിച്ചു.
എന്നാല്‍, കെടി ജലീലിനെ പ്രതിരോധിക്കുന്ന നിലപാടാണ് എന്‍ഐഎ ചോദ്യം ചെയ്യുമ്പോഴും സിപിഎമ്മും എല്‍ഡിഎഫും സ്വീകരിക്കുന്നത്. ജലീല്‍ രാജിവയ്ക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എംവി ഗോവിന്ദന് മാസ്റ്റര്‍ പ്രതികരിച്ചു. ഇതു വരെയുള്ള എല്ലാഘട്ടത്തിലും മന്ത്രി സുതാര്യത പുലര്ത്തിയിട്ടുണ്ട. അന്വേഷണ റിപ്പോര്‍ട്ട് വരട്ടെയെന്നും ചൂണ്ടിക്കാട്ടിയ അദ്ദേഹം സ്വര്‍ണക്കടത്ത് കേസില്‍ ഒന്നാംപ്രതിയാകേണ്ടത് വി മുരളീധരന് ആണെന്നും മാധ്യമങ്ങളോട് പ്രതികരിച്ചു.
ജലീല്‍ രാജിവെക്കേണ്ട സാഹചര്യം ഇല്ലെന്നാണ് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്റെയും നിലപാട്. ചോദ്യം ചെയ്യുന്നതില്‍ അസാധാരണമായി ഒന്നുമില്ല. എന്നാല്‍ പ്രതിപക്ഷം ഇപ്പോള്‍ നടത്തുന്നത് നികൃഷ്ടമായ പ്രവര്‍ത്തനരീതിയാണെന്നും വിജയരാഘവന് ആരോപിച്ചു.
അതിനിടെ, സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി മന്ത്രി കെ ടി ജലീല്‍ കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ ഹാജറായി മണിക്കൂറുകള്‍ പിന്നിടുന്നതിനിടെ മന്ത്രിയുടെ പ്രതികരണം പുറത്തുവന്നു. ചില മലയാള ചാനലുകള്‍ക്ക് അയച്ച വാട്സ്ആപ്പ് സന്ദേശത്തിലാണ് മന്ത്രിയുടെ പ്രതികരണം. തനിക്കെതിരെ ഉയരുന്ന പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് അന്വേഷണം തീരും വരെ മാത്രമാണ് ആയുസുള്ളു എന്നാണ് മന്ത്രിയുടെ സന്ദേശത്തില്‍ പറയുന്നത്. ലോകം മുഴുവന്‍ എതിര്‍ത്താലും സത്യം പുറത്ത് വരും. സത്യം സത്യമല്ലാതാവില്ല, ആരും വേവലാതിപ്പെടേണ്ടതില്ലെന്ന് വ്യക്തമാക്കുന്ന ജലീല്‍ മുസ്ലീം ലീഗിനെ വെല്ലുവിളിക്കുകയും ചെയ്യുന്നുണ്ട് സന്ദേശത്തില്‍.
ഞാന്‍ പറയുന്നത് സത്യമാണ് വിശുദ്ധ ഗ്രന്ധത്തില്‍ തൊട്ട് സത്യം ചെയ്യാനുള്ള വെല്ലുവിളി എറ്റെടുക്കാന്‍ ലീഗ് തയ്യാറുണ്ടോ. കോണ്‍ഗ്രസ് -ബിജെപി ലീഗ് നേതാക്കളെപ്പോലെയാണ് എല്ലാവരുമെന്ന് അവര്‍ ധരിക്കരുത്. ലോകം മുഴുവന്‍ എതിര്‍ത്ത് നിന്നാലും സത്യം സത്യമല്ലാതാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ജലീലിന്റെ രാജി ആവശ്യപ്പെട്ട് ഇന്നും വിവിധ സംഘടനകള്‍ തെരുവിലിറങ്ങി. മന്ത്രി ജലീലിനെ ചോദ്യം ചെയ്യുന്ന എ.എന്‍.ഐ ആസ്ഥാനേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. സംഘര്‍ഷത്തിനിടെ പോലീസ് ജീപ്പിന്റെ ചില്ല് പ്രതിഷേധക്കാര്‍ തകര്‍ത്തു. യുവമോര്‍ച്ചയും എന്‍ഐഎ ഓഫീസിലേക്ക് പ്രതിഷേധവുമായെത്തി.
പാലക്കാട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. വി ടി ബല്‍റാം എം എല്‍ എ യുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. വി ടി ബല്‍റാം എംഎല്‍എക്ക് മര്‍ദ്ദനമേറ്റു. ലാത്തിച്ചാര്‍ജില്‍ നിരവധി പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. കൊല്ലത്ത് കെ.എസ്.യു കലക്ടറേറ്റില്‍ നടത്തിയ മാര്‍ച്ചില്‍ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കണ്ണൂരും കോട്ടയത്തും ബിജെപി കെഎസ്യു പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചു.