TopTop
Begin typing your search above and press return to search.

'റോയിക്ക് എല്ലാവരെയും പറഞ്ഞു നിര്‍ത്താന്‍ അറിയാമായിരുന്നു, അങ്ങനെ കരുതിക്കൂട്ടി വഞ്ചിച്ചതാണ്'; 2000 കോടി രൂപ; ആ പണമെല്ലാം പോപ്പുലര്‍ ഫിനാന്‍സില്‍ നിന്നും എങ്ങോട്ടു പോയി?

റോയിക്ക് എല്ലാവരെയും പറഞ്ഞു നിര്‍ത്താന്‍ അറിയാമായിരുന്നു, അങ്ങനെ കരുതിക്കൂട്ടി വഞ്ചിച്ചതാണ്; 2000 കോടി രൂപ; ആ പണമെല്ലാം പോപ്പുലര്‍ ഫിനാന്‍സില്‍ നിന്നും എങ്ങോട്ടു പോയി?

രണ്ടായിരം കോടിയുടെ നിക്ഷേപം ഉണ്ടായിരുന്നുവെന്ന് പറയുന്ന പോപ്പുലര്‍ ഫിനാന്‍സില്‍ നിന്നും പണം എങ്ങോട്ട് പോയെന്ന ചോദ്യവുമായി നിക്ഷേപകര്‍. മക്കളുടെയും മരുമക്കളുടെയുമെല്ലാം പേരില്‍ സ്ഥാപിച്ച കമ്പനികളിലേക്കാണോ ഈ പണം പോയിരിക്കുന്നതെന്ന് പോലീസ് കണ്ടെത്തണമെന്നും നിക്ഷേപകര്‍ ആവശ്യപ്പെട്ടു. പോപ്പുലര്‍ ഫിനാന്‍സ് തകര്‍ന്നത് യാദൃശ്ചികമായിട്ടില്ലെന്നും മനഃപൂര്‍വം തകര്‍ത്തതാണെന്നും തങ്ങള്‍ സംശയിക്കുന്നതായും നിക്ഷേപകര്‍ രൂപീകരിച്ച ആക്ഷന്‍ കൗണ്‍സിലിന്റെ പ്രതിനിധികള്‍ അഴിമുഖത്തോട് പറഞ്ഞു.

പ്രതിസന്ധി ഉണ്ടെന്നു മനസിലാക്കിയപ്പോള്‍ പലിശ ഒഴിവാക്കിയാണെങ്കിലും തങ്ങള്‍ക്ക് പണം മടക്കി നല്‍കിയാല്‍ മതിയെന്നും ഇതിന് കാലാവധി നിശ്ചയിക്കാമെന്നുമൊക്കെ തങ്ങള്‍ എം ഡിയെ അറിയിച്ചിരുന്നതാണെന്നും ഒരു തിരിച്ചുവരവിന് സ്ഥാപനത്തിനെ സഹായിക്കാന്‍ തങ്ങള്‍ തയ്യാറായതാണെന്നും നിക്ഷേപകര്‍ പറയുന്നു. എന്നാല്‍ ഈ ആവശ്യങ്ങളൊന്നും കേള്‍ക്കാനോ സഹകരിക്കാനോ എം ഡി തോമസ് ഡാനിയേല്‍ (റോയി) തയ്യാറായില്ലെന്നും ഇതില്‍ നിന്നു തന്നെ മനഃപൂര്‍വം സ്ഥാപനം പൂട്ടുക തന്നെയായിരുന്നു ഉടമകളുടെ ലക്ഷ്യമെന്ന് മനസിലാക്കാമെന്നും ആക്ഷന്‍ കൗണ്‍സില്‍ പ്രതിനിധി സുരേഷ് കുമാര്‍ അഴിമുഖത്തോട് പറഞ്ഞു.

"രണ്ടായിരം കോടിയുടെ നിക്ഷേപം ഉണ്ടായിരുന്നുവെന്ന് പറയുന്നത് പോലീസാണ്. കൃത്യമായ കണക്ക് ഞങ്ങള്‍ക്ക് അറിയില്ല. അത്രയും തുക ഉണ്ടായിരുന്നുവെങ്കില്‍ അതെവിടെ പോയി? വളരെ മാന്യമായി ഇടപെടുന്നൊരാളായിരുന്നു എം ഡി തോമസ് ഡാനിയേല്‍. ആളുകളെ പറഞ്ഞു നിര്‍ത്താന്‍ അദ്ദേഹത്തിന് അറിയാമായിരുന്നു. മാസങ്ങളായി പലിശ കിട്ടാത്തവരും നിക്ഷേപിച്ച പണം തിരികെ എടുക്കാന്‍ ചെന്നവരോടുമൊക്കെ കൊറോണ മൂലം ബിസിനസ് നഷ്ടത്തിലാണെന്നും കുറച്ച് സമയം വേണമെന്നുമൊക്കെയാണ് പറഞ്ഞത്. ലോക്ഡൗണില്‍ എല്ലാ ബിസിനസും നഷ്ടത്തിലായെന്ന കാര്യം അറിയാത്തവരല്ല ഞങ്ങള്‍. അതുകൊണ്ട് തന്നെ എം ഡിയുടെ വാക്കുകള്‍ വിശ്വസിക്കുകയും ചെയ്തു. പക്ഷേ, ഞങ്ങളെ ചതിക്കുകയാണെന്ന് മനസിലായില്ല. ലോക്ഡൗണ്‍ മൂലം കൂടി വന്നാല്‍ ഇരുന്നൂറോ മുന്നോറോ കോടി നഷ്ടമുണ്ടായിക്കാണും. വിദേശത്തേക്ക് കൊഞ്ച് കയറ്റുമതിയുടെ ബിസിനസും തോമസ് ഡാനിയേല്‍ ചെയ്തിരുന്നു. അതിലും 50 കോടിയുടെ നഷ്ടമുണ്ടായതായി പറയുന്നു. രണ്ടായിരം കോടിയുടെ നിക്ഷേപം ഉണ്ടായിരുന്നൊരിടത്ത് മൂന്നൂറോ മൂന്നിറ്റിയമ്പതോ കോടി നഷ്ടമായതുകൊണ്ട് സ്ഥാപനം തന്നെ അടച്ചു പൂട്ടേണ്ട അവസ്ഥ വരുമോ? ഞങ്ങളുടെ അറിവില്‍ മറ്റ് ബിസിനസുകളൊന്നും തോമസ് ഡാനിയേലിന് ഇല്ല. അപ്പോള്‍ ഈ പണമെല്ലാം എങ്ങോട്ടാണ് പോയത്?", സുരേഷ് കുമാര്‍ ചോദിക്കുന്നു.

മക്കളുടെയും മരുമക്കളുടെയും പേരില്‍ സമീപ വര്‍ഷങ്ങളായി പല ലിമിറ്റഡ് കമ്പനികളും ഉണ്ടാക്കിയിട്ടുണ്ടെന്നും ഇവിടേയ്‌ക്കെല്ലാമായിരിക്കും പോപ്പുലര്‍ ഫിനാന്‍സില്‍ നിന്നുള്ള കോടികള്‍ എത്തിയിരിക്കുന്നതെന്ന ആരോപണമാണ് ആക്ഷന്‍ കൗണ്‍സിലിനുള്ളത്. 2017 മുതലാണ് പ്രത്യേകം കമ്പനികള്‍ ആരംഭിക്കാന്‍ തുടങ്ങിയത്. അപ്പോള്‍ മുതല്‍ പോപ്പുലര്‍ ഫിനാന്‍സില്‍ തോമസ് ഡാനിയേലിനുള്ള നിയന്ത്രണവും നഷ്ടമായി തുടങ്ങിയിരുന്നുവെന്നും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറയുന്നു. "2017 ല്‍ അഞ്ചുലക്ഷം രൂപ ഫിക്‌സഡ് ഡിപ്പോസിറ്റ് ഇടാന്‍ ഞാന്‍ ചെന്നിരുന്നു. ഫിക്‌സ്ഡ് ഡിപ്പോസിറ്റ് ഇടുന്ന പണം ഇരട്ടിയായി തിരികെ കിട്ടുമെന്നാണ് വാഗ്ദാനം. എന്നാല്‍ അന്ന് എന്നോട് പറഞ്ഞത്, പത്ത് ലക്ഷം രൂപ മുതലാണ് എഫ് ഡിയായി സ്വീകരിക്കുന്നതെന്നാണ്. എഫ് ഡി അല്ലാതെ ഒരു വര്‍ഷത്തേക്ക് വേണമെങ്കില്‍ ഇടാമെന്നും അറിയിച്ചു. അന്നാ തുക ഞാന്‍ ഇട്ടില്ല. പക്ഷേ, പിന്നീട് കേട്ടത് ഒരു ലക്ഷം രൂപ മുതല്‍ ഇരട്ടിയായി തിരിച്ചു നല്‍കാമെന്ന വാഗ്ദാനത്തില്‍ എഫ് ഡി യായി സ്വീകരിക്കാന്‍ തുടങ്ങിയെന്നാണ്. ഇതൊരു തട്ടിപ്പായിരുന്നു. എങ്ങനെയും നാട്ടുകാരുടെ പണം വാങ്ങിയെടുക്കുകയായിരുന്നു ലക്ഷ്യം. മാത്രമല്ല, ഫിക്‌സ്ഡ് ഡിപ്പോസിറ്റ് ഇടുന്നവര്‍ക്ക് രേഖകള്‍ നല്‍കാന്‍ രണ്ടും മൂന്നും മാസം താമസിക്കുകയും ചെയ്യും. ഇതൊക്കെ പുതിയ കമ്പനികള്‍ രൂപീകരിച്ചു കഴിഞ്ഞ ശേഷമുള്ള മാറ്റങ്ങളാണ്" സുരേഷ് കുമാര്‍ പറയുന്നു.

ഒരു വര്‍ഷത്തേക്ക് 12 ശതമാനം പലിശ എന്ന ആകര്‍ഷണം നല്‍കിയായിരുന്നു നിക്ഷേപങ്ങള്‍ പോപ്പുലര്‍ ഫിനാന്‍സ് സ്വീകരിച്ചിരുന്നത്. മറ്റ് സ്ഥാപനങ്ങളില്‍ ആറോ ഏഴോ വര്‍ഷത്തക്ക് നിക്ഷേപിച്ചാലാണ് 12 ഉം 13 ഉം ശതമാനം പലിശ കിട്ടുന്നത്. കൂടുതല്‍ പേര്‍ പോപ്പുലര്‍ ഫിനാന്‍സിലേക്ക് എത്തുന്നതും ഇവരുടെ മോഹിപ്പിക്കുന്ന വാഗ്ദാനങ്ങളില്‍ മയങ്ങിയായിരുന്നു. പലിശ മാസത്തിലോ മൂന്നു മാസം കൂടുമ്പോഴോ വര്‍ഷത്തിലോ സ്വീകരിക്കാം. പലരും വര്‍ഷത്തില്‍ പലിശ തുക വാങ്ങിയ ശേഷം നിക്ഷേപിച്ച തുക പുതുക്കി വീണ്ടും അവിടെ തന്നെയിടുകയായിരുന്നു പതിവ്. ഒരു ലക്ഷം മുതല്‍ കോടികള്‍ വരെ ഇത്തരത്തില്‍ നിക്ഷേപിച്ചവരുണ്ടെന്നാണ് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറയുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ചു മാസങ്ങളിലായി പലര്‍ക്കും പലിശ കിട്ടാതെയായി. ഇക്കാര്യം ചോദിച്ച് ബ്രാഞ്ചുകളില്‍ ചെല്ലുമ്പോള്‍ ഹെഡ് ഓഫിസിലേക്ക് പറഞ്ഞു വിടുകയായിരുന്നു. ബ്രാഞ്ചുകളില്‍ പണമില്ലെന്നായിരുന്നു കാരണം പറഞ്ഞിരുന്നത്. ഇതോടെ നിക്ഷേപിച്ച പണം പിന്‍വലിക്കാന്‍ തയ്യാറായി ആളുകള്‍ രംഗത്തു വന്നു. എന്നാല്‍ ഇവരെയെല്ലാം ഓരോരോ കാരണങ്ങള്‍ പറഞ്ഞ് തോമസ് ഡാനിയേല്‍ മടക്കിയയ്ക്കുകയായിരുന്നു. വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്നൊരു ധനകാര്യ സ്ഥാപനമായതിനാല്‍ പോപ്പുലര്‍ ഫിനാന്‍സ് നല്‍കിയ ഉറപ്പ് വിശ്വസിക്കുകയും ചെയ്തു. പക്ഷേ. അതിങ്ങനെയൊരു ചതിയായി മാറുമെന്ന് തങ്ങള്‍ ഒരിക്കലും കരുതിയിരുന്നില്ലെന്നും നിക്ഷേപകര്‍ പറയുന്നു.

പോപ്പുലര്‍ ഫിനാന്‍സിന്റെ തന്നെ സ്ഥാപനങ്ങളായ പോപ്പുലര്‍ മിനി, പോപ്പുലര്‍ ഡീലേഴ്‌സ് എന്നിവയില്‍ പണം നഷ്ടപ്പെട്ട നിക്ഷേപകര്‍ വിളിക്കുമ്പോള്‍ തങ്ങള്‍ക്കും പോപ്പുലര്‍ ഫിനാന്‍സിനും തമ്മില്‍ ബന്ധമില്ലെന്നും വേറെ വേറെ എംഡിയാണ് ഉള്ളതെന്നും പറഞ്ഞ് ഒഴിവാക്കുകയാണെന്നും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറയുന്നു.


Next Story

Related Stories