മകന്റെ ശരീരം തിരഞ്ഞ് ഷണ്മുഖന് ഇന്നുമെത്തി പെട്ടിമുടിയില്‍. മണ്ണിളകി ഒലിച്ച് പോന്ന പാടുകളും കൂനകളും മാലിന്യങ്ങളും മാത്രം അവശേഷിക്കുന്ന, മനുഷ്യരാരും താമസിക്കാത്ത പ്രേതഭൂമി പോലെയായ പെട്ടിമുടിയില്‍ ദുരന്തത്തിന്റെ നൂറാം ദിവസവും ഷണ്മുഖന് തിരച്ചില്‍ തുടര്‍ന്നു. കടുവയും കാട്ട് പോത്തുകളുമിറങ്ങുന്ന വഴികളും പാറകളും പെട്ടിമുടിയാറും തോടുകളും കടന്ന് ആ യാത്ര ഇന്നും നീണ്ടു. "ഇന്നും തിരഞ്ഞു. കുറേ ദൂരം പോയി തിരഞ്ഞു. ഒരു ഗ്യാസ് സിലിണ്ടര്‍ മാത്രം കിട്ടി ഇന്ന്. നിറഞ്ഞ കുറ്റിയാണ്. പക്ഷെ മോനെ കിട്ടിയില്ല. കിട്ടുമായിരിക്കും". ഓഗസ്റ്റ് ഏഴിന് പെട്ടിമുടിയില്‍ ഉണ്ടായ ഉരുള്‍ പൊട്ടലില്‍ മലവെള്ളത്തോടൊപ്പം ഒലിച്ച് പോയതാണ് ഷണ്മുഖന്റെ മൂത്ത മകന് ദിനേഷ് കുമാര്‍. കാണാതായ എഴുപത് പേരില്‍ 66 പേരുടേയും മൃതദേഹം കിട്ടി. ഇനി ശരീരം കണ്ടെത്താനുള്ള നാല് പേരില്‍ ഒന്ന് ഷണ്മുഖന്റെ മകനും, പെങ്ങളുടെ മൂത്ത മരുമകനും, പെങ്ങളുടെ പേരക്കുട്ടിയുമാണ്. ഇവര്‍ക്കായുള്ള തിരച്ചിലിലാണ് ഷണ്മുഖന്. കാണാതായവരില്‍ നാല് പേരുടെ ഒഴികെ മൃതദേഹങ്ങള്‍ കിട്ടിയപ്പോള്‍ രക്ഷാപ്രവര്‍ത്തക സംഘം തിരച്ചില്‍ അവസാനിപ്പിച്ചു. എന്നാല്‍ "നമുക്ക് അങ്ങനെ ഉപേക്ഷിക്കാന്‍ കഴിയില്ലല്ലോ. ശരീരത്തിന്റെ ഒരു കഷ്ണം കിട്ടിയാലും മതി. നമ്മുടെ ഒരു സമാധാനത്തിന്", തിരച്ചില്‍ അവസാനിപ്പിച്ച് തിരികെ മടങ്ങുന്നതിനിടെ ഷണ്മുഖന് പറഞ്ഞു.
19 വയസ്സുകാരന് ഇളയ മകന് നിതിഷ് കുമാറും പെട്ടിമുടി അപകടത്തില്‍ മരിച്ചിരുന്നു. "രണ്ട് പേരും പോയി. എനിക്കും ഭാര്യക്കും ഇപ്പോഴും ജീവിതത്തില്‍ സമാധാനമില്ല. അവരെ ആശ്വസിപ്പിക്കാന്‍ പോലും കഴിയുന്നില്ല. അവര്‍ക്ക് കൂടി വേണ്ടിയിട്ടാണ് പിന്നെയും ഇവിടെ മോനെ തിരഞ്ഞെത്തുന്നത്". ഷണ്മുഖനും ഭാര്യയും 17 വയസ്സുള്ള മകളും മൂന്നാറിലാണ് താമസം. ആദ്യത്തെ നാല്‍പ്പത് ദിവസം എല്ലാ ദിവസവും പുലര്‍ച്ചെ മൂന്നാറില്‍ നിന്ന് പുറപ്പെട്ട് പെട്ടിമുടിയില്‍ എത്തി മകനും ബന്ധുക്കള്‍ക്കുമായി തിരഞ്ഞുകൊണ്ടേയിരുന്നു. പിന്നീട് ഒരോ ദിവസം ഇടവിട്ടായി പെട്ടിമുടിയിലേക്കുള്ള യാത്ര. സംസ്ഥാന സഹകരണ ബാങ്ക് മൂന്നാറിലെ കാഷ്യറാണ് ഷണ്മുഖന്. സായാഹ്ന ശാഖയിലാണ് ജോലി. 70 ദിവസത്തെ അവധി കഴിഞ്ഞ് വീണ്ടും ജോലിക്ക് പ്രവേശിച്ചതോടെ "ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം, അല്ലെങ്കില്‍ അവധി ദിവസം ഇവിടെ തിരഞ്ഞെത്തും. ഇന്ന് ദീപാവലി അവധിയാണ്. നാളെ ഞായറാഴ്ച. നാളെയും വരും".
കാടിനകത്തേക്ക് കടക്കുമ്പോള്‍ കാട്ടുപോത്തും കടുവയുമുള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ കോറ മണം വരുമെന്ന് ഷണ്മുഖന് പറയുന്നു. രാവിലെ ഏഴ് മണിയോടെ പെട്ടിമുടിയില്‍ എത്തും. "മൂന്ന് നാല് പടക്കം പൊട്ടിച്ച് ഇറങ്ങും. അവസാനത്തെ മൃതദേഹം കിട്ടിയത് അപകടമുണ്ടായതിനും 14 കിലോമീറ്റര്‍ അപ്പുറത്ത് ഒരു തോട്ടിലാണ്. അത് വരെ പോവും. കാണുന്നയിടത്തെല്ലാം തിരച്ചില്‍ നടത്തും", ഇതാണ് ഈ അച്ഛന്റെ പതിവ്. ഷണ്മുഖന്റെ മൂത്ത മകന് കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദം പൂര്‍ത്തിയാക്കി വിദേശത്ത് ജോലിക്ക് പോവാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഇളയ മകന് പാല സെന്റ് ജോസഫ് കോളേജില്‍ മൂന്നാം വര്‍ഷ എഞ്ചിനീയറിങ് വിദ്യാര്‍ഥി. "മൂത്ത മകന് വിദേശത്ത് പോവുന്നതിന് മുമ്പ് എക്സ്പീരിയന്സിന് വേണ്ടി മൂന്നാറില്‍ ഒരു കോള്‍ സെന്ററില്‍ ജോലിക്ക് പോവുകയായിരുന്നു. പക്ഷെ കൊറോണ വന്നതോടെ ഒരു മാസം അവധി കിട്ടി. ഇളയ മകന് കൊറോണ ആയതുകൊണ്ട് ക്ലാസ്സില്ല. പെട്ടിമുടിയിലാണ് അവര്‍ രണ്ടാളും ജനിച്ച് വളര്‍ന്നത്. ജന്മനാട്ടില് എത്തിയാല്‍ കൂട്ടുകാരുടെ കൂടെ കളിയും ഒക്കെയായി, വന്നാല്‍ പത്ത് ദിവസമെങ്കിലും കഴിഞ്ഞേ സാധാരണ തിരിച്ച് വീട്ടില്‍ വരാറുള്ളൂ. മൂത്ത സഹോദരന്റെ പേരക്കുട്ടിയുടെ പിറന്നാള്‍ ആയിരുന്നു. മൂന്നാറില്‍ നിന്ന് കേക്കും വാങ്ങിയാണ് ഇളയവന് പെട്ടിമുടിയിലെത്തിയത്. ഇവിടെ വച്ച് അവര്‍ രണ്ട് പേരും പോയി"
ഡിസംബര്‍ മാസം കഴിഞ്ഞാല്‍ ആറിലെയും തോടുകളിലേയും വെള്ളം വലിയും. "ഇപ്പോള്‍ 14 കിലോമീറ്റര്‍ വരെ ജീപ്പ് വിളിച്ച് പോയി അവിടെയാണ് തിരയുന്നത്. അതിനപ്പുറം വലിയ ആഴത്തിലുള്ള ആറും തോടുകളുമാണ്. വലിയ കയങ്ങളും വളഞ്ഞ് പുളഞ്ഞ പാറക്കെട്ടുകളുമാണ്. ഇപ്പോള്‍ അവിടെയിറങ്ങി തിരയാന്‍ കഴിയില്ല. ഡിസംബര്‍, ജനുവരി മാസങ്ങളില്‍ വെള്ളം വറ്റിയാല്‍ അവിടെയും ഇറങ്ങാം". പെട്ടിമുടിയില്‍ നിന്ന് ഇപ്പോള്‍ തിരയാവുന്ന ദൂരം വരെയുള്ള ഇടങ്ങളിലെല്ലാം ഷണ്മുഖന് 100 ദിവസത്തിനിടെ തിരച്ചില്‍ നടത്തി. പെട്ടിമുടിയില്‍ താമസിച്ചിരുന്ന ഷണ്മുഖന്റെ ബന്ധുക്കളില്‍ ഭൂരിഭാഗവും അപകടത്തില്‍ മരിച്ചു. ബാക്കിയുള്ളവരും ഇപ്പോള്‍ ഷണ്മുഖനൊപ്പം കാട്ടിലേക്ക് തിരച്ചിലിനിറങ്ങും. മകന്റെ മൃതദേഹം കിട്ടുന്നത് വരെ താന്‍ തിരച്ചില്‍ തുടരുമെന്ന് ഷണ്മുഖന് പറയുന്നു. "41-ാം ദിവസം മരണാനന്തര ക്രിയകളെല്ലാം നടത്തി. എന്നാല്‍ മൃതദേഹം കിട്ടിയാലല്ലാതെ അവന് മരിച്ചു എന്ന് വിശ്വസിക്കാനാവില്ല. ഒരു വര്‍ഷമെങ്കില്‍ ഒരു വര്‍ഷം; അതിലും കൂടുതല്‍ വേണമെങ്കില്‍ അങ്ങനെ. അവനെ തിരഞ്ഞെടുക്കണം. വീട്ടിലിരിക്കുന്ന അവന്റെ അമ്മയ്ക്കും എനിക്കും അതെങ്കിലും ബാക്കി വേണ്ടേ". ദിവസങ്ങള്‍ കടന്ന് പോവുമ്പോഴും ഷണ്മുഖന്റെ മനസ്സില്‍ പ്രതീക്ഷയാണ്. എന്നാല്‍ തൊണ്ടയിലെ ഇടര്‍ച്ചയും കണ്ണുനീരും പിടിച്ച് നിര്‍ത്താന്‍ ശ്രമിച്ചാലും സംസാരിക്കുന്ന ഓരോ നിമിഷത്തിലും പുറത്തേക്ക് തന്നെ വരുന്നു. "ഇന്ന് തിരിച്ച് പോവുകയാണ്. ഉച്ച കഴിഞ്ഞാല്‍ പോത്തും കടുവയും പുലിയും എല്ലാം ഇറങ്ങും. എന്റെ മകനെ തിരഞ്ഞ് കണ്ടെത്താനും വീട്ടിലുള്ള അവന്റെ അമ്മയെയും പെങ്ങളെയും ആശ്വസിപ്പിക്കാനും ഞാന്‍ വേണമല്ലോ. അതുകൊണ്ട് ഉച്ചയോടെ തിരച്ചില്‍ നിര്‍ത്തും. ഭക്ഷണവും കഴിക്കണം. ഇവിടെ ഭക്ഷണം തരാന്‍ പോലും ആരും ജീവിച്ചിരിപ്പില്ലല്ലോ" ഷണ്മുഖന് പറഞ്ഞു നിര്‍ത്തി.