TopTop
Begin typing your search above and press return to search.

'കോവിഡ് രോഗികൾ കുറ്റവാളികളല്ല, ഫോൺ വിവരങ്ങൾ ശേഖരിക്കുന്നത് നിയമ വിരുദ്ധം', ഡിജിപിയുടെ സര്‍ക്കുലറിനെതിരെ ചെന്നിത്തല ഹൈക്കോടതിയിൽ

കോവിഡ് രോഗികൾ കുറ്റവാളികളല്ല, ഫോൺ വിവരങ്ങൾ ശേഖരിക്കുന്നത് നിയമ വിരുദ്ധം, ഡിജിപിയുടെ സര്‍ക്കുലറിനെതിരെ ചെന്നിത്തല ഹൈക്കോടതിയിൽ

കോവിഡ് ബാധിതരുടെ ഫോൺകോൾ വിവരങ്ങൾ (CDR) അവരുടെ അറിവില്ലാതെ പോലീസ് ശേഖരിക്കുകയാണെന്നും ഈ നടപടി തടയണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോടതിയിൽ. ഒരു നിയമത്തിന്റെയും പിൻബലം ഇല്ലാതെ, വ്യക്തികളുടെ അനുവാദം കൂടാതെ അവരുടെ സ്വകാര്യ വിവരങ്ങൾ ഭരണകൂടം ശേഖരിക്കുന്നത് ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് നൽകിയിരിക്കുന്ന മൗലീകാവകാശങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് വാദം ഉയർത്തിയാണ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചത്.

2020 ഓഗസ്റ്റ് 11 നാണ് സംസ്ഥാന പോലീസ് മേധാവി സിഡിആർ വിവരങ്ങൾ ശേഖരിക്കാൻ അനുമതി നൽകി സർക്കുലർ പുറത്തിറക്കിയത്.

പോലീസ് ശേഖരിക്കുന്ന സ്വകാര്യ ഡാറ്റ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ട്. ഈ വിവരങ്ങൾ അജ്ഞാത ഏജൻസികൾക്ക് കൈകാര്യം ചെയ്യാൻ അവസരം ലഭിക്കുമെന്നും ചെന്നിത്തല ആരോപിക്കുന്നു. ഇന്ത്യന്‍ ടെലഗ്രാഫ് ആക്ടിന്റെയും ആര്‍ട്ടിക്കിള്‍ 21ന്റെയും പരസ്യമായ ലംഘനമാണ് സിഡിആർ ശേഖരിക്കാനുള്ള നടപടി. ഫോൺ രേഖകൾ ശേഖരിക്കുന്നതിന് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾക്കും വിവിധ കോടതി ഉത്തരവുകൾക്കും വിരുദ്ധമാണിത്.

രോഗം വന്നവരുടെ സിഡിആര്‍ പോലീസ് ശേഖരിക്കുക എന്നുളളത് ഞെട്ടിപ്പിക്കുന്നതാണ്. ദേശീയ സുരക്ഷ, സാമ്പത്തിക കുറ്റകൃത്യങ്ങൾ, ഗുരുതരമായ ക്രിമിനൽ കേസുകളിലെ പ്രതികൾ എന്നിവയുടെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് നിലവിൽ സിഡിആറുകൾ ശേഖരിക്കാൻ അനുവദിക്കുമെന്നത്. എന്നാൽ രോഗി ഒരു കുററവാളിയല്ല, രോഗം കുറ്റകൃത്യവുമല്ല. ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ് പോലീസ് നടത്തിക്കൊണ്ടിരിക്കുന്നത്.‍‍ രോഗം ഒരു വ്യക്തിയുടെയും മനുഷ്യാവകാശങ്ങളെ റദ്ദുചെയ്യുന്നില്ലെന്ന വാദങ്ങളും അദ്ദേഹം ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.


Next Story

Related Stories