TopTop
Begin typing your search above and press return to search.

'നടക്കുന്നത് കോടികളുടെ ഇടപാട്'; കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതി കേസില്‍ പ്രോസിക്യൂഷന്‍ അനുമതി നിഷേധിച്ച സര്‍ക്കാര്‍ തീരുമാനം വീണ്ടും കോടതി കയറുന്നു

നടക്കുന്നത് കോടികളുടെ ഇടപാട്; കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതി കേസില്‍ പ്രോസിക്യൂഷന്‍ അനുമതി നിഷേധിച്ച സര്‍ക്കാര്‍ തീരുമാനം വീണ്ടും കോടതി കയറുന്നു

കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതി കേസില്‍ പ്രോസിക്യൂഷന്‍ അനുമതി നിഷേധിച്ച സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പരാതിക്കാരന്‍ നിയമ നടപടിക്ക്. കോര്‍പ്പറേഷന് കോടികളുടെ നഷ്ടമുണ്ടാക്കിയ കേസില്‍ പ്രതികള്‍ക്കെതിരെ സിബിഐ പ്രോസിക്യൂഷന്‍ അനുമതി തേടിയിരുന്നു. എന്നാല്‍ അനുമതി നല്‍കേണ്ടതില്ല എന്നായിരുന്നു മന്ത്രിസഭാ തീരുമാനം. വകുപ്പ് മന്ത്രിയടക്കം ഒപ്പിട്ട ഫയല്‍ മന്ത്രിസഭാ യോഗത്തില്‍ മടങ്ങിയതിന് പിന്നില്‍ കുറ്റക്കാരെ രക്ഷിക്കാനുള്ള താത്പര്യമാണെന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. സിബിഐ പ്രതിപ്പട്ടികയില്‍ കശുവണ്ടി വികസന കോര്‍പ്പറേഷന്‍ മുന്‍ എംഡി കെ എ രതീഷ് ഒന്നാം പ്രതിയും മുന്‍ ചെയര്‍മാനും ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ രണ്ടാം പ്രതിയുമാണ്. കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി കേസില്‍ കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കുമെന്നത് എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം കൂടിയായിരുന്നു. എന്നാല്‍ അഴിമതി നടന്നിട്ടുണ്ടെന്ന് കണ്ടെത്തി പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി സിബിഐ തേടിയപ്പോള്‍ സര്‍ക്കാര്‍ മറുകണ്ടം ചാടിയതില്‍ തൊഴിലാളികള്‍ക്കിടയില്‍ വലിയ പ്രതിഷേധമാണുയര്‍ന്നിട്ടുള്ളത്. ഇതിനെതിരെ കോടതിയെ സമീപിക്കാനാണ് പരാതിക്കാരനായ കടകംപള്ളി മനോജിന്റെ തീരുമാനം.

രണ്ട് മാസം മുമ്പാണ് നിലവില്‍ ഖാദി ബോര്‍ഡ് സെക്രട്ടറിയായ കെ എ രതീഷിനെയും ആര്‍ ചന്ദ്രശേഖരനേയും പ്രോസിക്യൂട്ട് ചെയ്യാന്‍ സിബിഐ സര്‍ക്കാരിന്റെ അനുമതി തേടിയത്. പ്രോസിക്യൂഷന്‍ അനുമതി നല്‍കണമെന്നായിരുന്നു വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയുടെ നിലപാട്. മന്ത്രി ഫയലില്‍ ഒപ്പുവച്ചു. എന്നാല്‍ കഴിഞ്ഞയാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം പ്രതികളെ പ്രോസിക്യൂട്ട് ചെയ്യേണ്ട എന്ന തീരുമാനത്തിത്തി. ഇക്കാര്യം സിബിഐ യെ അറിയിച്ചു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതി സിപിഎം കൊല്ലം ജില്ലാ നേതൃത്വം മുഖ്യവിഷയമാക്കിയിരുന്നു. അധികാരത്തിലേറിയാല്‍ തോട്ടണ്ടി അഴിമതി നടത്തിയവരെ നിയമത്തിന് മുന്നില്‍ എത്തിക്കുമെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയും മറ്റ് നേതാക്കളും പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ വന്‍ ക്രമക്കേട് തെളിയിക്കുന്ന രേഖകള്‍ സഹിതം കേസിലെ മുഖ്യപ്രതികളെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി തേടിയിട്ടും അത് നല്‍കാത്തതില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ അസംതൃപ്തിയുണ്ട്.

സിബിഐ റിപ്പോര്‍ട്ട് അതേപടി അംഗീകരിച്ച മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ഫയല്‍ മുഖ്യമന്ത്രിക്ക് കൈമാറി. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് അത് നിയമോപദേശത്തിന് വിടുകയായിരുന്നു. സിബിഐ കണ്ടെത്തലുകള്‍ നിലനില്‍ക്കുന്നതല്ലെന്ന നിയമപദേശം ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ അനുമതി നിഷേധിച്ചത്. മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ പ്രതികരണം ഇങ്ങനെ, "പ്രോസിക്യൂട്ട് ചെയ്യാന്‍ കാരണമില്ലെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ നിയമോപദേശം നല്‍കിയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ തീരുമാനമെടുത്തത്. ഇക്കാര്യത്തില്‍ ഇനി സര്‍ക്കാരിന് ചെയ്യാന്‍ ഒന്നുമില്ല. സര്‍ക്കാര്‍ തീരുമാനത്തില്‍ അസംതൃപ്തിയുണ്ടെങ്കില്‍ അവര്‍ക്ക് വീണ്ടും കോടതിയെ സമീപിക്കാം". നിയമോപദേശ പ്രകാരമാണ് പ്രോസിക്യൂഷന്‍ അനുമതി നിഷേധിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞിരുന്നു. കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐ കണ്ടെത്തിയതൊന്നും ശരിയല്ലെന്ന നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ഉള്‍പ്പെടെയുള്ള പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കാത്തത്. വിശദമായ നിയമ പരിശോധന ഈ കേസില്‍ നടന്നിരുന്നു. അന്വേഷണത്തില്‍ പറഞ്ഞ സാങ്കേതികമായ കാര്യങ്ങള്‍ ബോര്‍ഡിന്റെ അറിവോടെയാണോ നടന്നത്, സാധാരണ സമ്പ്രദായം എന്താണ് എന്നിവയൊക്കെ പരിശോധിച്ചു. പ്രതി ചേര്‍ക്കപ്പെട്ടവരെ ഏതെങ്കിലും പ്രത്യേക കേസുമായി ബന്ധപ്പെട്ട് കുറ്റപ്പെടുത്താന്‍ ന്യായം കാണുന്നില്ല. അതൊന്നും ഒറ്റപ്പെട്ടതല്ല. നേരത്തെ നടന്നുവരുന്ന സമ്പ്രദായങ്ങളുടെ തുടര്‍ച്ചയാണ്. ഒരു കാര്യത്തിലും സിബിഐ കണ്ടെത്തിയ കാര്യങ്ങള്‍ സാധൂകരിക്കാനാവില്ല. അത്തരം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി കൊടുക്കാനാവില്ലെന്നുമാണ് മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.

2005 മുതല്‍ 2015 വരെ കോര്‍പ്പറേഷനില്‍ നടന്ന തോട്ടണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ട അഴിമതികളാണ് സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയത്. സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍ മാര്‍ഗനിര്‍ദ്ദേശങ്ങളും സ്റ്റോര്‍ പര്‍ച്ചേസ് മാന്വലും ടെന്‍ഡര്‍ വ്യവസ്ഥകളുമെല്ലാം അട്ടിമറിച്ച് സ്വകാര്യ കമ്പനിയില്‍ നിന്ന് തോട്ടണ്ടി വാങ്ങിയതിലൂടെ കോടികളുടെ അഴിമതി നടന്നു എന്നായിരുന്നു അന്വേഷണത്തിലെ കണ്ടെത്തല്‍. 2015ല്‍ അഴിമതിയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകന്‍ കടകംപള്ളി മനോജ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് സിബിഐ കേസ് ഏറ്റെടുക്കുന്നത്. സിബിഐ അന്വേഷണത്തിന് മുമ്പ് 12 റിപ്പോര്‍ട്ടുകളെങ്കിലും അഴിമതി തെളിയിക്കുന്നതായി വന്നിട്ടുണ്ടെന്നും സിബിഐ അന്വേഷണത്തിലും അത് തെളിഞ്ഞിട്ടും സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ അനുമതി നിഷേധിച്ചത് ഞെട്ടലുണ്ടാക്കിയെന്നും പരാതിക്കാരനായ കടകംപള്ളി മനോജ് പറയുന്നു, "1970 മുതല്‍ 2005 വരെ കോര്‍പ്പറേഷന്റെ നഷ്ടം 455 കോടി രൂപയാണെന്നാണ് കോര്‍പ്പറേഷന്‍ നല്‍കുന്ന കണക്ക്. എന്നാല്‍ 2005 മുതല്‍ 2015 വരെയുള്ള പത്ത് വര്‍ഷത്തില്‍ ഇത് ആയിരം കോടിക്ക് മുകളിലായി. ഇതിനെതിരെ സര്‍ക്കാരില്‍ ഞാന്‍ പരാതി നല്‍കി. പിന്നീട് ധനകാര്യ വകുപ്പ്, വ്യവസായ വകുപ്പ്, വിജിലന്‍സ്, കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍, നിയമസഭാ സമിതി എന്നിങ്ങനെ സര്‍ക്കാരിന്റെ വിവിധ ഏജന്‍സികള്‍ സമര്‍പ്പിച്ച 12 റിപ്പോര്‍ട്ടുകളില്‍ തോട്ടണ്ടി ഇറക്കുമതിയില്‍ അഴിമതിയുണ്ടെന്ന് വ്യക്തമാക്കുന്നു. എന്നാല്‍ എംഡിയേയും ചെയര്‍മാനേയും മാറ്റണമെന്ന് പറയുന്നവരെയാണ് സര്‍ക്കാര്‍ മാറ്റിക്കൊണ്ടിരുന്നത്. അതിനാലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുന്നത്. കോടതിയില്‍ അന്നത്തെ ഫിനാന്‍സ് അഡീഷണല്‍ സെക്രട്ടറി കെ എം എബ്രഹാം നല്‍കിയ റിപ്പോര്‍ട്ടിലും വന്‍ അഴിമതിയുണ്ടെന്ന് വ്യക്തമാക്കിയിരുന്നു".

കോടതിയില്‍ കേസ് നടക്കുന്നതിനിടയില്‍ സര്‍ക്കാര്‍ ഇതന്വേഷിക്കാന്‍ പി എച്ച് കുര്യന്റെ നേതൃത്വത്തില്‍ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചു. സമിതിയുടെ റിപ്പോര്‍ട്ടിലും കോര്‍പ്പറേഷനിലെ ക്രമക്കേടും അഴിമതിയും വെളിവായി. തുടര്‍ന്ന് അഴിമതിയില്‍ വിജിലന്‍സ് അന്വേഷണം നടത്താം എന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ഇന്റര്‍നാഷണല്‍ ട്രേഡിങ്ങ് ആയതിനാല്‍ സിബിഐ തന്നെ അന്വേഷിക്കണം എന്ന് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. 1200 കോടിരൂപയുടെ സഞ്ചിത നഷ്ടം ഇക്കാലയളവില്‍ ഉണ്ടായതായാണ് കണക്കാക്കുന്നത്. "ടെന്‍ഡര്‍ വിളിക്കാതെയും, ടെന്‍ഡര്‍ വിളിച്ചിട്ട് അത് പൊട്ടിക്കാതെയും ടെന്‍ഡര്‍ വിളിച്ച് നടപടിക്രമമനുസരിച്ചും എല്ലാം തോട്ടണ്ടി വാങ്ങിയിട്ടുണ്ട്. എന്നാല്‍ അതെല്ലാം ഒറ്റ കമ്പനിയില്‍ നിന്നാണ്. ക്വാളിറ്റി കുറഞ്ഞതും, കിളിച്ചതും ചീത്തയായതുമായ തോട്ടണ്ടിയാണ് ഇറക്കുമതി ചെയ്തത്. ഇത് കൂടാതെ പരിപ്പ് വിലകുറച്ച് വിറ്റു. അത്തരത്തില്‍ കോടികളുടെ അഴിമതി പല ഏജന്‍സികളും എടുത്തുപറഞ്ഞിട്ടും സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ അനുമതി തടഞ്ഞത് കോടികളുടെ ഇടപാടായി തന്നെയാണ് കരുതുന്നത്", മനോജ് തുടരുന്നു. കോട്ടയം ആസ്ഥാനമായ ജെഎംജെ ട്രേഡിങ് കമ്പനിയാണ് കോര്‍പ്പറേഷന് വേണ്ടി തോട്ടണ്ടി ഇറക്കുമതി ചെയ്തത്. സിഐടിയു നേതാവും കോര്‍പ്പറേഷന്‍ മുന്‍ ചെയര്‍മാനുമായിരുന്ന ഇ കാസിം ആയിരുന്നു രണ്ടാം പ്രതി. എന്നാല്‍ അദ്ദേഹം മരണപ്പെട്ടതോടെ കേസില്‍ നിന്ന് ഒഴിവാക്കി. പ്രോസിക്യൂഷന്‍ അനുമതി നിഷേധിച്ചതിനെതിരെ കോടതിയെ സമീപിക്കുന്ന കാര്യത്തില്‍ സിബിഐയും നിയമോപദേശം തേടിയിരിക്കുകയാണ്.

ഇതിനിടെ അഴിമതിക്കേസിലെ ഒന്നാം പ്രതിയായ കെ എ രതീഷിന്റെ ശമ്പളം വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിലും വലിയ പ്രതിഷേധമാണ് ഉയര്‍ന്നിട്ടുള്ളത്. ഖാദി ബോര്‍ഡ് സെക്രട്ടറിയായ രതീഷിന്റെ ശമ്പളം 80,000 രൂപയില്‍ നിന്ന് 1,70,000 രൂപയാക്കാനാണ് നീക്കം.


കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ഡപ്യൂട്ടി എഡിറ്റര്‍

Next Story

Related Stories