TopTop
Begin typing your search above and press return to search.

എന്‍ഐഎക്ക് മുന്നില്‍ എട്ട് മണിക്കൂര്‍, മാധ്യമങ്ങള്‍ക്ക് പുഞ്ചിരിച്ച് അഭിവാദ്യം; കെ ടി ജലീല്‍ മടങ്ങി

എന്‍ഐഎക്ക് മുന്നില്‍ എട്ട്  മണിക്കൂര്‍, മാധ്യമങ്ങള്‍ക്ക് പുഞ്ചിരിച്ച് അഭിവാദ്യം; കെ ടി ജലീല്‍ മടങ്ങി

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് യുഎഇ കോണ്‍സുലേറ്റുമായി ഉയര്‍ന്ന പാഴ്സല്‍ വിവാദത്തില്‍ മന്ത്രി കെടി ജലീലിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. പുലര്‍ച്ചെ ആറ് മണിക്ക് കൊച്ചിയിലെ എന്‍ഐഎ ഓഫീല്‍ എത്തിയ അദ്ദേഹം വൈകീട്ട് നാല് മണിക്ക് ശേഷമാണ് മടങ്ങിയത്. രാവില 9 മണിയോടെ ആരംഭിച്ച ചോദ്യം ചെയ്യല്‍ എട്ട് മണിക്കൂറിലധികം നീണ്ടു നിന്നു. സ്വകാര്യ വാഹനത്തിലായിരുന്നു മന്ത്രി എന്‍ഐഎ ഓഫീസിലെത്തിയത്.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ ഇത് രണ്ടാം തവണയാണ് സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രിയായ കെടി ജലീലിനെ കേന്ദ്ര ഏജന്‍സി ചോദ്യം ചെയ്യുന്നത്. നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ജലീലിനെ ചോദ്യം ചെയ്തിരുന്നു. പിന്നാലെയാണ് എന്‍ഐഎയും നടപടികളുമായി മുന്നോട്ട് പോവുന്നത്.

യുഎഇ കോണ്‍സുലേറ്റിന്റെ പേരിലെത്തിയ പാഴ്സല്‍ പ്രോട്ടോക്കോള്‍ ലംഘിച്ച് കൈപ്പറ്റി എന്ന ആരോപണത്തിലാണ് ജലീലിനെ കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്യുന്നത്. എന്‍ഫോഴ്‌സമെന്റിന് ജലീല്‍ നല്‍കിയ മൊഴി എന്‍ഐഎ പരിശോധിക്കുന്നുണ്ട്. നയതന്ത്ര പാഴ്‌സല്‍ കേന്ദ്ര അനുമതിയില്ലാതെ വാങ്ങിയതില്‍ കസ്റ്റംസും ജലീലിനെ ചോദ്യം ചെയ്യും. ഖുര്‍ ആന്‍ ആണ് പാഴ്സലിലുണ്ടായിരുന്നതെന്നും ഇതാണ് വിതാരണം ചെയ്യാനായി കൈപ്പറ്റിയത് എന്നുമാണ് ജലീല്‍ പറയുന്നത്. കേന്ദ്രസര്‍ക്കാര്‍ അനുമതിയില്ലാതെ ഇത്തരത്തില്‍ പാഴ്സല്‍ കൈപ്പറ്റിയതില്‍ നേരത്തെ വിദേശകാര്യ മന്ത്രാലയം വിമര്‍ശനമുന്നയിച്ചിരുന്നു.

സ്വര്‍ണക്കടത്തോ മറ്റ് ഹവാല ഇടപാടുകളോ മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്യുന്നതിന്റെ മറവില്‍ നടന്നിട്ടുണ്ടോ എന്നാണ് ഏജന്‍സികള്‍ അന്വേഷിക്കുന്നത്. കോണ്‍സുലാര്‍ ജനറലിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് താന്‍ മതഗ്രന്ഥങ്ങള്‍ കൈപ്പറ്റിയത് എന്നാണ് ജലീലിന്റെ വിശദീകരണം. ചോദ്യം ചെയ്യലിന് കൊച്ചിയില്‍ ഹാജറായതിന് പിന്നാലെ തനിക്കെതിരെ ഉയരുന്ന പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് അന്വേഷണം തീരും വരെ മാത്രമാണ് ആയുസുള്ളു എന്ന പ്രതികരണവുമായി അദ്ദേഹം രംഗത്ത് എത്തിയിരുന്നു.

ലോകം മുഴുവന്‍ എതിര്‍ത്താലും സത്യം പുറത്ത് വരും. സത്യം സത്യമല്ലാതാവില്ല, ആരും വേവലാതിപ്പെടേണ്ടതില്ലെന്ന് വ്യക്തമാക്കുന്ന ജലീല്‍ മുസ്ലീം ലീഗിനെ വെല്ലുവിളിക്കുകയും ചെയ്യുന്നുണ്ട് സന്ദേശത്തില്‍. ഞാന്‍ പറയുന്നത് സത്യമാണ് വിശുദ്ധ ഗ്രന്ധത്തില്‍ തൊട്ട് സത്യം ചെയ്യാനുള്ള വെല്ലുവിളി എറ്റെടുക്കാന്‍ ലീഗ് തയ്യാറുണ്ടോ. കോണ്‍ഗ്രസ് -ബിജെപി ലീഗ് നേതാക്കളെപ്പോലെയാണ് എല്ലാവരുമെന്ന് അവര്‍ ധരിക്കരുത്. ലോകം മുഴുവന്‍ എതിര്‍ത്ത് നിന്നാലും സത്യം സത്യമല്ലാതാവില്ല. എന്നും കെ ടി ജലീല്‍ വ്യക്തമാക്കിയിരുന്നു.

കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് വ്യാപക പ്രതിഷേധങ്ങളും അരങ്ങേറുകയാണ്.

Next Story

Related Stories