TopTop
Begin typing your search above and press return to search.

ഒരാസൂത്രണവും ഇല്ലാതെ 'വികസിക്കുന്ന' കൊച്ചി; 'ഇതിനെല്ലാം കോടതിയില്‍ സമാധാനം പറയേണ്ടി വരും'-ഭാഗം 2

ഒരാസൂത്രണവും ഇല്ലാതെ വികസിക്കുന്ന കൊച്ചി; ഇതിനെല്ലാം കോടതിയില്‍ സമാധാനം പറയേണ്ടി വരും-ഭാഗം 2

ഒക്ടോബര്‍ 21 പുലര്‍ച്ചെ, രണ്ടര മണിയോടെ ആരംഭിച്ച്‌ രാവിലെ ഏഴു മണിയോടടുത്ത് വരെ പെയ്ത കനത്ത മഴയാണ് കേരളത്തിന്റെ മെട്രോ നഗരമായ കൊച്ചിയെ വെള്ളത്തില്‍ മുക്കിയത്. കേവലം നാല് മണിക്കൂറോളം മാത്രമാണ് മഴ നീണ്ടു നിന്നത്. ആ മഴ, തുടക്കത്തില്‍ ഉണ്ടായിരുന്ന അതേ ശക്തിയില്‍ ഉച്ചവരെയെങ്കിലും പെയ്തിരുന്നെങ്കിലോ? എന്താണ് കൊച്ചിയുടെ നഗരാസൂത്രണത്തില്‍ സംഭവിക്കുന്നത്? എന്തുകൊണ്ട് ഈ നഗരസഭയെ പിരിച്ചുവിടാന്‍ സംസ്ഥാന ഗവണ്‍മെന്‍റ് മടിക്കുന്നു എന്നുവരെ ഹൈക്കോടതി ചോദിച്ചുകഴിഞ്ഞു. ഇനിയൊരു പ്രളയം കൊച്ചി അതിജീവിക്കുമോ? അര്‍ബന്‍ ഫ്ലഡിനെ മുഖാമുഖം കണ്ടവര്‍ പ്രതികരിക്കുകയാണ് രാകേഷ് സനല്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍. (ഒന്നാം ഭാഗം ഇവിടെ വായിക്കാം: "ഇനിയൊരു പ്രളയം കൊച്ചി അതിജീവിക്കില്ല"; ആസൂത്രണമില്ലായ്മയുടെയും കഴിവുകേടിന്റെയും കോര്‍പ്പറേഷന്‍ ഭരണത്തില്‍ മെട്രോവാസികളുടെ ദുരിത ജീവിതം )

"ഇനിയൊരു പ്രളയം കൊച്ചി അതിജീവിക്കില്ല"; ആസൂത്രണമില്ലായ്മയുടെയും കഴിവുകേടിന്റെയും കോര്‍പ്പറേഷന്‍ ഭരണത്തില്‍ മെട്രോവാസികളുടെ ദുരിത ജീവിതം-ഭാഗം 2

ഒരു പ്ലാനുമില്ലാത്ത കോര്‍പ്പറേഷന്‍ ഭരണം

കഴിഞ്ഞ ഒമ്ബതു കൊല്ലമായി കൊച്ചി കോര്‍പ്പറേഷന്‍ ഭരിച്ചുകൊണ്ടിരിക്കുന്നവര്‍ തന്നെയാണ് നഗരത്തിന്റെ ഇപ്പോഴത്തെ ദുരവസ്ഥയുടെ കാരണക്കാര്‍ എന്നാണ് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നത്. കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് കെ ജെ ആന്റണി ഗുരുതരുമായ ആക്ഷേപങ്ങളാണ് ഭരണപക്ഷത്തിനെതിരേ ഉയര്‍ത്തുന്നത്. ഇത്ര കാലത്തിനിടയില്‍ ഡ്രെയിനേജ് മാസ്റ്റര്‍ പ്ലാന്‍ പോലും തയ്യാറാക്കാന്‍ കഴിയാത്ത ഭരണ സമതിയാണ് കോര്‍പ്പറേഷന്‍ ഭരിക്കുന്നതെന്നാണ് ആന്റണിയുടെ ആക്ഷേപം. കോടികളുടെ ഫണ്ടുകള്‍ നഗരസഭയ്ക്ക് ഉണ്ടെങ്കിലും നഗരത്തിനു പ്രയോജനകരമായി അവ വിനിയോഗിക്കുന്നില്ലെന്ന വിമര്‍ശമവും അദ്ദേഹത്തിനുണ്ട്. കെ ജെ ആന്റണിയുടെ വാക്കുകള്‍; '24 മണിക്കൂറിനുള്ളില്‍ രണ്ട് വേലിയേറ്റവും വേലിയിറക്കും ഉണ്ടാകുന്നുണ്ട്. എന്നാല്‍ വേലിയേറ്റ സമയത്തെയോ വേലിയിറക്ക സമയത്തെയോ വെള്ളം ഉള്‍ക്കൊള്ളാന്‍ കഴിയാത്ത കാനകളാണ് നഗരത്തിലുള്ളത്. നഗരത്തിന്റെ ഹൃദയത്തിലൂടെ പോകുന്ന പേരണ്ടൂര്‍ കനാല്‍ നാശോന്മുഖമായിട്ട് വര്‍ഷങ്ങളായി. ഇതുവരെ അതിന്റെ കാര്യത്തില്‍ കോര്‍പ്പറേഷന്‍ ഒന്നും ചെയ്തിട്ടില്ല. കാനകളിലെ വെള്ളം ചെന്നുചേരേണ്ടത് കനാലുകളിലേക്കാണ്. ചെളിയും മാലിന്യങ്ങളും നിറഞ്ഞ് കാനകളും കനാലുകളും കിടക്കുമ്ബോള്‍ എങ്ങനെയാണ് വെള്ളം ഒഴുകിപ്പോകുന്നത്. തേവരയില്‍ നിന്നും വെള്ളം കയറി വടുതല ഭാഗത്ത് കായലിലേക്കും കടലിലേക്കും ഒഴുകിയെത്തുകയും തിരിച്ചങ്ങോട്ടും ഒഴുകി പോവാനും വേണ്ടിയാണ് പേരണ്ടൂര്‍ കനാല്‍. ആ രീതിയില്‍ വെള്ളമൊഴുക്ക് പേരണ്ടൂര്‍ കനാലിലൂടെ നടക്കുന്നില്ല. പലയിടത്തും കനാല്‍ അടഞ്ഞു പോയി. ആറേകാല്‍ കിലോമീറ്ററോളം നീളമുള്ള കല്‍വത്തി-രാമേശ്വരം ബൗണ്ടറി കനാലും അടഞ്ഞു കിടക്കുകയാണ്. ഇവയുടെ നവീകരണവും ശുചീകരണവും ശാസ്ത്രീയമായി ചെയ്യേണ്ടതിനു പകരം ഏതെങ്കിലും കറാറുകാരന് കോടികള്‍ നല്‍കി വഴിപാടുപോലെ ഒപ്പിക്കുകയാണ്. എന്നിട്ട് ഇപ്പോള്‍ പഴി മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കാണ്. ഉദ്യോഗസ്ഥര്‍ അവരുടെ ജോലി ചെയ്യുന്നില്ലെങ്കില്‍ , അത് ഭരണാധികാരികളുടെ പിടിപ്പുകേടാണ്.

ചെലവന്നൂര്‍ കായലിന്റെ ഇപ്പോഴത്തെ സ്ഥിതി എന്താണ് ? നഗരത്തിലെ പ്രധാന തണ്ണീര്‍ തടാകമായിരുന്നു. പരമ്ബരാഗത മത്സ്യബന്ധനം നടന്നിരുന്നതാണ്. ആ ചെലവന്നൂര്‍ കായല്‍ ഇപ്പോള്‍ ചെളിനിറഞ്ഞ് നശിച്ചുകൊണ്ടിരിക്കുകയാണ്. നഗരപരിഷ്‌കരണം തോടുകളും കനാലുകളുും നികത്തിയല്ല നടത്തേണ്ടത്. എത്രയോ കോടികള്‍ ഉണ്ട് കോര്‍പ്പറേഷനുണ്ട്. അമൃത് പദ്ധതിയില്‍ തന്നെ 300 കോടിയോളം രൂപ കിട്ടിയിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കൊടുക്കുന്നത് വേറെ. ഇവ കൂടാതെയുള്ള മറ്റ് ചില ഫണ്ടുകള്‍. ഇതൊക്കെ എന്തു ചെയ്യുകയാണ് ? പരസ്പരം മിണ്ടാത്ത മേയറും ഡെപ്യൂട്ടി മേയറും ഉള്ളൊരു കോര്‍പ്പറേഷനില്‍ എന്തൊക്കെയാണ് നടക്കുന്നതെന്ന് ആരാണ് പറയുക ? ആരോടാണ് ചോദിക്കുക ?

എം ജി റോഡ് , പത്മ , മേനക , ജനറല്‍ ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ അമൃത് പദ്ധതിയില്‍പ്പെടുത്തി കാനകള്‍ ശുചീകരിക്കുമെന്നു പറഞ്ഞിരുന്നു. എന്നിട്ടെന്താണ് ചെയ്തത്. ചെളിയും മണ്ണും മാലിന്യങ്ങളും നീക്കം ചെയ്യാതെ , കാന മൂടിയ സ്ലാബ് തിരിച്ചും മറിച്ചും ഇട്ട് അതിന്റെ മുകളില്‍ ഡക്കറേഷന്‍ നടത്തി! എംജി റോഡിലെ കാനകളില്‍ കൂടി വെള്ളം ഒഴുകിപ്പോകുന്നില്ല. തിങ്കളാഴ്ച്ച തേവര മുതല്‍ മാധവ ഫാര്‍മസി ജംഗ്ഷന്‍ വരെയുള്ള എംജി റോഡ് ഭാഗം വെള്ളത്തില്‍ മുങ്ങിയതിന് കാരണമതാണ്. കോടികള്‍ മുടക്കി ഇവിടുത്തെ കാനകള്‍ നന്നാക്കിയതാണെന്നാണ് ഭരണസമതി പറയുന്നത്. പിന്നെ എന്താണ് സംഭവിച്ചത്. രാജാവ് വെറുത്താല്‍ കാട്ടില്‍ കിടക്കാം. ജനം വെറുത്താല്‍ ഒരിടത്തും രക്ഷയില്ലെന്നു പഴമക്കാര്‍ പറയാറുണ്ട്. ആ അവസ്ഥയായിരിക്കും കൊച്ചി കോര്‍പ്പറേഷന്‍ ഭരിക്കുന്നവരെ കാത്തിരിക്കുന്നത്.'

ഇതിനെല്ലാം കോടതിയില്‍ സമാധാനം പറയേണ്ടി വരും

ഒരാസൂത്രണവും ഇല്ലാതെ ' വികസിക്കുന്ന' നഗരമാണ് കൊച്ചിയെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്. യാഥാര്‍ത്ഥ്യമുള്ള കാര്യമെന്ന് ഈ വിമര്‍ശനത്തെ രാഷ്ട്രീയക്കാരും ജനപ്രതിനിധികളും അംഗീകരിക്കുന്നുമുണ്ട്. സാമ്ബത്തിക നേട്ടത്തില്‍ മാത്രം കണ്ണുവച്ച്‌ എല്ലാ അനധികൃത പ്രവര്‍ത്തനങ്ങള്‍ക്കും കൂട്ടുനില്‍ക്കാന്‍ ഉദ്യോഗസ്ഥരും ഭരണാധികാരികളും ശ്രമിക്കുന്നതാണ് കൊച്ചിയുടെ നാശത്തിന് കാരണമാകുന്നതെന്നാണ് പ്രധാന വിമര്‍ശനം. ഇപ്പോഴത്തെ കോര്‍പ്പറേഷന്‍ ഭരണസമിതിയും മേയര്‍ സൗമിനി ജയിനും വലിയ തോതിലാണ് അനധികൃത പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നതെന്ന ആരോപണമാണ് പരിസ്ഥിതി പ്രവര്‍ത്തകനും വിവരാവകാശ പ്രവര്‍ത്തകനുമായ ചെഷയര്‍ ടാര്‍സന്‍ ഉയര്‍ത്തുന്നത്. മേയര്‍ സൗമിനി ജയിനെ കോടതിയില്‍ നേരിടുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കുന്നുണ്ട്. ' നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫിയുടെ പഠന റിപ്പോര്‍ട്ട് അനുസരിച്ച്‌ മൂന്നു മീറ്റര്‍ താഴ്ന്നു കൊണ്ടിരിക്കുകയാണ് കൊച്ചി. ഇനിയൊരു സുനാമിയോ പ്രളയമോ ഈ നഗരം അതിജീവിക്കണമെന്നില്ല. ഇത്തരത്തില്‍ കൊച്ചിയെ തകര്‍ത്തതിന് ഇവിടുത്തെ കോര്‍പ്പറേഷന്‍ പ്രതിനിധികളാണ് ഉത്തരവാദികള്‍. ഭരണപക്ഷവും പ്രതിപക്ഷവും അതില്‍ ഉള്‍പ്പെടും. യാതൊരു ആസൂത്രണവും ഇല്ലാത്ത നഗരമാണ് കൊച്ചി. കുറെ പ്രോജക്ടുകള്‍ തയ്യാറാക്കും , അതിന്റെ പേരില്‍ കോടികള്‍ ചെലവഴിക്കും. നഗരസഭ പരിധിയില്‍ വരുന്ന എല്ലാ തോടുകളും തന്നെ കയ്യേറിയിരിക്കുകയാണ്. മേയര്‍ സൗമിനി ജയിന്‍ പ്രതിനിധീകരിക്കുന്ന ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയം ഉള്‍പ്പെടുന്ന ഈ ഡിവിഷനില്‍ (ചെട്ടിക്കര) മാത്രം എട്ട് തോടുകളുണ്ട്. ഇവ വന്നു ചേരുന്നതാണ് ചെലവന്നൂര്‍ കായല്‍. നഗരത്തിന്റെ പ്രധാന ജലസ്രോതസ്സായ ചെലവന്നൂര്‍ കായലിലാണ് നഗരസഭയും കെഎംആര്‍എല്ലും ചേര്‍ന്ന് ആകാശ പാതയായ പത്മസരോവരം പ്രൊജക്‌ട് കൊണ്ടുവന്നത്. ചെലവന്നൂര്‍ കായലില്‍ യാതൊു വിധ നിര്‍മാണ പ്രവര്‍ത്തനങ്ങളും പാടില്ലെന്ന് സുപ്രീം കോടതി ഉത്തരവ് ഉള്ളപ്പോള്‍ തന്നെയാണ് കായലിന്റെ മധ്യത്തിലൂടെ ബണ്ട് കെട്ടി ഇങ്ങനെയൊരു നീക്കം നടന്നതെന്നോര്‍ക്കണം. ഒടുവില്‍ പദ്ധതിക്ക് സ്റ്റേയും കിട്ടി. പക്ഷേ , ഇപ്പോഴും കായലിന്റെ കുറുകെയുള്ള ബണ്ട് അവിടെ തന്നെയുണ്ട്. നഗരം വെള്ളത്തില്‍ മുങ്ങുന്നതിന് കാരണങ്ങള്‍ ഇതൊക്കെയാണ്. മേയര്‍ സൗമിനി ജയിന് ഇതിനു പിന്നില്‍ താത്പര്യങ്ങള്‍ ഉണ്ട്. അതിന്റെ സമാധാനം കോടതിയില്‍ ഞാന്‍ അവരെക്കൊണ്ട് പറയിപ്പിക്കുകയും ചെയ്യും. മേയറുടെ ഡിവിഷനില്‍ കൂടി തന്നെ പോകുന്ന പുഞ്ചത്തോട് കയ്യേറിയാണ് എസ് എഫ് എസിന്റെ ബില്‍ഡിംഗ് നില്‍ക്കുന്നതെന്ന കാര്യവും ജനം മറക്കരുത്.

തേവരയില്‍ നിന്നും തുടങ്ങി പനമ്ബള്ളി നഗര്‍ വഴി പേരണ്ടൂരില്‍ എത്തുന്ന , 10.5 കിലോമീറ്റര്‍ നീളവും 35 മീറ്റര്‍ വീതിയുള്ള പേരണ്ടൂര്‍ കനാലിലും വ്യാപകമായ കയ്യേറ്റമാണ് നടന്നിരിക്കുന്നത്. കലൂര്‍ , പിആന്‍ഡി കോളനി , കടവന്ത്ര മാര്‍ക്കറ്റ് , ഉദയ കോളനി , കരിത്തല , കമ്മട്ടിപ്പാടം , പുല്ലേപ്പടി , കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ വെള്ളം പൊങ്ങുന്നതിന് കാരണം പേരണ്ടൂര്‍ കനാലിന്റെ നാശമാണ്. കയ്യേറ്റം കൂടാതെ ഈ കനാല്‍ വേണ്ട രീതിയില്‍ ശുദ്ധീകരിക്കാറില്ലെന്നതും കോര്‍പ്പറേഷന്‍ ജനങ്ങളോട് കാണിക്കുന്ന ക്രൂരതയാണ്. 36 കോടിയാണ് കഴിഞ്ഞ വര്‍ഷം പേരണ്ടൂര്‍ കനാല്‍ നവീകരണത്തിനു വേണ്ടി ചെലവാക്കിയതെന്നു പറയുന്നു. എന്നിട്ടാണ് കഴിഞ്ഞ ദിവസം കനാല്‍ പോകുന്ന ഭാഗങ്ങളെല്ലാം വെള്ളത്തിനടിയിലായത്.

കൊച്ചി നഗരത്തില്‍ ഫലപ്രദമായ രീതിയില്‍ കാന നവീകരണം നടന്നിട്ട് എത്ര കാലമായി ? മെട്രോ നിര്‍മാണത്തിന്റെ ഭാഗമായി എം ജി റോഡിലെ കാനകള്‍ പൊളിച്ചു. അവയെല്ലാം പുനര്‍നിര്‍മിച്ചു നല്‍കാമെന്നു കെഎംആര്‍എല്‍ വാഗ്ദാനം ചെയ്തതാണ്. എംജി റോഡിലുള്ള നിര്‍മാണം കഴിഞ്ഞിട്ട് നാളുകളായി. കെഎംആര്‍എല്‍ ഇനിയവിടെ കാന പണിയില്ല. അവരും ചെയ്തില്ല , നഗരസഭയും ചെയ്തില്ല. ദുരിതം ജനം അനുഭവിച്ചു. മെട്രോയുടെ പേരില്‍ കെഎംആര്‍എല്‍ ചെയ്ത ദ്രോഹങ്ങളും കൂടി ഇപ്പോഴത്തെ വെള്ളക്കെട്ടിനു പിന്നില്‍ ഉണ്ടെന്ന് അറിഞ്ഞിരിക്കണം. മെട്രാ പാലത്തിനു വേണ്ടി നിര്‍മിച്ച പില്ലറുകളുടെ അവശിഷ്ടങ്ങള്‍ ഇവിടെയുള്ള കായലുകളിലും തോടുകളിലുമാണ്. ക്വിന്റലു കണക്കിന് കോണ്‍ക്രീറ്റ് അവശിഷ്ടങ്ങളാണ് വെള്ളത്തില്‍ കൊണ്ടുപോയിട്ട് മൂടിയത്.

ജനറല്‍ ഹോസ്പിറ്റലിനു അടുത്തള്ള കാനയുടെ വീതി കുറച്ചുകൊണ്ട് ഫൂട്പാത്ത് നിര്‍മിച്ചു നഗരസഭ എന്തു പരിഷ്‌കാരമാണ് ലക്ഷ്യമിട്ടത് ? അവിടെയും വെള്ളക്കെട്ടായി. പേരണ്ടൂര്‍ കനാല്‍ അവസാനിക്കുന്ന ചിറ്റൂര്‍ ഭാഗത്ത് വ്യാപകമായ തോതില്‍ കയ്യേറ്റം നടക്കുന്നുണ്ട്. കനാലുകളും കാനകളും ഇല്ലാതെ എങ്ങനെയാണ് വെള്ളം ഒഴുകുന്നത്. വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് നടന്നിരുന്നതെല്ലാം തടഞ്ഞു. പനമ്ബള്ളി നഗറും ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം നില്‍ക്കുന്നയിടവുമൊക്കെ കൃഷിനിലങ്ങളും പുഞ്ചപ്പാടങ്ങളുമായിരുന്നു. അവിടെയെല്ലാം ഇപ്പോള്‍ കെട്ടിടങ്ങള്‍ മാത്രമാണ്. സ്റ്റേഡിയത്തിന് പരിസരം മുഴുവന്‍ കയ്യേറ്റങ്ങളാണ്. ഇടപ്പള്ളി തോട് നികത്തിയല്ലേ ലുലു മാള്‍ സ്ഥിതി ചെയ്യുന്നത്. ഇടപ്പള്ളിയില്‍ വെള്ളം പൊങ്ങിയാല്‍ മഴയെ അല്ല കുറ്റം പറയേണ്ടത് , ലുലു മാള്‍ കെട്ടിയവരെയും കെട്ടാന്‍ ഒത്താശ ചെയ്തവരേയുമാണ്. തീരദേശ പരിപാലന നിയമം നിലനില്‍ക്കുന്ന മറൈന്‍ ഡ്രൈവില്‍ തന്നെ നഗരസഭയുടെ ഓഫീസ് പണിയാന്‍ തയ്യാറായൊരു നഗരസഭയാണ് ഇവിടെയുള്ളതെന്നതിനാല്‍ മറ്റുള്ള കയ്യേറ്റങ്ങള്‍ വര്‍ദ്ധിക്കുന്നതില്‍ അത്ഭുതപ്പെടാനുണ്ടോ ?


Next Story

Related Stories