TopTop
Begin typing your search above and press return to search.

ഏല്‍പ്പിച്ചത് സ്വര്‍ണമാണെന്ന് അറിഞ്ഞപ്പോള്‍ മാലിയില്‍ ഉപേക്ഷിച്ചു, തട്ടിക്കൊണ്ടുപോയ സംഘം ഉപദ്രവിച്ചു: ബിന്ദു

ഏല്‍പ്പിച്ചത് സ്വര്‍ണമാണെന്ന് അറിഞ്ഞപ്പോള്‍ മാലിയില്‍ ഉപേക്ഷിച്ചു, തട്ടിക്കൊണ്ടുപോയ സംഘം ഉപദ്രവിച്ചു: ബിന്ദു

വീട്ടില്‍നിന്ന് തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി ആലപ്പുഴ മാന്നാര്‍ സ്വദേശി ബിന്ദു. ദുബായിയില്‍നിന്ന് ഹനീഫയാണ് പൊതി തന്നുവിട്ടത്. ദുബായിയില്‍ കുടുംബമായി ജോലി ചെയ്യുമ്പോഴാണ് ഹനീഫയെ പരിചയപ്പെടുന്നത്. പരിശോധന പൂര്‍ത്തിയാക്കി വിമാനത്തില്‍ കയറിയതിനുശേഷമാണ് പൊതിയില്‍ സ്വര്‍ണമാണെന്ന് ഹനീഫ വിളിച്ചുപറഞ്ഞത്. ഭയംതോന്നിയതോടെ മാലിയിലെ വിമാനത്താവളത്തില്‍ ഉപേക്ഷിച്ചു. വീട്ടില്‍നിന്ന് തട്ടിക്കൊണ്ടുപോയ സംഘം ശാരീരികമായി ഉപദ്രവിച്ചെന്നും ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു.

കൊച്ചിയില്‍ എത്തിയപ്പോള്‍, ഒരു പയ്യന്‍ വിമാനത്താവളത്തില്‍ വന്നിരുന്നു. പുറത്തുവിടാന്‍ അനുവദിക്കുന്നുണ്ടായിരുന്നില്ല. പിടിച്ചുകൊണ്ടുപോകുമെന്ന രീതിയിലായിരുന്നു. പൊലീസിനെ അറിയിക്കുമെന്നൊക്കെ പറഞ്ഞു. അവിടെനിന്ന് പോരുമ്പോഴും വണ്ടിയില്‍ സംഘം പിന്തുടരുന്നുണ്ടായിരുന്നു. ഇക്കാര്യങ്ങളെല്ലാം പൊലീസിനെ അറിയിക്കാമെന്ന് കരുതിയിരിക്കുമ്പോഴാണ് രാത്രിയില്‍ സംഘം വീട്ടിലെത്തിയത്.

തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നരയോടെ വാതിലില്‍ മുട്ടുന്ന ശബ്ദം കേട്ടാണ് ഉണര്‍ന്നത്. അവര്‍ പത്തിരുപത് പേരുണ്ടായിരുന്നു. വീട് തല്ലിപ്പൊളിച്ച് അകത്തുകടന്നാണ് തട്ടിക്കൊണ്ടു പോയത്. ഹനീഫയുടെ ബന്ധുക്കളായ ഹാരിസ്, ഷിഹാബ് എന്നിവരുള്‍പ്പെടുന്ന സംഘമാണ് തട്ടിക്കൊണ്ടുപോയത്. നെല്ലിയാമ്പതിയിലേക്കാണ് സംഘം കൊണ്ടുപോയത്. കാറില്‍വെച്ച് സംഘം ഉപദ്രവിച്ചു. റോഡിലേക്ക് ഇടുകയായിരുന്നുവെന്നും ബിന്ദു പറഞ്ഞു.

ഫെബ്രുവരി 19നാണ് ദുബായില്‍നിന്ന് മാലി വഴി ബിന്ദു കൊച്ചി വിമാനത്താവളത്തില്‍ എത്തിയത്. ഹനീഫ എന്നയാളാണ് യുവതിക്ക് ദുബായിലേക്കുള്ള വിസിറ്റിങ് വിസ സംഘടിപ്പിച്ചു നല്‍കിയതെന്ന് കണ്ടെത്തിയിരുന്നു. ബിന്ദുവിനെ തട്ടിക്കൊണ്ടുപോയ സംഘത്തെ സഹായിച്ച മാന്നാര്‍ സ്വദേശി പീറ്ററിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരുന്നു. കൊച്ചിയില്‍നിന്നുള്ള കസ്റ്റംസ് സംഘം ചൊവ്വാഴ്ച ഉച്ചയോടെ മാന്നാര്‍ പൊലീസ് സ്റ്റേഷനിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. തുടര്‍ന്ന് ബിന്ദുവിന്റെ വീട്ടിലുമെത്തി. നട്ടെലില്‍ പൊട്ടലിനെത്തുടര്‍ന്ന് ബിന്ദു ചികിത്സയിലായതിനാല്‍ ഇവരുടെ മൊഴി എടുക്കാനായില്ല.


Next Story

Related Stories