സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാറിന്റെ കൂടുതല്‍ ബന്ധം പുറത്ത് വരുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്‍എഡിഎഫ് എംഎല്‍എ കാരാട്ട് റസാഖിന്റെ പേര് ഉള്‍പ്പെടെ പുറത്ത് വന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ചെന്നിത്തലയുടെ ആരോപണം.
സ്വര്‍ണക്കടത്ത് കേസില്‍ കാരാട്ട് റസാഖിന്റെ ഇടപെടല്‍ സംശയകരമാണ്. കേസുമായി ബന്ധപ്പെട്ടവരെ മുഖ്യമന്ത്രിയും സിപിഎം നേതൃത്വവും സംരക്ഷിക്കുകയാണ് എന്നതിന്റെ വ്യക്തമായ തെളിവാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മന്ത്രി കെടി ജലീല്‍, കടംപള്ളി സുരേന്ദ്രന്, കൊടുവള്ളി നഗരസഭാ ഇടത് അംഗം കാരാട്ട് ഫൈസല്‍ എന്നിവരുടെ പേരുകള്‍ കേസിലെ പ്രതികള്‍ നല്കിയ മൊഴികളില്‍ പുറത്ത് വന്ന സാഹചര്യവും ചെന്നിത്തല ചൂണ്ടിക്കാട്ടി.
സ്വര്‍ണക്കടത്തു കേസില്‍ പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. കൊടുവള്ളി സംഘത്തിനു വേണ്ടിയാണ് കള്ളക്കടത്ത് നടത്തിയതെന്ന് സ്വപ്ന സുരേഷ് മൊഴി നല്കി. കോടിയേരി ബാലകൃഷ്ണന് കൊടുവള്ളിയില്‍ എത്തിയപ്പോള്‍ ആരുടെ കാറാണ് ഉപയോഗിച്ചതെന്ന് എല്ലാവര്ക്കും അറിയാം. ഇടതുപക്ഷ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുന്നത് സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത്, നാടു കടത്ത് എന്നിവയാണ്. എന്നിട്ടും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ ഗിരിപ്രഭാഷണം നടത്തുന്നു. ആരെ കബളിപ്പിക്കാനാണ് ഇത്തരം നീക്കങ്ങളെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.