TopTop
Begin typing your search above and press return to search.

എൻഫോഴ്സ്മെന്റ് അന്വേഷണം എന്തിനെക്കുറിച്ചാണെന്ന് അറിയില്ല: കിഫ്ബി സിഇഒ കെഎം എബ്രഹാം

എൻഫോഴ്സ്മെന്റ് അന്വേഷണം എന്തിനെക്കുറിച്ചാണെന്ന് അറിയില്ല: കിഫ്ബി സിഇഒ കെഎം എബ്രഹാം

യെസ് ബാങ്കിൽ പണം നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം സംബന്ധിച്ച് തനിക്ക് വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് കിഫ്ബി സിഇഒ ഡോ. കെഎം എബ്രഹാം. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. 250 കോടി രൂപ യെസ് ബാങ്കിൽ നിക്ഷേപിച്ചതുമായി ബന്ധപ്പെട്ടാണ് അന്വേഷണമുണ്ടെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂർ രാജ്യസഭയിൽ പറഞ്ഞത്. യുപിയിൽ നിന്നുള്ള സമാജ് വാദി പാര്‍ടി അംഗം ജാവേദ് അലി ഖാനാണ് ചോദ്യമുന്നയിച്ചത്. ചോദ്യത്തിലും മറുപടിയിലും എന്താണ് അന്വേഷണത്തിന്റെ അടിസ്ഥാനമെന്നത് വ്യക്തമല്ല.

യെസ് ബാങ്കിൽ 250 കോടി നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് പരാതി ലഭിച്ചിട്ടുണ്ടെന്ന് രാജ്യസഭയിൽ അനുരാഗ് താക്കൂർ നൽകിയ മറുപടിയിൽ പറയുന്നു. അന്വേഷണം തുടങ്ങിയിട്ടുണ്ടെന്ന് ഇഡി അറിയിച്ചെന്നും ഇപ്പോൾ കൂടുതൽ വിവരങ്ങൾ പുറത്തുവിടാനാകില്ലെന്നും രേഖാമൂലം നൽകിയ മറുപടിയിൽ പറയുന്നുണ്ട്.

യെസ് ബാങ്കിൽ നിക്ഷേപിച്ച 250 കോടി രൂപ ബാങ്കിന്റെ തകർച്ചയ്ക്കു മുമ്പുതന്നെ ഈ പണം പിൻവലിക്കുകയുണ്ടായി. 2019 ഓഗസ്റ്റ് 8നായിരുന്നു ഈ പിൻവലിക്കൽ ബാങ്കിന്റെ സാമ്പത്തികനില സകരാറിലാണെന്ന സൂചന കിട്ടിയ മാത്രയിൽ പണം പിൻവലിക്കുകയായിരുന്നു. ബാങ്കിന്റെ റേറ്റിങ് താഴുന്നത് കണ്ടതോടെയാണ് ഈ തീരുമാനമെടുത്തത്. കിഫ്ബി യെസ് ബാങ്കിൽ നിക്ഷേപം നടത്തുന്ന സന്ദർഭത്തിൽ ട്രിപ്പിൾ എ റേറ്റിങ് ഉണ്ടായിരുന്നു. ഇത് ക്രമേണം ഇടിയുന്നത് മനസ്സിലാക്കിയ കിഫ്ബി ഇൻവെസ്റ്റ്മെന്റ് മാനേജ്മെന്റ് സമിതി ഉടനെ പണം തിരിച്ചെടുക്കുകയായിരുന്നു.

ഇത് സംബന്ധിച്ച് പ്രതിപക്ഷ നേതാവാണ് ആദ്യം ആരോപണമുന്നയിച്ചത്. കിഫ്ബിക്ക് യെസ് ബാങ്കിൽ നിക്ഷേപമുണ്ടെന്ന് മാർച്ച് മാസത്തിലായിരുന്നു രമേശ് ചെന്നിത്തലയുടെ ആരോപണം. എന്നാൽ ഈ ആരോപണം അവാസ്തവമാണെന്നും നേരത്തെ നിക്ഷേപമുണ്ടായിരുന്നെങ്കിലും അത് കിഫ്ബി തിരിച്ചെടുത്തെന്നും ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഈ മേഖലയിലെ ഏറ്റവും മിടുക്കരായ ആളുകളാണ് കിഫ്ബിയുടെ നിക്ഷേപം കൈകാര്യം ചെയ്യുന്നതെന്നും അന്നദ്ദേഹം ചൂണ്ടിക്കാണിക്കുകയുണ്ടായി. ട്രിപ്പിൾ എ റേറ്റിങ്ങുള്ള ബാങ്കുകളിലേ കിഫ്ബിയുടെ പണംസൂക്ഷിക്കൂ. അതുതന്നെ ഒറ്റസ്ഥാപനത്തിലായി പലിശ കൂടുതൽ കിട്ടിയാലും ഇടില്ല. സുരക്ഷിതത്വം ഉറപ്പുവരുത്താൻ പല ബാങ്കുകളിലാണ് പണം നിക്ഷേപിക്കുന്നതെന്നും അദ്ദേഹം പറയുകയുണ്ടായി.

നിക്ഷേപം പിൻവലിച്ചത് ഉചിതമായ സമയത്താണെന്ന് കിഫ്ബി സിഇഒ കെഎം എബ്രഹാം പറയുന്നു. അന്വേഷണം എന്തിനെക്കുറിച്ചാണെന്ന് തനിക്ക് വിവരം കിട്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കിഫ്ബിക്ക് ലാഭമല്ലാതെ നഷ്ടമൊന്നും ഉണ്ടായിട്ടില്ല. ഏഴ് തവണയായി യെസ് ബാങ്കിൽ 832.21 കോടിയുടെ നിക്ഷേപം നടത്തി. റേറ്റിംഗ് ഇടിഞ്ഞതിനാൽ തുടർ നിക്ഷേപം നടത്തിയില്ല. ടെൻഡർ വിളിച്ചാണ് നിക്ഷേപത്തിന്റെ പലിശനിരക്ക് തീരുമാനിച്ചുറപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

അതെസമയം രാജ്യസഭയിൽ മന്ത്രി അനുരാഗ് താക്കൂർ നൽകിയ മറുപടിയിലും എന്തിനെക്കുറിച്ചാണ് അന്വേഷണമെന്നത് സംബന്ധിച്ച വിശദാംശങ്ങളില്ല. ആരാണ് പരാതി നൽകിയതെന്നതും വ്യക്തമല്ല.

ആരാണ് ചോദ്യമുന്നയിച്ച ജാവേദ് അലി ഖാൻ?

ഉത്തർപ്രദേശിൽ നിന്നുള്ള രാജ്യസഭാ മെമ്പറാണ് ജാവേദ് അലി ഖാൻ. ഇദ്ദേഹം സമാജ് വാദി പാർട്ടി അംഗമാണ്. പാർട്ടിയുടെ മൊറാദാബാദ് ജില്ലാ പ്രസിഡണ്ടായിരുന്നു. ഒരുതവണ യുപിയുടെ വിധാൻ സഭയിലേക്ക് മത്സരിച്ചിട്ടുണ്ട്.

Next Story

Related Stories