TopTop

വാളയാര്‍ കേസില്‍ പ്രതിഭാഗത്തിനു വേണ്ടി ഹാജരായ അഡ്വ. എന്‍ രാജേഷിനെ പാലക്കാട് ശിശുക്ഷേമ സമിതി ചെയര്‍മാന്‍ സ്ഥാനത്തു നിന്നും പുറത്താക്കി

വാളയാര്‍ കേസില്‍ പ്രതിഭാഗത്തിനു വേണ്ടി ഹാജരായ അഡ്വ. എന്‍ രാജേഷിനെ പാലക്കാട് ശിശുക്ഷേമ സമിതി ചെയര്‍മാന്‍ സ്ഥാനത്തു നിന്നും പുറത്താക്കി

വാളയാര്‍ കേസില്‍ പ്രതിഭാഗത്തിനു വേണ്ടി ഹാജരായ അഡ്വ. എന്‍ രാജേഷിനെ പാലക്കാട് ശിശുക്ഷേമ സമിതി(സിഡബ്ല്യുസി) ചെയര്‍മാന്‍ സ്ഥാനത്തു നിന്നും പുറത്താക്കി. അന്വേഷണ വിധേയമായി ഇയാള്‍ സസ്‌പെന്‍ഷനില്‍ ആയിരുന്നു. ശിശുക്ഷേമ സമിതി ചെയര്‍മാന്‍ സ്ഥാനം ദുരുപയോഗപ്പെടുത്തി വാളയാര്‍ കേസിലെ മൂന്നാം പ്രതിക്കു വേണ്ടി രാജേഷ് കോടതിയില്‍ ഹാജരായതും മറ്റൊരു പോക്‌സോ കേസിലും പ്രതികള്‍ക്കു വേണ്ടി സ്ഥാനം ദുരുപയോഗപ്പെടുത്തിയതിനുമെതിരേ സാമൂഹ്യ നീതി വകുപ്പിനു കിട്ടിയ പരാതിയില്‍ നടത്തിയ പ്രാഥമിക അന്വേഷണത്തിലായിരുന്നു രാജേഷിനെ ചെയര്‍മാന്‍ സ്ഥാനത്തു നിന്നും സിഡബ്ല്യുസി അംഗത്വത്തില്‍ നിന്നും താത്കാലികമായി മാറ്റി നിര്‍ത്തിയിരുന്നത്. പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് അഡ്വ. എന്‍ രാജേഷിനെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും പൂര്‍ണമായി മാറ്റിയിരിക്കുന്നത്. പാലക്കാട് ശിശുക്ഷേമ സമിതിയിലും ഇയാള്‍ ഇനി അംഗമായിരിക്കില്ല. ഭാവിയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കീഴില്‍ വരുന്ന കുട്ടികളുടെ സരംക്ഷണവുമായി ബന്ധപ്പെട്ട യാതൊരു സമിതികളിലേക്കും തെരഞ്ഞെടുക്കപ്പെടാന്‍ രാജേഷ് യോഗ്യനായിരിക്കില്ലെന്നും സാമൂഹ്യ നീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകറിന്റെ ഉത്തരവില്‍ പറയുന്നുണ്ട്.

വാളയാറില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് സഹോദരിമാര്‍ നിരന്തരമായ ലൈംഗിക ചൂഷണത്തിന് ഇരകളാവുകയും ഒടുവില്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെടുകയും ചെയ്ത കേസില്‍, ശിശു സംരക്ഷണ സമിതി ചെയര്‍മാന്‍ തന്നെ പ്രതിയുടെ വക്കാലത്ത് എടുത്തത് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. പ്രമാദമായ കേസിലെ എല്ലാ പ്രതികളെയും കോടതി വെറതെ വിട്ടയച്ചതിനു പിന്നാലെയാണ് രാജേഷിന്റെ ഇടപെടലും പുറത്താകുന്നത്. പ്രതിക്കു വേണ്ടി രാജേഷ് രണ്ടു തവണ കോടതിയില്‍ ഹാജരായതിന്റെ തെളിവുകള്‍ വരെ പുറത്തു വന്നിട്ടും എല്ലാം നിഷേധിച്ച് ശിശുക്ഷേമ സമിതി ചെയര്‍മാന്‍ സ്ഥാനത്ത് തന്നെ തുടരുകയായിരുന്നു രാജേഷ് ചെയ്തത്. വാളയാറില്‍ കേസ് കൂടാതെ, ശിശുക്ഷേമ സമിതിയുടെ കീഴിലുള്ള നിര്‍ഭയ ഹോമില്‍ പാര്‍പ്പിച്ചിരിക്കുന്ന മറ്റൊരു പോക്‌സോ കേസിലെ സാക്ഷിയേയും സ്വാധീനിക്കാന്‍ രാജേഷ് തന്റെ അധികാരം ദുര്‍വിനിയോഗം ചെയ്തിരുന്നു. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാണിച്ചു കൊണ്ട് നിര്‍ഭയ ഹോം ലീഗല്‍ അഡ്വൈസര്‍ സഹീറ നൗഫലും കേരള മഹിള സമാക്യയും സാമൂഹ്യ നീതി വകുപ്പിനു മുന്നില്‍ പരാതികള്‍ അയച്ചിരുന്നു. ഈ പരാതിയിന്മേല്‍ നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് പ്രകാരമായിരുന്നു രാജേഷിനെ ചെയര്‍മാന്‍ സ്ഥാനത്തു നിന്നും സിഡബ്ല്യുസി അംഗത്വത്തില്‍ നിന്നും താത്കാലികമായി മാറ്റി നിര്‍ത്തിയത്.

അപ്പോഴും രാജേഷ് പറഞ്ഞിരുന്നത്, 'ഇപ്പോഴത്തേത് അന്തിമമായ തീരുമാനം അല്ല. രാഷ്ട്രീയപ്രേരിതമായി ഉയര്‍ന്ന ആരോപണങ്ങളുടെ പേരില്‍ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിരിക്കുക മാത്രമാണ്. വിശദമായ അന്വേഷണം നടക്കുന്നുണ്ട്. അതിന്റെ റിപ്പോര്‍ട്ട് വരണം. രാജിവയ്ക്കുന്നതിനെക്കുറിച്ചോ സിഡബ്ല്യുസി ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് തിരിച്ചു വരുന്നതിനെക്കുറിച്ചോ ഇപ്പോള്‍ തീരുമാനം ഒന്നും എടുത്തിട്ടില്ല. അത്തരം തീരുമാനങ്ങളൊക്കെ അന്വേഷണ റിപ്പോര്‍ട്ട് വന്നതിനുശേഷം' എന്നുമായിരുന്നു. എന്നാല്‍ രാജേഷിനെതിരേയുള്ള പരാതികള്‍ അടിസ്ഥാനമുള്ളതാണെന്നു കണ്ടെത്തിയിരിക്കുകയാണ് ഇപ്പോഴത്തെ ഉത്തരവ്. വളരെ ഗുരുതരമായ കണ്ടെത്തലുകളാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ ഉള്ളത്.

നിര്‍ഭയ ഹോമിലെ പോക്‌സോ കേസ് സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതും വാളയാര്‍ കേസില്‍ പ്രതിക്കു വേണ്ടി ഹാജരായതും അതീവ ഗുരുതരമായ സാഹചര്യങ്ങളായിട്ടാണ് വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍, സാമൂഹ്യ നതി വകുപ്പ് ജോയിന്റ് സെക്രട്ടറി എന്നിവര്‍ സര്‍ക്കാരിന് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. രാജേഷ് പറഞ്ഞ വാദങ്ങളെല്ലാം ചെയ്ത കുറ്റങ്ങള്‍ മറച്ചു പിടിക്കാന്‍ വേണ്ടിയായിരുന്നുവെന്നാണ് ഈ അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

2019 ഡംസബര്‍ 21 ന് സര്‍ക്കാരിനു മുന്നില്‍ സമര്‍പ്പിച്ച വിശദമായ അന്വേഷണ റിപ്പോര്‍ട്ടില്‍, കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഉത്തരവാദിത്വപ്പെട്ടയാള്‍ അതിനെതിരായി പ്രവര്‍ത്തിക്കുകയാണുണ്ടായതെന്നും ജുവനൈല്‍ ജസ്റ്റീസ് അക്ടിന് വിരുദ്ധമായി കാര്യങ്ങള്‍ ചെയ്യുകയാണുണ്ടായതെന്നും വ്യക്തമാക്കുന്നു. ഇങ്ങനെയുള്ളൊരാള്‍ക്ക് ശിശുക്ഷേമ സമിതി ചെയര്‍മാന്‍ സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യതയില്ലെന്നും ഭാവിയില്‍ കുട്ടികളുമായി ബന്ധപ്പെട്ട യാതൊരു ഔദ്യോഗിക സമിതികളിലും രാജേഷിനെ അംഗമാക്കരുതതെന്നും റിപ്പോര്‍ട്ടില്‍ ആവിശ്യപ്പെടുന്നുണ്ട്.

അതേസമയം, അഡ്വ. എന്‍. രാജേഷ് പാലക്കാട് ശിശുക്ഷേമ സമിതി ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞുകൊണ്ട് രാജിക്കത്ത് നല്‍കിയിരുന്നതായും രാജി സ്വീകരിച്ചതായും സാമൂഹ്യ നീതി വകുപ്പ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നുണ്ട്. ഭാവിയില്‍ ശിശുക്ഷേമ സമിതിയുമായി ബന്ധപ്പെട്ട് ഇത്തരം പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അംഗങ്ങളെയും ചെയര്‍മാനെയും തെരഞ്ഞെടുക്കുന്നതില്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും ഉത്തരവില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.




2019 മാര്‍ച്ച് 6 നായിരുന്നു പാലക്കാട് ബാറിലെ മുതിര്‍ന്ന ക്രിമനല്‍ അഭിഭാഷകനും സിപിഎമ്മിന്റെ മുന്‍ ജനപ്രതിനിധിയുമായ അഡ്വ. എന്‍ രാജേഷ് ശിശുക്ഷേമ സമിതി ചെയര്‍മാനായി സ്ഥാനമേല്‍ക്കുന്നത്. കുട്ടികളുടെ സംരക്ഷണത്തിന് ഉത്തരവാദിത്വപ്പെട്ട ഈ സ്ഥാനത്തേക്ക് വന്നതിനു പിന്നാലെ തന്നെയാണ് ഒമ്പതും പതിമൂന്നും വയസുള്ള രണ്ടു പെണ്‍കുട്ടികള്‍ ലൈംഗിക ചൂഷണത്തെ തുടര്‍ന്ന് ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസിലെ പ്രതിക്കു വേണ്ടി രാജേഷ് കോടതയില്‍ ഹാജരാകുന്നതും. 2017 ല്‍ ചാര്‍ജ് ചെയ്ത കേസില്‍ പ്രതികളിലൊരാളായ പ്രദീപ് കുമാറിനു വേണ്ടിയാണ് ശിശുക്ഷേമ സമിതി ചെയര്‍മാന്‍ തന്നെ വക്കാലത്ത് എടുത്തത്. മേയ് രണ്ട്, മൂന്ന് തിയതികളില്‍ അഡ്വ. രാജേഷ് പ്രതിഭാഗത്തിനു വേണ്ടി കോടതിയില്‍ ഹാജരാവുകയും ചെയ്തിരുന്നു. ശിശുക്ഷേമ സമിതി ചെയര്‍മാനായതിനെ തുടര്‍ന്ന് താന്‍ കേസില്‍ നിന്നും ഒഴിഞ്ഞെന്നും പ്രതിക്ക് വേണ്ടി കോടതിയില്‍ ഹാജരായി എന്നത് തെറ്റായ വാര്‍ത്തയാണെന്നും രാജേഷ് പറഞ്ഞിരുന്നുവെങ്കിലും കോടതി രേഖകള്‍ തന്നെ ഈ വാദം തെറ്റാണെന്ന് തെളിയിച്ചിരുന്നു. മേയ് മൂന്നാം തീയതി തനിക്ക് ഈ കേസിനു വേണ്ടി ഹാജരാകാന്‍ കഴിയില്ലെന്നും താന്‍ ശിശുക്ഷേമ സമിതി ചെയര്‍മാന്‍ ആയതിനാല്‍ അതുമായി ബന്ധപ്പെട്ട് തിരക്കുണ്ടെന്നും കാണിച്ചായിരുന്നു കോടതിയില്‍ അവധി അപേക്ഷ നല്‍കിയത്. അവധി അനുവദിച്ചുകൊണ്ട് രാജേഷ് പറഞ്ഞ കാര്യങ്ങള്‍ കോടതി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇക്കാര്യം പിന്നീട് മാധ്യമങ്ങളിലൂടെ പുറത്തു വരികയും ചെയ്തിരുന്നു.

ഈ സംഭവത്തോളം തന്നെ ഗുരുതരമായ കുറ്റമായിരുന്നു രാജേഷ് നിര്‍ഭയ ഹോമില്‍ ചെന്ന് താന്‍ തന്നെ പ്രതിഭാഗം വക്കീലായിട്ടുള്ള മറ്റൊരു പോക്‌സോ കേസിലെ സാക്ഷിയെ സ്വാധീനിക്കാന്‍ നടത്തിയ ഇടപെടല്‍. ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്ത് വെറും നാല് ദിവസങ്ങള്‍ കഴിഞ്ഞപ്പോഴായിരുന്നു രാജേഷിന്റെ ഭാഗത്ത് നിന്നും ഇങ്ങനെയൊരു നീക്കം നടന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അമ്മയുടെയും അമ്മൂമ്മയുടെയും സഹായത്തോടെ ലൈംഗിക ചൂഷണത്തിന് വിധേയയാക്കിയതുമായി ബന്ധപ്പെട്ട പോക്‌സോ കേസ് അട്ടിമറിക്കാനായിരുന്നു ഇടപെടല്‍. ഈ കേസിലെ ഇരയായ പെണ്‍കുട്ടിയെ പാലക്കാട് ശിശുക്ഷേമ സമിതിയുടെ കീഴിലുള്ള നിര്‍ഭയ ഹോമിലായിരുന്നു പാര്‍പ്പിച്ചിരുന്നത്. കുട്ടിയുടെ അമ്മയും അമ്മൂമ്മയും കേസിലെ പ്രതികളാണ്. ഇരുവര്‍ക്കുമെതിരേ ബലാത്സംഗ കുറ്റകൃത്യങ്ങള്‍ക്കെതിരേ ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരം ചുമത്തുന്ന ക്രിമിനല്‍ വകുപ്പ് 376 ചുമത്തിയിരുന്നു. ഈ പ്രതികളുടെ വക്കാലത്താണ് എന്‍ രാജേഷ് ഏറ്റെടുത്തിരുന്നത്.

നിര്‍ഭയ ഹോം പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി സിഡബ്ല്യുസി ചെയര്‍മാന്‍, അംഗങ്ങള്‍, ഡിസ്ട്രിക് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ (ഡിസിപിഒ), നിര്‍ഭയ ഹോം ജീവനക്കാര്‍, നിര്‍ഭയ ലീഗല്‍ അഡ്വൈര്‍ എന്നിവര്‍ പങ്കെടുക്കുന്ന മാനേജ്‌മെന്റ് കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു രാജേഷ് തന്റെ കക്ഷിക്ക് അനുകൂലമായി കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയത്. പ്രസ്തുത കുട്ടിയുടെ പേര് എടുത്ത് പറഞ്ഞ്, ആ കേസുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ മാനേജ്‌മെന്റ് കമ്മിറ്റിയോഗത്തില്‍ ആവശ്യപ്പെട്ട രാജേഷ് നിര്‍ഭയ ഹോമില്‍ പോയി കുട്ടിയെ കാണാനും വാശിപിടിച്ചു എന്നാണ് ആരോപണം. കുട്ടിയെ അന്നു കാണാന്‍ കഴിഞ്ഞില്ലെങ്കിലും തന്റെ അധികാരം ഉപയോഗിച്ച് സര്‍ക്കാര്‍ സംരക്ഷണ കേന്ദ്രമായ നിര്‍ഭയയില്‍ നിന്നും സ്വകാര്യ സ്ഥാപനമായ ഒരു അനാഥാലയത്തിലേക്ക് പിന്നിട് കുട്ടിയെ മാറ്റുകയായിരുന്നു. ( ഈ വിഷയവുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോര്‍ട്ട് അഴിമുഖം പ്രസിദ്ധീകരിച്ചിട്ടുണ്ട്).

ശിശുക്ഷേമ സമിതി ചെയര്‍മാന്റെ ഭാഗത്ത് നിന്നുമുണ്ടായ നീക്കങ്ങള്‍ സംശയാസ്പദമായിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നിര്‍ഭയ ലീഗല്‍ അഡ്വൈസര്‍ അഡ്വ. സഹീറ നൗഫലിനും മഹിള സമാഖ്യ പ്രവര്‍ത്തകര്‍ക്കും ഇദ്ദേഹം തന്നെയാണ് ഈ കേസിലും പ്രതികളുടെ വക്കാലത്ത് എടുത്തിരിക്കുന്നതെന്നു മനസിലാകുന്നത്. തുടര്‍ന്നാണ് സാമൂഹ്യ നീതി വകുപ്പിന് പരാതി നല്‍കുന്നത്. തനിക്കെതിരേയുള്ള പരാതികളെല്ലാം രാഷ്ട്രീയപ്രേരിതമാണെന്നായിരുന്നു രാജേഷ് അഴിമുഖത്തോട് പറഞ്ഞിരുന്നത്. എന്നാല്‍, അഡ്വ. രാജേഷ് ശിശുക്ഷേമ സമിതി ചെയര്‍മാന്‍ സ്ഥാനം ദുരുപയോഗം ചെയ്തിട്ടുണ്ടെന്നുള്ള പരാതികളില്‍ യാഥാര്‍ത്ഥ്യമുണ്ടെന്നു തെളിയിക്കുന്നതാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ നടപടി.

Also Read:വാളയാര്‍ പീഡന പ്രതിയുടെ വക്കാലത്ത്; പാലക്കാട് ശിശു ക്ഷേമ സമിതി ചെയര്‍മാന്റെ ബന്ധത്തിനെ കുറിച്ച് റിപ്പോര്‍ട്ട് തേടി പട്ടിക ജാതി പട്ടിക വര്‍ഗ കമ്മീഷന്‍



Next Story

Related Stories