TopTop
Begin typing your search above and press return to search.

പ്രളയകാലത്തുപോലും കിണര്‍ വറ്റി, കുടിവെള്ളമിപ്പോള്‍ മാളുകാരുടെ കാരുണ്യം, കണ്ണൂരിലെ മാള്‍ നിര്‍മ്മാണത്തിന് പ്രാദേശിക രാഷ്ട്രീയക്കാരുടെ പിന്തുണയെന്ന് നാട്ടുകാര്‍

പ്രളയകാലത്തുപോലും കിണര്‍ വറ്റി, കുടിവെള്ളമിപ്പോള്‍ മാളുകാരുടെ കാരുണ്യം, കണ്ണൂരിലെ മാള്‍ നിര്‍മ്മാണത്തിന് പ്രാദേശിക രാഷ്ട്രീയക്കാരുടെ പിന്തുണയെന്ന് നാട്ടുകാര്‍

നിയമങ്ങള്‍ കാറ്റില്‍ പറത്തി നിര്‍മ്മിക്കപ്പെട്ട അഞ്ചാമത്തെ ഫ്ലാറ്റും കൊച്ചിയില്‍ തകര്‍ക്കപ്പെട്ട ജനുവരി 13 ന് കണ്ണൂര്‍ താഴെ ചൊവ്വയിലെ നാട്ടുകാര്‍ റോഡുപരോധിക്കുകയായിരുന്നു. താഴെ ചൊവ്വ ബൈപാസ് ജംഗ്ഷനില്‍ നിര്‍മിക്കുന്ന പടുകൂറ്റന്‍ മാളിന്റെ നിയമലംഘനങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്താന്‍ പ്രക്ഷോഭമല്ലാതെ മറ്റൊരു മാര്‍ഗവും നാട്ടുകാര്‍ക്കു മുന്നില്‍ ഇല്ലായിരുന്നു.

ഭൂമി കുഴിച്ച്‌ മാള്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയതോടെ ഒരിക്കലും വറ്റാത്ത കിണറുകളില്‍ പ്രളയ കാലത്തുപോലും വെള്ളം കിട്ടാതെയായി. ഗതികെട്ട് ജനങ്ങള്‍ പ്രതിഷേധത്തിനിറങ്ങിയപ്പോള്‍ വികസനത്തെ അട്ടിമറിക്കുന്നുവെന്ന പതിവ് ആരോപണങ്ങളുമായി ചില പ്രാദേശിക നേതാക്കളും രംഗത്തെത്തി. കോര്‍പ്പറേഷനാകട്ടെ ഇത് കക്ഷി രാഷ്ട്രീയ തര്‍ക്കത്തില്‍ മേല്‍ക്കൈ നേടാനുള്ള വിഷയം മാത്രവും. കണ്ണൂര്‍ ചൊവ്വയിലെ ജനങ്ങള്‍ കുടിവെള്ളം മുട്ടിക്കുന്ന വികസനത്തിനെതിരെ ഇപ്പോള്‍ സമര രംഗത്താണ്.

മാളിന്റെ നിര്‍മാണത്തിനായി മണല്‍ നിറഞ്ഞ ഭൂമി ഇടിച്ചു താഴ്ത്തിയതോടെ പ്രദേശത്തെ 70 വീട്ടുകാരുടെ കുടിവെളളമാണ് ഇല്ലാതായത്. ആയിരക്കണക്കിന് ലോഡ് മണലാണ് ഇവിടെ നിന്നും നീക്കം ചെയ്യപ്പെട്ടത്. രണ്ട് കുഴല്‍ കിണറുകളും കമ്ബനി നിര്‍മിച്ചിട്ടുണ്ട്.

അഞ്ച് സിനിമാ തീയറ്ററുകളടക്കമുളള ഷോപ്പിംഗ് മാള്‍ വരുന്നതോടെ നാടിന്റെ മുഖച്ഛായ തന്നെ മാറുമെന്നും വലിയ വികസനമാണ് നടക്കാന്‍ പോകുന്നതെന്നും പറഞ്ഞ പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ കിണര്‍ വറ്റിയപ്പോള്‍ പ്രതിഷേധം തണുപ്പിക്കാന്‍ ഭീഷണിയടക്കമുള്ള മുറകള്‍ പുറത്തിറക്കുകയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

പ്രദേശത്തെ കിണറുകള്‍ ഒരു തുള്ളി വെള്ളമില്ലാതെ പൂര്‍ണമായും വറ്റുന്നത് ഒന്‍പത് മാസം മുന്‍പാണ്. സമീപത്തെ കിണറുകള്‍ വറ്റിയതോടെ മാള്‍ അധികൃതര്‍ അവര്‍ക്ക് ടാങ്കറുകളില്‍ വെള്ളമെത്തിച്ചു നല്‍കി. പിന്നീട് പ്രദേശത്തെ മുഴുവന്‍ കിണറുകളും വറ്റി. ഇന്ന് ഇത്രയും വീടുകളിലേക്ക് ടാങ്കറുകളില്‍ വെള്ളമെത്തിച്ചു നല്‍കുന്നത് സ്വകാര്യ ഷോപ്പിംഗ് മാള്‍ അധികൃതരാണ്. പ്രശ്‌നം ഇത്രയും രൂക്ഷമായിട്ടും ഭരണ പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളോ കോര്‍പ്പറേഷന്‍ അധികാരികളോ പ്രശ്‌നത്തില്‍ ഇടപെടുകയോ കണ്ട ഭാവം നടിക്കുകയോ ചെയ്യാത്ത സാഹചര്യത്തിലാണ് തങ്ങള്‍ പ്രക്ഷോഭത്തിനിറങ്ങിയതെന്ന് നാട്ടുകാര്‍ പറയുന്നു.

താഴെ ചൊവ്വയില്‍ നിന്നും ആറ്റടപ്പയിലേക്ക് പോകുന്ന പി ഡബ്ല്യു ഡി റോഡരികില്‍ നിന്ന് രണ്ട് മീറ്റര്‍ മാറി പത്ത് മീറ്ററോളം ആഴത്തില്‍ കുഴിയെടുത്താണ് കെട്ടിടത്തിന്റെ നിര്‍മ്മാണം തുടങ്ങിയത്. ഇരുനില കെട്ടിടത്തിന്റെ ആഴത്തില്‍ മണല്‍ നീക്കം ചെയ്തതോടെ പ്രദേശത്തെ വെള്ളം മുഴുവന്‍ ഒഴുകി ഈ കുഴിയിലെത്തുകയായിരുന്നു. സമീപ പ്രദേശങ്ങളിലെ കിണറുകള്‍ വറ്റിയത് ഇതോടെയാണെന്ന് നാട്ടുകാര്‍ പറയുന്നു. മണല്‍ നീക്കി തയ്യാറാക്കിയ കുഴിയിലെ വെള്ളം പമ്ബു ചെയ്ത് ബൈപ്പാസ് റോഡിന്റെ ഓവുചാല്‍ വഴി കമ്ബനി ഒഴുക്കി വിട്ടു. നാട്ടിലെ മുഴുവന്‍ കിണറും വറ്റിയപ്പൊഴും മാള്‍ നിര്‍മാണക്കമ്ബനി വെള്ളം പമ്ബ് ചെയ്ത് വറ്റിച്ചുകൊണ്ടിരുന്നു.

ചട്ടങ്ങള്‍ ലംഘിച്ച്‌ റോഡിനോട് ചേര്‍ന്ന് കുഴിയെടുത്തതു മൂലം റോഡിന്റെ ടാറിംഗ് പൊട്ടി നടു ഭാഗത്ത് വിളളലും പ്രത്യക്ഷപ്പെട്ടു. റോഡ് ഇടിയും എന്നു വന്നതോടെയാണ് നാട്ടുകാര്‍ കഴിഞ്ഞ ദിവസം റോഡുപരോധിച്ചത്. നാട്ടുകാരുടെ പ്രതിഷേധത്തെ തണുപ്പിക്കാനും ഇല്ലാതാക്കാനും പ്രാദേശിക സി പി എം നേതൃത്വം ശ്രമിക്കുന്നു എന്ന ആരോപണവുമായി സ്ത്രീകളുള്‍പ്പടെയുള്ളവര്‍ രംഗത്തു വരികയും ചെയ്തിട്ടുണ്ട്.

കോര്‍പ്പറേഷന്റെ ഭരണം എല്‍.ഡി.എഫില്‍ നിന്നും യു.ഡി.എഫ് പിടിച്ചെടുത്തതോടെ പ്രശ്‌നത്തിന് രാഷ്ട്രീയ മാനം കൂടി കൈവന്നു. പഴയ ഭരണകാലത്താണ് മാള്‍ നിര്‍മാണത്തിനുള്ള അനുമതികള്‍ നല്‍കിയതെന്നും, അതെങ്ങനെ നല്‍കി എന്ന കാര്യം തങ്ങള്‍ പരിശോധിച്ചു വരികയാണെന്നും ഇപ്പോഴത്തെ മേയര്‍ സുമ ബാലകൃഷ്ണന്‍ പറയുന്നു.

'മാളിന്റെ പണി നടക്കുന്നത് കണ്ടിരുന്നു, പക്ഷേ ഇത്രയും ഗുരുതരമായ ചട്ടലംഘനം നടക്കുന്ന കാര്യം ശ്രദ്ധയില്‍ പെട്ടില്ല. വലിയൊരു മാള്‍ വലിയ പരസ്യ ബോര്‍ഡൊക്കെ വച്ച്‌ നിര്‍മാണം നടത്തുമ്ബോള്‍, നിയമപരമായി വേണ്ട കാര്യങ്ങളെല്ലാം ചെയ്തിരിക്കും എന്നാണ് കരുതിയത്. പക്ഷേ , ഇപ്പൊഴാണ് ഇതിന്റെ യഥാര്‍ത്ഥ വസ്തുത മനസിലാകുന്നത്. പി ഡബ്ല്യു ഡി റോഡിനോട് ചേര്‍ന്ന് പത്ത് മീറ്റര്‍ ആഴത്തില്‍ കുഴിയെടുത്താണ് അവര്‍ നിര്‍മാണം നടത്തുന്നത്. ഇതില്‍ കോര്‍പ്പറേഷന്‍ ഉചിതമായ നടപടി സ്വീകരിക്കും.'മേയര്‍ പറഞ്ഞു.

പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം കോര്‍പ്പറേഷന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നാട്ടുകാര്‍ ശക്തമായ പ്രതിഷേധമാണുയര്‍ത്തിയത്. പ്രദേശത്ത് ജലവിതരണക്കുഴലുകള്‍ സ്ഥാപിക്കാന്‍ 40 ലക്ഷം രൂപ തരാമെന്ന് കമ്ബനി സമ്മതിച്ചിട്ടുണ്ടെന്നും എന്നാല്‍ ആ തുക മതിയാകില്ലെന്നാണ് വാട്ടര്‍ അതോറിറ്റി എഞ്ചിനീയര്‍ അറിയിച്ചതെന്നും സി പി എം പ്രതിനിധി യോഗത്തില്‍ പറഞ്ഞു. പൈപ്പുവെള്ളമല്ല തങ്ങള്‍ക്ക് തങ്ങളുടെ കിണറുകളിലെ വെള്ളമാണ് വേണ്ടതെന്ന് നാട്ടുകാരില്‍ ചിലര്‍ നിലപാടെടുത്തു. യോഗത്തിനൊടുവില്‍ വിദഗ്ധ പരിശോധ പൂര്‍ത്തിയാകും വരെ നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ കമ്ബനിയ്ക്ക് നിര്‍ദേശം നല്‍കുമെന്ന് മേയര്‍ അറിയിച്ചു.

ചട്ടലംഘനങ്ങളുടെ പൂര്‍ണ ഉത്തരവാദിത്വം ഉദ്യോഗസ്ഥര്‍ക്കാണെന്ന് ഡപ്യൂട്ടി മേയറായ പി.കെ.രാഗേഷ് പറയുന്നു. പ്രദേശത്തെ കുടിവെളള ലഭ്യതയെ പോലും ബാധിച്ചപ്പോഴാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. പ്രതികരിക്കുന്ന നാട്ടുകാരെ ചിലര്‍ ഭീഷണിപ്പെടുത്തുകയും ചെയ്യുമ്ബോള്‍ ദുരൂഹമായ എന്തൊക്കെയോ ഇതിനു പിന്നിലുണ്ടെന്ന് സംശയിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മാളിന് നിര്‍മാണ അനുമതി നല്‍കിയ കാലത്ത് കോര്‍പ്പറേഷന്‍ ഭരിച്ച ഇടതുമുന്നണിയോടൊപ്പമായിരുന്നു ഇന്നത്തെ ഡപ്യൂട്ടി മേയറായ പി.കെ. രാഗേഷ് .

മാളിന് എങ്ങനെ അനുമതി കിട്ടിയെന്ന് അറിയില്ലെന്ന് വാര്‍ഡ് കൗണ്‍സിലറായ സയ്യിദ പറയുന്നു .

'ഈ പ്രദേശത്തു നിന്നും ഇത്രയും ആഴത്തില്‍ മണല്‍ നീക്കം ചെയ്യാന്‍ എങ്ങനെയാണ് അനുമതി കിട്ടിയത് എന്ന് മനസിലാകുന്നതില്ല. മുന്‍പ് ഇതുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയില്‍ ജിയോളജി വകുപ്പ് അധികൃതര്‍ പറഞ്ഞത് വലിയ പരിസ്ഥിതി ആഘാതമുണ്ടാകും എന്നു തന്നെയാണ്. എന്നിട്ടും അനുമതി ലഭിച്ചു എന്നത് ദുരൂഹമാണ്' സി.പി.എം കൗണ്‍സിലറായ സയ്യിദ പറയുന്നു.

റോഡ് ഇടിയുന്നത് ഒഴിവാക്കാന്‍ മാള്‍ അധികൃതര്‍ പാര്‍ശ്വ സംരക്ഷണ ഭിത്തി നിര്‍മിക്കാനുള്ള നീക്കം തുടങ്ങിക്കഴിഞ്ഞു. റോഡിന്റെ ഓവുചാല്‍ കമ്ബനി കയ്യേറിയതായും ആരോപണമുയര്‍ന്നിട്ടുണ്ട്.

റോഡിനേക്കാള്‍ വലിയ പ്രശ്‌നം കിണര്‍ വറ്റിയതാണെന്ന് പരിസരവാസിയായ രാജന്‍ പറയുന്നു .

'ഒരിക്കലും വറ്റാത്ത വെള്ളമാണ് ഞങ്ങളുടേത്. വീട്ടില്‍ പശുവിനെയും എരുമയെയും വളര്‍ത്താന്‍ പോലും സാധിച്ചിരുന്നു. ഇപ്പോള്‍ കിണറെന്നാല്‍ അടിത്തട്ടില്‍ വരണ്ട മണലുള്ള ഒരു കുഴി മാത്രമാണ്. എന്റേതു മാത്രമല്ല പ്രദേശത്തെ എല്ലാ കിണറുകളുടെയും അവസ്ഥ ഇതു തന്നെയാണ്. ഒന്‍പത് മാസം കൊണ്ട് കിണറ്റില്‍ മാറാല കെട്ടിക്കഴിഞ്ഞു. കേരളത്തില്‍ രണ്ടാം പ്രളയമുണ്ടായ ജൂലൈ - സെപ്റ്റംബര്‍ മാസങ്ങളില്‍ പോലും കിണറുകള്‍ വറ്റിത്തന്നെ കിടന്നു. മുറ്റത്തെ കിണറ്റില്‍ നിന്ന് യഥേഷ്ടം വെള്ളമെടുത്ത് ഉപയോഗിച്ച ഞങ്ങളിന്ന് ഈ മാളുകാരുടെ ഔദാര്യത്തിന് കാത്തു നില്‍ക്കുകയാണ്. അവര്‍ അവര്‍ക്കു തോന്നിയ സമയത്താണ് വാഹനത്തില്‍ വെള്ളവുമായി വരിക. വെള്ളം വരുന്ന സമയമറിയാത്തതിനാല്‍ മരണവീട്ടില്‍ പോലും പോകാന്‍ കഴിയാത്ത അവസ്ഥയിലാണ് നാട്ടുകാര്‍. കൗണ്‍സിലറോട് പല തവണ പറഞ്ഞു, ഒന്നും നടന്നില്ല'

വിതരണം ചെയ്യുന്ന വെള്ളത്തെ കുറിച്ചും വ്യാപകമായ പരാതിയുണ്ട്. മാളിന്റെ നിയമലംഘനങ്ങള്‍ക്ക് ചില പ്രാദേശിക നേതാക്കള്‍ കൂട്ടുനില്‍ക്കുകയാണെന്ന് പരിസരത്തെ വീട്ടമ്മമാര്‍ പറയുന്നു.

'ഈ പ്രശ്‌നം പുറം ലോകമറിയാതിരിക്കാന്‍ ചില പ്രാദേശിക പാര്‍ടി നേതാക്കള്‍ ശ്രമിക്കുന്നുണ്ട് എന്നു തന്നെ കരുതണം. വെളളത്തിന്റെ പ്രശ്‌നം പറഞ്ഞ് പരാതി കൊടുക്കാന്‍ പോയ അയല്‍ക്കാരിയായ ഒരു വീട്ടമ്മയെ നാട്ടുകാരുടെ യോഗത്തില്‍ വച്ച്‌ 'ആവശ്യമില്ലാത്ത പരാതിയുമായി നടന്നാല്‍ നിങ്ങള്‍ക്കെതിരെ കേസ് കൊടുത്ത് അകത്താക്കും' എന്ന് ഭീഷണിപ്പെടുത്തിയത് ഒരു സി.പി.എം നേതാവാണ്. ഞങ്ങള്‍ കമ്മറ്റിയുണ്ടാക്കിയിട്ടുണ്ട്, എല്ലാ പ്രശ്‌നവും ഞങ്ങള്‍ പരിഹരിക്കും എന്നൊക്കെയാണ് പാര്‍ടിക്കാര്‍ പറയുന്നത്. നാട്ടുകാര്‍ നേരിട്ട് പരാതി നല്‍കുന്നതിനെ നാളിതുവരെ നിരുല്‍സാഹപ്പെടുത്തുകയാണ് ഈ നേതാക്കള്‍ ചെയ്തത്. മാളിനെതിരെ സംസാരിക്കുന്നവരെ നാടിന്റെ വികസനത്തിന് തുരങ്കം വയ്ക്കുന്നവരെന്നു പറഞ്ഞ് ഒറ്റപ്പെടുത്തുകയാണ്.'

പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു പരിസരവാസി പറഞ്ഞു.

അതിനിടെ കഴിഞ്ഞ ദിവസം സ്ഥലം സന്ദര്‍ശിച്ച കണ്ണൂര്‍ ജില്ലാ മനുഷ്യാവകാശ സമിതി പ്രവര്‍ത്തകരെ സി.പി.എം ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഭീഷണിപ്പെടുത്തി എന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

'മറ്റെല്ലാ പ്രശ്‌നവും തീര്‍ന്നിട്ടാണോ ഈ മാളിന്റെ പ്രശ്‌നം നോക്കാന്‍ വന്നത് എന്നാണ് ഞങ്ങളോടവര്‍ ചോദിച്ചത്. അസഭ്യവും പറഞ്ഞു. പുറമേ നിന്ന് ആരും ഇങ്ങോട്ട് വരേണ്ടതില്ല എന്ന നിലപാടാണ് പ്രാദേശിക പാര്‍ടി നേതാക്കള്‍ സ്വീകരിക്കുന്നത്. ഒരു നാടിന്റെയാകെ കുടിവെള്ളം മുട്ടിയിട്ട് മാസം ഒന്‍പതായി, എന്നിട്ടും ഇതൊന്നും പുറം ലോകമറിഞ്ഞില്ല. നാട്ടുകാരുടെ പ്രതിഷേധങ്ങളെ ഒറ്റപ്പെടുത്തിയും ഭയപ്പെടുത്തിയും ഇല്ലാതാക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. നാട്ടുകാരുടെ പ്രതിഷേധത്തെ വഴിതിരിച്ചു വിടാനാണ് ജനകീയ കമ്മറ്റി ഉണ്ടാക്കിയത് എന്ന് പോലും സംശയിക്കേണ്ടിയിരിക്കുന്നു. മരടില്‍ ഫ്ലാറ്റ് പൊളിക്കുന്ന ദിവസം പോലും ഇത്തരം നിയമലംഘനങ്ങള്‍ക്ക് രാഷ്ട്രീയ നേതാക്കള്‍ പരസ്യമായി കൂട്ടുനില്‍ക്കുകയാണ്. ഇവിടെ വരാന്‍ പോകുന്നത് ഒരു മള്‍ടി പ്ലക്‌സ് ഷോപ്പിംഗ് മാളാണ്. ഞങ്ങള്‍ മനസിലാക്കുന്നത് കണ്ണൂര്‍ ജില്ലയിലെ തന്നെ ഏറ്റവും വലിയ ഷോപ്പിംഗ് മാളാണിത്. കോഴിക്കോട് ആസ്ഥാനമായ 'സെക്യൂറ' ഗ്രൂപ്പിന്റെതാണ് ഈ സ്ഥാപനം. പ്രത്യക്ഷത്തില്‍ തിരിച്ചറിയാവുന്ന നിരവധി നിയമലംഘനങ്ങള്‍ ഇവിടെ നടന്നിട്ടുണ്ട്. ടൗണ്‍ പ്ലാനര്‍ മുതല്‍ ജിയോളജി അധികാരികള്‍ വരെ ഇതിന് മറുപടി പറയേണ്ടതാണ്. തങ്ങള്‍ക്ക് ഒന്നുമറിയില്ലെന്നാണ് കേര്‍പ്പറേഷനിലെ ജനപ്രതിനിധികള്‍ പറയുന്നത്. ഇത് കമ്മീഷന്‍ വാങ്ങി നടക്കുന്ന വലിയൊരു ഒത്തു കളിയാണെന്നു തന്നെ ഞങ്ങള്‍ സംശയിക്കുന്നു. വലിയ മനുഷ്യാവകാശ ധ്വംസനമാണ് ഇവിടെ നടന്നിരിക്കുന്നത്, മുറ്റത്തെ കിണറ് വറ്റിച്ചിട്ട് പൈപ്പില്‍ വെള്ളം തരാം എന്നു പറയുകയാണ് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും. നീക്കം ചെയ്ത മണല്‍ പൂര്‍ണമായും അവിടെ തിരിച്ച്‌ നിക്ഷേപിച്ചാല്‍ മാത്രമേ വറ്റിയ കിണറുകളില്‍ വെള്ളം വരികയുള്ളൂ. അതിനുള്ള നടപടികളാണ് അധികൃതര്‍ സ്വീകരിക്കേണ്ടത്. '

മനുഷ്യാവകാശ സമിതി പ്രവര്‍ത്തകന്‍ പ്രേമന്‍ പാതിരിയാട് പറഞ്ഞു.

ആരെയും ഭീഷണിപ്പെടുത്തുന്ന സംഭവം അവിടെ ഉണ്ടായിട്ടില്ലെന്ന് സി.പി.എം. ലോക്കല്‍ സെക്രട്ടറി വിനോദന്‍ പറഞ്ഞു.

'മാളിന്റെ നിര്‍മാണത്തെ തുടര്‍ന്ന് രൂക്ഷമായ കുടിവെള്ള ക്ഷാമം നിലനില്‍ക്കുന്നുണ്ട്. കിണറുകളെല്ലാം വറ്റിയിട്ടുണ്ട്. പ്രശ്‌ന പരിഹാരത്തിനായി ജനകീയ കമ്മറ്റി രൂപീകരിച്ച്‌ പ്രവര്‍ത്തനം നടത്തി വരികയാണ്. കുടിവെള്ളത്തിന്റെ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള, നീക്കങ്ങള്‍ നടന്നു വരികയാണ്. പൈപ്പിടാനുള്ള ചിലവ് വഹിക്കാമെന്ന് മാള്‍ അധികൃതര്‍ ഉറപ്പു തന്നിട്ടുണ്ട്. മൂന്ന് മാസം മുന്‍പ് കളക്ടറുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയിലാണ് കുടിവെള്ള വിതരണം ആരംഭിക്കാനുള്ള തീരുമാനമെടുത്തത്. മറ്റുള്ള ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണ്', അദ്ദേഹം പറഞ്ഞു.


Next Story

Related Stories