Top

നവജാത ശിശുവിന്റെ മൃതദേഹത്തെ അവഗണിച്ച് ഏറ്റുമാനൂര്‍ നഗരസഭ; 36 മണിക്കൂറിന് ശേഷം പോലീസുകാര്‍ കുഴിയെടുത്ത് സംസ്‌കരിച്ചു

നവജാത ശിശുവിന്റെ മൃതദേഹത്തെ അവഗണിച്ച് ഏറ്റുമാനൂര്‍ നഗരസഭ; 36 മണിക്കൂറിന് ശേഷം പോലീസുകാര്‍ കുഴിയെടുത്ത് സംസ്‌കരിച്ചു

കോട്ടയം ഏറ്റുമാനൂരില്‍ പിഞ്ചുകുഞ്ഞിന്റെ മൃതദേഹത്തോട് അവഗണന. സംസ്‌കാരത്തിന് സ്ഥലംവിട്ടുനല്‍കാതെ ഏറ്റുമാനൂര്‍ നഗരസഭ. പോലീസ് ഇടപെട്ട് കുഞ്ഞിന്റെ മൃതദേഹം സംസ്‌കരിച്ചു. തര്‍ക്കത്തിനൊടുവില്‍ സ്ഥലം വിട്ടുനല്‍കാന്‍ നഗരസഭ തയ്യാറായെങ്കിലും ജീവനക്കാരെ വിട്ടുനല്‍കാതെ വന്നതോടെയാണ് എസ്‌ഐയുടെ നേതൃത്വത്തില്‍ പോലീസുകാര്‍ തന്നെ കുഴിയെടുത്ത് കുഞ്ഞിന്റെ മൃതദേഹം സംസ്‌കരിച്ചത്.

ഇന്നലെ ജനിച്ചയുടന്‍ മരിച്ച കുഞ്ഞിന്റെ മൃതദേഹത്തോടാണ് നഗരസഭാ അധികൃതരുടെ ഈ അവഗണന. മൃതദേഹം മറവ് ചെയ്യുന്നതിനുള്ള കത്ത് ഇന്നലെ തന്നെ അതിരമ്പുഴ പഞ്ചായത്തില്‍ നിന്നും മുന്‍സിപ്പാലിറ്റിക്ക് നല്‍കിയിരുന്നെന്ന് ഏറ്റുമാനൂര്‍ എസ് ഐ മാധ്യമങ്ങളെ അറിയിച്ചു. എന്നാല്‍ കുഞ്ഞിന്റെ മൃതദേഹം സംസ്‌കരിക്കേണ്ടത് അതിരമ്പുഴ പഞ്ചായത്തിലാണെന്ന് പറഞ്ഞ് നഗരസഭാ അധികൃതര്‍ നടപടി സ്വീകരിക്കാതെ പഞ്ചായത്തിലേക്ക് തിരിച്ചയച്ചു. പിന്നീട് പോലീസ് ഇടപെട്ട് പഞ്ചായത്തില്‍ നിന്നും ഒരിക്കല്‍ കൂടി കത്ത് വാങ്ങി നല്‍കിയതായും അദ്ദേഹം പറയുന്നു. അതിലും അവര്‍ നടപടിയെടുത്തില്ല. ഇന്ന് ഉച്ചയ്ക്ക് ഒരു മണി വരെ ഓരോ കാരണങ്ങള്‍ പറഞ്ഞ് സംസ്‌കാരം വൈകിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്തു. പല ഉദ്യോഗസ്ഥരും നേരിട്ട് വന്ന് സംസാരിച്ചിട്ടും മുന്‍സിപ്പാലിറ്റിയുടെ ഭാഗത്തു നിന്നും നടപടിയുണ്ടായില്ല.

ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ മാത്രമാണ് മൃതദേഹം സംസ്‌കരിക്കാന്‍ സ്ഥലം വിട്ടുനല്‍കാമെന്ന് മുന്‍സിപ്പാലിറ്റി അധികൃതര്‍ സമ്മതിച്ചതെന്നും എസ് ഐ വ്യക്തമാക്കി. എന്നാല്‍ ആ സ്ഥലം എവിടെയാണെന്നോ കുഴികുത്തുന്ന ആള്‍ക്കാര്‍ ആരൊക്കെയാണെന്നോ വ്യക്തമാക്കാന്‍ അധികൃതര്‍ തയ്യാറായില്ല. മറവ് ചെയ്യുന്നതിന് ആവശ്യമായ യാതൊരു സഹായവും ലഭിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അപ്പോഴേക്കും കുഞ്ഞ് മരിച്ചിട്ട് 36 മണിക്കൂറോളം ആകാറായിരുന്നു. അതുകൊണ്ട് പോലീസ് തന്നെ ഇക്കാര്യം ചെയ്യുകയായിരുന്നുവെന്നും എസ്‌ഐ വ്യക്തമാക്കി.

ഇന്നലെ രാവിലെ പ്രസവത്തോടുകൂടിയാണ് കുഞ്ഞ് മരിച്ചത്. അതിരമ്പുഴ പഞ്ചായത്തില്‍ മൃതദേഹങ്ങള്‍ മറവ് ചെയ്യാനുള്ള യാതൊരു വിധ സൗകര്യങ്ങളും നിലവിലില്ല. ഈ സാഹചര്യത്തിലാണ് തൊട്ടടുത്ത് തന്നെയുള്ള ഏറ്റുമാനൂര്‍ മുന്‍സിപ്പാലിറ്റിയുടെ ശ്മശാനത്തിലേക്ക് പഞ്ചായത്തില്‍ നിന്നും കത്ത് നല്‍കിയത്. തെള്ളകത്തുള്ള താല്‍ക്കാലിക ശ്മശാനത്തില്‍ സംസ്‌കരിക്കാനാണ് നഗരസഭ അനുമതി നല്‍കിയത്. എന്നാല്‍ കുഴിയെടുക്കാനുള്ള സഹായമൊന്നും അധികൃതരുടെ ഭാഗത്തു നിന്നുമുണ്ടായില്ല. സംഭവത്തില്‍ പ്രതിഷേധിച്ച് ഏറ്റുമാനൂര്‍ നഗരസഭയിലേക്ക് ഡിവൈഎഫ്‌ഐയുടെ മാര്‍ച്ച് നടക്കുകയാണ്. നഗസഭയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് മാര്‍ച്ച്.

നഗരസഭയുടെ ശ്മശാനത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാലാണ് സ്ഥലം അനുവദിക്കാതിരുന്നതെന്നാണ് നഗരസഭാധികൃതരുടെ വിശദീകരണം. തെള്ളകത്ത് മൃതദേഹം സംസ്‌കരിക്കുന്നതിന് പ്രദേശവാസികളുടെ എതിര്‍പ്പുണ്ടെങ്കിലും മാനുഷിക പരിഗണന വച്ചിട്ടാണ് സംസ്‌കാരത്തിന് അനുമതി ലഭിച്ചത്. മെഡിക്കല്‍ കോളേജില്‍ നിന്നും മൃതദേഹം നഗരസഭ ഏറ്റുവാങ്ങണമെന്ന നിലപാട് പോലീസ് സ്വീകരിച്ചതിനാലാണ് സംസ്‌കാരം വൈകിയതെന്നും അവര്‍ വിശദീകരിക്കുന്നു.


Next Story

Related Stories