സ്വര്‍ണക്കടത്ത് കേസില്‍ അടിയന്തര പ്രമേയത്തിനുള്ള മുഖ്യമന്ത്രിയുടെ മറുപടി വസ്തുതാപരമല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വന്തം ഓഫീസ് അധോലോക സംഘത്തിന്റെ വിഹാരകേന്ദ്രമായ കാര്യം മുഖ്യമന്ത്രി അറിഞ്ഞില്ല. അത് തിരിച്ചറിയാനാകാത്ത മുഖ്യമന്ത്രിക്ക് എങ്ങനെ കേരളം ഭരിക്കാനാകും. കേന്ദ്ര ഏജന്‍സികളെ ക്ഷണിച്ച മുഖ്യമന്ത്രി അന്വേഷണം രവീന്ദ്രനിലേക്ക് വന്നപ്പോഴാണ് നിലപാട് മാറ്റിയതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. അതേസമയം, പൊലീസിന്റെ അധികാരം നല്കിയാല് സഭയില്‍ താന്‍ ഉന്നയിച്ച ആരോപണങ്ങളെല്ലാം തെളിയിക്കാമെന്ന് പിടി തോമസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കാന്‍ കേന്ദ്ര ഏജന്‍സികളെ ക്ഷണിച്ചത് ആരാണ്? അന്വേഷണം രവീന്ദ്രനിലേക്ക് വന്നപ്പോഴാണ് മുഖ്യമന്ത്രി നിലപാട് മാറ്റിയത്. സ്വപ്നക്കെതിരായ കേസുകളില്‍ പൊലീസ് ഒച്ചിന്റെ വേഗത്തിലാണ് മുന്നോട്ട് പോകുന്നത്. എം ശിവശങ്കറിനെതിരായ റിപ്പോര്‍ട്ട് ധനകാര്യ പരിശോധന വിഭാഗം നല്‍കിയിരുന്നു. എന്നാല്‍ അതിലൊന്നും ചെയ്തില്ല. ശിവശങ്കറിന് മുഖ്യമന്ത്രി നല്ല സര്‍ട്ടിഫിക്കറ്റാണ് നല്‍കിയത്. സ്വയം പുകഴ്ത്തുകയാണ് മുഖ്യമന്ത്രി. ചെറിയ വിജയം പഞ്ചായത്തില്‍ ഉണ്ടായെന്നുവെച്ച് തങ്ങള്‍ വിശുദ്ധീകരിക്കപ്പെട്ടുവെന്ന ധാരണ തെറ്റാണെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം, സഭയില്‍ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ചായിരുന്നു പി.ടി തോമസ് പ്രതികരിച്ചത്. പൊലീസിന്റെ അധികാരം തനിക്ക് നല്കിയാല് ഉന്നയിച്ച ആരോപണങ്ങളെല്ലാം തെളിയിക്കാം. മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ ലെഗ്സാ ലോജിക്കിനെക്കുറിച്ച് അന്വേഷിച്ചാല്‍ പലതും പുറത്ത് വരും. ഇരട്ട ചങ്കുണ്ടെന്ന് പറയുന്ന മുഖ്യമന്ത്രിയുടെ നെഞ്ചില്‍ മുട്ട പൊട്ടിച്ച് ഒഴിച്ചാല്‍ ഓംലറ്റായി മാറുന്ന അവസ്ഥയാണ് സഭയിലുണ്ടായതെന്നും തോമസ് പരിഹസിച്ചു.
ചലചിത്ര അക്കാദമി ചെയര്മാന് സ്ഥാനം കമല്‍ രാജിവെക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. കമലിന്റെ എല്ലാ പ്രവര്‍ത്തിയും സര്‍ക്കാര്‍ പരിശോധിക്കണം. എല്ലായിടത്തും സിപിഎമ്മിനെ കുത്തിനിറയ്ക്കാനുള്ള നിര്‍ദ്ദേശമാണോ കമല്‍ അനുസരിച്ചതെന്ന് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.