TopTop
Begin typing your search above and press return to search.

എന്‍ഐഎ കസ്റ്റഡിയില്‍ നിന്നും മുസറഫിന്റെ വിളിയെത്തി; കേരളത്തില്‍ തന്നെ ജീവിക്കാനുള്ള ആഗ്രഹം ഉപേക്ഷിച്ച് സോമിയും കുട്ടികളും മടങ്ങി

എന്‍ഐഎ കസ്റ്റഡിയില്‍ നിന്നും മുസറഫിന്റെ വിളിയെത്തി; കേരളത്തില്‍ തന്നെ ജീവിക്കാനുള്ള ആഗ്രഹം ഉപേക്ഷിച്ച് സോമിയും കുട്ടികളും മടങ്ങി

മക്കളുടെ വിദ്യാഭ്യാസം മുടങ്ങരുത്, ജീവിക്കാനൊരു തൊഴില്‍ കണ്ടെത്തണം, ഈ നാട്ടില്‍ തന്നെ തുടര്‍ന്നും ജീവിക്കണം; സോമിയുടെ ആഗ്രങ്ങളായിരുന്നു. അല്‍ ഖ്വയ്ദ ബന്ധം ആരോപിച്ച് എന്‍ഐഎ അറസ്റ്റ് ചെയ്ത മുസറഫ് ഹുസൈന്റെ ഭാര്യയാണ് സോമി. ആ ആഗ്രഹങ്ങള്‍ ഉപേക്ഷിച്ച് ബുധനാഴ്ച്ച രാത്രി പത്തു മണിക്ക് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും സോമിയും മക്കളും സ്വന്തം നാടായ മുര്‍ഷിദാബാദിലേക്ക് യാത്രയായി. അയല്‍വാസികളോടും മക്കള്‍ പഠിച്ചിരുന്ന സ്‌കൂളിലെ അധ്യാപകരോടും കേരളത്തോടും എല്ലാം നന്ദി പറഞ്ഞ്, നിറ കണ്ണുകളോടെയായിരുന്നു മക്കളായ റുക്‌സാനയെയും ജാഫറിനെയും കൂട്ടി സോമി തിരിച്ചു പോയത്.

ഭര്‍ത്താവിന്റെ അറസ്റ്റില്‍ പാടെ തകര്‍ന്നു പോയെങ്കിലും കേരളം വിടാന്‍ ഒരുക്കമല്ലായിരുന്നു ചൊവ്വാഴ്ച്ച വരെ സോമി. മുര്‍ഷിദാബാദില്‍ നിന്നും ബന്ധുക്കള്‍ വിളിച്ച് തിരികെ വരാന്‍ ആവശ്യപ്പെട്ടിട്ടും കേരളത്തില്‍ തന്നെ തുടരാനുള്ള തീരുമാനമായിരുന്നു സോമി അറിയിച്ചത്. കുട്ടികളുടെ പഠനമായിരുന്നു സോമിയുടെ മുന്നില്‍ ഉണ്ടായിരുന്ന ലക്ഷ്യം. മുസറഫിന്റെ അറസ്റ്റോടെ ആകെയുണ്ടായിരുന്ന വരുമാനം നിലച്ച് നിത്യവൃത്തിക്കുപോലും ബുദ്ധിമുട്ട് നേരിട്ടപ്പോഴും എങ്ങനെയും മക്കളെ പഠിപ്പിക്കണമെന്നതുമായിരുന്നു സോമിയുടെ മനസില്‍. അതിനുവേണ്ടി ഒരു തൊഴില്‍ കണ്ടെത്താനുള്ള ഒരുക്കത്തിലുമായിരുന്നു ആ യുവതി. എന്നാല്‍ ബുധനാഴ്ച്ച എന്‍ഐഎ കസ്റ്റഡിയില്‍ നിന്നും മുസറഫ് സോമിയെ ഫോണില്‍ ബന്ധപ്പെടുകയും നാട്ടിലേക്ക് മടങ്ങാന്‍ ഉപദേശിക്കുകയും ചെയ്തതിനു പിന്നാലെയാണ് പോകാന്‍ സോമി തീരുാമാനിച്ചത്. കേരളത്തില്‍ തനിച്ച് നില്‍ക്കുന്നതിന്റെ ബുദ്ധിമുട്ടും നാട്ടില്‍ കുടുംബത്തിന്റെ സംരക്ഷണം കിട്ടുമെന്ന മുസറഫിന്റെ ഉറപ്പുമാണ് സോമിയെ മടങ്ങാന്‍ പ്രേരിപ്പിച്ചത്. അപ്പോഴും ഉള്ളിലെ നീറ്റല്‍ മക്കളുടെ പഠനമോര്‍ത്തായിരുന്നു.

മുടിക്കല്‍ ഷഫറിയ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു ഇവരുടെ മൂത്ത മകള്‍, ഇതേ സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥിയായിരുന്നു ഇളയ കുട്ടി. നാട്ടിലേക്ക് മടങ്ങിയാല്‍ മക്കളുടെ പഠനം നിലച്ചു പോകുമെന്നതായിരുന്നു ഇവരുടെ ഭയം. എന്നാല്‍ അത്തരമൊരു സാഹചര്യം ഉണ്ടാകില്ലെന്ന ഉറപ്പാണ് ഷറഫിയ സ്‌കൂള്‍ അധികൃതര്‍ സോമിക്ക് നല്‍കിയിരിക്കുന്നത്. ഒരു വര്‍ഷത്തേക്ക് മുന്‍കൂറായി അടച്ച ഫീസ് സ്‌കൂള്‍ അധികൃതര്‍ ഇന്നലെ തിരിച്ചു നല്‍കിയിരുന്നു. നാട്ടില്‍ പോയാലും നന്നായി പഠിക്കണമെന്നും പഠനം മുടക്കരുതെന്ന് സ്‌നേഹവാത്സല്യങ്ങളോടെ പറഞ്ഞായിരുന്നു രണ്ടു പേരുടെയും ടി സി സര്‍ട്ടിഫിക്കറ്റുകള്‍ കൈമാറിയത്. മുടിക്കല്‍ വഞ്ചിനാട്ടിലുള്ള വാടക വീട്ടിലെത്തിയാണ് സ്‌കൂള്‍ അധികൃതര്‍ തങ്ങളുടെ സ്‌നേഹവും കരുതലും ആ രണ്ടു കുട്ടികളെയും അറിയിച്ചത്. മുര്‍ഷിദാബാദില്‍ പഠനം പുനരാരംഭിക്കുന്നതുവരെ വിദ്യാഭ്യാസം മുടങ്ങാതിരിക്കാനുള്ള സഹായം ചെയ്യാമെന്നും സ്‌കൂള്‍ അധികൃതര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.

കേരളത്തില്‍ തന്നെ തുടരാനും കുട്ടികളുടെ പഠന ചെലവിനുള്ള സഹായം തങ്ങള്‍ ചെയ്യാമെന്നും അയല്‍വാസികള്‍ അടക്കം പറഞ്ഞിരുന്നതാണ്. എന്നാല്‍,ഭര്‍ത്താവിന്റെ വാക്കുകള്‍ അനുസരിക്കാനാണ് സോമി ഇപ്പോള്‍ തയ്യാറായത്. തിരിച്ചു വരണമെന്ന ആഗ്രഹമറിയിച്ചാണ് നാട്ടുകാര്‍ അവരെ യാത്രയാക്കിയത്. നാട്ടുകാര്‍ പിരിച്ചെടുത്ത പണത്തിനായിരുന്നു വിമാന ടിക്കറ്റ് എടുത്തത്. കേരളത്തിലേക്ക് തിരിച്ചുവരാന്‍ ആഗ്രമുണ്ടെന്നും എന്നാല്‍ ഭര്‍ത്താവിന്റെ നിരപരാധിത്വം തെളിയിക്കപ്പെട്ടശേഷം മാത്രമെ ഇനിയിങ്ങോട്ട് മടങ്ങി വരൂ എന്നുമാണ് സോമി പറഞ്ഞത്.

മുസറഫിന്റെ അറസ്റ്റിനു പിന്നാലെ ആരെയും കാണാന്‍ തയ്യാറാകാതെ വീടിനുള്ളില്‍ തന്നെ കഴിയുകയായിരുന്നു സോമിയും കുട്ടികളും. അതേസമയം ഇവരെ ഒറ്റപ്പെടുത്താനോ കുറ്റപ്പെടുത്താനോ സമീപവാസികളോ നാട്ടുകാരോ തയ്യാറായിരുന്നില്ല. മുസറഫിനെ എന്‍ഐഎ പിടികൂടിയെന്ന വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ മുസറഫും കുടുംബവും മുന്‍പ് താമസിച്ചിരുന്ന സ്ഥലത്തെ സമീപവാസികള്‍ സോമിയെ കാണാന്‍ എത്തുകയും ചെയ്തിരുന്നു. ആര്‍ക്കും തന്നെ മുസറഫിനെ കുറിച്ചോ കുടുംബത്തെക്കുറിച്ചോ സംശയകരമായി പറയാന്‍ ഒന്നും തന്നെയില്ലായിരുന്നു. എല്ലാവരോടും നന്നായി പെരുമാറിയിരുന്നയാളെന്നാണ് മുസറഫിനെ കുറിച്ചുള്ള അഭിപ്രായം. പെരുമ്പാവൂര്‍ ബസ് സ്റ്റാന്‍ഡിനു സമീപം ഭായി ബസാറിലെ ബോംബെ ഫാഷാന്‍ എന്ന ടെക്സ്റ്റല്‍ ഷോപ്പില്‍ കഴിഞ്ഞ ഏഴു വര്‍ഷമായി സെയ്ല്‍സ്മാനായി ജോലി നോക്കി വരികയായിരുന്നു മുസറഫ്. കഴിഞ്ഞ പത്തു വര്‍ഷമായി ഇവര്‍ കേരളത്തിലുണ്ട്. മൂന്നു മാസങ്ങള്‍ക്കു മുമ്പാണ് വഞ്ചിനാട്ടിലേക്ക് താമസം മാറുന്നത്. അതിനു മുമ്പ് പള്ളിക്കവല എന്ന സ്ഥലത്തായിരുന്നു താമസം. ആ കെട്ടിടം പൊളിച്ചതിനെ തുടര്‍ന്നാണ് മുടിക്കല്‍ വഞ്ചിനാട്ടിലേക്ക് മാറുന്നത്.


Next Story

Related Stories