ബിലീവേഴ്സ് ചര്‍ച്ച്, ഗോസ്പല്‍ ഫോര്‍ ഏഷ്യ എന്നിവയുടെ സ്ഥാപകന്‍ കെ.പി യോഹന്നാനെ ചോദ്യം ചെയ്യാന്‍ ആദായ നികുതി വകുപ്പ് നീക്കം. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന റെയ്ഡിന്റെ പശ്ചാത്തലത്തിലാണ് ചോദ്യം ചെയ്യല്‍. വിദേശത്തുള്ള യോഹന്നാനെ ഇന്ത്യയിലേക്ക് എത്തിക്കാനുള്ള നടപടികളാണ് ആദ്യം ചെയ്യുക. ഇതിന്റെ ഭാഗമായി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള നോട്ടീസ് യോഹന്നാന് അയയ്ക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആദായ നികുതി വകുപ്പ് സ്വീകരിച്ചു തുടങ്ങിയെന്നാണ് വിവരം.
രണ്ടു മാസത്തോളം ബിലീവേഴ്സ് ചര്‍ച്ച് ആസ്ഥാനങ്ങളില്‍ ആദായ നികുതി വകുപ്പ് പരിശോധനകള്‍ നീളുമെന്നാണ് ചര്‍ച്ച് അധികൃതര്‍ തന്നെ വ്യക്തമാക്കിയിരിക്കുന്നത്. നവംബര്‍ അഞ്ചു മുതലാണ് റെയ്ഡ് ആരംഭിച്ചത്. ഇതുവരെ ഡല്‍ഹിയിലും കേരളത്തിലുമായി പതിനാലര കോടിയുടെ അനധികൃത പണം കണ്ടെത്തിയിട്ടുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കെന്ന പേരില്‍ നിയമങ്ങള്‍ ലംഘിച്ച് ശതകോടികളുടെ വിദേശ സഹായം സ്വീകരിക്കുകയും റിയല്‍ എസ്റ്റേറ്റ്, കണ്‍സ്ട്രക്ഷന്‍, ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിക്ഷേപിക്കുകയും അതുവഴി സ്വന്തം ആസ്തികള്‍ വര്‍ദ്ധിപ്പിക്കുകയാണ് ബിലീവേഴ്സ് ചര്‍ച്ചിന്റെയും ഗോസ്പാല്‍ ഫോര്‍ ഏഷ്യയുടെയും മറവില്‍ കെ.പി യോഹന്നാന് ചെയ്യുന്നതെന്നാണ് പരാതി. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ 6,000 കോടി രൂപയാണ് വിദേശ സഹായമായി യോഹന്നാന്റെ ബിലീവേഴ്സ് ചര്‍ച്ച് കൈക്കലാക്കിയതെന്ന് ആദായ നികുതി വകുപ്പ് പറയുന്നു. അതേസമയം അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് യോഹന്നാനെതിരേ ലഭിച്ചിരിക്കുന്ന തെളിവുകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കൈമാറാനുള്ള നടപടികളും ആദായ നികുതി വകുപ്പ് സ്വീകരിക്കുന്നുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അങ്ങനെയെങ്കില്‍ ഇതുവരെ സുരക്ഷിതനായിരുന്ന കെ.പി യോഹന്നാന് കടുത്ത നിയമ നടപടികളില്‍ കുടുങ്ങാനുള്ള സാധ്യതകളാണ് തെളിഞ്ഞു വരുന്നത്.
ബിലീവേഴ്സ് ചര്‍ച്ചിന്റെ പേരില്‍ പതിനായിരക്കണക്കിന് ഏക്കര്‍ ഭൂമി കേരളത്തില്‍ കെ.പി യോഹന്നാന് വാങ്ങിക്കൂട്ടിയിട്ടുണ്ടെന്നാണ് വിവരം. മലയാളം പ്ലാന്റേഴ്സിന്റെ പക്കല്‍ നിന്നും വാങ്ങിയ വിവാദ ചെറുവള്ളി എസ്റ്റേറ്റ് അടക്കം ഇതില്‍പ്പെടും. പല കോളജുകളും ആശുപത്രികളും യോഹന്നാന് വിലകൊടുത്ത് വാങ്ങിയിട്ടുണ്ട്. 2012-ല്‍ കേരള സര്‍ക്കാര്‍ യോഹന്നാനെതിരേ അന്വേഷണം നടത്താന്‍ തീരുമാനിച്ചതാണെങ്കിലും ഒന്നും മുന്നോട്ടു പോയില്ലെന്നു മാത്രം. സമ്പത്തുകൊണ്ടും അധികാരകേന്ദ്രങ്ങളിലുള്ള പിടിപാടുകൊണ്ടും ആത്മീയ നേതാവ് എന്ന നിലയില്‍ ഒരു വിഭാഗം ജനങ്ങളില്‍ നിന്നും നേടിയെടുത്ത പിന്തുണകൊണ്ടും തനിക്കെതിരേ വരുന്ന ആരോപണങ്ങളെയും പരാതികളെയും തടഞ്ഞു നിര്‍ത്താന്‍ യോഹന്നാന് ഇതുവരെ സാധിച്ചിരുന്നു. എന്നാല്‍ ഇപ്പോഴത്തെ റെയ്ഡും അന്വേഷണവും ഇന്ത്യന്‍ പുരോഹിത വിഭാഗത്തില്‍ സമ്പത്തുകൊണ്ട് ശക്തനായ കെ.പി യോഹന്നാനെ മുട്ടുകുത്തിക്കുമോ എന്നാണ് ആകാംക്ഷയുണര്‍ത്തുന്ന ചോദ്യം.
കുട്ടനാട്ടിലെ ഒരു സാധാരണ താറാവ് കച്ചവടക്കാരനില്‍ നിന്നാണ് രാജ്യത്തിനകത്തും പുറത്തും ശതകോടികളുടെ ആസ്തിയുള്ള, പ്രബലനായ ഒരു ക്രിസ്ത്യന്‍ പുരോഹിത മേധാവിയായി കടപ്പിലാരില്‍ പുന്നൂസ് യോഹന്നാന് എന്ന കെ.പി യോഹന്നാന് വളര്‍ന്നത്. ഒരുപക്ഷേ ഇന്ത്യന്‍ മത മേഖലയില്‍ മറ്റാര്‍ക്കും അവകാശപ്പെടാനില്ലാത്ത വളര്‍ച്ച. മാര്‍ത്തോമ സഭാ വിശ്വാസികളായ ഒരു കുടുംബത്തിലെ അംഗമായിരുന്നു യോഹന്നാന്. താറാവ് കൃഷിയായിരുന്നു ജീവിത മാര്‍ഗം. യോഹന്നാനും അതേ പാതയില്‍ ഇറങ്ങിയാണ് ജീവിതം തുടങ്ങിയതെങ്കിലും ഡബ്ല്യു.എ ക്രിസ്വെല് എന്ന അമേരിക്കക്കാരന് യോഹന്നാന്റെ വഴി തിരിച്ചു വിട്ടു. ക്രിസ്വെലിനൊപ്പം അമേരിക്കയില്‍ പോയ യോഹന്നാന് അവിടെ വൈദിക പഠനത്തില്‍ ഏര്‍പ്പെട്ടു. അവിടംതൊട്ടാണ് യോഹന്നാന്റെ 'ആത്മീയ യാത്ര' തുടങ്ങുന്നത്. 1974 ജര്‍മന്‍കാരി ഗസാലയെ ജീവിതപങ്കാളിയാക്കി. സുവിശേഷവേലക്കരനായിട്ടായിരുന്നു പിന്നീടുള്ള യാത്ര. ആ യാത്രയാണ് കുട്ടനാട്ടുകാരന് യോഹന്നാനെ മാര്‍ അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പൊലീത്ത പ്രഥമന്‍ ആക്കി മാറ്റുന്നത്; കേരളത്തിലും വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും, നേപ്പാളില്‍ പോലും ശാഖകളുള്ള, 30 ബിഷപ്പുമാരുള്ള, പത്തോളം രാജ്യങ്ങളിലായി 35 ലക്ഷത്തോളം വിശ്വസികളുള്ള ബിലീവേഴ്സ് ചര്‍ച്ച എന്ന എപ്പിസ്കോപ്പല്‍ സഭയുടെ നാഥനാക്കുന്നത്; ശതകോടിപതിയാക്കുന്നത്.
ഇന്ത്യയിലും വിദേശങ്ങളിലും കോടികളുടെ ആസ്തിയുള്ള ബിലീവേഴ്സ് ചര്‍ച്ചിന്റെയും ഗോസ്പല്‍ ഫോര്‍ ഏഷ്യയുടെയും ഉത്ഭവങ്ങളും രസകരമാണ്. 1984-ല്‍ തിരുവല്ല സബ് രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തുകൊണ്ട് യോഹന്നാനും സഹോദരങ്ങളായ കെ.പി ചാക്കോ, കെ.പി മാത്യു എന്നിവരും ചേര്‍ന്ന് ആരംഭിച്ച ഒരു ട്രസ്റ്റിന്റെ രൂപമാറ്റമാണ് ഗോസ്പല്‍ ഫോര്‍ ഏഷ്യ. ആദ്യത്തെ രൂപമാറ്റം ഗോസ്പല്‍ മിനിസ്ട്രീസ് ഇന്ത്യ എന്നായിരുന്നു. 1991 മുതലാണ് ഗോസ്പല്‍ ഫോര്‍ ഏഷ്യയാകുന്നത്. ഇന്ന് കോടികളുടെ വിദേശ ചാരിറ്റി പണമാണ് ഗോസ്പല്‍ ഫോര്‍ ഏഷ്യയിലേക്ക് വന്നു കുമിയുന്നത്.
'സ്വയം പ്രഖ്യാപിത ബിഷപ്പ്' എന്നാണ് കെ.പി യോഹന്നാനെതിരേ ക്രിസ്തീയ സഭകളില്‍ നിന്നു തന്നെ ഉയരുന്ന വിമര്‍ശനം. പക്ഷേ, ആ വിമര്‍ശനങ്ങളൊന്നും തന്നെ യോഹന്നാനെ പരസ്യമായി ചോദ്യം ചെയ്യുന്നതിലേക്കോ കത്തോലിക്ക സഭയുടെ പേരുകേട്ട ശിക്ഷാവിധികള്‍ക്ക് വിധേയനാക്കുന്നതിലോ ഇതുവരെ ചെന്നെത്തിയിട്ടില്ല. 1974-ല്‍ ആരംഭിച്ച യോഹന്നാന്റെ ആത്മീയ യാത്രയുടെ സ്ഥാപനവത്കരണമായിരുന്നു ബിലീവേഴ്സ് ചര്‍ച്ച്. അനുയായികളും ആസ്തിയും വര്‍ദ്ധിച്ചതോടെ 2003-ല്‍ ബിലീവേഴ്സ് ചര്‍ച്ചിനെ എപ്പിസ്കോപ്പല്‍ സഭയാക്കി മാറ്റി. പിന്നാലെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അതിന്റെ വേര് പടര്‍ത്തി. ക്രിസ്തീയ നേതൃത്വത്തിനു മുന്നില്‍ സ്വന്തം ശക്തി തെളിയിച്ചതിനു പിന്നാലെ കെ.പി യോഹന്നാന് എന്ന പേര് ഉപേക്ഷിച്ച്, മാര്‍ അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പൊലീത്ത പ്രഥമനായി അഭിഷിക്തനായി. സി എസ് ഐ സഭ മോഡറേറ്റര്‍ ബിഷപ്പ് കെ.ജെ സാമുവലിനെക്കൊണ്ടാണ് ആ കര്‍മം നിര്‍വഹിച്ചത്. ഒരു അല്മായന് മെത്രാനായത് പല പൊട്ടിത്തെറികള്‍ക്കും കാരണമായി. യോഹാന്‍ മെത്രാപ്പൊലീത്തയെ അംഗീകരിക്കില്ലെന്നും ആ അഭിഷേകം വ്യാജമാണന്നും പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. ഇന്നും പ്രതിഷേധങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ബിഷപ്പ് കെ.ജെ സാമുവലിന് സി എസ് ഐ മോഡറേറ്റര്‍ സ്ഥാനം രാജിവയ്ക്കേണ്ടി വന്നൂ എന്നതല്ലാതെ, യോഹന്നാന്റെ സ്ഥാനത്തിന് ഇളക്കം വന്നില്ല. മാത്രമല്ല, യോഹന്നാന്റെ ബിലീവേഴ്സ് ചര്‍ച്ച് കൂടുതല്‍ കൂടുതല്‍ വളരുകയും ചെയ്തു.
2017 മുതല്‍ ബിലീവേഴ്സ് ചര്‍ച്ച്, ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് ആയി. ഇതിനൊപ്പം തന്നെ ആസ്തികളും വളര്‍ന്നു. ഭൂമിയുടെ കണക്കും മൂല്യവും മാറ്റി നിര്‍ത്തി പറഞ്ഞാല്‍, തിരുവല്ലയിലെ ബിലീവേഴ്സ് സൂപ്പര്‍ സ്പെഷ്യാലിറ്റി മെഡിക്കല്‍ കോളേജ്, കോന്നിയിലെ ഹോസ്പിറ്റല്‍ (എസ്എന്‍ഡിപി നേതാവ് എം.ബി ശ്രീകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയിരുന്ന ശാശ്വതീകാനന്ദ ആശുപത്രിയാണ് യോഹന്നാന് സ്വന്തമാക്കിയത്. ആശുപത്രികള്‍ മാത്രമല്ല, കോളേജുകളും സ്കൂളുകളും ഇതുപോലെ സ്വന്തമാക്കിയിട്ടുണ്ട്), കാര്‍മല്‍ ട്രസ്റ്റിന്റെ കൈയില്‍ നിന്നും വാങ്ങിയ റാന്നി പെരുന്നാടിലുള്ള കാര്‍മല്‍ എഞ്ചിനീയറിംഗ് കോളേജ്, തിരുവല്ലയിലും തൃശൂരുമുള്ള റെസിഡന്‍ഷ്യല്‍ സ്കൂളുകള്‍ എന്നിവയെല്ലാം യോഹന്നാന്റെ എപ്പിസ്കോപ്പല്‍ സഭയുടെ സമ്പാദ്യങ്ങളാണ്. റിയല്‍ എസ്റ്റേറ്റ് മേഖലയിലാണ് പ്രധാന നിക്ഷേപം. ബിലീവേഴ്സ് ചര്‍ച്ചിന്റെ കീഴില്‍ രൂപീകരിച്ച വിവിധ ട്രസ്റ്റുകളുടെ പേരില്‍ സംസ്ഥാനത്തുള്ളത് പതിനായിരം ഏക്കര്‍ ആണെന്നും, അതല്ല ഇരുപതിനായിരം ഏക്കര്‍ ആണെന്നും പറയപ്പെടുന്നു. സംസ്ഥാന സര്‍ക്കാരുമായി ഡീല്‍ ഉറപ്പിക്കുകയും നടപ്പാക്കാന്‍ ഇതുവരെ കഴിയാത്തതുമായ ചെറുവള്ളി എസ്റ്റേറ്റിലെ 2 ഏക്കറോളം ഭൂമിയുമൊക്കെ ഇതില്‍പ്പെടുന്നതാണ്. ഗോസ്പല്‍ ഏഷ്യയുടെ പേരില്‍ ഏഴായിരം ഏക്കറുണ്ടെന്നാണ് വിവരം.
ആസ്തി വര്‍ദ്ധനവിനൊപ്പം തന്നെ കേസുകളും പരാതികളും ബിലീവേഴ്സ് ചര്‍ച്ചിനും ഗോസ്പല്‍ ഏഷ്യയ്ക്കുമെതിരേ ഉയര്‍ന്നു വരുന്നുണ്ടായിരുന്നു. വിദേശ സഹായം സ്വീകരിക്കുന്നതിലായിരുന്നു ആരോപണങ്ങള്‍. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്കിയ കോടിക്കണക്കിന് രൂപ ദുരുപയോഗം ചെയ്തെന്നു കാണിച്ച് ഗോസ്പല്‍ ഫോര്‍ ഏഷ്യയ്ക്കെതിരേ അമേരിക്കയില്‍ ഉണ്ടായ കേസ് ഇതിലൊന്നാണ്. പക്ഷേ, 37 ദശലക്ഷം ഡോളര്‍ നഷ്ടപരിഹാരം നല്കി ഈ കേസ് ഒത്തുതീര്‍പ്പാക്കാന്‍ യോഹന്നാന് കഴിഞ്ഞു. ഇന്ത്യന്‍ ഗ്രാമങ്ങളില്‍ മിഷനറി പ്രവര്‍ത്തനം നടത്താനെന്ന പേരിലാണ് അമേരിക്ക ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ കോടികള്‍ സഹായമായി വാങ്ങി സ്വന്തം ആസ്തി വികസനത്തിന് ഉപയയോഗിച്ചിരുന്നതെന്നാണ് കെ പി യോഹന്നാനെതിരേയുള്ള പ്രധാന പരാതി. ആ പരാതികളിലാണ് ഇതാദ്യമായി വിപുലമായൊരു അന്വേഷണം നടക്കുന്നത്.