TopTop
Begin typing your search above and press return to search.

അഞ്ച് സഭാ മേധാവികളുടെ നിർദേശം ഓർത്തഡോക്സ് വിഭാഗം തള്ളി, പള്ളി തർക്കത്തിൽ അനുരഞ്ജനത്തിനില്ല

അഞ്ച് സഭാ മേധാവികളുടെ നിർദേശം ഓർത്തഡോക്സ് വിഭാഗം തള്ളി, പള്ളി തർക്കത്തിൽ അനുരഞ്ജനത്തിനില്ല

സഭാ തര്‍ക്കത്തില്‍ വീണ്ടും ഇടഞ്ഞ് ഓര്‍ത്തഡോക്സ് സഭ. സുപ്രീം കോടതി വിധിക്ക് മുകളില്‍ ഒരു ചര്‍ച്ചയും അനുരഞ്ജനവും ആവശ്യമില്ലെന്ന നിലപാടിലാണ് സഭാ അധികൃതര്‍. യാക്കോബായ-ഓര്‍ത്തഡോക്സ് തര്‍ക്ക പരിഹാരത്തിന് മറ്റ് ക്രൈസ്തവ സഭകള്‍ ഇടപെടാനുള്ള നീക്കം നടത്തുന്നതിനിടെയാണ് അതിന്റെ സാധ്യതകളെ തള്ളിക്കളഞ്ഞുകൊണ്ട് കാതോലിക്ക ബാവ രംഗത്തി വന്നത്. സെമിത്തേരിയും പള്ളികളുമായി ബന്ധപ്പെട്ട് തര്‍ക്കം തുടരുമ്പോള്‍ മറ്റ് സഭകളുടെ അനുരഞ്ജന ശ്രമം ഫലവത്താവും എന്ന വിശ്വാസത്തിലായിരുന്നു യാക്കോബായ വിശ്വാസികളും സഭാ അധികൃതരും. ഇതര സഭകളുടെ ഇടപെടല്‍ സര്‍ക്കാരും സ്വാഗതം ചെയ്തിരുന്നു. എന്നാല്‍ അതിനിടെയാണ് കോടതി വിധി നടപ്പാക്കണമെന്ന നിലപാടില്‍ നിന്ന് മാറ്റമില്ലെന്ന കാര്യം ഓര്‍ത്തഡോക്സ് സഭാ അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

ഓര്‍ത്തഡോക്സ്- യാക്കോബായ സഭകള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മധ്യസ്ഥ ശ്രമങ്ങള്‍ക്ക് തയ്യാറാണെന്ന് കാട്ടി അഞ്ച് സഭകളുടെ അധ്യക്ഷന്‍മാര്‍ ഇരുസഭകള്‍ക്കും കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഈ ക്ഷണം ബസേലിയോസ് മാര്‍ത്തോമാ കാതോലിക്കാ ബാവ തള്ളിക്കളഞ്ഞു. സുപ്രീം കോടതി വിധി അനുസരിക്കാത്തവരുമായി എന്ത് മധ്യസ്ഥ ചര്‍ച്ചയാണ് നടത്തേണ്ടത് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സമവായത്തിലൂടെ പ്രശ്ന പരിഹാരം ഉണ്ടാക്കാം എന്നായിരുന്നു മറ്റ് അഞ്ച് സഭാ അധ്യക്ഷന്‍മാര്‍ മുന്നോട്ട് വച്ച നിര്‍ദ്ദേശം. കര്‍ദ്ദിനാള്‍മാരായ മാര്‍ ജോര്‍ജ് ആലഞ്ചേരി, ബസേലിയോസ് മാര്‍ ക്ലീമസ്, ആര്‍ച്ച് ബിഷപ് സൂസെപാക്യം, ജോസഫ് മാര്‍ത്തോമാ മെത്രാപ്പോലീത്ത എന്നിവരാണ് ഇരു സഭകള്‍ക്കും നല്‍കിയ കത്തില്‍ ഒപ്പിട്ടിരിക്കുന്നത്. സുപ്രീം കോടതി വിധിയോടെ ഇരു വിഭാഗങ്ങളും തമ്മില്‍ ഭിന്നത രൂക്ഷമായിരിക്കുന്ന സാഹചര്യം കണക്കിലെടുത്ത് നവംബര്‍ 27ന് സഭാ അധ്യക്ഷന്മാര്‍ തിരുവനന്തപുരത്ത് യോഗം ചേര്‍ന്നിരുന്നു. സഭാ തര്‍ക്കം വേദനാജനകമായ സംഗതിയാണ്. ശവസംസ്‌ക്കാരം, പള്ളി പ്രവേശം തുടങ്ങിയവ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നത് ക്രൈസ്തവ സമൂഹത്തിന് വലിയ വേദന സൃഷ്ടിക്കുന്നു. അതുകൊണ്ട് സഭാ തര്‍ക്കം പരിഹരിക്കുന്നതിന് മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണ് എന്നും സഭാ അധ്യക്ഷന്‍മാര്‍ നല്‍കിയ കത്തില്‍ പറഞ്ഞിരുന്നു. ഈ നീക്കം യാക്കോബായ സഭ സ്വാഗതം ചെയ്തു. അനുരഞ്ജന നീക്കത്തോട് സഹകരിക്കുമെന്ന് യാക്കോബായ സഭാ അധ്യക്ഷന്‍മാര്‍ വ്യക്തമാക്കിയിരുന്നു. അതേസമയം ചര്‍ച്ചയ്ക്ക് ശേഷം പ്രതികരണം മതിയെന്നായിരുന്നു ഓര്‍ത്തഡോക്സ് സഭയുടെ നിലപാട്. സഭകളുടെ നീക്കം സ്വാഗതാര്‍ഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചിരുന്നു. തര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാര്‍ നേരത്തെ ഉപസമിതി രൂപീകരിച്ചു. നിരവധി തവണ കൂടിയാലോചനകള്‍ നടന്നു. ഒരു വിഭാഗത്തിന്റെ നിസ്സഹകരണമാണ് പ്രശ്ന പരിഹാരത്തിന് തടസ്സമായതെന്നും മുഖ്യമന്ത്രി പറഞ്ഞു. സഭാധ്യക്ഷന്‍മാര്‍ മുന്‍ കയ്യെടുത്ത് നടത്തുന്ന ശ്രമത്തിന് സര്‍ക്കാരിന്റെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത അദ്ദേഹം ഈ നീക്കത്തോട് ഇരു വിഭാഗവും ക്രിയാത്മകമായി സഹകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഏതെങ്കിലും വാശിയുടേയോ മുന്‍ധാരണയുടേയോ അടിസ്ഥാനത്തില്‍ അനന്തമായി നീണ്ടുപോകേണ്ടതല്ല ഇന്നത്തെ തര്‍ക്കവും പ്രശ്നങ്ങളും എന്ന തിരിച്ചറിവോടെയുള്ള പ്രതികരണമാണ് സമൂഹവും സര്‍ക്കാരും പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി ഇരുസഭകളോടുമായി പറഞ്ഞു. അടുത്ത കാലത്തായി സഭകള്‍ക്കുള്ളില്‍ മഞ്ഞുരുക്കത്തിന്റെ സാധ്യതകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. യാക്കോബായ സഭയുമായുള്ള തര്‍ക്കങ്ങള്‍ക്ക് രമ്യമായ പരിഹാരം കാണണമെന്ന് ഓര്‍ത്തഡോക്‌സ് സഭയിലെ മുതിര്‍ന്ന വൈദികരുള്‍പ്പെടെ 13 പേര്‍ ചേര്‍ന്ന് സഭാ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ പൗലോസ് രണ്ടാമന്‍ കാതോലിക്ക ബാവയ്ക്ക് നിവേദനം നല്‍കിയിരുന്നു. കോടതി വിധിയോടെ മലങ്കര സഭയുടെ ഒന്നായിത്തീരല്‍, വ്യവഹാര രഹിത സഭ, ശാശ്വത സമാധാനം എന്നീ ലക്ഷ്യങ്ങള്‍ കൈവരുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലുംസമീപ കാല സംഭവങ്ങള്‍ പ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിച്ചു എന്ന് വൈദികര്‍ കാതോലിക്ക ബാവയ്ക്ക് സമര്‍പ്പിച്ച നിവേദനത്തില്‍ പറയുന്നു. ഇപ്പോള്‍ നടക്കുന്ന അക്രമ പ്രവര്‍ത്തനങ്ങള്‍ അപലപനീയമാണ്. യാക്കോബായ അംഗങ്ങളുടെ ശവസംസ്‌ക്കാരം സംബന്ധിച്ചുണ്ടാകുന്ന തര്‍ക്കങ്ങളും അക്രമങ്ങളും ക്രൈസ്തവ സാക്ഷ്യത്തിന് എതിരാണ്. ഇത്തരം സാഹചര്യങ്ങള്‍ ഭാവിയില്‍ ഒഴിവാക്കാന്‍ അലിഖിതമായ ഒരു ധാരണയുണ്ടാവണം. തര്‍ക്കമുള്ള ഇടവകകളില്‍ മറുപക്ഷത്ത് നില്‍ക്കുന്ന സഹോദരങ്ങളെ സ്വാഗതം ചെയ്യണം. അവരെ മുറിപ്പെടുത്താതെയും വികാരങ്ങളെ വ്രണപ്പെടുത്താതെയുമുള്ള നടപടിയാണ് നമ്മുടെ ഭാഗത്ത് നിന്ന് ഉണ്ടാവേണ്ടതെന്നും നിവേദനത്തില്‍ പറയുന്നു. വിശ്വാസികളെ പള്ളികളില്‍ നിന്ന് ഇറക്കി വിടുന്നത് സംബന്ധിച്ചും അതില്‍ പരാമര്‍ശിക്കുന്നു. വിശ്വാസികളെ പുറത്ത് പോവാന്‍ നിര്‍ബന്ധിക്കുന്ന തത്പര ശക്തികള്‍ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നു. ആ വിശ്വാസികള്‍ പുറത്ത് പോയി പുതിയ പള്ളികള്‍ പണിയാന്‍ നിര്‍ബന്ധിതരാവുകയാണ്. അങ്ങനെ അവര്‍ സമൂഹത്തിന്റെ സഹതാപം നേടുന്നത് ആശാസ്യമല്ലെന്നും വൈദികര്‍ അതില്‍ പറഞ്ഞിരുന്നു. ഇത്തരത്തില്‍ ചര്‍ച്ച മുന്നോട്ട് കൊണ്ടുപോവാന്‍ കഴിഞ്ഞാല്‍ യാക്കോബായ വിശ്വാസികളേയും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞാല്‍ വര്‍ഷങ്ങളായുള്ള തര്‍ക്കങ്ങള്‍ക്ക് അവസാനമാവുമെന്ന പ്രതീക്ഷയാണ് യാക്കോബായ സഭാ അധികൃതര്‍ പങ്ക് വച്ചത്. എന്നാല്‍ ഈ നിവേദനത്തോടും അനുകൂലമായ നിലപാടല്ല സഭാ അധികൃതര്‍ സ്വീകരിച്ചത്. പകരം സുപ്രീ കോടതി വിധി പൂര്‍ണമായും നടപ്പാക്കണമെന്നും തങ്ങളുടെ വിശ്വാസ പ്രകാരം സെമിത്തേരികളില്‍ ശവമടക്ക് നടത്തുന്നതില്‍ എതിര്‍പ്പില്ലെന്നുമുള്ള നിലപാടില്‍ അവര്‍ ഉറച്ച് നിന്നു. യാക്കോബായ-ഓര്‍ത്തഡോക്‌സ് സഭാ തര്‍ക്കത്തില്‍ സര്‍ക്കാരിന് ചര്‍ച്ച നടത്താമെന്നാണ് അടുത്തിടെയുണ്ടായ സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. മലങ്കര സഭയുടെ കീഴിലുള്ള പള്ളികളിലെ സെമിത്തേരിയില്‍ ശവസംസ്‌ക്കാരം നടത്താനുള്ള അവകാശം വേണമെന്നാവശ്യപ്പെട്ട് യാക്കോബായ സഭ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം. യാക്കോബായ സഭക്കാര്‍ക്ക് ശവസംസ്‌ക്കാരം നടത്താന്‍ കോടതി അനുമതി നല്‍കിയില്ല. എന്നാല്‍ ഈ വിഷയത്തില്‍ സഭയ്ക്ക് നിയമനടപടികള്‍ സ്വീകരിക്കാമെന്ന് സുപ്രീംകോടതി പറഞ്ഞു. 2017ലെ കോടതി വിധിയുടെ അടിസ്ഥാനത്തിലാവണം ഇത്. നിയമത്തിനുള്ളില്‍ നിന്ന് കൊണ്ട് സംസ്ഥാന സര്‍ക്കാരിന് ചര്‍ച്ച നടത്താമെന്നും കോടതി അറിയിച്ചു. സര്‍ക്കാര്‍ ചര്‍ച്ചകള്‍ക്ക് മുന്‍കയ്യെടുത്ത് പരിഹാരം കാണുന്നത് ഗുണകരമാവുമെന്ന് യാക്കോബായ വിഭാഗം പറഞ്ഞപ്പോഴും ഓര്‍ത്തഡോക്സ് വിഭാഗം ഇക്കാര്യത്തില്‍ അഭിപ്രായം പറഞ്ഞില്ല. 2017ല്‍ സഭയുടെ 1934ലെ ഭരണ ഘടന അംഗീകരിച്ച് എല്ലാ പള്ളികളുടേയും അധികാരവും അവകാശവും ഓര്‍ത്തഡോക്സ് സഭയ്ക്ക് അനുവദിച്ച് കൊടുത്തുകൊണ്ടുള്ള സുപ്രീം കോടതിയുടെ ഉത്തരവ് വന്നതിന് ശേഷം വര്‍ഷങ്ങളായി തുടരുന്ന പള്ളിത്തര്‍ക്കം രൂക്ഷമായി. പരിഹാരം കാണാനാവാതെ തുടര്‍ന്ന പള്ളിത്തര്‍ക്കം ക്രമസമാധാനം തകര്‍ക്കുന്ന തരത്തിലേക്ക് വളര്‍ന്നു. പള്ളികളില്‍ നിന്ന് ഒഴിയില്ല എന്ന് യാക്കോബായ വിഭാഗവും സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന് ഓര്‍ത്തഡോക്സ് വിഭാഗവും കടുംപിടുത്തം പിടിച്ചതോടെ സര്‍ക്കാര്‍ വെട്ടിലായി. പോലീസിനെ ഉപയോഗിച്ച് ഓര്‍ത്തഡോക്സ് വൈദികരെ പള്ളികളിലെത്തിക്കാന്‍ ശ്രമിച്ചപ്പോഴെല്ലാം സംഘര്‍ഷങ്ങളും ആത്മഹത്യാ ശ്രമങ്ങളും വരെയുണ്ടായി. ഇതോടെ പ്രശ്നം രമ്യമായി പരിഹരിക്കാനായി സര്‍ക്കാര്‍ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചു. ഉപസമിതി മൂന്ന് വട്ടം ഇരു സഭകളേയും ചര്‍ച്ചകള്‍ക്ക് ക്ഷണിച്ചെങ്കിലും ഓര്‍ത്തഡോക്സ് വിഭാഗം ചര്‍ച്ചയില്‍ നിന്ന് വിട്ട് നിന്നു. ഇതോടെ ആ ശ്രമം പാഴായി. പിന്നീട് വിധി നടപ്പാക്കണമെന്ന് സുപ്രീം കോടതി സര്‍ക്കാരിന് അന്ത്യശാസനം നല്‍കി. പോലീസിന്റെ സഹായത്തോടെ 72 പള്ളികള്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിന്റേതായി. എന്നാല്‍ മറ്റിടങ്ങളില്‍ സംഘര്‍ഷം തുടരുകയാണ്. ഈ സാഹചര്യത്തില്‍ തര്‍ക്ക പരിഹാരത്തിന് നിയമ വിധേയമായി സര്‍ക്കാരിന് ഇടപെടാമെന്ന സുപ്രീം കോടതി പറഞ്ഞെങ്കിലും തര്‍ക്ക പരിഹാരത്തിന് ഏത് മാര്‍ഗം ഉപയോഗിക്കണമെന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ആശയക്കുഴപ്പത്തിലായിരുന്നു. ഇതിനിടെയാണ് ഓര്‍ത്തഡോക്സ് വൈദികരില്‍ നിന്നും മറ്റ് സഭാ അധ്യക്ഷന്‍മാരില്‍ നിന്നും അനുരഞ്ജന നീക്കമുണ്ടായത്. എന്നാല്‍ സഭാ അധികൃതര്‍ ഇതിനോടും നിസ്സഹകരണം പ്രഖ്യാപിച്ചതോടെ ആ പ്രതീക്ഷയ്ക്കും മ്ങ്ങലേല്‍ക്കുകയാണ്.


കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ഡപ്യൂട്ടി എഡിറ്റര്‍

Next Story

Related Stories