TopTop
Begin typing your search above and press return to search.

പ്രവാസികളും ഇതര സംസ്ഥാനങ്ങളിലെ മലയാളികളും എത്തുന്നു; കാത്തിരിക്കുന്നത് വലിയ വെല്ലുവിളി, എല്ലാ മുന്‍കരുതലുകളുമെടുത്ത് സര്‍ക്കാര്‍

പ്രവാസികളും ഇതര സംസ്ഥാനങ്ങളിലെ മലയാളികളും എത്തുന്നു; കാത്തിരിക്കുന്നത് വലിയ വെല്ലുവിളി, എല്ലാ മുന്‍കരുതലുകളുമെടുത്ത് സര്‍ക്കാര്‍

ഇതര സംസ്ഥാനത്തുള്ള മലയാളികള്‍ കേരളത്തിലേക്കെത്തി തുടങ്ങി. വാളയാറും മുത്തങ്ങയും അടക്കമുള്ള ചെക്ക്പോസ്റ്റുകള്‍ വഴി ഇതിനോടകം 515 പേര്‍ സംസ്ഥാനത്തേക്ക് എത്തി. വിവിധ സംസ്ഥാനങ്ങളിലുള്ള 1,66,263 പേരാണ് നോര്‍ക്ക വഴി രജിസ്റ്റര്‍ ചെയ്ത് നാട്ടിലേക്കെത്തുന്നത്. മൂന്ന് ദിവസത്തിനുള്ളില്‍ ഇവര്‍ കേരളത്തിലെ ആറ് അതിര്‍ത്തികള്‍ വഴി എത്തുമെന്നാണ് കണക്കാക്കുന്നത്. ഏഴാംതീയതി മുതല്‍ വിദേശ രാജ്യങ്ങളില്‍ നിന്നും കേരളത്തിലേക്ക് ആളുകളെ എത്തിച്ച് തുടങ്ങും. മാലിദ്വീപില്‍ നിന്നാണ് ആദ്യം ആളുകളെ എത്തിക്കുന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശരാജ്യങ്ങളില്‍ നിന്നും ആളുകളെ നാട്ടിലേക്കെത്തിക്കേണ്ടത് അനിവാര്യതയായി നില്‍ക്കുമ്പോഴും ഇത് പുതിയ വെല്ലുവിളിയായാണ് സര്‍ക്കാരും ആരോഗ്യ മേഖലയും കണക്കാക്കുന്നത്.

താരതമ്യേന കോവിഡ് വ്യാപന നിരക്ക് കുറഞ്ഞ സംസ്ഥാനമാണ് കേരളം. മരണ നിരക്കും മറ്റ് സംസ്ഥാനങ്ങളെയും രാജ്യങ്ങളെയും അപേക്ഷിച്ച് നോക്കുമ്പോള്‍ വളരെ കുറവാണ്. തുടക്കം മുതല്‍ കാട്ടിയ ജാഗ്രതയും ലോക്ക്ഡൗണ്‍ പ്രഖ്യാപനവും എല്ലാം ചേര്‍ന്ന് രോഗവ്യാപനത്തെ ഒരു പരിധിവരെ തടഞ്ഞ് നിര്‍ത്താനുമായി. എന്നാല്‍ അത്തരത്തില്‍ രോഗവ്യാപനം അധികം ഇല്ലാത്ത സംസ്ഥാനത്തേക്ക് രോഗവ്യാപനം ഏറി നില്‍ക്കുന്നയിടങ്ങളില്‍ നിന്ന് ആളുകള്‍ എത്തുന്നതോടെ കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരാനുള്ള സാധ്യത ആരോഗ്യ വകുപ്പ് മുന്നില്‍ കാണുന്നുണ്ട്. ഇത് മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ, തദ്ദേശ സ്വയംഭരണ വകുപ്പുകള്‍ തുടങ്ങി. എന്നാല്‍ അതിതീവ്രമായ ജാഗ്രതയിലൂടെയും നിരീക്ഷണ സംവിധാനത്തിലൂടെയും മാത്രമേ സംസ്ഥാനത്ത് വന്‍ തോതിലുള്ള രോഗവ്യാപനം തടയാന്‍ കഴിയൂ എന്നാണ് ഡോക്ടര്‍മാരടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നത്.

രോഗലക്ഷണങ്ങള്‍ കാണിക്കാത്തവരെ ഹോം ക്വാറന്റൈനില്‍ അയയ്ക്കും. അന്യ സംസ്ഥാനത്ത് നിന്നെത്തുന്നവര്‍ ക്വാറന്റൈന്‍ ലംഘിക്കുന്നില്ല എന്ന് ഉറപ്പ് വരുത്തേണ്ടത് തദ്ദേശ സ്ഥാപനങ്ങളുടേയും ആരോഗ്യപ്രവര്‍ത്തകരുടേയും ചുമതലയാവും. കൊറോണ രോഗബാധ വ്യാപകമായ സംസ്ഥാനങ്ങളില്‍ നിന്നുമെത്തുന്നവര്‍ രോഗ ലക്ഷണങ്ങള്‍ കാണിച്ചില്ലെങ്കിലും ഒരു പക്ഷേ രോഗവാഹകരായിരിക്കാം എന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇത്തരം സാഹചര്യത്തില്‍ ഹോം ക്വാറന്റൈന്‍ പോലും സുരക്ഷിതമാണോ എന്ന കാര്യത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ സംശയമുന്നയിക്കുന്നുണ്ട്.

ആരോഗ്യ പ്രവര്‍ത്തകയായ സലീന നാസിം പറയുന്നു, "ഇറ്റലിയുള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ ജോലിക്കും പഠനത്തിനും പോയവരാണ് ഇതേവരെ കേരളത്തില്‍ ഹോം ക്വാറന്റൈനില്‍ ഉണ്ടായിരുന്നവര്‍. അവരുടെ വീട്ടിലെ ജീവിത സാഹചര്യങ്ങള്‍ ഒരു പക്ഷേ ഐസൊലേഷന് സാധിക്കുന്നതുമായിരിക്കും. എന്നാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും അന്യ സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവര്‍ മധ്യവര്‍ഗമോ അതിലും താഴെയുള്ളവരോ ആയിരിക്കാം. അവര്‍ ഹോം ക്വാറന്റൈന്‍ എടുത്താലും രോഗസാധ്യതയുള്ളവരാണെങ്കില്‍ സമ്പര്‍ക്കം മൂലം മറ്റുള്ളവര്‍ക്കും പടരാനുള്ള സാധ്യത നിലനില്‍ക്കുന്നു", എന്നാണ്. എന്നാല്‍ പ്രായോഗികമായി ഇത് മാത്രമേ നിലവിലെ സാഹചര്യത്തില്‍ ചെയ്യാനാവൂ എന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു.

പ്രാഥമികമായി എടുക്കേണ്ട സുരക്ഷാ ക്രമീകരണങ്ങള്‍ തന്നെയായിരിക്കും ഇനിയും തുടരുക. സാമൂഹിക അകലവും സ്വയം സുരക്ഷയും എന്ന തലത്തിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളാവും നടത്തുക. എന്നാല്‍ രോഗവ്യാപനമുണ്ടാവുകയും കോവിഡ്-19 രോഗികളുടെ എണ്ണത്തില്‍ ഉയര്‍ച്ചയുണ്ടാവുകയും ചെയ്താല്‍ കേരളത്തിലെ ആശുപത്രികള്‍ എത്രത്തോളം അത് നേരിടാന്‍ സജ്ജമാണെന്ന സംശയം ഡോക്ടര്‍മാരുള്‍പ്പെടെ ചോദിക്കുന്നു. വലിയ നഗരങ്ങളില്‍ അതിനുള്ള സൗകര്യങ്ങള്‍ ലഭിച്ചാല്‍ പോലും കേരളത്തിലെ ഉള്‍പ്രദേശങ്ങളോ, പൊതുജനാരോഗ്യ സംവിധാനം ദുര്‍ബലവും പരിമിതവുമായ ഇടുക്കി, വയനാട്, കാസര്‍ഗോഡ്, പാലക്കാട് ജില്ലകളിലോ രോഗവ്യാപനമേറിയാല്‍ സ്ഥിതി ഗുരുതരമാവുമെന്നാണ് കണക്ക് കൂട്ടല്‍.

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് അതിര്‍ത്തികള്‍ വഴി ആളുകളെ കൂട്ടത്തോടെ എത്തിക്കുമ്പോള്‍ അതിര്‍ത്തി ജില്ലകളില്‍ രോഗവ്യാപന സാധ്യത 20 മുതല്‍ 40 ശതമാനം വരെ നിലനില്‍ക്കുന്നു എന്നും ഡോക്ടര്‍മാര്‍ പറയുന്നു. ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ ആയിരം പേര്‍ക്ക് 0.7 ബെഡ്ഡുകള്‍ മാത്രമാണ് ഇന്ത്യയിലെ ആശുപത്രികളില്‍ ഉള്ളത്. കേരളം ഇക്കാര്യത്തില്‍ ഏറെ മുന്നിലാണെങ്കിലും ചില ജില്ലകളിലും പ്രദേശങ്ങളിലുമുള്ള സൗകര്യങ്ങളുടെ പരിമിതികൂടി കണക്കിലെടുക്കണമെന്നും ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു. വെന്റിലേറ്റര്‍ സൗകര്യവും പരിമിതമാണ്. എന്നിരിക്കെ വലിയ തോതില്‍ രോഗവ്യാപനമുണ്ടായാല്‍ ആശുപത്രികള്‍ക്ക് കൈകാര്യം ചെയ്യാവുന്നതിനപ്പുറത്തേക്ക് കാര്യങ്ങള്‍ പോയേക്കുമെന്ന് മെഡിക്കല്‍ കോളേജ് അധികൃതരില്‍ ചിലരും അഭിപ്രായപ്പെടുന്നു.

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നാട്ടിലേക്ക് മടങ്ങുന്നതിനായി ഇതുവരെ നോര്‍ക്ക റൂട്‌സില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 4.13 ലക്ഷം,68,000 പ്രവാസികളാണ്. ഇതില്‍ 61,000 പേര്‍ തൊഴില്‍ നഷ്ടപ്പെട്ടവരുമാണ്. അതേസമയം, സാധിക്കുന്ന എല്ലാ വിധത്തിലും പ്രവാസികളെ സ്വീകരിക്കാന്‍ പൂര്‍ണ സജ്ജമാണ് കേരളം എന്നാണ് കണക്കുകള്‍. സര്‍ക്കാര്‍ - സ്വകാര്യ ആശുപത്രികള്‍, സ്‌കൂളുകള്‍, ഓഡിറ്റോറിയങ്ങള്‍, സ്‌റ്റേഡിയങ്ങള്‍, ഹോട്ടലുകള്‍,റിസോര്‍ട്ടുകള്‍, ആയുര്‍വേദ സെന്ററുകള്‍, ഐടിഐകള്‍ എന്നിവയടക്കം ആകെ 27,000-ത്തിലധികം കെട്ടിടങ്ങളാണ് സര്‍ക്കാര്‍ സജ്ജമാക്കിയിട്ടുണ്ട്. 6701 സര്‍ക്കാര്‍ ആശുപത്രികളിലായി 5549 കിടക്കകള്‍ സജ്ജീകരിക്കും. 1311 സ്വകാര്യ ആശുപത്രികളിലായി 72380, 747 ഹോസ്റ്റലുകളില്‍ 80842, 57 ഐടി ഐകളില്‍ 440, 1659 ഹോട്ടലുകളില്‍ 35650, 2184 ലോഡ്ജുകളില്‍ 33773, 723 റിസോര്‍ട്ടുകളില്‍ 11285, 128 ആയുര്‍വേദ സെന്ററുകളില്‍ 1858 എന്നിങ്ങനെ കിടക്കകള്‍ സജ്ജീകരിക്കും. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയം, ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം, എറണാകുളം ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം, കോഴിക്കോട് മെഡിക്കല്‍ കോളേജ് സ്‌റ്റേഡിയം എന്നിവിടങ്ങളും ക്വാറന്റൈന്‍ കേന്ദ്രങ്ങളാക്കും. രണ്ട് ലക്ഷം കിടക്കകളാണ് ലക്ഷമിട്ടതെങ്കിലും അരലക്ഷത്തില്‍ കൂടുതല്‍ കിടക്കകള്‍ കണ്ടെത്താന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. ഇത് രോഗലക്ഷണങ്ങള്‍ ഉള്ളവരെ ക്വാറന്റൈന്‍ ചെയ്യുന്നതിനും ചികിത്സിക്കുന്നതും ലക്ഷ്യമിട്ടുള്ളതാണ്.


കെ.ആര്‍ ധന്യ

കെ.ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

Next Story

Related Stories