സുപ്രീം കോടതി പറയുമ്പോലെ സിബിഐ കൂട്ടിലടച്ച തത്തയല്ല, പട്ടിയാണെന്ന് സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി എംവി ജയരാജന്. യജമാനനെ കാണുമ്പോള്‍ സ്നേഹം കാണിക്കും. അല്ലാത്തവര്‍ക്കു മുന്നില്‍ കുരയ്ക്കുകയും ചെയ്യും. ഇഡിയുടെ പ്രവര്‍ത്തിക്കുന്നത് കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും തിരഞ്ഞെടുപ്പ് ഏജന്റിനെ പോലെയാണെന്നും ജയരാജന് പറഞ്ഞു. കണ്ണൂര്‍ സിറ്റിയില്‍ കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ എല്‍ഡിഎഫിന്റെ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു ജയരാജന്റെ രൂക്ഷ വിമര്‍ശനം.
സ്വര്‍ണക്കടത്ത് അന്വേഷിക്കാന്‍ ഘോഷയാത്രയായി എത്തിയ അന്വേഷണ ഏജന്‍സികളുടെ ലക്ഷ്യം സര്‍ക്കാരിനെ അട്ടിമറിക്കുകയെന്നതാണ്. സര്‍ക്കാരിന്റെ വികസനപദ്ധതികളെ തകര്‍ക്കുകയണ് ശ്രമം. യുഡിഎഫ് ഇതിനു ഒത്താശ ചെയ്യുകയാണ്. കിഫ്ബിയുടെ പണം വാങ്ങിയാണ് പ്രതിപക്ഷ നേതാവ് സ്വന്തം മണ്ഡലത്തില്‍ സ്കൂള്‍ നിര്‍മിച്ചത്. എന്നിട്ടാണ് കിഫ്ബി അഴിമതിയാണെന്ന് അദ്ദേഹം പറയുന്നതെന്നും ജയരാജന് കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാരിനെ പുകമറയ്ക്കുള്ളില്‍ നിര്‍ത്താനാണ് കേന്ദ്ര ഏജന്‍സികളുടെ ശ്രമമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പറഞ്ഞു. സംസ്ഥാനത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്ന പദ്ധതിയാണ് ലൈഫ് മിഷന് എന്ന് ജോസ് കെ മാണി പറഞ്ഞു. മലപ്പുറത്ത് എംവി ശ്രേയാംസ് കുമാറും തിരുവല്ലയില്‍ മാത്യു ടി തോമസും പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.