TopTop

"കൂടത്തായി കേസുമായി താരതമ്യം ചെയ്യുന്ന വാര്‍ത്തകള്‍ വന്നതിന് പിന്നില്‍ ഞങ്ങളല്ല"- ഡല്‍ഹിയില്‍ അമ്മയും മകനും ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബന്ധുവിന്റെ വെളിപ്പെടുത്തല്‍

"കൂടത്തായി കേസുമായി താരതമ്യം ചെയ്യുന്ന വാര്‍ത്തകള്‍ വന്നതിന് പിന്നില്‍ ഞങ്ങളല്ല"- ഡല്‍ഹിയില്‍ അമ്മയും മകനും ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബന്ധുവിന്റെ വെളിപ്പെടുത്തല്‍

ഡല്‍ഹിയില്‍ മലയാളികളായ അമ്മയെയും മകനെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിക്കൂട്ടിലായി മാധ്യമങ്ങള്‍. തൊടുപുഴ മങ്ങാട്ടുകടവ് കുളങ്ങരതൊട്ടിയില്‍ വില്‍സണ്‍ കെ ജോണിന്റെ മരണത്തില്‍ രണ്ടാം ഭാര്യ ലിസിയെയും മകന്‍ അലനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന വിധം തെറ്റായ വാര്‍ത്തകള്‍ നല്‍കിയ മാധ്യമങ്ങളാണ് കുടുങ്ങുന്നത്. വില്‍സണിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ ലിസിക്കെതിരെ പരാതി നല്‍കുകയും ക്രൈംബ്രാഞ്ച് കേസ് അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്തകള്‍ക്ക് പിന്നില്‍ തങ്ങളല്ലെന്നും തങ്ങള്‍ക്ക് അതേക്കുറിച്ച് അറിയില്ലെന്നുമാണ് വില്‍സണിന്റെ ബന്ധുക്കള്‍ അഴിമുഖത്തോട് പറഞ്ഞത്. വാര്‍ത്തകളില്‍ പറയുന്ന പല തിയതികളും ശരിയല്ലെന്നും ഇതെല്ലാം പോലീസില്‍ നിന്നാണ് അവരറിഞ്ഞതെന്നാണ് തങ്ങള്‍ കരുതിയതെന്നുമാണ് വില്‍സണിന്റെ ആദ്യ ഭാര്യയുടെ സഹോദരന്‍ ജോഷി ഫ്രാന്‍സിസ് അഴിമുഖത്തോട് പ്രതികരിച്ചത്. ഈ കേസിനെ കൂടത്തായി കേസുമായി ബന്ധപ്പെടുത്തുന്ന വിധത്തില്‍ മാധ്യമങ്ങളില്‍ എങ്ങനെയാണ് റിപ്പോര്‍ട്ട് വന്നതെന്ന് തങ്ങള്‍ക്കറിയില്ല. തങ്ങള്‍ ഒരു മാധ്യമത്തോടും ആ വിധത്തില്‍ പ്രതികരിച്ചിട്ടില്ലെന്നും ജോഷി വ്യക്തമാക്കുന്നു.

എന്നാല്‍ അന്വേഷണം ആദ്യഘട്ടത്തില്‍ മാത്രമായതിനാല്‍ ക്രൈംബ്രാഞ്ച് ആരെയും സംശയിക്കുകയോ പരാതിക്കാരുടെ മൊഴിയൊഴികെ മറ്റൊന്നും ശേഖരിക്കുകയോ ചെയ്തിരുന്നില്ല. തെളിവുകള്‍ ശേഖരിച്ച ശേഷം മാത്രമേ ലിസിയെയും മകനെയും ചോദ്യം ചെയ്യുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നുള്ളൂവെന്ന് ക്രൈംബ്രാഞ്ച് ഡിവൈ എസ് പി ടി എ ആന്റണി കഴിഞ്ഞ ദിവസം അഴിമുഖത്തോട് പറഞ്ഞിരുന്നു. എന്നാല്‍ മലയാള മനോരമ ചാനലും അവരുടെ ഓണ്‍ലൈനും ഒക്ടോബര്‍ 15ന് ലിസിയെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന വിധത്തില്‍ വാര്‍ത്ത കൊടുത്തിരുന്നു. 'അക്കൗണ്ടിലേക്ക് 2 കോടി; അജ്ഞാത സുഹൃത്ത് ആര്? മരണത്തിന് പിന്നില്‍ രണ്ടാം ഭാര്യയോ?' എന്നായിരുന്നു മനോരമ ന്യൂസിന്റെ തലക്കെട്ട്. പിന്നീട് ഒക്ടോബര്‍ 18ന് ഓണ്‍ലൈന്‍ മാധ്യമമായ മറുനാടന്‍ മലയാളി ഇത് കൂടത്തായി കൊലപാതകങ്ങള്‍ക്ക് സമാനമായ കേസാണെന്ന രീതിയില്‍ വാര്‍ത്ത നല്‍കുകയും വാര്‍ത്തയുടെ വീഡിയോ യൂടൂബിലും സോഷ്യല്‍ മീഡിയയിലും പ്രചരിപ്പിക്കുകയും ചെയ്തു. ലിസി വില്‍സണിന് സൈലന്റ് പോയിസന്‍ നല്‍കി വിഷാദ രോഗിയാക്കി കൊലപ്പെടുത്തുകയായിരുന്നെന്ന രീതിയിലായിരുന്നു മറുനാടന്‍ മലയാളിയുടെ വാര്‍ത്ത. ഇതിന് പിന്നാലെ ഒക്ടോബര്‍ 19നാണ് അലനെയും അമ്മയെയും ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാധ്യമ റിപ്പോര്‍ട്ടുകളാണ് തങ്ങളുടെ ആത്മഹത്യയ്ക്ക് കാരണമെന്ന് ഇവരില്‍ നിന്നും കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പില്‍ പറഞ്ഞിട്ടുണ്ടെന്ന് പോലീസ് അറിയിച്ചതായി ഡല്‍ഹി ഐഐടിയില്‍ ഗവേഷകനായ അലന്റെ സുഹൃത്തുക്കള്‍ അഴിമുഖത്തോട് പറഞ്ഞു.

2018 ഡിസംബര്‍ 31ന് വൈകിട്ടാണ് ജോണിനെ വീടിനുള്ളിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണം നടക്കുമ്പോള്‍ വീട്ടില്‍ ആരുമില്ലായിരുന്നു. ജോണിന്റെ ആദ്യഭാര്യയിലെ മക്കള്‍ക്കൊപ്പം കോട്ടയത്തുള്ള ദേവാലയത്തില്‍ പോയിരിക്കുകയായിരുന്നു ലിസി. ജോണിന്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മക്കള്‍ ആദ്യം തൊടുപുഴ പോലീസിനെ സമീപിച്ചു. തൊടുപുഴ പോലീസിന്റെ അന്വേഷണത്തില്‍ മരണം ആത്മഹത്യയാണെന്ന് കണ്ടെത്തുകയും ചെയ്തു. എന്നാല്‍ ആത്മഹത്യയ്ക്ക് കാരണം സ്വത്തിനായി ലിസി നടത്തിയ സമ്മര്‍ദ്ദമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന ആരോപണവുമായി മക്കള്‍ വീണ്ടും രംഗത്തെത്തിയതോടെ ഹൈക്കോടതി സമഗ്ര അന്വേഷണത്തിനായി കേസ് ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചു. രണ്ടാഴ്ച മുമ്പാണ് ഇടുക്കി ഡിവൈ എസ് പി ടി എ ആന്റണിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചത്.

ഖത്തറില്‍ ക്യൂട്ടെല്‍ കമ്പനിയുടെ ട്രഷറി ഓഫീസറായിരുന്ന ജോണിന്റെ ഭാര്യ വല്‍സമ്മ 11 വര്‍ഷം രോഗബാധിതയായി മരിച്ചുവെന്നും ഖത്തറില്‍ നിന്നും മടങ്ങിയെത്തിയ ഇയാള്‍ കോട്ടയം പാമ്പാടി സ്വദേശിയായ ലിസിയെ വിവാഹം കഴിച്ചുവെന്നുമാണ് മനോരമ വാര്‍ത്തയില്‍ പറയുന്നത്. 2014ല്‍ ലിസിയുടെ ആദ്യഭര്‍ത്താവും റിട്ട. സൈനിക ഉദ്യോഗസ്ഥനുമായ സ്റ്റാന്‍ലി മരിച്ചിരുന്നു. ലിസിക്ക് ഈ ബന്ധത്തില്‍ അലനെ കൂടാതെ മറ്റൊരു മകന്‍ കൂടിയുണ്ട്. അലന്‍ ഇടക്കിടെ മങ്ങാട്ടുകവലയിലെ വീട്ടില്‍ എത്തിയിരുന്നതായും മനോരമ റിപ്പോര്‍ട്ടില്‍ പറയുന്നു. ജോണിന്റെ ഒരു മകനെ ലിസിയുടെ നേതൃത്വത്തില്‍ വീട്ടില്‍ നിന്നും പുറത്താക്കിയതായും മക്കളുടെ പരാതിയില്‍ ആരോപിക്കുന്നതായും മനോരമ പറഞ്ഞു. എന്നാല്‍ ഇതേക്കുറിച്ച് ക്രൈംബ്രാഞ്ച് ഡിവൈ എസ് പി അഴിമുഖം പ്രതിനിധിയോട് പറഞ്ഞത് മറ്റൊന്നാണ്. ജോലിയ്ക്കൊന്നും പോകാതിരുന്ന ജോണിന്റെ ഒരു മകനോട് ലിസി ജോലിക്ക് പോകണമെന്ന് ഉപദേശിച്ചിരുന്നു. ഇയാള്‍ ഇതനുസരിച്ച് കുറച്ചുകാലം എറണാകുളത്തുള്ള ബന്ധുവീട്ടിലായിരുന്നുവെന്നാണ് പരാതിക്കാര്‍ തങ്ങളോട് പറഞ്ഞതെന്നാണ് ആന്റണി പറഞ്ഞത്. രണ്ടാം ഭാര്യയുടെ വരവോടെ ജോണുമായി അടുപ്പമുള്ള ജോലിക്കാരെയും സുഹൃത്തുക്കളെയും അകറ്റി നിര്‍ത്തിയെന്നും 565 ദിവസത്തെ ദാമ്പത്യത്തിനിടയില്‍ ജോണിന്റെ കയ്യിലുള്ള 2 കോടി രൂപ രണ്ടാം ഭാര്യയുടെ പേരിലുള്ള അക്കൗണ്ടിലേക്ക് മാറ്റിയെന്നും മക്കളുടെ പരാതിയില്‍ പറയുന്നതായും മനോരമ ന്യൂസില്‍ പറയുന്നു. ഇത് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ പരാതിക്കാരോട് ആവശ്യപ്പെട്ടിരുന്നെന്നും അതുമായി ഈയാഴ്ച അവര്‍ സ്റ്റേഷനിലെത്താമെന്നാണ് അറിയിച്ചിരുന്നതെന്നും ഡിവൈ എസ് പി ടി എ ആന്റണി അഴിമുഖത്തോട് വ്യക്തമാക്കി. ലിസിയുടെ സുഹൃത്തെന്ന പേരില്‍ ഒരാള്‍ ഫോണിലും അല്ലാതെയും ബന്ധപ്പെട്ടിരുന്നതായാണ് മനോരമ ന്യൂസില്‍ പറയുന്നത്.

ജോണിന്റെ മരണത്തോടെ സ്വത്ത് ഭൂരിഭാഗവും കൈവശപ്പെടുത്താന്‍ പാമ്പാടി സ്വദേശി ശ്രമം തുടങ്ങിയെന്നും നിക്ഷേപങ്ങളുടെയും സ്ഥലങ്ങളുടെയും ഉള്‍പ്പെടെയുള്ള രേഖകളുമായാണ് പാമ്പാടി ലിസി ഇവിടെ നിന്നും പോയതെന്നും മക്കളുടെ പരാതിയില്‍ ആരോപിക്കുന്നുണ്ടെന്നും വാര്‍ത്തയില്‍ വിശദീകരിക്കുന്നു. അതേസമയം രണ്ടാഴ്ച മുമ്പ് മാത്രം ആരംഭിച്ച കേസിന്റെ അന്വേഷണം പ്രാരംഭ ഘട്ടത്തിലായിരുന്നുവെന്നും പരാതിക്കാരില്‍ നിന്നുള്ള മൊഴി എടുക്കല്‍ മാത്രമാണ് ഇതുവരെ നടന്നതെന്നും ക്രൈംബ്രാഞ്ച് ഡിവൈ എസ് പി കഴിഞ്ഞ ദിവസം അഴിമുഖം പ്രതിനിധിയോട് പറഞ്ഞിരുന്നു. അക്കൗണ്ടില്‍ നിന്നും പണം മാറ്റിയതിന്റെയും വിഷാദരോഗിയായിരുന്ന ജോണിന്റെ ചികിത്സയുടെയും രേഖകളും ഡോക്ടറുടെ മൊഴിയും ശേഖരിക്കേണ്ടതായുണ്ടായിരുന്നു. അതിനായി ലിസിയെയും മകനെയും ചോദ്യം ചെയ്യുന്നതിനെക്കുറിച്ച് തീരുമാനിച്ചിരുന്നില്ല. ആത്മഹത്യയ്ക്ക് കാരണം കണ്ടെത്തലായിരുന്നു ക്രൈംബ്രാഞ്ചിന്റെ ചുമതല. ഒരാഴ്ച മുമ്പ് നോട്ടീസ് നല്‍കി മാത്രമേ ലിസിയെയും മകനെയും ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തുമായിരുന്നുള്ളുവെന്നും ആന്റണി വ്യക്തമാക്കിയിരുന്നു.Next Story

Related Stories