Top

ആര്‍എസ്എസ് തലവന്റെ ഗാന്ധിജയന്തി ലേഖനം; വിമര്‍ശനങ്ങള്‍ നിര്‍വീര്യമാക്കാന്‍ മാതൃഭൂമി

ആര്‍എസ്എസ് തലവന്റെ ഗാന്ധിജയന്തി ലേഖനം; വിമര്‍ശനങ്ങള്‍ നിര്‍വീര്യമാക്കാന്‍ മാതൃഭൂമി

ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെ ഗാന്ധിജയന്തി ലേഖനം വിവാദമായതിനെ തുടര്‍ന്ന് ഉയര്‍ന്ന വിമര്‍ശനങ്ങളെ നിര്‍വീര്യമാക്കാന്‍ ന്യായീകരണവുമായി മാതൃഭൂമി ദിനപ്പത്രം. ഗാന്ധിജയന്തി ദിവസം മാതൃഭൂമി പ്രത്യേക പതിപ്പായി പ്രസിദ്ധീകരിച്ച പത്രത്തിലാണ് മോഹന്‍ ഭാഗവതിന്റെ ലേഖനം ഉള്‍പ്പെടുത്തിയിരുന്നത്. 'മഹാത്മാഗാന്ധിയുടെ ജീവിതവീക്ഷണം സ്വായത്തമാക്കണം' എന്ന തലക്കെട്ടോടെയുള്ള ലേഖനം രൂക്ഷമായ വിമര്‍ശനത്തിന് ഇടയാക്കി.

ആര്‍എസ്എസ് സ്വയംസേവകരുടെ അച്ചടക്കം ജാതി-ഉപജാതി ചിന്തകളുടെ പൂര്‍ണമായ അഭാവം എന്നിവയില്‍ ഗാന്ധിജി സന്തോഷം പ്രകടിപ്പിച്ചിരുന്നു എന്ന് പറയുന്ന ഭാഗവത് മഹാത്മാഗാന്ധി ആര്‍എസ്എസുമായി അടുത്തു നിന്നിരുന്നുവെന്നാണ് പറയാന്‍ ശ്രമിക്കുന്നത്. ഗാന്ധിഘാതകര്‍ ഗാന്ധിയെ സ്വന്തമാക്കാന്‍ നടത്തുന്ന ശ്രമമാണ് ഇതെന്നും സ്വാതന്ത്ര്യസമരത്തില്‍ ദേശീയ പ്രസ്ഥാനത്തിനൊപ്പം നിന്ന മാതൃഭൂമി അതിന് കൂട്ടുനില്‍ക്കുന്നുവെന്നുമാണ് വിമര്‍ശനമുയര്‍ന്നത്. മാതൃഭൂമി മുന്‍ അസിസ്റ്റന്റ് എഡിറ്റര്‍ കമല്‍റാം സജീവ് ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശനവുമായി രംഗത്തെത്തി. സംഘപരിവാരത്തിന് കേരളത്തിലെ ബുദ്ധിഅജണ്ട നിര്‍മ്മിച്ചു കൊടുക്കുന്ന ആസൂത്രിത മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാഗമാണ് ഇതെന്നായിരുന്നു കമല്‍റാം സജീവിന്റെ പ്രതികരണം. രാവിലെ ലോഹ്യ, വൈകുന്നേരം ഗാന്ധി, രാത്രി മുഴുവന്‍ ഗോഡ്സെ എന്ന ഇരട്ടത്താപ്പാണ് മാതൃഭൂമിയുടേതെന്നും കമല്‍റാം സജീവ് അഴിമുഖത്തിന് നല്‍കിയ അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടി.

"രാവിലെ ലോഹ്യ, വൈകുന്നേരം ഗാന്ധി, രാത്രി മുഴുവന്‍ ഗോഡ്‌സെ": ആര്‍എസ്എസ് തലവന്റെ മാതൃഭൂമി ലേഖനത്തെ വിമര്‍ശിച്ച് കമല്‍റാം സജീവ്

എന്നാല്‍ മോഹന്‍ ഭാഗവതിന് പറയാനുള്ളത് അയാള്‍ പറഞ്ഞുവെന്നും മറ്റുള്ളവര്‍ക്ക് പറയാനുള്ളതും മാതൃഭൂമി പ്രസിദ്ധീകരിക്കുന്നുണ്ടെന്നുമാണ് ഇതേക്കുറിച്ച് പത്രത്തിലെ വാര്‍ത്തകളുടെയും ലേഖനങ്ങളുടെയും ചുമതലയുള്ള എക്‌സിക്യൂട്ടീവ് എഡിറ്റര്‍ പി ഐ രാജീവ് അഴിമുഖത്തോട് പ്രതികരിച്ചത്. ഇതിന് പിന്നാലെയാണ് മോഹന്‍ ഭാഗവതിന്റെ ലേഖനം തങ്ങള്‍ പ്രസിദ്ധീകരിച്ചതിനെ ന്യായീകരിക്കുന്ന വിധത്തില്‍ ഇന്ന് പത്രം മൂന്ന് പ്രതികരണങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയിരുന്നത്. ഗാന്ധിജിയുടെ യഥാര്‍ത്ഥ പിന്തുടര്‍ച്ചക്കാര്‍ കോണ്‍ഗ്രസ് എന്ന സോണിയ ഗാന്ധിയുടെ ലേഖനത്തിനം കൂടാതെ എഐസിസി പ്രവര്‍ത്തകസമിതി അംഗം എകെ ആന്റണി, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരുടെ പ്രതികരണങ്ങളാണ് പ്രസിദ്ധീകരിച്ചത്. ആര്‍എസ്എസിന്റേത് നാടകമാണെന്നാണ് ആന്റണി പറയുന്നത്. ഗോഡ്‌സെ ദേശഭക്തനാണോയെന്ന് യെച്ചൂരി ചോദിക്കുന്നു. ഗാന്ധിഘാതകര്‍ ഗാന്ധിജിയെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നുവെന്നാണ് പിണറായി ആരോപിക്കുന്നത്.

ഇതിന് പുറമെ ഒന്നാം പേജില്‍ ലേഖനം പ്രസിദ്ധീകരിച്ചത് തങ്ങളാണെന്ന് പറയാതെ ഭാഗവതിന്റെ ലേഖനത്തിനുള്ള പ്രതികരണങ്ങള്‍ ആറാം പേജില്‍ എന്ന് വിശദീകരണവുമുണ്ട്. 'മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനത്തില്‍ അദ്ദേഹത്തെ അനുസ്മരിച്ച് ആര്‍എസ്എസ് സര്‍സംഘ്ചാലക് മോഹന്‍ ഭാഗവത് എഴുതിയ ലേഖനം തിരികൊളുത്തിയത് വന്‍വിവാദത്തിന്. ഗാന്ധിജിയെ സ്വന്തമാക്കാനുള്ള ശ്രമമാണ് ഇതെന്ന് ഒരുവിഭാഗം ആരോപിക്കുന്നു. ഗാന്ധിജിയുടെ ഘാതകനായ ഗോഡ്‌സെയെ അനുകൂലിക്കുന്നവര്‍ ഗാന്ധിജിയുടെ ജീവിതവീക്ഷണം സ്വായത്തമാക്കണമെന്ന് പറയുന്നത് വൈരുദ്ധ്യമാണെന്നും അവര്‍ പറയുന്നു' എന്നാണ് ഒന്നാം പേജിലെ അറിയിപ്പ്.


Next Story

Related Stories