TopTop

EXCLUSIVE: വ്യാജ മാധ്യമ വാര്‍ത്തയില്‍ മനംനൊന്ത് ഡല്‍ഹിയില്‍ ആത്മഹത്യ ചെയ്ത ലിസി ഭര്‍ത്താവിന്റെ മരണം കൊലപാതകമെന്ന് ആരോപിച്ച് ബന്ധുക്കള്‍ക്കെതിരെ പരാതി നല്‍കിയിരുന്നു

EXCLUSIVE: വ്യാജ മാധ്യമ വാര്‍ത്തയില്‍ മനംനൊന്ത് ഡല്‍ഹിയില്‍ ആത്മഹത്യ ചെയ്ത ലിസി ഭര്‍ത്താവിന്റെ മരണം കൊലപാതകമെന്ന് ആരോപിച്ച് ബന്ധുക്കള്‍ക്കെതിരെ പരാതി നല്‍കിയിരുന്നു

ഈമാസം 19ന് ഡല്‍ഹിയില്‍ വച്ച് മകനൊപ്പം ആത്മഹത്യ ചെയ്ത ലിസി രണ്ടാം ഭര്‍ത്താവിന്റെ മുന്‍ ഭാര്യയിലുള്ള മക്കള്‍ക്കും ബന്ധുക്കള്‍ക്കുമെതിരെ ഇടുക്കി ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതിയുടെ പകര്‍പ്പ് അഴിമുഖത്തിന് ലഭിച്ചു. ലിസിയുടെ ഭര്‍ത്താവ് തൊടുപുഴ മങ്ങാട്ടുകടവ് കുളങ്ങരതൊട്ടിയില്‍ വീട്ടില്‍ വില്‍സണ്‍ കെ ജോണിന്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നായിരുന്നു മെയ് മാസം 30ന് എസ് പിയ്ക്ക് നല്‍കിയ പരാതിയിലെ ആവശ്യം. 2018 ഡിസംബര്‍ 31നാണ് വില്‍സണെ വീടിനുള്ളിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ മരണം കൊലപാതകമാണോയെന്ന സംശയമാണ് ലിസിയുടെ പരാതിയിലുള്ളത്. അതേസമയം ലിസിയും മകന്‍ അലന്‍ സ്റ്റാന്‍ലിയും വില്‍സണിന്റെ പേരിലുള്ള രണ്ട് കോടിയോളം രൂപ അക്കൗണ്ടില്‍ നിന്നും മാറ്റിയെടുത്തുവെന്നും സ്വത്ത് എഴുതി നല്‍കാന്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്നുണ്ടായ മാനസിക സംഘര്‍ഷത്തില്‍ വില്‍സണ്‍ ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് കാണിച്ച് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ ക്രൈംബ്രാഞ്ച് കേസ് അന്വേഷണം തുടരുന്നതിനിടെയാണ് ലിസിയുടെയും മകന്റെയും ആത്മഹത്യ.

വില്‍സണിന്റെ മരണത്തിന് ഉത്തരവാദികള്‍ ലിസിയും അലനുമാണെന്ന വിധത്തില്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ഈമാസം 15ന് മനോരമ ചാനലിലും ഓണ്‍ലൈനിലും പിന്നീട് പത്രത്തിലും വന്ന വാര്‍ത്ത 18ന് ഓണ്‍ലൈന്‍ മാധ്യമമായ മറുനാടന്‍ മലയാളിയിലും ആവര്‍ത്തിച്ചു. കുളങ്ങരതൊട്ടിയിലേത് കൂടത്തായി മോഡല്‍ എന്ന് ആവര്‍ത്തിച്ച് പറഞ്ഞ് ലിസിയെയും മകനെയും പ്രതിസ്ഥാനത്ത് നിര്‍ത്തുന്നതായിരുന്നു ഈ വാര്‍ത്തകള്‍. അതേസമയം കേസിന്റെ അന്വേഷണം ആരംഭിച്ചിട്ട് മാത്രമേയുള്ളൂവെന്നും അന്വേഷണസംഘം ഇത്തരത്തിലുള്ള നിഗമനങ്ങളിലേക്കെത്തുകയോ ലിസിയെയും മകനെയും ചോദ്യം ചെയ്യാന്‍ തീരുമാനിക്കുകയോ ചെയ്തിരുന്നില്ലെന്ന് അന്വേഷണ ചുമതലയുള്ള ഇടുക്കി ക്രൈംബ്രാഞ്ച് ഡിവൈ എസ് പി ആന്റണി കഴിഞ്ഞ ദിവസം അഴിമുഖത്തോട് പ്രതികരിച്ചിരുന്നു. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് അലന്റെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നതായി ഡല്‍ഹി ഐഐടിയിലെ അദ്ദേഹത്തിന്റെ സുഹൃത്തുക്കളും വിശദമാക്കുന്നു. ലിസിയുടെ ഡയറിക്കുറിപ്പുകളും ഇതിന് സമാനമാണെന്നാണ് അറിയുന്നത്. പോലീസിന്റെ പീഡനമാണ് ഇരുവരുടെയും ആത്മഹത്യയ്ക്ക് കാരണമെന്ന് മാധ്യമങ്ങള്‍ ആരോപിക്കുമ്പോഴും മാധ്യമവിചാരണയാണ് രണ്ട് പേരുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ആരോപണമുയരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ലിസി ഭര്‍ത്താവിന്റെ മക്കള്‍ക്കെതിരെ ഇടുക്കി എസ് പിക്ക് നല്‍കിയ പരാതിയും പുറത്തുവരുന്നത്.

വില്‍സണിന്റെ മരണം സംബന്ധിച്ച് തനിക്കും ബന്ധുക്കള്‍ക്കും സംശയമുണ്ടായിരുന്നെങ്കിലും പിന്നീടുണ്ടായ സംഭവ വികാസങ്ങളില്‍ നിന്ന് സംശയം ബലപ്പെടുകയും ആ മരണം കൊലപാതകമാണോയെന്ന് വിശ്വസിക്കേണ്ട സാഹചര്യം ഉണ്ടാകുകയും ചെയ്തതുകൊണ്ടാണ് ഈ പരാതി നല്‍കുന്നതെന്നും ഇതില്‍ വിശദീകരിക്കുന്നു. വില്‍സണിന്റെ ഇളയമകന്‍ വിനീത് എഫ് വില്‍സണും ഭാര്യ സൗമ്യ വിനീതിനും അദ്ദേഹത്തിന്റെ ഭീമമായ സ്വത്തില്‍ മാത്രമാണ് താല്‍പര്യമെന്ന് തനിക്ക് വിവാഹശേഷം മനസിലായതായി ലിസിയുടെ പരാതിയില്‍ പറയുന്നു. പരാതിയിലെ 4, 5 എതിര്‍കക്ഷികള്‍ ഇവരാണ്. വില്‍സണിന്റെ ആദ്യ ഭാര്യയുടെ സഹോദരന്‍ ജോഷി ഫ്രാന്‍സിസ്, വീട്ടിലെ മുഴുവന്‍ ചുമതലക്കാരനായിരുന്ന ഷൈന്‍മോന്‍ എന്ന മാത്യു, വീട്ടുജോലിക്കാരി ലൈല, വില്‍സണിന്റെ ഇളയമകന്‍ വിനീത്, ഭാര്യ സൗമ്യ, മകള്‍ വീണ എന്നിവരാണ് പരാതിയിലെ ഒന്നുമുതല്‍ ആറ് വരെയുള്ള എതിര്‍കക്ഷികള്‍.

വില്‍സണ്‍ മരണപ്പെട്ട ദിവസം ഭരണങ്ങാനത്ത് അല്‍ഫോണ്‍സാമ്മയുടെ കബറില്‍ കുടുംബ സമേതം പോകുവാന്‍ തങ്ങള്‍ തീരുമാനിച്ചിരുന്നെന്നും അദ്ദേഹം വരുന്നില്ലെന്ന് പറഞ്ഞപ്പോള്‍ തനിച്ചാക്കി പോകാന്‍ താന്‍ വിസമ്മതിച്ചിരുന്നെന്നും ലിസിയുടെ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ മറ്റുള്ളവരുടെ സമ്മര്‍ദ്ദങ്ങള്‍ക്കും പ്രേരണയ്ക്കും വഴങ്ങി അവരോടൊപ്പം തനിക്കും ഭരണങ്ങാനത്തേക്ക് യാത്രയാകേണ്ടി വന്നു. ഭരണങ്ങാനത്ത് പ്രാര്‍ത്ഥനയില്‍ പങ്കെടുത്തുകൊണ്ടിരിക്കെ വില്‍സണിന് സുഖമില്ലെന്ന് ഫോണ്‍ വന്നതിനെത്തുടര്‍ന്ന് തങ്ങള്‍ മടങ്ങിയെന്നും തന്റെ ഭര്‍ത്താവിന് എന്തുപറ്റിയതാണെന്നോ എന്താണ് അസുഖമെന്നോ വെളിപ്പെടുത്തിയില്ലെന്നും ഇവര്‍ പറയുന്നു. ഭര്‍ത്താവിന്റെ അടുത്തെത്തിക്കാതെ ഇവരെ ഒന്നാം എതിര്‍ കക്ഷിയായ ജോഷി ഫ്രാന്‍സിസിന്റെ വീട്ടിലാണ് എത്തിച്ചത്. രാത്രി പതിനൊന്ന് മണിക്ക് ശേഷം വില്‍സണിനെ കാണിക്കാനെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയ തന്നെ തൊടുപുഴ സെന്റ് മേരീസ് ആശുപത്രിയിലെ മോര്‍ച്ചറിയിലാണ് എത്തിച്ചതെന്നും അവിടെ മോര്‍ച്ചറിയുടെ തന്റെ ഭര്‍ത്താവിന്റെ മൃതദേഹം മോര്‍ച്ചറിയുടെ വെളിയില്‍ സ്ട്രക്ചറില്‍ വച്ചിരിക്കുന്ന കാഴ്ചയാണ് താന്‍ കണ്ടതെന്നും ലിസി പരാതിയില്‍ വ്യക്തമാക്കുന്നു. ഹൃദയാഘാതം മൂലം ഭര്‍ത്താവ് മരിച്ചെന്നാണ് വിനീതും മറ്റുള്ളവരും ലിസിയോട് പറഞ്ഞത്. ജനുവരി 2ന് നടന്ന ശവസംസ്‌കാര ചടങ്ങില്‍ ആളുകള്‍ പരസ്പരം അടക്കം പറഞ്ഞതില്‍ നിന്നാണ് ഇവര്‍ അതൊരു തൂങ്ങിമരണമായിരുന്നെന്ന് മനസിലാക്കിയത്. പിന്നീട് അധികദിവസം ഭര്‍തൃവീട്ടില്‍ കഴിയാന്‍ തന്നെ അനുവദിച്ചില്ലെന്നും സ്വത്തും അവകാശവും അധികാരവും ബാങ്ക് നിക്ഷേപവും പറഞ്ഞ് മാനസികമായി തന്നെ തകര്‍ക്കുകയായിരുന്നെന്നും ദുഃഖത്തിന്റെ കണിക പോലുമില്ലാതെ സ്വത്തില്‍ മാത്രമായിരുന്നു അവരുടെ കണ്ണെന്നും ലിസിയുടെ പരാതിയില്‍ ആരോപിക്കുന്നുണ്ട്. തന്നെ വീട്ടില്‍ നിന്നും പുറത്താക്കി എതിര്‍കക്ഷികള്‍ വീട്ടില്‍ ബലമായി കയറി താമസിക്കുകയായിരുന്നെന്നും ഈ പരാതില്‍ പറയുന്നു.

വില്‍സണിന്റെ മരണത്തിന് മൂന്ന് ദിവസത്തിന് ശേഷം ഭര്‍ത്താവ് അദ്ദേഹവുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും സ്വത്ത് വകകളുടെയും ബാങ്ക് നിക്ഷേപങ്ങളുടെയും വിവരങ്ങള്‍ സൂക്ഷിച്ചിരുന്ന ലാപ് ടോപ്പും മൊബൈല്‍ ഫോണും കാണാതായെന്നും അദ്ദേഹത്തിന്റെ ഡ്രോയില്‍ നിന്നും എല്ലാ ബാങ്ക് രേഖകളും എടുത്തുമാറ്റിയെന്നും ലിസിയുടെ പരാതിയില്‍ ആരോപിക്കുന്നു. തുടര്‍ന്ന് രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ ജോയ് ചേറാടി എന്നൊരു പുരോഹിതന്‍ വരികയും നിര്‍ബന്ധമായും ഏതാനും രേഖകളില്‍ തന്നെക്കൊണ്ട് ഒപ്പിടീക്കാന്‍ ശ്രമിച്ചുവെന്നും അവര്‍ പറയുന്നുണ്ട്. മക്കളില്‍ നിന്നും മരുമക്കളില്‍ നിന്നും രേഖകളിലും മറ്റ് പ്രമാണങ്ങളിലും ബ്ലാങ്ക് മുദ്രപ്പത്രങ്ങളിലും ഒപ്പിടാന്‍ നിരന്തരമായ പീഡനവും സമ്മര്‍ദ്ദവും ഉണ്ടായതിനെത്തുടര്‍ന്നാണ് താന്‍ അവിടുന്ന് പ്രാണരക്ഷാര്‍ത്ഥം തന്റെ സഹോദരനൊപ്പം താമസം മാറിയതെന്നും അവര്‍ വ്യക്തമാക്കുന്നുണ്ട്.

വില്‍സണിന്റേത് കൊലപാതകമാണെന്ന് താന്‍ സംശയിക്കുന്നതിന്റെ കാരണങ്ങളും അവര്‍ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. വില്‍സണിനെ മരിച്ചനിലയിലാണ് ആശുപത്രിയിലെത്തിച്ചതെന്ന് പറയുന്നുണ്ടെങ്കിലും മരണ സര്‍ട്ടിഫിക്കറ്റില്‍ മരണം ആശുപത്രിയിലാണെന്നാണ് കാണിച്ചിരിക്കുന്നത്. മാത്രമല്ല, വീട്ടിലെ കാര്യസ്ഥനായ ഷൈന്‍മോന്‍ എന്ന് വിളിക്കുന്ന മാത്യു വില്‍സണിന്റെ ശരീരം തൂങ്ങിനില്‍ക്കുന്നത് കര്‍ട്ടന്റെ വിടവിലൂടെ കണ്ടുവെന്നും തുടര്‍ന്ന് ജോഷി ഫ്രാന്‍സിസിനെ വിളിച്ചുവരുത്തുകയും ഇരുവരും ചേര്‍ന്ന് ഭരണങ്ങാനത്തായിരുന്നവരെ വിളിച്ചു വരുത്തി അവര്‍ വന്ന ശേഷം ആശുപത്രിയിലെത്തിക്കുകയായിരുന്നെന്നുമാണ് താനറിഞ്ഞതെന്നും ലിസിയുടെ പരാതിയില്‍ പറയുന്നു. മണിക്കൂറുകളോളം തന്റെ ഭര്‍ത്താവ് ജീവനോടെ തൂങ്ങിനിന്നുവെന്ന് വിശ്വസിക്കാന്‍ ഇവര്‍ തയ്യാറല്ല. മാത്രമല്ല, വീടിന്റെ മുഴുവന്‍ താക്കോല്‍ക്കൂട്ടവും ഷൈന്‍മോന്റെ കൈവശമുണ്ടെന്നിരിക്കെ എന്തിനാണ് ഭരണങ്ങാനത്തുനിന്നും ആളുകള്‍ വരുന്നത് വരെ വീട് തുറക്കുക പോലും ചെയ്യാതിരുന്നതെന്നും ഇവര്‍ ചോദിക്കുന്നു.

വിദേശത്തായിരുന്ന വിനീതും സൗമ്യയും മരണത്തിന് മുമ്പായി വന്നുചേര്‍ന്നതും മരണം കഴിഞ്ഞ് മടങ്ങിപ്പോയതുമാണ് ഇതിന് പിന്നിലെ ഗൂഢാലോചയെക്കുറിച്ച് ഇവര്‍ക്ക് സംശയമുണ്ടാകാനുള്ള മറ്റൊരു കാരണം. തന്റെ മാനസികാശ്വാസത്തിനായി വീട്ടില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിലെ ദൃശ്യങ്ങള്‍ ഒന്ന് പരിശോധിക്കാന്‍ ശ്രമിച്ചെങ്കിലും ബലമായി തന്നെ തടഞ്ഞുവെന്നും അവര്‍ പരാതിയില്‍ പറയുന്നു. വീട്ടില്‍ നിന്നും താമസം മാറിയെങ്കിലും എതിര്‍കക്ഷികളില്‍ നിന്നും പിന്നീട് തനിക്ക് നിരവധി മെയിലുകളും ഫോണ്‍ സന്ദേശങ്ങളും ലഭിക്കുകയുണ്ടായെന്നും ലിസി പറയുന്നു. അതിലൊന്ന് തന്റെ ഭര്‍ത്താവിന്റെ ഭൂസ്വത്തിലും ബാങ്ക് നിക്ഷേപങ്ങളിലും തനിക്കുള്ള എല്ലാ അവകാശങ്ങളും ഉപേക്ഷിക്കുന്നതായി കാണിച്ച് ഒപ്പിടാന്‍ ആവശ്യപ്പെട്ട് നല്‍കിയ പവര്‍ ഓഫ് അറ്റോണി ആയിരുന്നെന്നും ഇവര്‍ പരാതിയില്‍ വെളിപ്പെടുത്തുന്നുണ്ട്. 2018 ഡിസംബര്‍ 31ന് തന്നെ ഭര്‍ത്താവിന്റെ സമീപത്തുനിന്നും മനഃപൂര്‍വം ഒഴിവാക്കി അദ്ദേഹത്തെ ഒറ്റക്കാക്കി ഇല്ലാതാക്കുകയായിരുന്നുവെന്ന് ഇപ്പോള്‍ താന്‍ ദൃഢമായി വിശ്വസിക്കുന്നുണ്ടെന്നാണ് പരാതിയില്‍ ലിസി പറയുന്നത്.

കൂടാതെ ഭര്‍ത്താവിന്റെ സ്വത്തുക്കള്‍ ഭാഗം ചെയ്യാനായി മക്കള്‍ കൊടുത്ത സിവില്‍ കേസില്‍ താന്‍ തര്‍ക്കിക്കരുതെന്നും തന്റെ നിയമപരമായ അവകാശം സറണ്ടര്‍ ചെയ്യണമെന്നും അല്ലാത്തപക്ഷം തന്നെയും മകനെയും ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നെന്നും ലിസിയുടെ പരാതിയില്‍ പറയുന്നു. ഭര്‍ത്താവിന്റെ മരണം സ്വാഭാവികമായിരുന്നോ തൂങ്ങിമരണമായിരുന്നോ അതോ സ്വത്തിന് വേണ്ടി കരുതിക്കൂട്ടി നടത്തിയ കൊലപാതകമായിരുന്നോ എന്ന് സമഗ്രമായി അന്വേഷിക്കണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നാണ് ഈ പരാതിയിലെ ആവശ്യം.

ഇടുക്കി പോലീസ് സൂപ്രണ്ടിന്റെ ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍ ഇത്തരമൊരു പരാതി ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമായി. എസ് പി അടയാളപ്പെടുത്തിയ പരാതി മുന്നോട്ടുപോയിട്ടുണ്ടെങ്കിലം അന്വേഷണത്തിന്റെ പുരോഗതിയെന്താണെന്ന് അറിയാന്‍ സാധിച്ചിട്ടില്ല. അതേസമയം തങ്ങള്‍ക്കെതിരെ ഇത്തരമൊരു പരാതി ലിസി നല്‍കിയതായി അറിയില്ലെന്നാണ് ഒന്നാം എതിര്‍കക്ഷി ജോഷി ഫ്രാന്‍സിസ് അഴിമുഖത്തോട് പ്രതികരിച്ചത്. ലിസിക്കെതിരെ തെളിവുകളുള്ളതിനാലാണ് തങ്ങള്‍ പരാതി നല്‍കിയതെന്നും ആ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി കേസ് ക്രൈംബ്രാഞ്ചിന് വിട്ടതെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഈ കേസിനെ കൂടത്തായി കേസുമായി ബന്ധപ്പെടുത്തുന്ന വിധത്തില്‍ മാധ്യമങ്ങളില്‍ എങ്ങനെയാണ് റിപ്പോര്‍ട്ട് വന്നതെന്ന് തങ്ങള്‍ക്കറിയില്ല. തങ്ങള്‍ ഒരു മാധ്യമത്തോടും ആ വിധത്തില്‍ പ്രതികരിച്ചിട്ടില്ലെന്നും ജോഷി വ്യക്തമാക്കുന്നു. വില്‍സണ്‍ കെ ജോണിന്റെ മരണം സൈലന്റ് പോയിസനിലൂടെയായിരുന്നെന്നാണ് മറുനാടന്‍ മലയാളി വീഡിയോ സ്‌റ്റോറിയിലും അല്ലാതെയും ആരോപിച്ചത്. ഈ വാര്‍ത്ത വന്നതിന്റെ പിറ്റേദിവസമാണ് അലനും അമ്മയും മരിച്ച നിലയില്‍ കാണപ്പെട്ടത്.


Next Story

Related Stories