ആലപ്പുഴ മാന്നാറില്‍ ഗള്‍ഫില്‍ നിന്നെത്തിയ യുവതിയെ തട്ടികൊണ്ടുപോയ സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാന്നാര്‍ സ്വദേശി പീറ്ററിനെയാണ് പിടികൂടിയത്. പീറ്ററാണ് അക്രമി സംഘത്തിന് വീട് കാണിച്ചുകൊടുത്തതെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.
തിങ്കളാഴ്ച പുലര്‍ച്ചയാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വീട്ടിലുണ്ടായിരുന്ന മാതാവിനെയും സഹോദരനെയും ബന്ദിയാക്കി യുവതിയെ തട്ടിക്കൊണ്ടുപോയത്. മാന്നാര്‍ കുരട്ടിക്കാട് ഏഴാം വാര്‍ഡില്‍ ഗ്രാമപഞ്ചായത്ത് ഓഫിസിന് സമീപം വിസ്മയ വിലാസത്തില്‍ (കോട്ടുവിളയില്‍) ബിനോയിയുടെ ഭാര്യ ബിന്ദുവിനെയാണ് (39) തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് ഇവരെ വടക്കഞ്ചേരി മുടപ്പല്ലൂരില്‍ ഇറക്കിവിട്ടു. ഇവര്‍ വടക്കഞ്ചേരി പൊലീസ് സ്റ്റേഷനില്‍ അഭയം തേടുകയായിരുന്നു.
അതേസമയം, സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് മാന്നാര്‍ കൊരട്ടിക്കാട് സ്വദേശിനി ബിന്ദു ചോദ്യം ചെയ്യലില്‍ പോലീസിനോട് സമ്മതിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഏറ്റവും ഒടുവില്‍ ദുബായില്‍ നിന്ന് മാലിദ്വീപ് വഴി കേരളത്തിലേക്ക് വന്നപ്പോള്‍ ഒന്നരക്കിലോ സ്വര്‍ണം കൊണ്ടുവന്നിരുന്നു. പിടിക്കെടുമെന്നായപ്പോള്‍ ഇത് വഴിയില്‍ ഉപേക്ഷിക്കുകയാണെന്നും ഇവര്‍ അന്വേഷണസംഘത്തിന് മൊഴി നല്കി. സംഭവത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞതായി അന്വേഷണസംഘം തിങ്കളാഴ്ച രാത്രി അറിയിച്ചിരുന്നു. ഇവര്‍ സ്വര്‍ണക്കടത്തുമായി ബന്ധമുള്ളവരാണ് സംഘമെന്നാണ് സൂചന.