മുസ്ലീം ലീഗ് നേതാവും മഞ്ചേശ്വരം എംഎല്‍എയുമായ എംസി കമറുദ്ദീന് പ്രതിയായ ജ്വല്ലറി തട്ടിപ്പ് കേസ് പരിശോധിക്കാന്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വം നിയോഗിച്ച മധ്യസ്ഥ സമിതിക്കെതിരെ ആരോപണവുമായി മുൻ ജീവനക്കാർ. മധ്യസ്ഥചര്‍ച്ചയ്ക്കായി വീട്ടില്‍ വിളിച്ചുവരുത്തി ക്രൂരമായി മര്‍ദിച്ചെന്നാണ് ആരോപണം. ഫാഷന്‍ ജ്വല്ലറിയുടെ മുന്‍ പിആര്‍ഒ ആയ മുസ്തഫയെ ബന്ദിയാക്കി മര്‍ദിച്ചെന്നാണ് പരാതി.
വീട്ടില്‍ വിളിച്ചുവരുത്തി മണിക്കൂറോളം ബന്ദിയാക്കിയെന്നും ക്രൂരമായി മര്‍ദിച്ചെന്നുമാണ് പരാതിക്കാരനായ മുസ്തഫ പറയുന്നത്. കല്ലട്ര മാഹിന്‍ ഹാജി മുഖത്തടിച്ചെന്ന് ഫാഷന്‍ ഗോള്‍ഡ് പിആര്‍ഒ മുസ്തഫ ആരോപിച്ചു. ചര്‍ച്ചയ്ക്കായി വീട്ടിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. ഈ സമയം പണം നഷ്ടപെട്ടെന്ന് പറയുന്നവര്‍ ഉണ്ടാക്കിയ ആക്ഷന്‍ കൗണ്‍സിലുമായി ബന്ധപ്പെട്ട ചിലരും അവിടെ ഉണ്ടായിരുന്നു. തങ്ങളെ മാത്രമാണ് വിളിച്ചത് എന്ന് അറിയിച്ചത് പ്രകാരമായിരുന്നു അവിടെ ചെന്നത്. ഇതിനിടെ പണം തട്ടിയത് ജീവനക്കാരാണ് എന്ന തരത്തില്‍ ആരോപണം ഉന്നയിച്ചായിരുന്നു ആക്രമണമെന്നും മുസ്തഫയ്ക്കൊപ്പം ഉണ്ടായിരുന്നവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
എന്നാല്‍, ആരോപണങ്ങള്‍ മധ്യസ്ഥന്‍ കല്ലട്ര മായിന്‍ ഹാജി തള്ളി. ആരോപണം ഉന്നയിച്ച് രംഗത്ത് എത്തിയ വ്യക്തിയെ തങ്ങള്‍ ആക്രമിച്ചിട്ടില്ലെന്നും ഇയാള്‍ ക്ഷീണം മൂലം മുഖമടിച്ച് തളര്‍ന്ന് വീഴുകയുമായിരുന്നു എന്നുമാണ് പ്രതികരണം. മുസ്തഫ ഉള്‍പ്പെടെയുള്ളര്‍ക്കെതിരെ പണം തട്ടിയെന്ന തരത്തില്‍ ആരോപണം ഉയര്‍ന്നിരുന്നു ഇത് സംബന്ധിച്ച് സംസാരിക്കുന്നതിനിടെയാണ് സംഭവങ്ങള്‍ ഉണ്ടായതെന്നും കല്ലട്ര മായിന്‍ ഹാജി പ്രതികരിച്ചു. മുസ്തഫ എന്ന പറയുന്ന വ്യക്തി പ്രമേഹ രോഗിയാണെന്നും മായിന്‍ ഹാജി ഇത് സംബന്ധിച്ച നടത്തിയ പ്രതികരണത്തില്‍ പറയുന്നു.