TopTop
Begin typing your search above and press return to search.

ലക്ഷ്മി പ്രമോദിന് മുന്‍കൂര്‍ ജാമ്യം കിട്ടുന്നത് തടയാന്‍ റംസിയുടെ കുടുംബം കോടതിയിലേക്ക്; നടിക്ക് ഉന്നതതല സഹായം കിട്ടുന്നുണ്ടെന്നും പരാതി

ലക്ഷ്മി പ്രമോദിന് മുന്‍കൂര്‍ ജാമ്യം കിട്ടുന്നത് തടയാന്‍ റംസിയുടെ കുടുംബം കോടതിയിലേക്ക്; നടിക്ക് ഉന്നതതല സഹായം കിട്ടുന്നുണ്ടെന്നും പരാതി

റംസിയുടെ ആത്മഹത്യ കേസില്‍ സീരിയല്‍ താരം ലക്ഷ്മി പ്രമോദിനെ സംരക്ഷിക്കാന്‍ ഉന്നത രാഷ്ട്രീയ ഇടപെടല്‍ നടക്കുന്നതായി ആക്ഷേപം. കേസില്‍ ആരോപണ വിധേയരായ പ്രതി ഹാരീസിന്റെ കുടുംബത്തെ പ്രതി ചേര്‍ക്കാന്‍ പൊലീസ് വരുത്തുന്ന കാലതാമസം ഇത്തരം ഇടപെടലിന്റെ ഫലമായിട്ടാണെന്നും റംസിയുടെ മരണത്തില്‍ നീതി തേടി രൂപീകരിച്ച ആക്ഷന്‍ കൗണ്‍സില്‍ ആരോപിച്ചു. ലക്ഷ്മി പ്രമോദ് ഉള്‍പ്പെടെയുള്ളവര്‍ ഒളിവില്‍ പോയിട്ട് ദിവസങ്ങളായിട്ടും ഇവരെ കണ്ടെത്താന്‍ പൊലീസിന് കഴിയാത്തത് വീഴ്ച്ചയാണെന്നും ആക്ഷന്‍ കൗണ്‍സില്‍ജനറല്‍ സെക്രട്ടറി ഷാഹുല്‍ ഹമീദ് അഴിമുഖത്തോട് പറഞ്ഞു. അതേസമയം, ഒളിവില്‍ കഴിയുന്ന ലക്ഷ്മി പ്രമോദ് കൊല്ലം കോടതിയില്‍ മുന്‍ കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ ലക്ഷ്മിയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നാവശ്യപ്പെട്ട് റംസിയുടെ കുടുംബം നാളെ കോടതിയില്‍ ഹര്‍ജി കൊടുക്കും. തങ്ങളുടെ വാദം കൂടി കേള്‍ക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

കേസില്‍ ഉന്നതതല അന്വേഷണം വേണമെന്നാണ് റംസിയുടെ കുടുംബം ഇപ്പോള്‍ ആവശ്യമുയര്‍ത്തുന്നത്. ഇക്കാര്യമാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നാണ് റംസിയുടെ പിതാവ് റഹീം പറയുന്നത്. നിലവിലെ അന്വേഷണ സംഘം പ്രധാന പ്രതിയായ ഹാരിസ് മുഹമ്മദില്‍ അന്വേഷണം ഒതുക്കാനാണ് ശ്രമിക്കുന്നതെന്നും കുടുംബം പരാതി പറയുന്നു.സെപ്തംബര്‍ മൂന്നാം തീയതിയാണ് റംസി കിടപ്പു മുറയില്‍ തൂങ്ങി മരിക്കുന്നത്. മരണം നടന്ന് രണ്ടാഴ്ച്ചയാകാറായിട്ടും ഹാരിസിന്റെ അറസ്റ്റ് അല്ലാതെ മറ്റ് നടപടികളൊന്നും ഉണ്ടായിട്ടില്ല. ലക്ഷ്മി പ്രമോദിനെയും ഭര്‍ത്താവിനെയും ഒരു തവണ ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെ ഇരുവരും ഒളിവില്‍ പോവുകയും ചെയ്തു. ഇപ്പോള്‍ ഒരാഴ്ച്ച കഴിഞ്ഞിട്ടും ഇവരെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടുമില്ല. ലക്ഷ്മിയെ വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കുമെന്നും പ്രതി ചേര്‍ക്കുമെന്നും പറഞ്ഞതല്ലാതെ, ഇവരെ കണ്ടെത്താന്‍ ഇതുവരെയായിട്ടും പൊലീസ് ശ്രമിക്കാത്തതെന്താണെന്നാണ് കുടുംബം ചോദിക്കുന്നത്. അതേസമയം, ലക്ഷ്മിക്കും കുടുംബത്തിനും രാഷ്ട്രീയസംരക്ഷണം കിട്ടിയിട്ടുണ്ടെന്നാണ് ആക്ഷന്‍ കൗണ്‍സില്‍ ആരോപിക്കുന്നത്. നേരത്തെ, ലക്ഷ്മി പ്രമോദിനു വേണ്ടി കോണ്‍ഗ്രസ് പ്രാദേശിക നേതാവ് പാലത്തറ രാജീവ് ഇടപെട്ടത് വിവാദമായിരുന്നു. ഒളിവില്‍ കഴിയുന്നവരെ പൊലീസ് കണ്ടെത്താന്‍ ശ്രമിക്കാത്തതിന്റെ കാരണം രാഷട്രീയ ഇടപെടല്‍ മൂലമാണെന്ന ആരോപണം ആക്ഷന്‍ കൗണ്‍സില്‍ ഉയര്‍ത്തുന്നതും ഈ സംഭവം ചൂണ്ടിക്കാട്ടിയാണ്.

ഉന്നത ബന്ധങ്ങള്‍ ഉപയോഗപ്പെടുത്തി നടിയെ രക്ഷിക്കാനാണ് ശ്രമം നടക്കുന്നതെന്നും നടി ഒളിവില്‍ പോയെന്ന പല്ലവി പൊലീസുകാര്‍ ആവര്‍ത്തിക്കുകയാണെന്നുമാണ് റഹീം പറയുന്നത്. മകള്‍ക്ക് നീതി കിട്ടും വരെ മുന്നോട്ടു പോകുമെന്നും റഹീം മാധ്യമങ്ങളോട് പറയുന്നുണ്ട്. ' അന്വേഷണ സംഘത്തിലെ രണ്ട് ഉദ്യോഗസ്ഥര്‍ ക്വാറന്റീനില്‍ ആണെന്ന കാരം പറഞ്ഞ് അന്വേഷണം വൈകിപ്പിക്കുകയാണ്. തെളിവുകള്‍ ഏറെയുണ്ടായിട്ടും പ്രതികള്‍ കണ്‍മുന്നില്‍ ഉണ്ടായിട്ടും കണ്ടെത്താന്‍ സാധിക്കാത്തത് അന്വേഷണം തെറ്റായ രീതിയിലാണ് എന്നതിന് തെളിവാണ്. കേസില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണും. കേസ് ക്രൈബ്രാഞ്ചിന് കൈമാറണം; റംസിയുടെ പിതാവ് റഹീം മാധ്യമങ്ങളോട് പറയുന്നു. ലക്ഷ്മി പ്രമോദിനൊപ്പം തന്റെ മകളെ മാനസികനായി പീഡിപ്പിക്കുകയും പണവും സ്വര്‍ണവും തട്ടിയെടുക്കാന്‍ കൂട്ടുനില്‍ക്കുകയും ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കുകയും ചെയ്ത ഹാരിസിന്റെ അമ്മ ആരിഫയെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാണ് റഹീമിന്റെ ആവശ്യം. ആരിഫയെയും ലക്ഷ്മിയെയും കൂടാതെ ഹരീസിന്റെ പിതാവും സഹോദരനും തന്റെ മകളുടെ മരണത്തിന് കാരണക്കാരാണെന്നു റംസിയുടെ കുടുംബം ആരോപിക്കുന്നുണ്ട്.

Next Story

Related Stories