TopTop
Begin typing your search above and press return to search.

തലമുറ മാറ്റം ലക്ഷ്യമിട്ട് സിപിഎം; രണ്ടാം പിണറായി സര്‍ക്കാരില്‍ പുതുമുഖങ്ങള്‍ക്ക് പരിഗണന

തലമുറ മാറ്റം ലക്ഷ്യമിട്ട് സിപിഎം; രണ്ടാം പിണറായി സര്‍ക്കാരില്‍ പുതുമുഖങ്ങള്‍ക്ക് പരിഗണന

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ ഏപ്രില്‍ 17നുശേഷം അധികാരമേല്‍ക്കുമെന്ന് വ്യക്തമായിക്കഴിഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ ഉള്‍പ്പെടെ ഇക്കാര്യം സൂചിപ്പിച്ചു. ഇതോടെ, രണ്ടാം പിണറായി സര്‍ക്കാരില്‍ ആരൊക്കെ മന്ത്രിമാരാകും എന്നതാണ് പുതിയ ചര്‍ച്ച. സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ചര്‍ച്ചകള്‍ കൊഴുക്കുകയാണ്. വകുപ്പുകള്‍ തിരിച്ചുള്ള മന്ത്രിമാരുടെ പട്ടികകള്‍ വാട്‌സാപ്പ് ഗ്രൂപ്പുകളിലും പ്രചരിക്കുന്നുണ്ട്. എന്നാല്‍, മന്ത്രിസ്ഥാനം സംബന്ധിച്ച് തീരുമാനമൊന്നും ആയിട്ടില്ലെന്നും അതൊക്കെ പാര്‍ട്ടിയും മുന്നണിയുമാണ് തീരുമാനിക്കുന്നതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പുതിയ നേതൃനിര വരണം എന്ന ലക്ഷ്യത്തോടെയാണ് പുതിയ ആളുകളെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചതെന്ന് വിജയരാഘവനും പ്രതികരിച്ചു. മുഖ്യമന്ത്രി ഒഴികെ മന്ത്രിസഭയില്‍ എല്ലാവരും പുതുമുഖങ്ങള്‍ ആയിരിക്കുമെന്നാണ് ഇവ നല്‍കുന്ന സൂചന. തലമുറ മാറ്റം ലക്ഷ്യമിട്ട് വന്‍ പരീക്ഷണത്തിനാണ് ഇടത് പാര്‍ട്ടികള്‍ തയ്യാറെടുക്കുന്നത്.

വകുപ്പുകള്‍ അഴിച്ചുപണിയും

പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുന്നതിന്റെ ഭാഗമായി രണ്ടാം പിണറായി സര്‍ക്കാരില്‍ വകുപ്പുകളില്‍ അഴിച്ചുപണിയുണ്ടായേക്കും. 21 അംഗ മന്ത്രിസഭയ്ക്കാണ് സാധ്യത. സംസ്ഥാനത്തെ നിലവിലെ സാമ്പത്തിക സാഹചര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ മന്ത്രിമാരുടെ എണ്ണം വര്‍ധിക്കാനിടയില്ല. ഘടകക്ഷികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ രണ്ടാം കക്ഷിയായ സിപിഐയുടെ മന്ത്രിസ്ഥാനങ്ങളില്‍ വരെ കുറവുണ്ടായേക്കാം. ആഭ്യന്തരം, ധനകാര്യം തുടങ്ങിയ പ്രധാന വകുപ്പുകള്‍ സിപിഎമ്മാണ് കൈകാര്യം ചെയ്യാറുള്ളത്. റെവന്യൂ വകുപ്പ് മുന്നണിയിലെ രണ്ടാം കക്ഷിയായ സിപിഐക്കുള്ളതാണ്. ഇക്കാര്യത്തില്‍ മാറ്റം വരാന്‍ വഴിയില്ല. അതേസമയം, മന്ത്രിമാര്‍, ക്യാബിനറ്റ് പദവി എന്നിവയില്‍ കുറവുകള്‍ വന്നേക്കാം. സിപിഎമ്മിന് ഇക്കുറി 62 അംഗങ്ങളാണുള്ളത്. അഞ്ചുപേര്‍ ഇടത് സ്വതന്ത്രന്മാരായാണ് ജയിച്ചത്. സിപിഐ 17, കേരള കോണ്‍ഗ്രസ് മാണി 5, ജെഡിഎസ്, എന്‍സിപി രണ്ട് വീതം, കേരള കോണ്‍ഗ്രസ് ബി, ഐഎന്‍എല്‍, നാഷണല്‍ സെക്കുലര്‍ കോണ്‍ഗ്രസ്, കോണ്‍ഗ്രസ് എസ്, ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്നിവര്‍ ഓരോ സീറ്റിലും വിജയിച്ചിട്ടുണ്ട്. എല്ലാ കക്ഷികളെയും പരിഗണിക്കുന്ന പതിവുണ്ടെങ്കിലും ഇക്കുറി അതില്‍ മാറ്റമുണ്ടായേക്കും. കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കേണ്ട സാഹചര്യത്തില്‍ ജനതാദള്‍ കക്ഷികള്‍ക്കെല്ലാം കൂടി ഒരു മന്ത്രിസ്ഥാനം എന്നതും ചര്‍ച്ചകളിലുണ്ട്. മന്ത്രിസ്ഥാനത്തിന് ടേം വ്യവസ്ഥയും പരിഗണിക്കുന്നുണ്ട്. 17ന് നടക്കുന്ന എല്‍ഡിഎഫ് യോഗത്തില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. 18ന് രാവിലെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും കമ്മിറ്റിയും യോഗം ചേര്‍ന്ന് മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും. അന്നുതന്നെ ഉഭയകക്ഷി ചര്‍ച്ചകളും നടക്കും.

ഒന്നാം മന്ത്രിസഭയില്‍നിന്ന് ആരെല്ലാം?

ഒന്നാം മന്ത്രിസഭയിലുണ്ടായിരുന്ന കെ.കെ ശൈലജ, എം.എം മണി, കടകംപള്ളി സുരേന്ദ്രന്‍, ടി.പി രാമകൃഷ്ണന്‍, എ.സി മൊയ്തീന്‍, കെ.ടി ജലീല്‍ (ഇടത് സ്വതന്ത്രന്‍) എന്നിവരാണ് സിപിഎമ്മില്‍നിന്ന് ഇത്തവണയും തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. മന്ത്രിസഭയ്ക്ക് പുതിയ മുഖം നല്‍കുകയെന്ന ലക്ഷ്യം നിറവേറ്റുമ്പോള്‍ ഇവരെ വീണ്ടും പരിഗണിക്കേണ്ടതുണ്ടോയെന്ന ചര്‍ച്ചകളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ആരോഗ്യമന്ത്രിയായി മികച്ച സേവനം കാഴ്ചവെക്കുകയും ഇത്തവണ റെക്കോഡ് ഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്ത കെ.കെ ശൈലജയെ എങ്ങനെ മാറ്റിനിര്‍ത്താനാകും എന്നതാണ് നേതൃത്വത്തെ കുഴപ്പിക്കുന്നത്. കേരളത്തിന്റെ ആരോഗ്യ മേഖലയ്ക്ക് അന്താരാഷ്ട്ര പ്രശസ്തി നേടിക്കൊടുത്ത ശൈലജയെ ഒഴിവാക്കിയാല്‍ പൊതുസമൂഹത്തിന്റെ പ്രതിഷേധത്തിന് മറുപടി പറയേണ്ട സാഹചര്യം ഉണ്ടാകുമെന്നും നേതൃത്വം വിലയിരുത്തുന്നു. വൈദ്യുതി മന്ത്രിയായി തിളക്കമേറിയ പ്രവര്‍ത്തനം കാഴ്ചവെച്ച എം.എം മണിയും മികച്ച ഭൂരിപക്ഷത്തോടെയാണ് ഇത്തവണ ജയിച്ചത്. മണിയുടെ കാര്യത്തിലും ഇതേ ചര്‍ച്ചകള്‍ തുടരുകയാണ്. മറ്റുള്ളവരെ പരിഗണിച്ചില്ലെങ്കിലും ഇവരില്‍ ഒരാളെയെങ്കിലും നിലനിര്‍ത്തിയേക്കും. അതില്‍ കെ.കെ ശൈലജക്കാണ് ഏറെ സാധ്യത. വിവാദങ്ങളെത്തുടര്‍ന്ന് അവസാന നിമിഷം രാജിവെച്ച ജലീലിനെ പിണറായി വീണ്ടും ചേര്‍ത്തുനിര്‍ത്തുമോയെന്ന കാര്യവും കണ്ടറിയണം. സിപിഐയില്‍നിന്ന് ഇ ചന്ദ്രശേഖരനെ വീണ്ടും പരിഗണിക്കുന്നുണ്ട്.

പുതിയ മന്ത്രിമാര്‍ ആരൊക്കെ?

തളിപ്പറമ്പില്‍നിന്ന് ജയിച്ച സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പിണറായി മന്ത്രിസഭയില്‍ സ്ഥാനം നേടും. വിജയിച്ച സിപിഎം സ്ഥാനാര്‍ഥികളിലെ മുതിര്‍ന്ന നേതാവാണ് അദ്ദേഹം. ചേലക്കരയില്‍ നിന്ന് ജയിച്ചെത്തിയ സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ മന്ത്രിയും സ്പീക്കറുമായ രാധാകൃഷ്ണനും മുതിര്‍ന്ന നേതാക്കളുടെ പട്ടികയിലുണ്ട്. പി രാജീവ്, കെഎന്‍ ബാലഗോപാല്‍ എന്നിവര്‍ക്കായിരിക്കും അടുത്ത പരിഗണന. വി. എന്‍ വാസവന്‍, വി ശിവന്‍കുട്ടി, സജി ചെറിയാന്‍, എം.ബി രാജേഷ്, മുഹമ്മദ് റിയാസ്, വി.കെ പ്രകാശ് എന്നിവരും സാധ്യതാ പട്ടികയിലുണ്ട്. കടകംപള്ളിയെ തള്ളി ശിവന്‍കുട്ടിയെ മന്ത്രിയാക്കുന്നതിലെ സാധ്യതകള്‍ സിപിഎം നേതൃത്വം പ്രത്യേകം ചര്‍ച്ച ചെയ്യുന്നുണ്ട്. വീണ ജോര്‍ജ്, ഡോ. ആര്‍ ബിന്ദു, കാനത്തില്‍ ജമീല എന്നിവരില്‍ ഒരാള്‍ക്ക് അവസരം ലഭിക്കും.

സിപിഐയില്‍നിന്ന് പി. പ്രസാദ്, കെ. രാജന്‍, ചിറ്റയം ഗോപകുമാര്‍ എന്നിവര്‍ക്കാണ് പ്രഥമ പരിഗണന. വനിതകളെ പരിഗണിച്ചാല്‍ ചിഞ്ചുറാണിക്കാകും സാധ്യത. സിപിഐ കേന്ദ്ര കൗണ്‍സില്‍ അംഗം കൂടിയാണ് ചിഞ്ചുറാണി. ചിറ്റയം ഗോപകുമാറിനെ തഴഞ്ഞാല്‍ സി.കെ ആശക്കായിരിക്കും സാധ്യത. ഒറ്റത്തവണ മന്ത്രിയെന്ന നയം നടപ്പാക്കിയാല്‍ ചന്ദ്രശേഖരന്‍ മാറേണ്ടിവരും. ഡെപ്യൂട്ടി സ്പീക്കര്‍, ചീഫ് വിപ്പ് സ്ഥാനങ്ങള്‍ വിഭജിക്കുന്നതിലും വിട്ടുവീഴ്ചകള്‍ വേണ്ടിവന്നേക്കും. ജെഡിഎസില്‍നിന്ന് മാത്യു ടി തോമസ്, കേരള കോണ്‍ഗ്രസ് ബിയിലെ ഗണേഷ് കുമാര്‍ അന്നിവര്‍ക്കും സാധ്യതയുണ്ട്. ഘടകകക്ഷികള്‍ക്കുള്ള മന്ത്രിസ്ഥാനം വിഭജിക്കുന്നത് അനുസരിച്ചിരിക്കും കടന്നപ്പള്ളി രാമചന്ദ്രന്റെ സാധ്യത.


Next Story

Related Stories