TopTop

ശബരിമല വിധി രാവിലെ 10.30ന്: സംസ്ഥാനത്ത് കനത്ത പോലീസ് ജാഗ്രത; വ്യാജ പ്രചരണങ്ങള്‍ക്കെതിരെയും നടപടി

ശബരിമല വിധി രാവിലെ 10.30ന്: സംസ്ഥാനത്ത് കനത്ത പോലീസ് ജാഗ്രത; വ്യാജ പ്രചരണങ്ങള്‍ക്കെതിരെയും നടപടി

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട റിവ്യൂ ഹര്‍ജികളില്‍ രാവിലെ 10.30ന് സുപ്രിംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധി പ്രഖ്യാപിക്കും. ഇതിന് മുന്നോടിയായി സംസ്ഥാനത്ത് പോലീസ് കനത്ത ജാഗ്രതയിലാണ്. വിധിയുടെ മറവില്‍ ആരെങ്കിലും അക്രമസംഭവങ്ങള്‍ക്കോ വിദ്വേഷ പ്രചരണങ്ങള്‍ക്കോ ശ്രമിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

അമ്പതിലധികം ഹര്‍ജികളാണ് ശബരിമല വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയുടെ മുന്നിലുള്ളത്. വിധി ദുര്‍വ്യാഖ്യാനം ചെയ്ത് നവമാധ്യമങ്ങള്‍ വഴി തെറ്റായ പ്രചരണം നടത്തുന്നവര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം അയോധ്യ വിധി വന്നപ്പോള്‍ എടുത്ത സമാനമായ നീക്കങ്ങളാണ് നാളത്തേക്ക് വേണ്ടിയും തയ്യാറാക്കിയിരിക്കുന്നത്. മണ്ഡലക്കാലം തുടങ്ങാന്‍ രണ്ട് ദിവസം മാത്രം ബാക്കിയുള്ളപ്പോഴാണ് റിവ്യൂഹര്‍ജികളില്‍ വിധി വരുന്നത്. വിധി ഇക്കുറിയും മണ്ഡലക്കാലത്തെ ബാധിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

സുപ്രിംകോടതി വിധി എന്തുതന്നെയായാലും അംഗീകരിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയിലും പ്രസിഡന്റ് എ പദ്മകുമാര്‍ മാധ്യമങ്ങളോടും പറഞ്ഞിരുന്നു. എല്ലാവരും സംയമനത്തോടെ വിധിയെ അംഗീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ വിശ്വാസികള്‍ക്ക് അനുകൂലമായ വിധി പ്രതീക്ഷിക്കുന്നുവെന്നാണ് ഹിന്ദു ഐക്യവേദിയുടെ പ്രതികരണം. വിധി എതിരായാല്‍ ഭരണഘടനാപരമായ മാര്‍ഗം തേടുമെന്ന് ബിജെപി നേതാവ് എം ടി രമേശ് പറഞ്ഞു. സുപ്രിംകോടതി വിധി എന്തായാലും അംഗീകരിച്ച് നടപ്പാക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കുമുണ്ടെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ അനന്തഗോപന്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 28നാണ് ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചുകൊണ്ട് ഭരണഘടനാ ബെഞ്ച് വിധി പ്രഖ്യാപിച്ചത്. പത്ത് വയസ്സ് മുതല്‍ 50 വയസ്സ് വരെയുള്ള സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചുകൊണ്ട് കേരള ഹൈക്കോടതിയുടെ വിധി വന്നത് 1991 ഏപ്രില്‍ 5നാണ്. ചങ്ങനാശേരി സ്വദേശി എസ് മഹേന്ദ്രന്‍ അയച്ച ഒരു കത്ത് റിട്ട് ഹര്‍ജിയായി പരിഗണിച്ചായിരുന്നു ജസ്റ്റിസ് കെ പരിപൂര്‍ണന്‍, കെ ബി മാരാര്‍ എന്നിവര്‍ വിധി പ്രഖ്യാപിച്ചത്. 15 വര്‍ഷത്തിന് ശേഷം 2006ലാണ് അതിനെതിരെ സുപ്രിംകോടതിയില്‍ അപ്പീല്‍ എത്തിയത്. യംഗ് ലോയേഴ്‌സ് അസോസിയേഷനായിരുന്നു അപ്പീലിന് പിന്നില്‍.

പതിനൊന്ന് വര്‍ഷത്തിന് ശേഷം 2017 ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചിലേക്ക് എത്തിയതോടെയാണ് ശബരിമലക്കേസ് വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. 2017 ഒക്ടോബര്‍ 13ന് കേസ് ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് പുറമെ റോഹിങ്ടണ്‍ നരിമാന്‍, ഡിവൈ ചന്ദ്രചൂഡ്, ഇന്ദുമല്‍ഹോത്ര, എ എം കാന്‍വില്‍ക്കര്‍ എന്നിവരായിരുന്നു ഭരണഘടനാ ബെഞ്ചില്‍ ഉണ്ടായിരുന്നത്. എട്ട് ദിവസത്തെ വാദം കേള്‍ക്കലിനൊടുവിലാണ് 2018 സെപ്തംബര്‍ 28ന് ഭരണഘടനാ ബെഞ്ച് വിധി പറഞ്ഞത്. ബെഞ്ചിലെ ഏക വനിതാ അംഗമായ ഇന്ദു മല്‍ഹോത്ര മാത്രമാണ് യുവതീ പ്രവേശനത്തെ എതിര്‍ത്തത്. വിശ്വാസത്തിനുള്ള ഭരണഘടനാ അവകാശം എല്ലാവര്‍ക്കും ഒരുപോലെ ആകണമെന്നായിരുന്നു ഭൂരിപക്ഷ വിധി. വിധി നടപ്പാക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം വലിയ വിവാദങ്ങള്‍ക്കും അക്രമങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും കാരണമായി.


Next Story

Related Stories