TopTop
Begin typing your search above and press return to search.

പുത്തുമല ദുരന്തം; വീടും ഭൂമിയും നഷ്ടപ്പെട്ടവര്‍ സമരത്തില്‍; സാങ്കേതികതയില്‍ തൂങ്ങി അധികൃതര്‍; രാഷ്ട്രീയ നീക്കമെന്നും ആരോപണം

പുത്തുമല ദുരന്തം; വീടും ഭൂമിയും നഷ്ടപ്പെട്ടവര്‍ സമരത്തില്‍; സാങ്കേതികതയില്‍ തൂങ്ങി അധികൃതര്‍; രാഷ്ട്രീയ നീക്കമെന്നും ആരോപണം

പുത്തുമല ഉരുള്‍പൊട്ടല്‍ നടക്കുമ്പോള്‍ എസ്‌റ്റേറ്റ് വക ക്വാര്‍ട്ടേഴ്‌സിലായിരുന്നു രാജന്റെ താമസം. 36 വര്‍ഷമായി അവിടെയായിരുന്നു രാജനും ഭാര്യ സുമിത്രയും മക്കളും താമസിച്ചിരുന്നത്. മക്കള്‍ വിവാഹം കഴിഞ്ഞ് പോയതില്‍ പിന്നെ രാജനും സുമിത്രയും മാത്രം. ഉരുള്‍പൊട്ടി മല കലങ്ങി മറിഞ്ഞ് വരുമ്പോള്‍ ഇരുവരും വീടിനുള്ളിലായിരുന്നു. വീടിന്റെ ഒരു മൂല ഒഴികെ ബാക്കിയെല്ലാം ഉരുള്‍ കൊണ്ടുപോവുന്നത് നോക്കി നിന്നു. സുമിത്രയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ പുറത്തേക്ക് ഓടിയിറങ്ങാനുള്ള സാഹചര്യം ഇല്ലായിരുന്നു. "പോവുന്നെങ്കില്‍ ഒരുമിച്ച് പോവാം എന്ന് കരുതി ആ മൂലയിലേക്ക് കയറി നിന്നു. ഒരു കട്ടിലിന് മുകളില്‍ നിന്ന് ഞങ്ങളുടെ അരയ്ക്ക് മുകളില്‍ വെള്ളവും ചളിയും ഉണ്ടായിരുന്നു, ഒരു വിധം ചളിയിലും വെള്ളത്തിലും നിന്ന് പുറത്ത് വന്ന് താമസിക്കുന്ന സ്ഥലത്തിന് മുകളിലായുള്ള എസ്റ്റേറ്റ് ഡിസ്പന്‍സറിയില്‍ കയറി നില്‍ക്കാം എന്ന് കരുതി പുറത്തേക്കിറങ്ങിയപ്പോള്‍ ചളിയില്‍ ഒരു കൈ പൊന്തി നില്‍ക്കുന്നത് കണ്ടു. രക്ഷക്കായി ഒരാള്‍ ചളിയ്ക്കുള്ളില്‍ നിന്ന് കൈനീട്ടുന്നതായിരുന്നു. അയാളുടെ അടുത്തേക്ക് പോവാന്‍ നിക്കുമ്പോള്‍ ഒരു സ്ത്രീ വിളിക്കുന്നത് കേട്ടു. അവര്‍ മുഴുവന്‍ ചളിക്കുള്ളിലായിരുന്നു. തല അനങ്ങുന്നത് കണ്ട് ജീവന്‍ അപകടപ്പെടുത്തിയും അങ്ങോട്ട് ഇറങ്ങി ചെന്നു. അവരെ മുകളിലേക്ക് പിടിച്ച് കയറ്റി. മൂന്ന് ജീവനുകളെ രക്ഷപെടുത്തിയ ശേഷമാണ് ഫോറസ്റ്റ് ഓഫീസിലേക്ക് ചെല്ലുന്നത്", അവിടെ നിന്ന് സുമിത്രയെ ആശുപത്രിയിലാക്കി രാജന്‍ സര്‍ക്കാര്‍ ക്യാമ്പിലും നിന്നു.

അന്ന് അധികൃതര്‍ നല്‍കിയ ഉറപ്പുണ്ടായിരുന്നു. രാജനും സുമിത്രയ്ക്കും നഷ്ടമായതിന് പകരം ഒരു വീടും സ്ഥലവും. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞ് പുനരധിവാസ പദ്ധതി നടപ്പാവുമ്പോള്‍ രാജന്റെ പേര് ലിസ്റ്റില്‍ ഇല്ല. "ഓരോ തവണ കളക്ടറെ കാണുമ്പോഴും അത് പരിശോധിക്കാമെന്ന് പറയും. പഞ്ചായത്തില്‍ ചോദിക്കുമ്പോള്‍ ലിസ്റ്റ് കൊടുത്തതാണെന്ന് പറയും. പഞ്ചായത്ത് പറഞ്ഞതനുസരിച്ച് പിന്നെയും രണ്ടോ മൂന്നോ വട്ടം ലിസ്റ്റില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷ കൊടുത്തു. പഞ്ചായത്തിലെ ലിസ്റ്റില്‍ പേരുണ്ടാവും. അവിടെ നിന്ന് അത് കളക്ട്രേറ്റിലേക്കെത്തുമ്പോള്‍ പേര് മാഞ്ഞ് പോവും". ഇപ്പോള്‍ മകളുടെ കൂടെ മകളുടെ ഭര്‍തൃവീട്ടിലാണ് താമസം. ശാരീരിക അസ്വസ്ഥതകളുള്ള സുമിത്രയ്ക്ക് ആയുര്‍വേദ ചികിത്സയ്ക്ക് നല്ലൊരു തുക ചെലവാകും. എച്ച്എംഎല്ലിലെ ജീവനക്കാരിയായിരുന്നു സുമിത്ര. എച്ച്എംഎല്‍ വീടോ സ്ഥലമോ നല്‍കില്ല എന്ന് അറിയിച്ചതായി രാജന്‍ പറയുന്നു."സത്യം പറഞ്ഞാല്‍ ആത്മഹത്യയുടെ വക്കിലാണ്. മകളുടെ ഭര്‍തൃവീട്ടില്‍ നില്‍ക്കുക എന്നത് ശാശ്വതമായ ഒരു ജീവിതമല്ല. മക്കളുടെ കരുണ കൊണ്ട് തല്‍ക്കാലം ജീവിച്ച് പോവുന്നു. ഞങ്ങള്‍ക്ക് വീട് തരാന്‍ കഴിഞ്ഞില്ലെങ്കില്‍ വീട് തരണ്ട. സര്‍ക്കാര്‍ ഏറ്റെടുത്തതില്‍ നിന്ന് സ്ഥലമെങ്കിലും തരണം. അത്രേയുള്ളൂ ആവശ്യം". പുത്തുമല പ്രളയ പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടാതെ പോയ രാജനെപ്പോലുള്ളവര്‍ സമരത്തിലാണ്. പദ്ധതിയുടെ ലിസ്റ്റില്‍ പെടാത്ത 16 കുടുംബങ്ങളാണ് കളക്ട്രേറ്റിന് മുന്നില്‍ ഇന്നലെ സമരം ചെയ്തത്.

ഉരുള്‍പൊട്ടലില്‍ വീട് നഷ്ടമായ നാല് കുടുംബങ്ങളും ഭൂമി നഷ്ടപ്പട്ട 12 കുടുംബങ്ങളുമാണ് സമരം ചെയ്യുന്നത്. പുനരധിവാസ പദ്ധതിക്കായി പൂത്തകൊല്ലിയില്‍ ഏഴ് ഏക്കര്‍ ഭൂമി ഏറ്റെടുത്തിരുന്നു. 97 പേരാണ് നിലവില്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ 63 പേരുടെ വീട് പൂര്‍ണമായും ബാക്കിയുള്ളവരുടേത് ഭാഗികമായും നശിച്ചു. 57 കുടുംബങ്ങള്‍ക്കുള്ള വീട് നിര്‍മ്മാണം പൂത്തകൊല്ലിയില്‍ ആരംഭിച്ചു. മുമ്പ് നാല്‍പ്പത് കുടുംബങ്ങള്‍ സര്‍ക്കാര്‍ നല്‍കിയ പണം ഉപയോഗിച്ച് സ്വന്തമായി ഭൂമി വാങ്ങിയിരുന്നു. എന്നാല്‍ 16 കുടുംബങ്ങള്‍ ഈ രണ്ട് പട്ടികയിലും പെട്ടില്ല.

നാറത്തൊടിയില്‍ അബു തല്‍ഹത്തിന്റെ വീട് ഉരുള്‍പൊട്ടലിലും അവശേഷിച്ചിട്ടുണ്ട്. എന്നാല്‍ മല പൊട്ടിയൊലിച്ച മണ്ണും ചെളിയും പറമ്പില്‍ വന്നടിഞ്ഞു. വീടൊഴികെ ബാക്കിയെല്ലായിടവും മണ്ണടിഞ്ഞ് കിടക്കുന്നു. ദുരന്ത സമയത്ത് ഇല്ലാതായ വൈദ്യുതി ഇപ്പോഴും പുന:സ്ഥാപിക്കപ്പെട്ടിട്ടില്ല. പത്ത് സെന്റോളം ഭൂമിയും കുടുംബ വകയായ 25 സെന്റ് സ്ഥലവും ഉരുള്‍പൊട്ടലില്‍ ഒലിച്ച് പോയി. "എന്റെ വീട് മുഴുവനായും പോയിട്ടില്ല. ചുമരിന് പൊട്ടലായി നില്‍ക്കുന്നതേയുള്ളൂ. പക്ഷേ ഒരു വീട് മാത്രമാണ് ബാക്കി. അങ്ങോട്ടുള്ള വഴി, കുടിവെള്ളം, വൈദ്യുതി, പറമ്പ് എല്ലാം ഇല്ലാതെയായി". ഉരുള്‍പൊട്ടല്‍ നടന്ന സ്ഥലം വാസയോഗ്യമല്ല എന്നാണ് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നല്‍കിയ റിപ്പോര്‍ട്ട്. എന്നാല്‍ വാസയോഗ്യമാണെന്ന് റവന്യൂ സംഘം പരിശോധന നടത്തി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ഥലത്ത് വൈദ്യുതി പുന:സ്ഥാപിക്കാനായി ഇവര്‍ പല ഓഫീസുകള്‍ കയറിയിറങ്ങി. "കെഎസ്ഇബിക്കാരോട് കറണ്ട് തിരിച്ച് തരണം എന്ന് അപേക്ഷ കൊടുത്തു. സ്ഥലം വാസയോഗ്യമല്ല. അതുകൊണ്ട് കറണ്ട് തരാന്‍ അവര്‍ക്ക് പറ്റില്ല എന്നാണ് പറയുന്നത്. ഭൂമി നല്‍കുന്ന ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ ഞങ്ങള്‍ താമസിക്കുന്ന സ്ഥലത്ത് ജീവിക്കാനുള്ള സൗകര്യങ്ങള്‍ ചെയ്ത് തരണം. ഇത് കളക്ടറോടുള്‍പ്പെടെ പല തവണ ആവശ്യപ്പെട്ടപ്പോഴും പരിശോധിക്കാം എന്നായിരുന്നു മറുപടി."

ഏഴ് സെന്റ് സ്ഥലം വീതമാണ് പുനരധിവാസ പദ്ധതിയുടെ ഭാഗമായി കുടുംബങ്ങള്‍ക്ക് ലഭിക്കുക. വലിയ നഷ്ടങ്ങള്‍ സംഭവിക്കാത്ത ചിലര്‍ക്കെങ്കിലും രാഷ്ട്രീയ സ്വാധീനത്താല്‍ ലിസ്റ്റില്‍ ഇടം ലഭിച്ചിട്ടുണ്ടെന്നും ഇവര്‍ ആരോപിക്കുന്നു. ലിസ്റ്റ് തയ്യാറാക്കിയതില്‍ രാഷ്ട്രീയ താ്ത്പര്യങ്ങള്‍ കലര്‍ന്നിട്ടുണ്ടെന്നും ഇവര്‍ പറയുന്നു. നാട്ടുകാരനായ ഒരാള്‍ പറയുന്നു, "കോണ്‍ഗ്രസുകാരെയും മുസ്ലിം ലീഗ് പ്രവര്‍ത്തകരെയും തിരഞ്ഞുപിടിച്ച് ഇതില്‍ നിന്ന് പുറത്താക്കിയതിന് പിന്നില്‍ രാഷ്ട്രീയ താത്പര്യങ്ങള്‍ മാത്രമാണ്. വളരെ കുറച്ച് സ്ഥലം നഷ്ടപ്പെട്ട ഒരു വ്യക്തിക്ക് പദ്ധതി പ്രകാരം ഭൂമി ലഭിച്ചിട്ടുണ്ട്. ഇവര്‍ പറയുന്ന മാനദണ്ഡങ്ങളും നിയമങ്ങളും അനുസരിച്ചാണെങ്കില്‍ എല്ലാവര്‍ക്കും അത് ബാധകമാണ്."

അതേസമയം എല്ലാം നിയമപ്രകാരവും സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ചുമാണ് ചെയ്യുന്നതെന്ന് മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ കെ സഹദ് പറയുന്നു. "ജനകീയ കമ്മിറ്റിയാണ് അര്‍ഹരായവരുടെ ലിസ്റ്റ് നല്‍കിയത്. എസ്റ്റേറ്റ് തൊഴിലാളികളുടെ പാടി ഒന്നടങ്കം ഒലിച്ച് പോയിരുന്നു. എന്നാല്‍ അതിന്റെ നഷ്ടപരിഹാരം നല്‍കേണ്ടത് എച്ച്എംഎല്‍ ആണ്. എച്ച്എംഎല്ലിന്റെ ബില്‍ഡിങ്ങില്‍ വാടകയ്ക്ക് താമസിച്ചിരുന്നവരാണ് ഈ കുടുംബങ്ങള്‍. മറ്റ് മൂന്ന് പേരുടെ വീടിന് പ്രശ്‌നമില്ല. അവര്‍ക്കവിടെ താമസിക്കാം എന്ന് റവന്യൂ വന്ന് പരിശോധിച്ചതില്‍ വ്യക്തമായിട്ടുണ്ട്. അവിടെ വൈദ്യുതി ഇല്ല. അത് സത്യമാണ്", സഹദ് പറഞ്ഞു. വീട് നഷ്ടപ്പെട്ടവര്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ സഹായം എന്നാണ് റവന്യൂ ഉദ്യോഗസ്ഥരുടെ വിശദീകരണം. ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് സഹായം നല്‍കാനുള്ള വ്യവസ്ഥയില്ല. കൃഷി ഭൂമി ആണെങ്കില്‍ നഷ്ടമായ വിളകളുടെ നഷ്ടപരിഹാരവും, അല്ലാത്ത പക്ഷം ദുരിതാശ്വാസ തുകയായ 10,000 രൂപയും മാത്രമാണ് ലഭിക്കുക എന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. എന്നാല്‍ സമരം ചെയ്യാനിറങ്ങുന്നവര്‍ക്കും ഭൂമി നല്‍കാന്‍ സര്‍ക്കാരോ ജില്ലാ ഭരണകൂടമോ തീരുമാനിച്ചാല്‍ തങ്ങള്‍ അതിനെ സ്വാഗതം ചെയ്യും എന്നാണ് പഞ്ചായത്ത് നിലപാട്. "അര്‍ഹതയുള്ളവര്‍ക്ക് കൊടുക്കാമെന്ന് സര്‍ക്കാര്‍ പറഞ്ഞാല്‍ ഭൂമി കൊടുക്കാമെന്ന് പഞ്ചായത്ത് കമ്മറ്റി തീരുമാനം നേരത്തെ എടുത്തിട്ടുണ്ട്. പക്ഷെ ഇതിപ്പോള്‍ രാഷ്ട്രീയപരമായ നീക്കമായാണ് തോന്നുന്നത്. മുസ്ലിം ലീഗാണ് ഇതിന് പിന്നില്‍" സഹദ് കൂട്ടിച്ചേര്‍ത്തു.

കളക്ട്രേറ്റില്‍ നടത്തിയ സമരത്തെത്തുടര്‍ന്ന് നടപടിയായില്ലെങ്കില്‍ പുനരധിവാസ പദ്ധതിക്കായി ഏറ്റെടുത്ത സ്ഥലത്ത് ചെറിയ കുടിലുകള്‍ കെട്ടി സമരം തുടരാനാണ് കുടുംബങ്ങളുടെ തീരുമാനം


Next Story

Related Stories