TopTop
Begin typing your search above and press return to search.

'കുടകിലെ ഇഞ്ചി തോട്ടങ്ങളിലേക്കല്ല, സ്കൂളുകളിലേക്കാണ് ഞങ്ങള്‍ക്ക് പോകേണ്ടത്'; പത്താം ക്ലാസ് പാസായ 2009 പേര്‍ക്ക് 529 സീറ്റുകള്‍; വയനാട്ടിലെ ആദിവാസി വിദ്യാര്‍ത്ഥികള്‍ എങ്ങനെ പഠിക്കും?

കുടകിലെ ഇഞ്ചി തോട്ടങ്ങളിലേക്കല്ല, സ്കൂളുകളിലേക്കാണ് ഞങ്ങള്‍ക്ക് പോകേണ്ടത്; പത്താം ക്ലാസ് പാസായ 2009 പേര്‍ക്ക് 529 സീറ്റുകള്‍; വയനാട്ടിലെ ആദിവാസി വിദ്യാര്‍ത്ഥികള്‍ എങ്ങനെ പഠിക്കും?

വിദ്യാഭ്യാസ രംഗത്ത് ഒന്നാമത് എന്ന അവകാശമുയര്‍ത്തുന്ന കേരളത്തില്‍ 'വിദ്യാഭ്യാസം ഞങ്ങളുടെ ജന്മാവകാശമാണ്' എന്ന മുദ്രാവാക്യം മുഴക്കി വയനാട്ടിലെ ആദിവാസി വിദ്യാര്‍ത്ഥികള്‍ സമരത്തിലാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അവര്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നമാണ് പത്താം ക്ലാസ് കഴിഞ്ഞ് തുടര്‍ പഠനത്തിനുള്ള അവസരം നഷ്ടമാകുന്നത്. മതിയായ ഹയര്‍ സെക്കന്‍ഡറി സീറ്റുകള്‍ ഇല്ലെന്നതാണ് ജില്ലയിലെ ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയാകുന്നത്. സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും ഇക്കാര്യത്തില്‍ അനുകൂല തീരുമാനങ്ങള്‍ കൈക്കൊള്ളാതെ വന്നതോടെയാണ് സത്യഗ്രഹ സമരം ഉള്‍പ്പെടെയുള്ള പ്രതിഷേധങ്ങളുമായി അവര്‍ തെരുവിലിറങ്ങിയത്.

ഒരധ്യയന വര്‍ഷം ആയിരത്തിനും രണ്ടായിരത്തിനും ഇടയില്‍ ആദിവാസി വിഭാഗത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പത്താം ക്ലാസ് വിജയിച്ച് വയനാട്ടില്‍ നിന്ന് പുറത്തിറങ്ങുന്നുണ്ട്. ഇത്രയും കുട്ടികള്‍ക്ക് ആവശ്യമായ ഹയര്‍ സെക്കന്‍ഡറി സീറ്റുകള്‍ ജില്ലയില്‍ ലഭ്യമല്ല. ഇതോടെ പകുതിയിലേറെയും കുട്ടികള്‍ പഠനം നിര്‍ത്തി കൂലിവേലയ്ക്ക് ഇറങ്ങേണ്ടി വരികയാണ്. ആദിവാസി വിദ്യാഭ്യാസത്തിന് കോടികള്‍ ചെലവഴിക്കുന്ന, വിദ്യാഭ്യാസ അവകാശങ്ങള്‍ കൃത്യമായി പാലിക്കപ്പെടുന്നുവെന്ന് അവകാശവാദം ഉന്നയിക്കുന്ന സംസ്ഥാനത്താണ് പഠിക്കാന്‍ താത്പര്യമുണ്ടായിട്ടും അതിനുള്ള സാഹചര്യമില്ലാതെ കൗമാരകാലത്ത് തന്നെ കൂലിവേലക്കാരായി തീരുന്ന ആയിരങ്ങള്‍ ഉണ്ടാകുന്നത്.

"സംസ്ഥാനത്ത് ഈ വര്‍ഷം ആദിവാസി വിഭാഗത്തില്‍ നിന്നും 7221 കുട്ടികളാണ് പത്താം ക്ലാസ് വിജയിച്ച് പുറത്തിറങ്ങിയത്. മൊത്തം പ്ലസ് വണ്‍ സീറ്റുകളില്‍ എട്ടു ശതമാനം പട്ടികവര്‍ഗ വിഭാഗത്തിനു വേണ്ടി മാറ്റിവച്ചിട്ടുണ്ട്. ഏകദേശം 20,000 സീറ്റുകള്‍. പക്ഷേ, ആദിവാസി വിഭാഗങ്ങളുടെ പ്രത്യേക സാമൂഹ്യ-സാമ്പത്തിക പശ്ചാത്തലത്തില്‍ ആറായിരത്തിനും ഏഴായിരത്തിനും ഇടയില്‍ കുട്ടികള്‍ മാത്രമാണ് ഓരോ വര്‍ഷവും പത്താം ക്ലാസ് വിജയിക്കുന്നുള്ളൂ, ബാക്കി വരുന്ന സീറ്റുകള്‍ ജനറല്‍ കാറ്റഗറിയിലേക്ക് ഉപയോഗിക്കുകയാണ് പതിവ്. എസ് ടി വിഭാഗത്തിനുള്ള സീറ്റുകള്‍ പൂര്‍ണമായി അവര്‍ക്ക് നല്‍കിയതിനുശേഷമേ, മറ്റ് കാറ്റഗറികള്‍ക്ക് നല്‍കാവൂ എന്നിരിക്കെ ആ നിയമം നടപ്പാക്കപ്പെടുന്നില്ല. കേരളത്തിലെ മൊത്തം കണക്കെടുത്താല്‍ പത്താം ക്ലാസ് വിജയിക്കുന്ന ആദിവാസി വിദ്യാര്‍ത്ഥികളുടെ മൂന്നിലൊന്നും വയനാട്ടിലാണ്. ഈ അധ്യായന വര്‍ഷത്തില്‍ പരിക്ഷയെഴുതിയത് 2449 കുട്ടികളാണ്. ഇവരില്‍ 2009 പേര്‍ വിജയിച്ചു. ഇത്രയും കുട്ടികള്‍ക്ക് ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസത്തിന് യോഗ്യതയുണ്ട്. വയനാട്ടില്‍ ആകെയുള്ള പ്ലസ് വണ്‍ സീറ്റുകളുടെ എണ്ണം 6,500 ആണ്. ഇതില്‍ പട്ടികവര്‍ഗവിഭാഗത്തിനുള്ള എട്ട് ശതമാനം സീറ്റുകള്‍ കണക്കിലെടുക്കുമ്പോള്‍ ആദിവാസി വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടിയുള്ളത് വെറും 529 സീറ്റുകള്‍. 2009 കുട്ടികള്‍ പ്ലസ് വണ്‍ പ്രവേശനം ആഗ്രഹിക്കുമ്പോഴാണ് 529 സീറ്റുകളുമായി സര്‍ക്കാര്‍ അവരുടെ ആഗ്രഹം വെട്ടിക്കളയുന്നത്", വയനാട്ടിലെ ആദിവാസി വിദ്യാര്‍ത്ഥി സമരത്തിന് നേതൃത്വം നല്‍കുന്ന ആദിവാസി ഗോത്രമഹസഭ ചീഫ് കോര്‍ഡിനേറ്റര്‍ എം ഗീതാനന്ദന്‍ ചൂണ്ടിക്കാണിക്കുന്നു.

സംസ്ഥാനത്ത് മൊത്തമുള്ള എസ് ടി സീറ്റുകളില്‍ നിന്നും മറ്റു കാറ്റഗറിയിലുളള വിദ്യാര്‍ത്ഥികള്‍ക്ക് അലോട്ട്‌മെന്റ് നടത്താതെ, വയനാട്ടിലെ ആദിവാസി കുട്ടികളുടെ ആവശ്യത്തിനായി ഉപയോഗപ്പെടുത്തണമെന്നാണ് സമര സമിതിയുടെ ആവശ്യം. കഴിഞ്ഞ കുറച്ചു കാലങ്ങളായി ഇതേ അവസ്ഥയാണ് ജില്ലയിലുള്ളത്. വിഷയം ചൂണ്ടിക്കാട്ടി വിവിധ കേന്ദ്രങ്ങളില്‍ പരാതികളും അപേക്ഷകളും കൊടുത്തിട്ടും ഇതുവരെ ഫലം ഉണ്ടായിട്ടില്ല. പട്ടികവര്‍ഗവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് നീക്കി വച്ചിരിക്കുന്ന സീറ്റുകള്‍ മറ്റ് കാറ്റഗറിയില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി മനാദണ്ഡങ്ങള്‍ ലംഘിച്ച് നല്‍കുന്നത് സര്‍ക്കാരിന്റെ പതിവ് രീതിയാണെന്നും സമര സമിതി പ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും പറയുന്നു. കഴിഞ്ഞ അധ്യായന വര്‍ഷം 16,000 സീറ്റുകളാണ് പൊതുവിഭാഗത്തിന് നല്‍കിയത്. ആയിരക്കണക്കിന് ആദിവാസി വിദ്യാര്‍ത്ഥികള്‍ വയനാട്ടില്‍ തുടര്‍പഠനത്തിന് അവസരം കിട്ടാതെ നില്‍ക്കുമ്പോഴായിരുന്നു സര്‍ക്കാര്‍ നടപടിയെന്നാണ് ഇവര്‍ കുറ്റപ്പെടുത്തുന്നത്.

"ഞങ്ങളിത് കാലങ്ങളായി നേരിടുന്ന പ്രതിസന്ധിയാണ്. പത്താം ക്ലാസ് കഴിഞ്ഞാല്‍ പഠിക്കാന്‍ പോകാന്‍ കഴിയുന്നില്ല. ഹയര്‍ സെക്കന്‍ഡറിക്ക് മതിയായ സീറ്റുകളില്ല. ഏകജാലക സംവിധാനം തുടങ്ങിയ കാലം മുതല്‍ വയനാട്ടില്‍ നേരിടുന്ന പ്രശ്‌നമാണ്. രണ്ടായിരത്തോളം വിദ്യാര്‍ത്ഥികള്‍ പാസ്സാകുന്നു. അതില്‍ നിന്നും ആയിരത്തിലേറെ വിദ്യാര്‍ത്ഥികളാണ് സീറ്റ് ലഭിക്കാതെ പുറത്തു പോകുന്നത്'," കളമശ്ശേരി സെന്റ്. പോള്‍സ് കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിയായ ജിഷ്ണു ജിയുടെ വാക്കുകള്‍.

അതേ സമയം, വയനാട്ടില്‍ പ്ലസ് വണ്‍ ക്ലാസുകളിലേക്ക് ആയിരത്തിനു മേല്‍ കുട്ടികള്‍ക്ക് സീറ്റുകൊടുക്കാറുണ്ടെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ തികച്ചും അശാസ്ത്രീയമായ രീതിയിലാണ് സര്‍ക്കാര്‍ നടപടികള്‍ നടക്കുന്നതെന്നാണ് സമര സമിതി പ്രവര്‍ത്തകര്‍ പറയുന്നത്. നിലവില്‍ എസ് ടി വിഭാഗത്തിനുള്ള സീറ്റുകള്‍ക്കൊപ്പം എസ് സി സീറ്റുകളും കൂടി ചേര്‍ത്താണ് വയനാട്ടില്‍ രണ്ടാമത്തെ അലോട്ട്മെന്റിനുശേഷം 1060 കുട്ടികള്‍ക്ക് സീറ്റ് നല്‍കിയിട്ടുണ്ടെന്ന കണക്ക് വിദ്യാഭ്യാസ വകുപ്പ് പറയുന്നതെന്നാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്. പട്ടികജാതി പോപ്പുലേഷന്‍ കുറവായ ജില്ലയാണ് വയനാട്. ബാക്കി വരുന്ന കുട്ടികള്‍ക്കും സീറ്റ് നല്‍കുമെന്നും സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും അതിലൊരു തട്ടിപ്പുണ്ടെന്നാണ് സാമൂഹ്യ പ്രവര്‍ത്തകയായ മേരി ലിഡിയ കെ പറയുന്നത്. ''ഒരു ക്ലാസ് റൂമിന്റെ കാരിയിംഗ് കപ്പാസിറ്റി പരമാവധി 55 മുതല്‍ 60 വരെയാണ്. ഇവിടേക്കാണ് അധ്യയനം തുടങ്ങി രണ്ടോ മൂന്നോ മാസം കഴിയുമ്പോള്‍ സ്പോട്ട് അഡ്മിഷന്‍ എന്നു പറഞ്ഞ് എസ് ടി കുട്ടികള്‍ക്ക് അലോട്ട്മെന്റ് നടത്തുന്നത്. 2014 മുതല്‍ തുടങ്ങിയ സ്‌പോട്ട് അഡ്മിഷന്‍ ആദിവാസി കുട്ടികള്‍ക്ക് ഉപകാരമല്ല, ഉപദ്രവമാണ് ചെയ്യുന്നത്. ആദിവാസി വിഭാഗത്തിലുള്ള കുട്ടികള്‍ പൊതുവെ ഹ്യുമാനിറ്റീസ് ആണ് പഠിക്കാന്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ ഹ്യൂമാനിറ്റീസ് സീറ്റുകള്‍ വളരെ കുറവാണ്. പകരം സയന്‍സ്, കൊമേഴ്‌സ് സീറ്റുകളാണ് കൂടുതലുള്ളത്. സ്വഭാവികമായി ഈ രണ്ട് വിഷയങ്ങളും പഠിക്കാന്‍ കുട്ടികള്‍ നിര്‍ബന്ധിതരാകും. ഇതു രണ്ടും ഇവര്‍ക്ക് പഠിക്കാന്‍ ബുദ്ധിമുട്ടേറിയ വിഷയങ്ങളാണ്. മറ്റു കുട്ടികളെപ്പോലെ മികവ് പുലര്‍ത്താന്‍ കഴിയാതെ വരും. ക്ലാസ് തുടങ്ങി രണ്ടും മൂന്നും മാസം കഴിയുമ്പോഴാണ് ഇവര്‍ക്ക് സ്‌പോട്ട് അഡ്മിഷന്‍ വഴി പ്രവേശനം കിട്ടുന്നതെന്നുമോര്‍ക്കണം. ഒന്നും മനസിലാക്കാന്‍ കഴിയാത്ത അവസ്ഥയാണ്. പലരും പാതി വഴിയില്‍ പഠനം നിര്‍ത്തിപ്പോവുകയും ചെയ്യും. അതുകൊണ്ടാണ് കൂടുതല്‍ സീറ്റുകള്‍ അനുവദിച്ച് പ്രത്യേക ബാച്ചുകള്‍ ആദിവാസി കുട്ടികള്‍ക്കായി ഒരുക്കണമെന്ന് നമ്മള്‍ ആവശ്യപ്പെടുന്നത്. പ്രൈവറ്റ് രജിസ്‌ട്രേഷനു വരുന്ന ചെലവുകള്‍ സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്ന ആദിവാസി കുടുംബങ്ങള്‍ക്ക് താങ്ങാന്‍ കഴിയാതെ വരികയും ചെയ്യുന്നതോടെ പഠിക്കാനുള്ള മോഹം അവസാനിപ്പിച്ച് കുട്ടികള്‍ കൂലിപ്പണിക്കും മറ്റുമായി ഇറങ്ങുകയാണ്".

പ്രൈവറ്റ് രജിസ്‌ട്രേഷന്‍ തങ്ങള്‍ക്ക് താങ്ങാന്‍ കഴിയാത്ത സംവിധാനമാണെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഫീസ് അനുകൂല്യങ്ങള്‍ ഉണ്ടെങ്കിലും അല്ലാതെ വരുന്ന ചെലവുകള്‍ തങ്ങാന്‍ കഴിയില്ലെന്നാണ് ഇവര്‍ പറയുന്നത്. മറ്റൊരു പ്രതിസന്ധി യാത്രാ ചെലവാണ്. ബത്തേരിയിലുള്ള ഒരു വിദ്യാര്‍ത്ഥിക്ക് മാനന്തവാടിയിലെ സ്‌കൂളിലാണ് അഡ്മിഷന്‍ കിട്ടുന്നതെങ്കില്‍ അത്രയും ദൂരം പോയി വരികയെന്നത് വലിയ ചെലവാണെന്നവര്‍ പറയുന്നത്. പലയിടങ്ങളിലും ഹോസ്റ്റല്‍ സൗകര്യം ഉണ്ടായിരിക്കില്ലെന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. എംആര്‍എസ്സുകള്‍ (മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍) ഉണ്ടെങ്കിലും അവിടെ പരിമിതമായാണ് പ്രവേശനം അനുവദിക്കുന്നതെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. "പ്ലസ് വണ്ണിന് എനിക്ക് സര്‍ക്കാര്‍ സീറ്റ് കിട്ടിയില്ല. പഠിക്കാനുള്ള ആഗ്രഹം കൊണ്ടാണ് പ്രൈവറ്റ് ആയി പ്ലസ് വണ്ണിന് ചേര്‍ന്നത്. ആദ്യ വര്‍ഷം തന്നെ പതിനയ്യായിരത്തോളം രൂപയാണ് ചെലവായത്. രണ്ടാം വര്‍ഷവും അത്ര തന്നെ പണം വേണ്ടിവരുമായിരുന്നു. അതിനുള്ള സാമ്പത്തിക സ്ഥിതി എന്റെ അച്ഛനും അമ്മയ്ക്കും ഇല്ലാത്തതുകൊണ്ട് പഠനം പൂര്‍ത്തിയാക്കാതെ അവസാനിപ്പിക്കുകയായിരുന്നു. പഠിക്കാന്‍ ആഗ്രഹമില്ലാതെയല്ല,സാഹചര്യമില്ലാത്തതുകൊണ്ടാണ് ഞാനങ്ങനെ ചെയ്തത്. എന്നെപ്പോലെ നിരവധി കുട്ടികളാണ് പാതിയില്‍ പഠിപ്പ് നിര്‍ത്തുന്നത്. കൂലിപ്പണിക്കും മറ്റുമായി ഇറങ്ങേണ്ടി വരികയാണ്. എന്നിട്ട് സര്‍ക്കാര്‍ പറയുന്നത്, ഞങ്ങള്‍ക്ക് പഠിക്കാന്‍ താത്പര്യമില്ല, ജോലിക്കു പോകുന്നതാണ് ഇഷ്ടമെന്ന്. ഞങ്ങള്‍ക്ക് വിദ്യാഭ്യാസത്തിന്റെ വിലയറിയാം. വിദ്യാഭ്യാസം നേടിയാലെ ഞങ്ങളുടെ ജീവിതം മാറുകയുള്ളൂവെന്നും അറിയാം. പക്ഷേ, അതിനുള്ള വഴിയില്ലെങ്കില്‍ എന്തു ചെയ്യും? ആവശ്യമായ പ്ലസ് വണ്‍ സീറ്റുകള്‍ സര്‍ക്കാര്‍ ഉറപ്പാക്കണം, പ്രൈവറ്റായി പഠിക്കുന്നവര്‍ക്ക് അതിനുള്ള സാമ്പത്തിക സഹായം ഉറപ്പാക്കണം", സുല്‍ത്താന്‍ ബത്തേരി സ്വദേശിയായ യദുചന്ദ്രന്റെ വാക്കുകള്‍.

ആദിവാസി കുട്ടികള്‍ വിദ്യാഭ്യാസത്തോട് താത്പര്യം കാണിക്കുന്നില്ലെന്ന ആക്ഷേപം തങ്ങള്‍ക്കെതിരെ കാലങ്ങളായി ഭരണകൂടങ്ങളും വിദ്യാഭ്യാസ കേന്ദ്രങ്ങളും ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണെന്നാണ് ജിഷ്ണുവും പറയുന്നത്. "ഇത് തെറ്റാണ്. വിദ്യാഭ്യാസം നേടണമെന്നത് തന്നെയാണ് ഞങ്ങളുടെ താത്പര്യം. അതിനുള്ള സാഹചര്യം കിട്ടുന്നില്ലെന്നു മാത്രം. വിദ്യാഭ്യാസത്തിന് പ്രാധാന്യം കൊടുക്കാതിരുന്ന തലമുറകള്‍ ഉണ്ടായിരുന്നു. അതിന്റെ സാമൂഹിക വശങ്ങള്‍കൂടി പരിഗണിക്കണം. ഇന്ന് കാലം മാറി. ആദിവാസി വിഭാഗത്തില്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി നിരവധി മാറ്റങ്ങള്‍ വന്നിട്ടുണ്ട്. വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും ആ മാറ്റങ്ങള്‍ പ്രകടമാണ്. ഒരു കോളനിയില്‍ നിന്നും ഒരാള്‍ പഠിക്കാന്‍ പോയാല്‍, എനിക്കും പഠിക്കാന്‍ പോകണമെന്ന് ആഗ്രഹിക്കുകയാണ് മറ്റു കുട്ടികള്‍. ചേട്ടായി പോയ പോലെ, ചേച്ചി പോയ പോലെ എനിക്കും പഠിക്കാന്‍ പോകണമെന്നാഗ്രഹവുമായി നില്‍ക്കുന്ന നിരവധി കുട്ടികളെ ഊരുകളില്‍ കാണാം. ഞങ്ങള്‍ക്ക് പഠിക്കാന്‍ താത്പര്യമില്ലെന്നു സര്‍ക്കാര്‍ വെറുതെ പറഞ്ഞുണ്ടാക്കുന്നതാണ്".

ആദിവാസി വിദ്യാഭ്യാസം വലിയ മുദ്രാവാക്യമാക്കി ഉയര്‍ത്തുകയും അതിനുവേണ്ടി കോടികളുടെ ഫണ്ട് അനുവദിക്കുകയും ചെയ്യുന്നുണ്ടെങ്കിലും, ഇത്തരം പ്രശ്‌നങ്ങള്‍ (പ്ലസ് വണ്‍ സീറ്റിന്റെ കുറവ്) പരിഹരിക്കാനുള്ള ശ്രമം സര്‍ക്കാര്‍ നടത്തുന്നില്ലെന്നാണ് വിദ്യാര്‍ത്ഥികള്‍ വിമര്‍ശിക്കുന്നത്. വിദ്യാഭ്യാസം ഞങ്ങളുടെ ജന്മാവകാശം എന്ന മുദ്രാവാക്യം ഉയര്‍ത്തേണ്ടി വരുന്നതിനു കാരണവും ഭരണകൂടം ഔദാര്യം കാണിക്കുന്നതുപോലെ തങ്ങളോട് പെരുമാറുന്നതുകൊണ്ടാണെന്നും ഈ കുട്ടികള്‍ പറയുന്നു. "ഹയര്‍ സെക്കന്‍ഡി തലത്തില്‍ വലിയ കൊഴിഞ്ഞുപോക്കാണ് ആദിവാസി വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കാണുന്നതെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അതിനു പിന്നിലെ പ്രശ്‌നം എന്താണെന്നു പറയുകയുമില്ല. പൊതുവില്‍ ഇവിടെ സ്‌പോട്ട് അലോട്ട്‌മെന്റ് തുടങ്ങുന്നത് സംസ്ഥാനത്ത് ക്ലാസ് തുടങ്ങി മൂന്നുമാസമെങ്കിലും കഴിഞ്ഞിട്ടായിരിക്കും. അതു കഴിഞ്ഞ് പ്രവേശനം കിട്ടുന്ന കുട്ടിക്ക് മുന്‍പ് പഠിപ്പിച്ചതൊന്നും മനസിലാക്കാനുള്ള അവസരമില്ല, അതുകൊണ്ട് തന്നെ തുടര്‍ന്നു പഠിപ്പിക്കുന്ന കാര്യങ്ങള്‍ പിന്തുടരാന്‍ ബുദ്ധിമുട്ടുണ്ടാകും. ഹ്യുമാനിറ്റീസ് പഠിക്കാനാണ് പൊതുവില്‍ ആദിവാസി കുട്ടികള്‍ക്ക് താത്പര്യം. പക്ഷേ, സ്പോട്ട് അഡ്മിഷനില്‍ കൂടുതലും സയന്‍സിലും കൊമേഴ്‌സിലുമാണ് സീറ്റുകള്‍ കൂടുതല്‍. താത്പര്യമില്ലാതെയാണെങ്കിലും ഈ വിഷയങ്ങള്‍ പഠിക്കേണ്ടി വരുന്നു. ഹ്യുമാനിറ്റീസിനു കൂടുതല്‍ സീറ്റുകള്‍ അനുവദിക്കുകയെന്നത് കാലങ്ങളായുള്ള ആവശ്യമാണ്. ആദിവാസി കുട്ടികള്‍ പഠനം പാതി വഴിയില്‍ നിര്‍ത്തി പോകുന്നുവെന്നവരാണെന്നു പുച്ഛിക്കുന്നവര്‍, അവര്‍ മൂലം തന്നെയാണ് ഞങ്ങള്‍ക്ക് പഠിത്തം നിര്‍ത്തേണ്ടി വരുന്നതെന്ന് അംഗീകരിക്കുന്നില്ല. അതറിയിക്കാനും കൂടിയാണ് ഈ സമരം. പണ്ടു മുതലെ അടിച്ചമര്‍ത്തപ്പെട്ട സമൂഹമാണ് ആദിവാസികളുടെത്. മാറി മാറി വരുന്ന സര്‍ക്കാരുകള്‍ വിദ്യാഭ്യാസത്തില്‍ കേരളം ഒന്നാമതാണെന്നു പറയുമ്പോഴും താഴെത്തട്ടില്‍ കിടക്കുന്ന ഞങ്ങള്‍ക്ക് പഠിക്കാനുള്ള അവസരം പോലും ഇവിടെ കിട്ടുന്നില്ല. ഞങ്ങള്‍ക്ക് പഠിക്കണം. ഞങ്ങളുടെ മുന്‍തലമുറകള്‍ക്കതിന് കഴിഞ്ഞിട്ടില്ല. പക്ഷേ,ഞങ്ങള്‍ക്ക് പഠിക്കണം. വിദ്യാഭ്യാസം ഞങ്ങളുടെ ജന്മാവകാശമാണ്".

പഠന സാഹചര്യം ഇല്ലാതാക്കുന്നതോടെ ആദിവാസി കുട്ടികളെ ചെറു പ്രായത്തിലെ കൂലിവേലയിലേക്ക് തള്ളിയിടുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും വിദ്യാര്‍ത്ഥികള്‍ പരാതി പറയുന്നു. പഠിക്കാന്‍ കഴിയാതെ വരുന്നവര്‍ക്ക് അധികാലം വീട്ടില്‍ ഇരിക്കാന്‍ കഴിയില്ല. മറ്റ് കോഴ്‌സുകള്‍ക്ക് പോവുകയെന്നത് സാമ്പത്തികം ഉള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ മൂലം നടക്കാതെ വരും. ഇതോടെ പതിനാലും പതിനഞ്ചും വയസില്‍ തന്നെ ജോലിക്കിറങ്ങാന്‍ നിര്‍ബന്ധിതരാവുകയാണ് തങ്ങളെന്നാണിവര്‍ വിഷമം പങ്കുവയ്ക്കുന്നത്. ജോലിക്കിറങ്ങി കൈയില്‍ പണം വന്നു തുടങ്ങിയാല്‍, അതോടെ പഠിക്കാനുള്ള മോഹം പോവുകയും ഇനി ഇങ്ങനെ തന്നെ ജീവിക്കാമെന്ന തോന്നല്‍ ഉണ്ടാവുകയാണെന്നും ചുറ്റുമുള്ള അനുഭവങ്ങളില്‍ നിന്നും ജിഷ്ണുവിനെയും യദുവിനെയും പോലുള്ള വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാണിക്കുന്നു. പത്താം ക്ലാസ് കഴിഞ്ഞവര്‍ക്കു വേണ്ടി മൂന്നു മാസത്തെയും ആറുമാസത്തെയും ഹൃസ്വകാല കോഴ്‌സുകള്‍ സര്‍ക്കാര്‍ നടത്തുന്നുണ്ട്. സര്‍ട്ടിഫിക്കറ്റ് കിട്ടും, പ്ലെയ്‌സ്‌മെന്റ് ഉണ്ടാകുമൊന്നൊക്കെയാണ് വാഗ്ദാനമെങ്കിലും പഠനം കഴിയുമ്പോള്‍ സര്‍ട്ടിഫിക്കറ്റുമില്ല, ജോലിയുമില്ല എന്നതാണ് അവസ്ഥയെന്നും വീണ്ടും തോട്ടങ്ങളിലേക്കും കാടുകളിലേക്കും കയറേണ്ടി വരികയാണെന്നും ജിഷ്ണു പറയുന്നു.

"പഠിക്കാന്‍ സാഹചര്യമില്ലാതെ വരുമ്പോള്‍ പണിക്കിറങ്ങും. കൈയില്‍ പൈസ വരും. പൈസ വന്നാല്‍ പിന്നെ പഠിക്കാന്‍ തോന്നില്ല, പണിക്കു തന്നെ പോകും. ഇവിടയിപ്പോള്‍ തൊഴിലില്ല. എല്ലാം യന്ത്രങ്ങള്‍ ചെയ്യും. മനുഷ്യര്‍ക്ക് ജോലിയില്ല. ആകെ പണിയുള്ളത് കുടകിലും മറ്റുമാണ്. കുടകിലെ ഇഞ്ചിത്തോട്ടങ്ങളിലേക്കാണ് കുട്ടികള്‍ കൂടുതലും പോകുന്നതും. അവര്‍ ആഗ്രഹിച്ചു പോകുന്നതല്ല, മറ്റ് വഴിയില്ലാത്തതുകൊണ്ടാണ്. ഞങ്ങളുടെ ജീവിതം കുടകിലെ ഇഞ്ചിത്തോട്ടങ്ങളില്‍ തീര്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല, ഞങ്ങള്‍ക്ക് പഠിക്കണം. പഠിച്ച് കിട്ടുന്ന ജോലി വേണം. നിങ്ങളെപ്പോലെ ഞങ്ങള്‍ക്കും ജീവിക്കണം. എങ്ങനെ ജീവിക്കണമെന്നു തീരുമാനിക്കേണ്ടത് ഞങ്ങളാണ്, കാട്ടിലും മരത്തിലും കയറി ജീവിച്ചോ എന്നു ഞങ്ങളോടിനിയും പറയരുത്. ഇഞ്ചിത്തോട്ടങ്ങളിലേക്കല്ല, ഞങ്ങള്‍ സ്‌കൂളുകളിലേക്കാണ് പോകാന്‍ ആഗ്രഹിക്കുന്നത്'.'

ആവശ്യം ന്യായം, സമരം അനാവശ്യം: എംഎല്‍എമാര്‍

അതേസമയം, ആദിവാസി വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്ന ആവശ്യങ്ങളില്‍ ന്യായമുണ്ടെങ്കിലും ഇതിന്റെ പേരില്‍ നടത്തുന്ന സമരം അനാവശ്യമാണെന്നാണ് അഴിമുഖത്തോട് പ്രതികരിച്ച സുല്‍ത്താന്‍ബത്തേരി എംഎല്‍എ ഐ.സി ബാലകൃഷ്ണനും കല്‍പ്പറ്റ എംഎല്‍എ സി.കെ ശശീന്ദ്രനും പറയുന്നത്. പ്ലസ് വണ്‍ പ്രവേശനം ലഭിക്കുന്നില്ലെന്ന പ്രചാരണം വാസ്തവിരുദ്ധമാണെന്നാണ് സി.കെ ശശീന്ദ്രന്‍ എംഎല്‍എ പറയുന്നത്. "2019 ല്‍ 1952 ആദിവാസി വിദ്യാര്‍ത്ഥികളാണ് വയനാട്ടില്‍ പാസ്സായത്. 1604 വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ് വണ്ണിനും 96 പേര്‍ക്ക് വിഎച്ച്എസ്ഇയിലും പ്രവേശനം ലഭിച്ചിട്ടുണ്ട്. ആദിവാസി സംവരണ സീറ്റ് 529 ആണെങ്കിലും സ്‌പോട്ട് അഡ്മിഷന്‍ ഉള്‍പ്പെടെ 1171 കുട്ടികള്‍ക്ക് അധികം സീറ്റ് നല്‍കിയിട്ടുണ്ട്. ഈ വര്‍ഷം 2009 വിദ്യാര്‍ത്ഥികളാണ് എസ്എസ്എല്‍സി പാസായത്. പ്ലസ് വണ്ണിന്റെ രണ്ടാം ഘട്ട അലോട്ട്‌മെന്റ് പൂര്‍ത്തിയായപ്പോള്‍ 1067 കുട്ടികള്‍ക്ക് അഡ്മിഷന്‍ ലഭിച്ചിട്ടുണ്ട്. സപ്ലിമെന്ററി അലോട്ട്‌മെന്റിലുംസീറ്റ് കിട്ടും. അവിടെയും അഡ്മിഷന്‍ കിട്ടാത്തവര്‍ക്ക് സ്‌പോട്ട് അഡ്മിഷനിലൂടെ സീറ്റ് ലഭ്യമാക്കും. ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് പൊതുവെ ഹ്യുമാനിറ്റീസിനോടാണ് താത്പര്യം. ഹ്യുമാനിറ്റീസ് സീറ്റുകള്‍ കുറവാണെന്നത് യാഥാര്‍ത്ഥ്യമാണ്. ഈ സീറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തും. എം ആര്‍ എസ് വിദ്യാലയങ്ങളില്‍ ഹ്യൂമാനിറ്റീസ് സീറ്റുകളുടെ എണ്ണം കൂട്ടുക, എംആര്‍എസ്സില്‍ ഉള്‍പ്പെടെ പുതിയ ബാച്ചുകള്‍ ആരംഭിക്കുക എന്നീ ആവശ്യങ്ങളും സര്‍ക്കാരിനു മുന്നില്‍ അവതരിപ്പിക്കും."

ആദിവാസി വിദ്യാര്‍ത്ഥികളുടെ പ്രശ്‌നം രണ്ടു മാസം മുമ്പ് തന്നെ വിദ്യാഭ്യാസ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നുവെന്നാണ് ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ പറയുന്നത്. കഴിഞ്ഞാഴ്ച്ച വിഷയം ചൂണ്ടിക്കാട്ടി മന്ത്രിക്ക് കത്ത് നല്‍കിയിരുന്നുവെന്നും അദ്ദേഹം പറയുന്നു. "സീറ്റുകളുടെ കുറവ് മൂലം ആയിരത്തിനുമേല്‍ കുട്ടികള്‍ പുറത്തു പോകുന്ന സാഹചര്യമുണ്ട്. കുട്ടികളുടെ പഠനത്തിന് ബുദ്ധിമുട്ട് ഉണ്ടാകില്ലെന്നും എല്ലാവര്‍ക്കും പ്രവേശനം നേടാനുള്ള സാഹചര്യം ഉണ്ടാക്കുമെന്നുമാണ് മന്ത്രി ഉറപ്പ് നല്‍കിയിട്ടുള്ളത്. ആവശ്യങ്ങള്‍ ന്യായമാണെങ്കിലും സമരത്തിന്റെ രീതി ശരിയാണെന്നു തോന്നുന്നില്ല. ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ഒരാളെന്ന നിലയില്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ക്കൊപ്പം തന്നെയായിരിക്കും എന്നും നില്‍ക്കുക".


Next Story

Related Stories