TopTop
Begin typing your search above and press return to search.

ശബരിമല നട തുറക്കാന്‍ മണിക്കൂറുകള്‍ മാത്രം; ഈ മണ്ഡലകാലവും സംഘര്‍ഷഭരിതമാകുമോ?

ശബരിമല നട തുറക്കാന്‍ മണിക്കൂറുകള്‍ മാത്രം; ഈ മണ്ഡലകാലവും സംഘര്‍ഷഭരിതമാകുമോ?

മണ്ഡലപൂജയ്ക്കായി ശബരിമല നട തുറക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ സുപ്രിംകോടതി വിധിയില്‍ വ്യക്തത തേടുകയാണ് സംസ്ഥാന സര്‍ക്കാര്‍. ശബരിമലയില്‍ യുവതികള്‍ എത്തിയാല്‍ എന്തുചെയ്യണമെന്ന കാര്യത്തില്‍ സര്‍ക്കാരിന് ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെയും നിയമമന്ത്രി എകെ ബാലന്റെയും പ്രതികരണങ്ങളില്‍ ഈ ആശയക്കുഴപ്പം വ്യക്തമാണ്. അതിന് പുറമെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ പ്രകോപിതനായ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രതികരണം വേറെയും.

ഭരണഘടനാ ബെഞ്ചിന്റെ വിധി സുപ്രിംകോടതി സ്‌റ്റേ ചെയ്തിട്ടില്ലെന്നും സ്‌റ്റേയുടെ കാര്യത്തില്‍ സുപ്രിംകോടതി മുന്‍നിലപാട് തിരുത്തിയിട്ടില്ലെന്നുമാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. അതിനാല്‍ നിലവിലെ വിധി നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ശബരിമലയിലേക്ക് സ്ത്രീകള്‍ വന്നാല്‍ പുതിയ സാഹചര്യമനുസരിച്ച് തിരുമാനമെടുക്കുമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. എന്നാല്‍ ശബരിമലയിലെത്തുന്ന യുവതികള്‍ക്ക് സംരക്ഷണം നല്‍കില്ലെന്നാണ് എകെ ബാലന്‍ പറയുന്നത്. ഏതെങ്കിലും സ്ത്രീകളെ ശബരിമല കയറ്റുന്ന പ്രശ്‌നമില്ലെന്നും ബാലന്‍ പറയുന്നു. കൂടാതെ സര്‍ക്കാരിന്റെ താങ്ങിലും തണലിലും സംരക്ഷണത്തിലും ആരെയും കയറ്റില്ലെന്നും ബാലന്‍ വ്യക്തമാക്കിയിട്ടുണ്ട്. സുപ്രിംകോടതി വിധിയെ രണ്ട് കയ്യും നീട്ടി സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് പറഞ്ഞ മന്ത്രി കടകംപള്ളി പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിനും പ്രകോപനമുണ്ടാക്കാനും ശ്രമിക്കരുതെന്നും പറഞ്ഞു. പുനഃപരിശോധനാ ഹര്‍ജികള്‍ വിശാല ബെഞ്ചിന് വിട്ടെങ്കിലും 2018 സെപ്തംബര്‍ 28ലെ വിധിക്ക് സ്റ്റേ ഇല്ലാത്തതിനാല്‍ വരുന്ന മണ്ഡല കാലത്ത് സ്ത്രീകളെത്തിയാല്‍ ശബരിമല കയറ്റുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള പ്രതികരണമായാണ് മന്ത്രി പ്രകോപിതനായത്. 'അനാവശ്യകാര്യങ്ങള്‍ ചോദിക്കരുത്, വിധി പഠിച്ച ശേഷം കൂടുതല്‍ പ്രതികരണം നടത്തും' എന്നായിരുന്നു മന്ത്രിയുടെ മറുപടി.

അതേസമയം ഭരണഘടനാ ബെഞ്ചിന്റെ യുവതീ പ്രവേശന വിധി സുപ്രിംകോടതി സ്‌റ്റേ ചെയ്തില്ലെന്ന കാരണത്താല്‍ യുവതികളെ പോലീസ് അകമ്പടിയോടെ സന്നിധാനത്ത് പ്രവേശിപ്പിക്കാന്‍ ശ്രമിക്കരുതെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടത്. സര്‍ക്കാര്‍ ഇനിയെങ്കിലും മുന്‍നിലപാട് തിരുത്തണം. ശബരിമല സംഘര്‍ഷ ഭൂമിയാക്കാനുള്ള ശ്രമങ്ങളുണ്ടാകരുത്. അത്തരം നടപടികള്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും അദ്ദേഹം പറയുന്നു. സുപ്രിംകോടതി വിധിയോടെ യുഡിഎഫ് നിലപാടാണ് ശരിയെന്ന് തെളിഞ്ഞതായി പറഞ്ഞ ഉമ്മന്‍ ചാണ്ടി ആക്ടിവിസ്റ്റുകളെ തിരഞ്ഞ് കണ്ടുപിടിച്ച് ശബരിമലയിലേക്ക് കൊണ്ടുപോയതാണ് പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണമായതെന്നും ആ നിലപാടില്‍ മാറ്റം വന്നതോടെയാണ് നാട്ടില്‍ സമാധാനം പുലര്‍ന്നതെന്നും ചൂണ്ടിക്കാട്ടി.

അതേസമയം ഇനിയും ശബരിമലയില്‍ യുവതികളെത്തിയാല്‍ തടയുമെന്നാണ് സംഘപരിവാര്‍ സംഘടനകള്‍ പറയുന്നത്. വിധി വക്രീകരിക്കാന്‍ നോക്കരുതെന്നായിരുന്നു മുന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ പ്രതികരണം. ഏഴംഗ ബെഞ്ചിന്റെ വിധി വരുന്നത് വരെ യുവതീ പ്രവേശനം പാടില്ലെന്നും കുമ്മനം ആവശ്യപ്പെടുന്നു. യുവതികള്‍ വന്നാല്‍ തടയുമെന്നാണ് കുമ്മനവും വ്യക്തമാക്കിയിരിക്കുന്നത്. ആദ്യവിധിയില്‍ അപാകതയുണ്ടെന്ന് കോടതിക്ക് ബോധ്യപ്പെട്ടതിനാലാണ് പുനഃപരിശോധനയ്ക്ക് വിട്ടതെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ പ്രതികരിച്ചു. സംസ്ഥാന സര്‍ക്കാര്‍ യുവതികളെ കയറ്റി അനാവശ്യ പ്രകോപനങ്ങള്‍ ഉണ്ടാക്കരുതെന്നും അന്തിമവിധി വരുന്നതുവരെ ശബരിമലയില്‍ പഴയ രീതി തുടരാന്‍ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. പഴയവിധിക്ക് സ്റ്റേ ഇല്ലെന്ന സാങ്കേതിക വശം പറഞ്ഞ് ആക്ടിവിസ്റ്റുകളെ കയറ്റാന്‍ ശ്രമിച്ചാല്‍ ബിജെപി ശക്തമായി പ്രതിഷേധിക്കുമെന്നും സുരേന്ദ്രന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിശ്വാസത്തിന്റെയും വിശ്വാസ സമൂഹത്തിന്റെയും വിജയമെന്നാണ് എന്‍എസ്എസ് പറഞ്ഞത്.

ഇതിനിടെ കഴിഞ്ഞ തവണ മല ചവിട്ടാന്‍ ശ്രമിച്ച് പിന്മാറിയ മനീതി സംഘം ഇത്തവണയും മല ചവിട്ടാന്‍ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. തൃപ്തി ദേശായി അടക്കം 36 വനിതാ ആക്ടിവിസ്റ്റുകളാണ് മലചവിട്ടാനൊരുങ്ങുന്നത്. കഴിഞ്ഞ തവണ മല ചവിട്ടാതെ മടങ്ങിയ തൃപ്തി ദേശായിയും ഈ മണ്ഡലക്കാലത്തിന്റെ തുടക്കത്തില്‍ തന്നെ മല ചവിട്ടാനെത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വിധിക്ക് സ്റ്റേ ഇല്ലെങ്കില്‍ ഇനിയും മലചവിട്ടുമെന്ന് കഴിഞ്ഞ തവണ മലചവിട്ടി ശബരിമല ദര്‍ശനം നടത്തിയ ബിന്ദു അമ്മിണിയും കനക ദുര്‍ഗയും വ്യക്തമാക്കിയിട്ടുണ്ട്. ഇവരെയെല്ലാം തടയുമെന്ന് സംഘപരിവാറും മുന്നറിയിപ്പ് നല്‍കുന്നു.

കഴിഞ്ഞ മണ്ഡലക്കാലത്ത് ശബരിമല ദര്‍ശനത്തിന് ശ്രമിച്ച യുവതികളെ തടയാനെന്ന പേരില്‍ നിരവധി അക്രമസംഭവങ്ങളാണ് സംസ്ഥാനത്തുടനീളമുണ്ടായത്. വലുതും ചെറുതുമായ പത്തിലേറെ ഹര്‍ത്താലുകള്‍ക്കും സംസ്ഥാനം സാക്ഷിയായി. മലകയറാനെത്തിയ സ്ത്രീകളും മാധ്യമപ്രവര്‍ത്തകരുമുള്‍പ്പെടെ ഒട്ടനവധി പേര്‍ ആക്രമിക്കപ്പെട്ടു. സന്നിധാനം മുതല്‍ സെക്രട്ടേറിയറ്റിന്റെ നടയില്‍ വരെ ആക്രമണങ്ങളുണ്ടായി. സുപ്രിംകോടതി വിധിയില്‍ അവ്യക്തത നിലനില്‍ക്കുന്നുവെന്ന് സര്‍ക്കാര്‍ തന്നെ പറയുന്ന സാഹചര്യത്തില്‍ ഇക്കുറിയും മണ്ഡലക്കാലം സംഘര്‍ഷഭരിതമാകുമോയെന്നാണ് ഇനി അറിയാനുള്ളത്.


Next Story

Related Stories