ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തിൽ വ്യവസായ മന്ത്രി ഇപി ജയരാജന്റെ മകന് കമ്മീഷൻ കിട്ടിയെന്ന് ആരോപണം. ലൈഫ് മിഷൻ പദ്ധതിയിൽ കമ്മിഷനായി പോയെന്നു കരുതുന്ന 4 കോടി രൂപയുടെ പങ്കു പറ്റിയവരിൽ ഒരാൾ വ്യവസായ മന്ത്രിയുടെ മകനാണെന്നാണ് ആക്ഷേപം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ എന്നിവരും ആരോപണങ്ങളുമായി രംഗത്തെത്തി.
തിരുവനന്തപുരം സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷുമായി 'മന്ത്രി പുത്രന്' എന്ത് ബന്ധമാണുള്ളതെന്ന ചോദ്യമായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉയർത്തിയത്. ജലീൽ തെറ്റു ചെയ്തപ്പോഴെല്ലാം മുഖ്യമന്ത്രി സംരക്ഷിക്കുകയാണ് ചെയ്തതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു കോടി രൂപയിൽ കൂടുതല് കമ്മീഷൻ ഇ പി ജയരാജന്റെ മകന്റെ കയ്യിലേക്ക് പോയെന്നായിരുന്നു ബിജെപിയുടെ ആരോപണം. പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ തൃശ്ശൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് മന്ത്രി പുത്രനെതിരെ രംഗത്തെത്തിയത്. മന്ത്രി കെടി ജലീലിനെ ഇഡി ചോദ്യം ചെയ്ത സംഭവത്തെ രാഷ്ട്രീയമായി വിമർശിച്ച സിപിഎം നിലപാടിനെയും കെ സുരേന്ദ്രൻ വിമർശിച്ചു.
അന്വേഷണം വമ്പൻ സ്രാവുകളിലേക്കു നീങ്ങുന്നു എന്നതിനാലാണ് ഇതുവരെ അന്വേഷണത്തെ പിന്തുണച്ച സിപിഎം നിലപാട് മാറ്റുന്നത്. കേന്ദ്ര ഏജൻസികൾക്കെതിരെ സിപിഎം നടത്തുന്ന ആരോപണങ്ങൾ അപലപനീയവും നിയമ വാഴ്ചയോടുള്ള വെല്ലുവിളിയാണിത്. മന്ത്രി ജലീലിനെ കൂടാതെ ഇ.പി ജയരാജന്റെ മകന്റെ പേര് ഉയർന്നു വരുന്നതും ഇതിനു കാരണമെന്നും സുരേന്ദ്രന് ആരോപിച്ചു.
വിവാദ ലൈഫ് മിഷൻ ഇടപാടിൽ യുണിടാക്കിന്റെയും റെഡ് ക്രസന്റിന്റെയും ഇടനിലക്കാരനായി പ്രവർത്തിച്ചിരുന്നത് ഒരു മന്ത്രിപുത്രനാണെന്ന് അന്വേഷണ സംഘം വിലയിരുത്തുന്നെന്ന് ചൂണ്ടിക്കാട്ടി മലയാള മനോരമയാണ് വാർത്ത പുറത്ത് വിട്ടത്. സ്വർണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷും മന്ത്രിപുത്രനും തമ്മിലെ അടുത്ത സൗഹൃദം വ്യക്തമാക്കുന്ന ചിത്രങ്ങളടക്കം അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നുമായിരുന്നു റിപ്പോർട്ട്. പിന്നാലെയാണ് ആരോപണം ഇ പി ജയരാജന്റെ മകന് നേരെ തിരിച്ച് പ്രതിപക്ഷ പാർട്ടി നേതാക്കൾ രംഗത്ത് എത്തിയത്.