ആഴക്കടല്‍ മത്സ്യബന്ധനം സംബന്ധിച്ച ധാരണാപത്രത്തിന്റെ ഒരു ഭാഗം മാത്രമേ സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കിയിട്ടുള്ളുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 400 അത്യാധുനിക ട്രോളറുകളും അഞ്ച് മദര്‍ ഷിപ്പുകളും നിര്‍മിക്കുന്നതിനും ഏഴ് ഫിഷറീസ് ഹാര്‍ബറുകള്‍ നിര്‍മിക്കുന്നതിനുമുള്ള ഉപധാരണാപത്രം മാത്രമാണ് റദ്ദാക്കിയിട്ടുള്ളത്. അസന്റില്വെച്ച് ഒപ്പിട്ട 5000 കോടിയുടെ ധാരാണപത്രം നിലനില്‍ക്കുകയാണ്. ഇഎംസിസിക്ക് പള്ളിപ്പുറത്ത് കെഎസ്ഐഡിസി നല്കിയ നാല് ഏക്കര്‍ സ്ഥലവും തിരികെ വാങ്ങിയിട്ടില്ല. പദ്ധതിക്ക് വഴിതുറന്ന 2018ലെ മത്സ്യനയത്തിലെ തിരുത്തലും അതേപോലെ നിലനില്‍ക്കുകയാണെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ഏതെങ്കിലും കാരണത്താല്‍ ഇടതുമുന്നണി വീണ്ടും അധികാരത്തില്‍ വന്നാല്‍ പദ്ധതി വീണ്ടും നടപ്പാക്കുന്നതിനാണ് അവ നിലനിര്‍ത്തിയിരിക്കുന്നത്. ധാരണാപത്രത്തിന് ആറു മാസത്തെ കാലാവധിയേ ഉള്ളൂവെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. അത് ശരിയല്ല. ആദ്യത്തെ പ്രധാന ധാരണാപത്രം ഇപ്പോഴും നിലനില്ക്കുന്നു. കേരളത്തിന്റെ മത്സ്യസമ്പത്ത് കൊള്ളയടിക്കുന്നതിനും മത്സ്യത്തൊഴിലാളികളെ പട്ടിണിയിലാക്കുന്നതിനുമുള്ള വന്‍ ഗൂഡാലോചനയാണ് നടന്നതെന്ന് വ്യക്തമായിരിക്കുന്നു. മുഖ്യമന്ത്രിയും ഫിഷറീസ് മന്ത്രിയും വ്യവസായ മന്ത്രിയും നിരന്തരം കള്ളം പറഞ്ഞതു തന്നെ ഈ ഗൂഢാലോചനയ്ക്കുള്ള ഒന്നാമത്തെ തെളിവാണ്. മുഖ്യമന്ത്രിയെ ഇഎംസിസി പ്രതിനിധികള്‍ ക്ലിഫ് ഹൗസിലും ഓഫിസിലുംവെച്ച് രണ്ടുതവണ കണ്ടു ചര്‍ച്ച നടത്തിയെന്നാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്. ഒപ്പം മന്ത്രി മേഴ്സിക്കുട്ടിയമ്മയും ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശമനുസരിച്ചാണ് ഇഎംസിസി വിശദമായ പദ്ധതി രേഖ സമര്‍പ്പിച്ചത്. എന്നിട്ടും മുഖ്യമന്ത്രി അക്കാര്യം മറച്ചുവച്ചു. ഇഎംസിസി അധികൃതര്‍ എന്ന് അവകാശപ്പെടുന്ന രണ്ടുപേര്‍ ഈ മാസം 11ന് വ്യവസായമന്ത്രിയുടെ ഓഫിസിലെത്തി ഗവേഷണത്തിന് അനുമതി നല്കാന് അപേക്ഷ നല്‍കിയതാണ് ആദ്യത്തെ സംഭവം എന്ന നിലയ്ക്കാണ് അദ്ദേഹം പത്രസമ്മേളനത്തില്‍ വിവരിച്ചത്. എന്തിനായിരുന്നു മുഖ്യമന്ത്രി കള്ളം പറഞ്ഞത്?
മന്ത്രി മേഴ്സിക്കുട്ടിയമ്മയാകട്ടെ ദിവസവും കള്ളങ്ങള്‍ മാറ്റിമാറ്റി പറയുകയുകയാണ്. ഏത് ഇഎംസിസി, എന്ത് ഇഎംസിസി, ഏത് പദ്ധതി, പ്രതിപക്ഷനേതാവിന് മാനസിക വിഭ്രാന്തി എന്നൊക്കെയാണ് ആദ്യം പറഞ്ഞത്. താന്‍ രേഖകളും ചിത്രങ്ങളും പുറത്തു വിടുന്നതനുസരിച്ച് മന്ത്രി പുതിയ കള്ളങ്ങള്‍ പറഞ്ഞു. ഒരു എംഒയുവും ഒപ്പിട്ടില്ലെന്നാണ് വ്യവസായമന്ത്രി പറഞ്ഞത്. രണ്ട് എംഒയുവുകള് ഒപ്പിടുകയും വ്യവസായവകുപ്പുതന്നെ ഇംഎംസിസിയ്ക്ക് നാല് ഏക്കര്‍ സ്ഥലം അനുവദിക്കുകയും ചെയ്ത ശേഷമാണ് അദ്ദേഹമിത് പറഞ്ഞത്.
ഇതെല്ലാം കാണിക്കുന്നത് സര്‍ക്കാര്‍ ഇഎംസിസിയുമായി കേരളത്തിലും വിദേശത്തുമായി നടത്തിയ വന്‍ ഗൂഢാലോചനയാണ്. അസന്റില്‍ വയ്ക്കുന്നതിന് മുന്‍പ് തന്നെ ഫിഷറീസ് വകുപ്പിനും മന്ത്രിക്കും പദ്ധതി രേഖ ഇഎംസിസി നല്‍കിയിരുന്നു. 2018 ഏപ്രിലില്‍ ന്യൂയോര്‍ക്കില്‍ വച്ച് മന്ത്രി മേഴ്സിക്കുട്ടിയമ്മ ഇഎംസിസി അധികൃതരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് മത്സ്യനയത്തില്‍ ഇങ്ങനെ മാറ്റം വരുത്തിയത് എന്നത് ഗൂഢാലോചനയ്ക്ക് മറ്റൊരു തെളിവാണ്.
ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന ഉദ്യോഗസ്ഥതല അന്വേഷണം തീരെ പര്യാപ്തമല്ല. അഡീഷണല്‍ ചീഫ് സെക്രകട്ടറി ടി.കെ ജോസ് എങ്ങനെയാണ് മുഖ്യമന്ത്രിയും രണ്ടു മന്ത്രിമാരും ഉള്‍പ്പെട്ട ഗൂഢാലോചന അന്വേഷിക്കുന്നത്. സത്യം പൂര്‍ണ്ണമായി പുറത്തു കൊണ്ടു വരാന്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണം. 27ന് ആഹ്വാനം ചെയ്തിരിക്കുന്ന തീരദേശ ഹര്‍ത്താലിന് യുഡിഎഫ് പൂര്‍ണ പിന്തുണ നല്‍കും. ഈ വിഷയം വിശദീകരിച്ച് യുഡിഎഫ് തീരദേശത്ത് ജാഥ നടത്തുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.