കോവിഡ് രണ്ടാം തരംഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. മാസ്ക് ഉപയോഗിക്കാത്തവര്‍ക്കും കൃത്യമായി ധരിക്കാത്തവര്‍ക്കും സാമൂഹിക അകലം പാലിക്കാത്തവര്‍ക്കുമെതിരേ കര്‍ശനനടപടിയെടുക്കാന്‍ പൊലീസിന് നിര്‍ദേശം. സാമൂഹിക അകലം പാലിക്കാതെയുള്ള കൂട്ടംചേരല്‍ അനുവദിക്കില്ല. കടകള്‍, വാണിജ്യസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സാമൂഹിക അകലം പാലിക്കുന്നില്ലെങ്കില്‍ കര്‍ശനനടപടിയുണ്ടാകും.
സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വീണ്ടും പതിനായിരത്തിന് മുകളില്‍ പോയേക്കാമെന്നാണ് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഇന്നലെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത് 4553 പേര്‍ക്കാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയര്‍ന്നിട്ടുണ്ട്. ഇന്നലെ 6.81 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് അഞ്ചുശതമാനത്തിന് മുകളില്‍ പോകുന്നത് രോഗവ്യാപനം കൂടുന്നതിന്റെ ലക്ഷണമാണ്. രോഗപ്പകര്‍ച്ച ഒഴിവാക്കാന്‍ പ്രതിരോധം പരമാവധി കടുപ്പിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് ഉടന്‍ പരിശോധന നടത്തണം. ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവ് ആയാല്‍ ആര്‍ടിപിസിആര്‍ പരിശോധനയും നടത്തണം. ആശുപത്രികളില്‍ കോവിഡ് ചികില്‍സാ സൗകര്യങ്ങള്‍ കൂടുതല്‍ സജ്ജമാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. രോഗവ്യാപനം കണ്ടെത്തിയാല്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് കണ്ടെയ്ന്മെന്റ് മേഖലകള്‍ പ്രഖ്യാപിക്കാനുള്ള അനുമതിയും നല്‍കിയിട്ടുണ്ട്.