Top

'ഐഎഎസ് ലോബി കളിക്കുന്നു', നഷ്ടപരിഹാരത്തിൽ വിവേചനം ആരോപിച്ച് മരട് ഫ്ലാറ്റ് ഉടമകൾ കോടതിയിലേക്ക്

സര്‍ക്കാരും ഐഎഎസ് ലോബിയും ചേര്‍ന്ന് തങ്ങളെ വഞ്ചിക്കുന്നുവെന്ന പരാതിയുമായി മരടിലെ ഫ്ളാറ്റ് ഉടമകള്‍. സുപ്രീം കോടതി നിര്‍ദേശിച്ച അടിയന്തര നഷ്ടപരിഹാരമായ 25 ലക്ഷം എല്ലാ ഫ്ളാറ്റ് ഉടമകള്‍ക്കും ലഭിക്കില്ലെന്നു വന്നതോടെയാണ് ആരോപണങ്ങളുമായി ഇവര്‍ രംഗത്തു വന്നിരിക്കുന്നത്. എല്ലാവര്‍ക്കും 25 ലക്ഷം നല്‍കിലെന്ന തീരുമാനത്തിനെതിരേ സുപ്രീം കോടതയില്‍ ഹര്‍ജി നല്‍കാനൊരുങ്ങുകയാണ്. ജസ്റ്റീസ് ബാലകൃഷ്ണന്‍ നായര്‍ അധ്യക്ഷനായ മൂന്നംഗ സമിതി കോടതിയലക്ഷ്യം കാണിച്ചുവെന്നു ചൂണ്ടിക്കാട്ടിയാണ് ഉടമകള്‍ സുപ്രീം കോടതിയെ സമീപിക്കുന്നത്.

ഫ്ളാറ്റുകള്‍ പൊളിച്ചു കളയുന്നതോടെ താമസസൗകര്യം നഷ്ടപ്പെടുന്ന എല്ലാ ഉടമകള്‍ക്കും അടിയന്തരമായി 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഈ കേസ് നടന്ന സുപ്രീം കോടതി ഡിവിഷന്‍ ബഞ്ച് സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. ചീഫ് സെക്രട്ടറി നല്‍കിയ സത്യവാങ്മൂലം പരിഗണിച്ചാണ് ഈ തുക കോടതി നിശ്ചയിച്ചതും. നാലാഴ്ച്ചയ്ക്കുള്ളില്‍ തുക കൊടുക്കണമെന്ന് സമയപരിധിയും നിശ്ചയിച്ചിരുന്നു. ഫ്ളാറ്റ് ഉടമകള്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരം നിര്‍മാതാക്കളില്‍ നിന്നും ഈടാക്കാനാണ് ഉത്തരവിലുള്ള നിര്‍ദേശം. അടിയന്തര നഷ്ടപരിഹാരം കൂടാതെ, ഫ്ളാറ്റ് നഷ്ടപ്പെടുമ്പോള്‍ ഓരോ ഉടമയ്ക്കും മൊത്തത്തില്‍ എത്ര രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്നു കണക്കാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിട്ടാണ് ഹൈക്കോടതി മുന്‍ ജഡ്ജി, ജില്ല കളക്ടര്‍, നഗരസഭ എഞ്ചിനീയര്‍ എന്നിവരടങ്ങുന്ന സമിതിയെയും സുപ്രീം കോടതി നിയോഗിച്ചത്. പ്രസ്തുത സമിതി തന്നെയാണ് എല്ലാ ഫ്ളാറ്റ് ഉടമകള്‍ക്കും 25 ലക്ഷം വീതം നല്‍കാന്‍ കഴിയില്ലെന്ന നിലപാട് എടുത്തിരിക്കുന്നത്.
സമിതിയുടെ ശുപാര്‍ശയനുസരിച്ച് പൊളിക്കുന്ന ഫ്ളാറ്റുകളിലെ രണ്ട് ഉടമകള്‍ മാത്രമാണ് 25 ലക്ഷത്തിന് അര്‍ഹരായിട്ടുള്ളത്. ബാക്കിയുള്ളവര്‍ക്ക് മിനിമം 13 ലക്ഷം മുതലുള്ള തുകയെ കിട്ടൂ. നിര്‍മാതാക്കള്‍ വിറ്റ വിലയടിസ്ഥാനമാക്കിയാണ് മൂന്നംഗ സമിതി നഷ്ടരിഹാരം കണക്കാക്കുന്നത്. ഇതിനെതിരേ ഉടമകളുട ഭാഗത്തു നിന്നും പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ നഷ്ടപരിഹാര തുകയുമായി ബന്ധപ്പെട്ട പുതിയൊരു ലിസ്റ്റ് ഒക്ടോബര്‍ 17 ന് പ്രസിദ്ധീകരിക്കുമെന്നു സമിതി അറിയിച്ചിട്ടുണ്ട്. ആ തീയതിക്കു മുന്‍പായി ഫ്ളാറ്റ് ഉടമകള്‍ ഉടമസ്ഥാവകാശം തെളിയിക്കുന്നതിന്റെയും പണം നല്‍കിയതിന്റെയും രേഖകള്‍ സമര്‍പ്പിക്കണം. നഷ്ടപരിഹാരം ലഭിക്കാന്‍ വേണ്ടി ഉടമകള്‍ സമര്‍പ്പിക്കുന്ന അപേക്ഷയ്ക്കൊപ്പം സത്യവാങ്മൂലവും നല്‍കണമെന്നുണ്ടായിരുന്നുവെങ്കിലും എതിര്‍പ്പിനെ തുടര്‍ന്നത് ഉപേക്ഷിക്കുകയായിരുന്നു.
17 -ാം തീയതി പ്രഖ്യാപിക്കുമെന്നു പറയുന്ന പുതിയ ലിസ്റ്റിലും തങ്ങള്‍ക്ക് പ്രതീക്ഷയില്ലെന്നാണ് ഫ്ളാറ്റ് ഉടമകള്‍ അഴിമുഖത്തോട് പ്രതികരിച്ചത്. സുപ്രീം കോടതിയുടെ ഉത്തരവ് അട്ടിമറിച്ചുകൊണ്ട് തങ്ങളെ വഞ്ചിക്കുകയാണെന്നും മൂന്നംഗ സമിതി അതിനു കൂട്ടു നില്‍ക്കുകയാണെന്നും അവര്‍ പറയുന്നു. ' 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനുള്ള കോടതി നിര്‍ദേശം സര്‍ക്കാര്‍ നടപ്പാക്കുകയാണ് വേണ്ടത്. മൂന്നംഗ സമിതി അക്കാര്യത്തില്‍ ഇടപെടേണ്ട യാതൊരു ആവിശ്യവുമില്ല. സുപ്രീം കോടതി അങ്ങനെയൊരു നിര്‍ദേശവും സമിതിക്ക് നല്‍കിയിട്ടുമില്ല. അവരുടെ ചുമതല 25 ലക്ഷത്തിനു പുറമെ ഞങ്ങള്‍ക്ക് എത്ര തുക കൂടി നല്‍കണമെന്ന് കണക്കാക്കി റിപ്പോര്‍ട്ട് നല്‍കുകയെന്നതാണ്. ഈ സമിതി ഇപ്പോള്‍ ചെയ്യുന്നത് കോടതിയലക്ഷ്യമാണ്. സുപ്രീം കോടതി ഏല്‍പ്പിക്കാത്ത ജോലിയാണ് അവര്‍ ചെയ്യുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഞങ്ങള്‍ കോടതിയില്‍ പോകുന്നതും'
; ഫ്ളാറ്റ് ഉടമയായിരുന്ന ബിയോജ് ചേന്നാട്ട് പറയുന്നു.
ഇപ്പോഴത്തെ പ്രതിസന്ധിക്കു പിന്നില്‍ ചീഫ് സെക്രട്ടറിയടക്കമുള്ള ഐഎഎസ് ലോബിയാണെന്നാണ് ഫ്ളാറ്റ് ഉടമകള്‍ കുറ്റപ്പെടുന്നത്. 'ഉദ്യോഗസ്ഥന്മാര്‍ക്ക് വരുത്തിയ വീഴ്ച്ചയാണ് ഫ്ളാറ്റുകള്‍ പൊളിക്കാന്‍ തന്നെ കാരണമായത്. സുപ്രീം കോടതി ആദ്യം നിയോഗിച്ച സമിതി തങ്ങളുടെ വാദം പോലും കേള്‍ക്കാതെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ആ റിപ്പോര്‍ട്ടാണ് ഫ്ളാറ്റുകള്‍ പൊളിച്ചു മാറ്റാനുള്ള സുപ്രീം കോടതി ഉത്തരവിന് കാരണമായത്. ചീഫ് സെക്രട്ടറിയടക്കം കാണിച്ച അബദ്ധങ്ങളുടെയും മണ്ടത്തരങ്ങളുടെയും ഫലമാണ് ഞങ്ങളിന്ന് അനുഭവിക്കുന്നത്. അവരുടെ വീഴ്ച്ചകള്‍ മറച്ചുവയ്ക്കാന്‍ വേണ്ടിയുള്ള കളികളാണ് ഇപ്പോള്‍ നടത്തുന്നത്. ഒരു പ്രമുഖ ഐഎഎസ് ഉദ്യോഗസ്ഥനാണ് ഈ ലോബിയുടെ ചുക്കാന്‍ പിടിച്ചിരിക്കുന്നത്. അവര്‍ ചേര്‍ന്ന് കമ്മീഷനെ തെറ്റിദ്ധരിപ്പിച്ചതോടെയാണ് സുപ്രീം കോടതിയുടെ നിര്‍ദേശം പോലും മറികടന്നുകൊണ്ട് എല്ലാവര്‍ക്കും 25 ലക്ഷം രൂപ നല്‍കാന്‍ കഴിയില്ലെന്നു തീരുമാനം ഉണ്ടായിരിക്കുന്നത്. ഞങ്ങള്‍ മനസിലാക്കിയ കാര്യങ്ങളാണിതെല്ലാം. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നിരുന്നു. അതിനുശേഷമാണ് അവര്‍ കമ്മീഷനെ കാണുന്നതും വസ്തുതാവിരുദ്ധമായ പലതും പറഞ്ഞുകൊടുത്ത് ഞങ്ങള്‍ക്കെതിരാക്കിയതും. ശരിക്കും പറഞ്ഞാല്‍ കമ്മീഷന്‍ ഇപ്പോള്‍ ഐഎഎസ് ലോബിയുടെ കയ്യിലെ കളിപ്പാവയായിരിക്കുകയാണ്. ഇതെല്ലാം ഞങ്ങള്‍ സുപ്രീം കോടതിയെ അറിയിക്കും'
; ബിയോജ് പറയുന്നു.
നിര്‍മാതാക്കള്‍ വിറ്റ വില അടിസ്ഥാനമാക്കിയല്ല തങ്ങളുടെ നഷ്ടപരിഹാരം നിശ്ചയിക്കേണ്ടതെന്നാണ് ഉടമകള്‍ ഉയര്‍ത്തുന്ന വാദം. '2017 കാലത്ത് ഹോളി ഫെയ്ത്തില്‍ ഒരു അപ്പാര്‍ട്ട്മെന്റിന്റെ വില 60 ലക്ഷമാണ്. ഇത്രയും തുക കൊടുത്ത് ഫ്ളാറ്റ് വാങ്ങിയവര്‍ പലരുമുണ്ട്. ഇതു കൂടാതെ ഇന്റീരിയര്‍ ചെയ്യാന്‍ പത്തും ഇരുപതും ലക്ഷങ്ങള്‍ വേറെയും മുടക്കി. ഇപ്പോള്‍ കമ്മീഷന്‍ പറയുന്നത് ഫ്ളാറ്റിന്റെ ഫസ്റ്റ് സെയില്‍ എത്ര രൂപയ്ക്കാണോ നടന്നത് അതാണ് കണക്കാക്കുന്നതെന്നാണ്. അതെങ്ങനെയാണ് ന്യായമാകുന്നത്. നിര്‍മാതാവ് ഫ്ളാറ്റ് വിറ്റത് ഇരുപതോ മുപ്പതോ ലക്ഷത്തിനായിരിക്കാം. പക്ഷേ, ഞാനീ ഫ്ളാറ്റ് വാങ്ങിയത് 60 ലക്ഷം കൊടുത്താണ്. 20 ലക്ഷം രൂപ ഇന്റീരിയര്‍ ചെയ്യാനും മുടക്കി. അന്നത്തെ മാര്‍ക്കറ്റ് വാല്യു എത്രയാണോ അതിലും കൂട്ടിയെഴുതിയ തുക പേപ്പര്‍ വാല്യു ആയി കാണിച്ച് അത്രയും തുക സര്‍ക്കാരിലേക്കും അടച്ചിട്ടുണ്ട്. ഞാന്‍ മുടക്കിയ തുക എനിക്ക് തിരിച്ചു കിട്ടണം. എന്റെ കുഴപ്പം കൊണ്ടല്ലല്ലോ ഫ്ളാറ്റ് പൊളിക്കുന്നത്. സ്വാഭാവികമായും എന്റെ ഫ്ളാറ്റിന്റെ മൊത്തം മൂല്യം കണക്കാക്കി തന്നെയുള്ള തുക നല്‍കാന്‍ സര്‍ക്കാരോ നിര്‍മാതാക്കളോ ആരായാലും ബാധ്യസ്ഥരാണ്. അതിനു തയ്യാറല്ലെന്നു പറഞ്ഞാല്‍ എങ്ങനെ അംഗീകരിക്കാനാണ്? ഒരുപക്ഷേ നിര്‍മാതാവ് വെറുതെ കൊടുത്ത ഫ്ളാറ്റ് ആയിരിക്കും ഞങ്ങള്‍ക്ക് 50 ലക്ഷത്തിനും 60 ലക്ഷത്തിനുമൊക്കെ വിറ്റിരിക്കുന്നത്. ഫസ്റ്റ് സെയില്‍ എത്ര രൂപയ്ക്കാണോ നടന്നതെന്നു നോക്കുമ്പോള്‍ സൗജന്യമായി നല്‍കിയതാണെന്നു കണ്ടൈത്തിയാല്‍ അറുപതും അമ്പതും മുടക്കി വാങ്ങിയ ഞങ്ങള്‍ക്ക് ഒരു രൂപ പോലും തരില്ലെന്നാണോ?',
ബിയോജിന്റെ ചോദ്യം.
25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീം കോടതി നാലാഴ്ച്ചത്തെ സമയമാണ് സര്‍ക്കാരിന് നല്‍കിയത്. ഒക്ടോബര്‍ 25 ന് ആ സമയപരിധി തീരും. ചെറിയ ചെറിയ കാരണങ്ങളൊക്കെ പറഞ്ഞ് ബഹുഭൂരിപക്ഷത്തിനും അര്‍ഹമായ നഷ്ടപരിഹാരം നല്‍കാതെ അഞ്ചോ പത്തോ പേര്‍ക്ക് മാത്രം 25 ലക്ഷം നല്‍കിക്കൊണ്ട് സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനുള്ള കള്ളത്തരമാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് ഫളാറ്റ് ഉടമകള്‍ ആരോപിക്കുന്നത്. 'സര്‍ക്കാരിന് ഈ ബാധ്യത ഏറ്റെടുക്കാന്‍ താത്പര്യമില്ല. നിര്‍മാതാക്കളില്‍ നിന്നും പണം ഈടാക്കി ഞങ്ങള്‍ക്ക് തരാനുള്ള ശ്രമങ്ങളൊന്നും അടുത്തകാലത്ത് നടക്കുകയുമില്ല. അപ്പോള്‍ ആകെ ചെയ്യാവുന്നത് പിച്ചക്കാശുപോലെ എന്തെങ്കിലുമൊക്കെ തന്നെന്ന് വരുത്തിയിട്ട്, അക്കാര്യം കോടതിയേയും അറിയിച്ച് എല്ലാവരും തലയൂരുകയെന്നതാണ്. തങ്ങളുടെ പിടിപ്പുകേട് കൊണ്ട് സംഭവിച്ച കുഴപ്പങ്ങളൊക്കെ മറയ്ക്കാനും രക്ഷപ്പെടാനും സര്‍ക്കാരിന്റെ സാമ്പത്തികഭാരം കുറച്ചുകൊടുക്കുന്നതിലൂടെ ഐഎഎസുകാര്‍ക്കും കഴിയും. ചീഫ് സെക്രട്ടറിയൊക്കെ സര്‍ക്കാരിനു മുന്നില്‍ യജമാന സ്നേഹമുള്ള ഉദ്യോഗസ്ഥനുമാകും. പക്ഷേ നഷ്ടം മുഴുവന്‍ സഹിക്കേണ്ടത് ഞങ്ങളും'
; ഫ്ളാറ്റ് ഉടമകള്‍ പറയുന്നു.
'പൊളിക്കുന്ന ഫ്ളാറ്റുകളിലെ താമസക്കാര്‍ക്കെല്ലാം പുനരധിവാസ സൗകര്യം ഒരുക്കുമെന്നായിരുന്നു കളക്ടറും സര്‍ക്കാരുമൊക്കെ പറഞ്ഞിരുന്നത്. പത്തു ദിവസത്തിനു മേലെയായി ഞങ്ങളെ ഇറക്കി വിട്ടിട്ട്. ഇന്നുവരെ അവര്‍ പറഞ്ഞ പുനരധിവാസ സൗകര്യം ശരിയായിട്ടില്ല. അവിടെ ഫ്ളാറ്റ് ശരിയാക്കിയിട്ടുണ്ട്, ഇവിടെ ശരിയാക്കിട്ടുണ്ടെന്നൊക്കെ മാധ്യമങ്ങളുടെ മുന്നില്‍ പറഞ്ഞതല്ലാതെ ഒന്നും ചെയ്തിട്ടില്ല. അഞ്ചു ഫ്ളാറ്റുകളിലുണ്ടായിരുന്ന ഒരാള്‍ക്കു പോലും കിട്ടിയിട്ടില്ല. പലരും ഇപ്പോഴും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലും അപ്പാര്‍ട്ട്മെന്റുകളിലും കഴിയുകയാണ്. ഫ്ളാറ്റില്‍ നിന്നും ഷിഫ്റ്റ് ചെയ്ത സാധനങ്ങള്‍ ഗോഡൌണുകളിലും മറ്റുമായി ഇറക്കി വച്ചിരിക്കുകയാണ്. കുട്ടികളുടെ വിദ്യാഭ്യാസത്തിനു പോലും തടസം നേരിടുകയാണ്. ചോറ്റാനിക്കരയിലും പുത്തന്‍കുരിശിലുമൊക്കെയായിട്ട് ഞങ്ങള്‍ക്ക് ഫ്ളാറ്റുകള്‍ ഏര്‍പ്പാട് ചെയ്യാമെന്നു ജില്ലാ ഭരണകൂടം പറഞ്ഞിരുന്നു. അവിടെയൊക്കെ ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഏറ്റവും കുറഞ്ഞ വാടക 25,000 ആണ്. അത്രയും തുക കൊടുത്ത് ഫ്ളാറ്റ് എടുത്താല്‍ തന്നെ ഞങ്ങള്‍ക്ക് പലവിധ ബുദ്ധിമുട്ടുകള്‍ വേറെയുണ്ട്. ഒന്നാമതായി ഞങ്ങളുടെ കുട്ടികള്‍ ഭൂരിഭാഗവും പഠിക്കുന്നത് തേവരയിലും കുണ്ടന്നൂരിലുമൊക്കെയായാണ്. ചോറ്റാനിക്കരയിലും പുത്തന്‍കുരിശിലുമൊക്കെ താമസിച്ചുകൊണ്ട് ഇത്രയും ദൂരം കുട്ടികളെ സ്‌കൂളില്‍ വിടുകയെന്നത് പ്രയാസമാണ്. ജോലി സ്ഥലവും സ്‌കൂളും ആശുപത്രിയുമൊക്കെ അടുത്ത് കിട്ടുന്ന സ്ഥലം നോക്കിയാണ് നടക്കുന്നത്. ഒന്നും ഒത്തുവരുന്നില്ല. കിട്ടിയാല്‍ തന്നെ വലിയ വാടകയാണ് ചോദിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇത്രയും തുക ഞങ്ങള്‍ക്ക് താങ്ങാന്‍ പറ്റില്ല. ഫ്ളാറ്റ് പോയെങ്കിലും ബാങ്കില്‍ നിന്നെടുത്ത വായ്പ്പ കൃത്യമായി അടയ്ക്കണമല്ലോ, അതിന്റെ കൂടെ വാടക കൂടി കൊടുക്കുകയെന്നത് ബുദ്ധിമുട്ടാണ്. ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നത്, 25 ലക്ഷം കിട്ടുമ്പോള്‍ ആ തുക കൊടുത്ത് അപ്പാര്‍ട്ട്മെന്റുകള്‍ ലീസിന് എടുക്കാമെന്നായിരുന്നു. ഇത്രയും തുക ഒരുമിച്ച് കൊടുത്താല്‍ മൂന്നോ അഞ്ചോ വര്‍ഷത്തേക്ക് അപ്പാര്‍ട്ട്മെന്റുകള്‍ ലീസിന് കിട്ടും. അത്രയും നാള്‍ വാടക കൊടുക്കാതെ കഴിയാം. ആ പ്രതീക്ഷയെല്ലാം തകര്‍ക്കുകയാണിപ്പോള്‍. കടുത്ത മാനസിക സംഘര്‍ഷത്തിലേക്കാണ് ആളുകള്‍ വീണുകൊണ്ടിരിക്കുന്നത്. ജീവിതം കൂടുതല്‍ ദുസ്സഹമാകുമ്പോള്‍ മനസമാധാനത്തോടെയിരിക്കുന്നതെങ്ങനെയാണ്? ഉണ്ടായിരുന്ന സാമ്പാദ്യം മുഴുവന്‍ കൊടുത്ത് വാങ്ങിയ ഫ്ളാറ്റ് പോയി, പകരം താമസ സ്ഥലം ശരിയാക്കി തരാമെന്നു പറഞ്ഞ് പറ്റിച്ചു, 25 ലക്ഷം രൂപ നഷ്ടപരിഹാരം വേഗം തരാമെന്നു പറഞ്ഞിട്ട് അവിടെയും വഞ്ചിച്ചു. ഇത്തരത്തില്‍ തുടര്‍ച്ചയായി ചതിക്കപ്പെട്ടുക്കൊണ്ടിരിക്കുന്ന മനുഷ്യരായി മാറിയിരിക്കുകയാണ് ഞങ്ങള്‍...'; ബിയോജ് ചേന്നാട്ടിന്റെ വാക്കുകള്‍ ഫ്ളാറ്റ് ഉടമകളുടെ മൊത്തം വികാരമാണ് പ്രതിഫലിപ്പിക്കുന്നത്.
.


Next Story

Related Stories