തൃശൂര്‍ കേരള വര്‍മ കോളേജിലെ വൈസ് പ്രിന്‍സിപ്പല്‍ നിയമനം രാഷ്ട്രീയ വിവാദമാകുന്നു. തൃശൂര്‍ കോര്പ്പേറഷന് മുന്‍ മേയറും എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്റെ ഭാര്യയുമായ അസോസിയേറ്റ് പ്രൊഫസര്‍ ആര്. ബിന്ദുവിനെ വൈസ് പ്രിന്‍സിപ്പലായി നിയമിച്ചത് സിപിഎമ്മിന്റെ രാഷ്ട്രീയ ലക്ഷ്യത്തിന്റെ ഭാഗമെന്നാണ് ആരോപണം. കാലിക്കറ്റ് സര്‍വകലാശാല ചട്ടങ്ങളില്‍ വൈസ് പ്രിന്‍സിപ്പല്‍ സ്ഥാനത്തെക്കുറിച്ച് പറയാതിരിക്കെ, ഇല്ലാത്തൊരു തസ്തിക മനഃപൂര്‍വം സൃഷ്ടിച്ച് കോളേജിന്റെ അധികാരം ആര്. ബിന്ദുവിന് നല്‍കിയിരിക്കുകയാണെന്നാണ് വിമര്‍ശനം. എന്നാല്‍, യുജിസി ചട്ടപ്രകാരം തന്നെയാണ് വൈസ് പ്രിന്‍സിപ്പല്‍ നിയമനം നടന്നിരിക്കുന്നതെന്നും യാതൊരുവിധ രാഷ്ട്രീയ ഇടപെടലുകളും നടന്നിട്ടില്ലെന്നും പ്രൊഫ. ആര്. ബിന്ദു അഴിമുഖത്തോട് പ്രതികരിച്ചു.
മാനേജ്മെന്റ് കോളേജുകളില്‍ പ്രത്യേക അധികാരങ്ങളൊന്നുമില്ലാതെ സൃഷ്ടിക്കുന്നതാണ് വൈസ് പ്രിന്‍സിപ്പില്‍ തസ്തിക. കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള കേരള വര്‍മയില്‍ ഇതുവരെ ഇങ്ങനെയൊരു തസ്തിക ഉണ്ടായിരുന്നില്ല. സിപിഎം ഭരിക്കുന്ന ദേവസ്വം ബോര്‍ഡ് പുതിയതായി ഇങ്ങനെയൊരു സ്ഥാനം സൃഷ്ടിച്ചിരിക്കുന്നതോടെ പ്രിന്‍സിപ്പലിന്റെ മുകളില്‍ അധികാരം വൈസ് പ്രിന്‍സിപ്പലിന് കൈവന്നിരിക്കുകയാണ് എന്നാണ് ആരോപണം ഉയര്‍ന്നത്. അക്കാദമിക് കാര്യങ്ങളുടെയും കോളേജിലെ നിര്‍മാണപ്രവര്‍ത്തികളുടെയും പ്രധാന മേല്‍നോട്ടവും ആര്. ബിന്ദുവിനായിരിക്കും. കോളേജില്‍ കിഫ്ബിയുടെ കീഴില്‍ നടക്കുന്ന നിര്‍മാണപ്രവര്‍ത്തികളുടെ ചുമതലയും സിപിഎം നേതാവ് കൂടിയായ ബിന്ദു വഹിക്കും. ഇതുകൂടാതെ ഡവലപ്മെന്റ് ഫോറം, പിടിഎ തുടങ്ങിയവയുടെ കീഴില്‍ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തികള്‍ക്കും ഇനി മുതല്‍ ചുക്കാന്‍ പിടിക്കുന്നത് വൈസ് പ്രിന്‍സിപ്പലായിരിക്കും. നാക് അക്രഡിറ്റേഷന് ഉള്‍പ്പെടെയുള്ള സുപ്രധാന വിഷയങ്ങളുടെ സ്വതന്ത്ര ചുമതലയും ഇതിനൊപ്പം നല്‍കിയിട്ടുണ്ട്.
കേരള വര്‍മ കോളേജിലെ ഇടതുപക്ഷ അധ്യാപക സംഘടനയുമായും വിദ്യാര്‍ത്ഥി സംഘടനയുമായും ഇടഞ്ഞു നില്ക്കുന്ന പ്രിന്‍സിപ്പല്‍ ഡോ. എ.പി ജയദേവന്റെ അധികാരങ്ങള്‍ പരിക്ഷ നടത്തിപ്പും കോളേജിന്റെ ദൈനംദിന മേല്നോട്ടങ്ങളുമായി ചുരുങ്ങും.
എന്നാല്‍, വൈസ് പ്രിന്‍സിപ്പല്‍ തസ്തികയുമായി ബന്ധപ്പെട്ട് ഉയരുന്നത് അനാവശ്യ വിവാദങ്ങളാണെന്നാണ് ആര്. ബിന്ദു പറയുന്നത്. തന്റെ നിയമനത്തിനു പിന്നില്‍ യാതൊരു രാഷ്ട്രീയമില്ലെന്നും ചട്ടങ്ങള്‍ അനുസരിച്ചുള്ള നിയമനമാണ് നടന്നരിക്കുന്നതെന്നും ബിന്ദു പറയുന്നു. "വൈസ് പ്രിന്‍സിപ്പലിനെ നിയമിക്കാമെന്ന് യുജിസി മാര്‍ഗനിര്‍ദേശത്തിലുണ്ട്. കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴില്‍ വരുന്ന മറ്റ് പല കോളേജുകളിലും ഇത്തരത്തില്‍ വൈസ് പ്രിന്‍സിപ്പല്‍ തസ്തിക സൃഷ്ടിച്ചിട്ടുണ്ട്. കേരള വര്‍മയില്‍ ഇങ്ങനെയൊരു തീരുമാനം നടപ്പാക്കാന്‍ ദേവസ്വം ബോര്‍ഡ് മാനേജ്മെന്റ് തയ്യാറായത് ഇപ്പോഴാണെന്നു മാത്രം", ബിന്ദു പറയുന്നു. കോളേജിന്റെ സുഗമമായ പ്രവര്‍ത്തനങ്ങളും വികസനവും ലക്ഷ്യം വച്ച് അധ്യാപക സംഘടന ആവശ്യപ്പെട്ടതിന് പ്രകാരമാണ് മാനേജ്മെന്റ് തീരുമാനം എടുത്തതെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. വൈസ് പ്രിന്‍സിപ്പല്‍ തസ്തികയില്‍ എത്താനുള്ള വിദ്യാഭ്യാസ യോഗ്യതയും സീനിയോറിറ്റിയും തനിക്കുള്ളതാണെന്നും അവര്‍ പറയുന്നു. "നിലവിലെ പ്രിന്‍സിപ്പലുമായി സീനിയോരിറ്റിയില്‍ ഒരു ദിവസത്തെ വ്യത്യാസമാണ് എനിക്കുള്ളത്. ഇവിടെയുള്ള അസോസിയേറ്റ് പ്രൊഫസര്‍മാരില്‍ ഏറ്റവും സീനിയറും ഞാനാണ്. ഡോക്ടറ്റേറ്റ് അടക്കം എല്ലാ യോഗ്യതകളുമുണ്ട്. ഇതൊരു അനധികൃത നിയമനമെന്നോ യോഗ്യതകള്‍ പരിഗണിച്ചിട്ടില്ലെന്നോ പറയാന്‍ കഴിയില്ല. എല്ലാ ഉത്തരവാദിത്വങ്ങളും പ്രിന്‍സിപ്പലിന് ഒറ്റയ്ക്ക് നടത്തിക്കൊണ്ടു പോകാന്‍ കഴിയാതെ വരുന്ന സാഹചര്യമുണ്ട്. അത്തരം പ്രതിസന്ധികള്‍ മറികടക്കാന്‍ കൂടി മാനേജ്മമെന്റ് ഉദ്ദേശിച്ചിട്ടുണ്ട്. അധികാരങ്ങളെല്ലാം വൈസ് പ്രിന്‍സിപ്പലിലേക്ക് എന്നുള്ള ആക്ഷേപത്തിലും അടിസ്ഥാനമില്ല. ഇപ്പോള്‍ ചെയ്യുന്നതിന്റെ ഇരട്ടി ജോലി ഇനി മുതല്‍ ചെയ്യേണ്ടി വരും. കിഫ്ബി പ്രവര്‍ത്തനങ്ങളുടെ ചുമതല നല്‍കുന്നതിലും സംശയങ്ങള്‍ ഉയര്‍ത്തുകയാണ്. അതൊരു സ്വതന്ത്ര ബോഡിയാണ്, എന്ത് ഇടപെടല്‍ അതില്‍ നടത്താന്‍ കഴിയുമെന്നാണ് പറയുന്നത്? ഇവിടുത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ മുമ്പ് തന്നെ മേല്‍നോട്ടം വഹിച്ചിരുന്നൊരാള് കൂടിയാണ് ഞാന്‍", പ്രൊഫ. ബിന്ദു വ്യക്തമാക്കി.
എ. വിജയരാഘവന്റെ ഭാര്യയാണെന്നുകൊണ്ടാണ് ഇത്തരം ആക്ഷേപങ്ങള്‍ തനിക്കെതിരേ ഉണ്ടാകുന്നതെന്നാണ് ആര്. ബിന്ദു പരാതിപ്പെടുന്നത്. താനൊരു അക്കാദമീഷ്യനും സ്വതന്ത്ര വ്യക്തിയും യോഗ്യതകളും അനുഭവ പരിചയവുമുള്ള അധ്യാപികയുമാണെന്നും സിപിഎം നേതാവിന്റെ ഭാര്യയായതുകൊണ്ട് ഉത്തരവാദിത്വങ്ങളൊന്നും ഏറ്റെടുക്കരുതെന്ന് പറയുന്നതിന്റെ അര്‍ത്ഥമെന്താണെന്നും അവര്‍ ചോദിക്കുന്നു. "എന്റെ ഭര്‍ത്താവ് ഇക്കാര്യത്തില്‍ യാതൊരു ഇടപെടലും നടത്തിയിട്ടില്ല. ഉത്തരവിറങ്ങിയശേഷം ഞാന്‍ പറയുമ്പോഴാണ് അദ്ദേഹം ഇതറിയുന്നത് തന്നെ. പ്രത്യേകിച്ച് എന്തെങ്കിലും അഭിപ്രായം പറഞ്ഞതുമില്ല. വീട്ടിലെ കാര്യങ്ങള്‍ നോക്കാന്‍ പോലും സമയം ഇല്ലാതായി എന്നാല്ലാതെ മറ്റെന്തെങ്കിലും മോണിറ്ററിംഗ് ബെനിഫിറ്റ് ഇക്കാര്യത്തില്‍ എനിക്കില്ല".
ഈ വിഷയവുമായി ബന്ധപ്പെട്ട് കോളേജ് പ്രിന്‍സിപ്പല്‍, കൊച്ചിന് ദേവസ്വം ബോര്‍ഡ് അധികൃതര്‍ തുടങ്ങിയവരുടെ പ്രതികരണം തേടിയെങ്കിലും ലഭ്യമായിട്ടില്ല, അത് ലഭിക്കുന്ന മുറയ്ക്ക് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുന്നതാവും.