TopTop
Begin typing your search above and press return to search.

റംസാന്‍ കിറ്റായാലും വിശുദ്ധഗ്രന്ഥമായാലും ചട്ടം ബാധകമാണ്; നയതന്ത്ര ചട്ട ലംഘനം ജലീലിന് കുരുക്കാവുന്നതിങ്ങനെ

റംസാന്‍ കിറ്റായാലും വിശുദ്ധഗ്രന്ഥമായാലും ചട്ടം ബാധകമാണ്; നയതന്ത്ര ചട്ട ലംഘനം ജലീലിന്  കുരുക്കാവുന്നതിങ്ങനെ

കോണ്‍സുലേറ്റില്‍ നിന്നുള്ള പാഴ്‌സലുകളില്‍ 'വിശുദ്ധ ഗ്രന്ഥം' തന്നെയായാലും അത് ഏറ്റുവാങ്ങാനും വിതരണം ചെയ്യാനും മന്ത്രിക്ക് അധികാരമുണ്ടായിരുന്നോ? കെ.ടി ജലീലിനുമേലുള്ള പ്രധാന കുരുക്ക് ഈ ചട്ടലംഘനമാണ്. മറ്റൊരു രാജ്യത്തിന്റെ നയതന്ത്രപ്രതിനിധികളുമായി വ്യക്തിപരമായി ഇടപെടാനും അവരുടെ ആവശ്യങ്ങള്‍ നടപ്പാക്കാനും ഒരു സംസ്ഥാന മന്ത്രിയെന്ന നിലയില്‍ ജലീലിന് ചട്ടപ്രകാരം അവകാശമോ അധികാരമോ ഇല്ലെന്നാണ് നയതന്ത്രവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ഒരു രാജ്യത്ത് പ്രവര്‍ത്തിക്കുന്ന, വിദേശ രാജ്യങ്ങളുടെ കോണ്‍സുലേറ്റുകള്‍ക്ക്, പ്രാദേശികമായി ഒരു പ്രവര്‍ത്തി ചെയ്യണമെങ്കില്‍ തന്നെ ആ രാജ്യത്തിന്റെ വിദേശകാര്യമന്ത്രാലയം വഴി വേണം അത് ചെയ്യാന്‍. റംസാന്‍ കിറ്റ് വിതരണമാണെങ്കിലും മതഗ്രന്ഥങ്ങളുടെ വിതരണമാണെങ്കിലും ചട്ടം പാലിച്ചേ മതിയാകൂ. എന്നാല്‍ ഇവിടെ നടന്നത്, സംസ്ഥാന സര്‍ക്കാരിനെപ്പോലും അറിയാക്കാതെ അതിലെ ഒരു മന്ത്രിയെ നേരിട്ട് ബന്ധപ്പെട്ട് കാര്യങ്ങള്‍ നടത്തിയിരിക്കുന്നു. ജലീല്‍ പറയുന്നത്, തനിക്ക് ഇതിലെ ചട്ടലംഘങ്ങളെക്കുറിച്ച് അറിവില്ലായിരുന്നുവെന്നാണ്. വാദത്തിനുവേണ്ടി സമ്മതിക്കാവുന്ന കാര്യമാണെങ്കില്‍ പോലും, മറുവശത്ത് കോണ്‍സുലേറ്റ് പ്രതിനിധികള്‍ ചട്ടത്തെക്കുറിച്ചും ചട്ടലംഘനത്തെക്കുറിച്ചും കൃത്യമായി അറിവുള്ളവരവാണ്. എന്നിട്ടും കെ ടി ജലീലിനെ നേരിട്ട് ബന്ധപ്പെട്ടതിലാണ് മന്ത്രിയുള്‍പ്പെടെ സംശയത്തിന് നിഴലിലാകുന്നത്. ഇവിടെ ആകെയുള്ള ഒരു മറുവാദം, ജലീല്‍ വഖഫ് വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മന്ത്രിയാണെന്നതാണ്. നയതന്ത്ര ചട്ടങ്ങളില്‍ അംഗീകരിക്കാന്‍ കഴിയുന്ന വാദമല്ലിത്.

ബിജെപിയുടെ രാഷ്ട്രീയ ആരോപണമൊഴിച്ചാല്‍ സ്വര്‍ണക്കടത്ത് കേസില്‍ മന്ത്രിക്കു പങ്കുണ്ടെന്ന ആരോപണം നിലവില്‍ ഇല്ല. കോണ്‍സുലേറ്റില്‍ നിന്നും പാഴ്‌സലുകള്‍ കൊണ്ടുപോയതിലുളള സംശയങ്ങള്‍ക്കുമേലാണ് അന്വേഷണ ഏജന്‍സികള്‍ അദ്ദേഹത്തില്‍ നിന്നും മൊഴിയെടുക്കുന്നത് എന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. എന്നാല്‍ നയതന്ത്രചട്ടലംഘനം നടത്തിയാണ് സ്വര്‍ണക്കടത്ത് ‌കേസിലെ പ്രതിയും കോണ്‍സുലേറ്റ് മുന്‍ ജീവനക്കാരിയുമായ സ്വപ്‌ന സുരേഷുമായി മന്ത്രി ബന്ധപ്പെടുന്നത്. റംസാന്‍ മാസത്തിലെ ഭക്ഷണക്കിറ്റ് വിതരണവുമായി ബന്ധപ്പെട്ടാണ് സ്വപ്നയുമായി ഫോണില്‍ ബന്ധപ്പെട്ടതെന്നാണ് ജലീല്‍ പറയുന്നത്. യുഎഇ കോണ്‍സുല്‍ ജനറലിന്റെ നിര്‍ദേശപ്രകാരമാണ് താന്‍ സ്വപ്നയുമായി ആശയവിനിമയം നടത്തിയതെന്നുംകൂടി വിശദീകരിക്കുന്നുണ്ട്. മന്ത്രിയുടെ വിശദീകരണം ഇപ്രകാരമായിരുന്നു; "മേയ് 27 ന് യുഎഇ കോണ്‍സുല്‍ ജനറലിന്റെ ഔദ്യോഗിക ഫോണില്‍ നിന്നും എനിക്കൊരു സന്ദേശം വന്നു. എല്ലാ വര്‍ഷവും റംസാനോട് അനുബന്ധിച്ച് യുഎഇ കോണ്‍സുലേറ്റ് റിലീഫിന്റെ ഭാഗമായി ഭക്ഷണ കിറ്റുകള്‍ നല്‍കാറുണ്ട്. ഇപ്രാവശ്യം ലോക്ഡൗണ്‍ അയതുകൊണ്ട് അവര്‍ക്ക് ഭക്ഷണ കിറ്റുകള്‍ കൊടുക്കാന്‍ കഴിഞ്ഞിരുന്നില്ല. അങ്ങനെയിരിക്കെയാണ് മേയ് 27 ന് ഭക്ഷണ കിറ്റുകള്‍ കൊടുക്കാനാഗ്രഹമുണ്ടെന്ന സന്ദേശം യുഎഇ കോണ്‍സുല്‍ ജനറലിന്റെ ഔദ്യോഗിക ഫോണില്‍ നിന്നും വരുന്നത്. തുടര്‍ന്ന് കണ്‍സ്യൂമര്‍ ഫെഡില്‍ നിന്ന് ഭക്ഷണ കിറ്റുകള്‍ തരപ്പെടുത്താം എന്ന് ഞാനറിയിച്ചു. അങ്ങനെയെങ്കില്‍ സ്വപ്ന താങ്കളുമായി ബന്ധപ്പെടുമെന്ന് അദ്ദേഹം എന്നെ മെസ്സേജില്‍ അറിയിക്കുകയായിരുന്നു. ആയിരത്തോളം കിറ്റുകളാണ് എടപ്പാള്‍, തൃപ്രങ്ങോട് പ്രദേശങ്ങളില്‍ വിതരണം ചെയ്തത്".

നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കുള്ള പെരുമാറ്റ ചട്ട പ്രകാരം ഒരു രാജ്യത്തെ പ്രാദേശിക സര്‍ക്കാരിലെ പ്രതിനിധിയെ നേരിട്ട് ബന്ധപ്പെടുന്നതിന് കോണ്‍സുലേറ്റ് അധികൃതര്‍ക്ക് അനുവാദമില്ലെന്നിരിക്കെയാണ് ഈ ഫോണ്‍ വിളികളും ഇടപാടുകളും നടന്നത്. മറ്റൊരു രാജ്യത്ത് പ്രവര്‍ത്തിക്കുന്ന കോണ്‍സുല്‍ ഉദ്യോഗസ്ഥര്‍ക്കോ ഡിപ്ലോമാറ്റുകള്‍ക്കോ അവര്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്ത് എന്തെങ്കിലും ചെയ്യണമെങ്കിലോ ആശയവിനിമയം നടത്തണമെങ്കിലോ ആ രാജ്യത്തെ വിദേശകാര്യ മന്ത്രാലയം വഴി മാത്രമായിരിക്കണമെന്നാണ് പെരുമാറ്റ ചട്ടങ്ങള്‍ കൃത്യമായി വിശദീകരിക്കുന്ന ഡിപ്ലോറ്റിക് ഹാന്‍ഡ് ബുക്കില്‍ പറയുന്നത്. പ്രദേശിക സര്‍ക്കാരുകളുമായി ബന്ധപ്പെടുന്നതില്‍ തടസങ്ങളില്ലെങ്കിലും ചട്ടങ്ങള്‍ പാലിച്ചുകൊണ്ടു മാത്രമായിരിക്കണമത്. ഇവിടെ സര്‍ക്കാരിനെയല്ല, ഒരു മന്ത്രിയെ നേരിട്ട് ബന്ധപ്പെടുകയാണ് ചെയ്തത്. മന്ത്രി സര്‍ക്കാര്‍ പ്രതിനിധിയല്ലേ എന്ന ചോദ്യം ഇക്കാര്യത്തില്‍ അപ്രസക്തമാണ്.

നയതന്ത്ര പെരുമാറ്റ ചട്ടം മറികടന്നാണ് കോണ്‍സുല്‍ ജനറല്‍ മന്ത്രിയെ വിളിച്ചത്. അങ്ങനെ വിളിക്കാന്‍ അനുവാദമില്ലാത്തതാണ്. എന്ത് ആവശ്യമാണെങ്കിലും അത് രാജ്യത്തിന്‍റെ വിദേശകാര്യ മന്ത്രാലയം വഴി മാത്രമാണ് ചെയ്യേണ്ടത്. മാര്‍ഗനിര്‍ദേശങ്ങളില്‍ കര്‍ശനമായി പറഞ്ഞിട്ടുള്ള കാര്യങ്ങളാണിതൊക്കെ. ചില കാര്യങ്ങളില്‍ ഇളവുകളുണ്ട്. ഒരു ചടങ്ങിലേക്ക് ക്ഷണിക്കാന്‍ വേണ്ടി കാര്‍ഡുകള്‍ അയയ്ക്കാം, അതല്ലെങ്കില്‍ കലണ്ടറുകളോ മറ്റോ അയയ്ക്കാം. ഇതൊക്കെയാണ് പെരുമാറ്റ ചട്ടലംഘനങ്ങളല്ലാതെ ചെയ്യാവുന്ന കാര്യങ്ങള്‍. ഭക്ഷണ കിറ്റുകള്‍ ഓഫര്‍ ചെയ്യാനോ പണം നല്‍കാനോ ഒന്നും അനുവാദമില്ല. ഇവിടെ മന്ത്രിയെ കോണ്‍സുല്‍ ജനറല്‍ നേരിട്ട് വിളിക്കുന്നു, കോണ്‍സുലേറ്റ് ജീവനക്കാരിയെന്നു പറയുന്ന വ്യക്തി മന്ത്രിയെ പല തവണ വിളിക്കുന്നു, മന്ത്രി തിരിച്ചും പല തവണ വിളിക്കുന്നു, ഇതെല്ലാം തികച്ചും അസാധാരണമാണ്; ഈ വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് ഇന്ത്യയുടെ മുന്‍ അംബാസിഡര്‍ ടി പി ശ്രീനിവാസന്‍ അഴിമുഖത്തോട് വ്യക്തമാക്കിയിട്ടുള്ള കാര്യങ്ങളാണിത്.

കോണ്‍സുലേറ്റ് വഴി ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്യാനും മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്യാനുമൊക്കെ ഒരു മന്ത്രിയെ നേരിട്ട് വിളിച്ച് ഏര്‍പ്പാടാക്കാനൊന്നും നിയമം അനുവദിക്കുന്നില്ലെന്നിരിക്കെ അവയെല്ലാം നടന്നിരിക്കുന്നതെന്നാണ് ദുരൂഹതകളേറ്റുന്നത്. ഭക്ഷണ കിറ്റുകളും മതഗ്രന്ഥങ്ങളും വിതരണം ചെയ്യാന്‍ കോണ്‍സുല്‍ ജനറല്‍ ആഗ്രിച്ചിരുന്നുവെങ്കില്‍ രാജ്യത്തിന്റെ വിദേശകാര്യ മന്ത്രാലയത്തെയായിരുന്നു അദേഹം ബന്ധപ്പെടേണ്ടിയിരുന്നത്. ഈ രാജ്യവുമായിട്ടാണ് കോണ്‍സുലിന്റെ ബന്ധം. പ്രാദേശിക സര്‍ക്കാരുമായി ബന്ധം പുലര്‍ത്താമെങ്കില്‍ പോലും അത് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് മാത്രമെ ആകാവൂവെന്നാണ് നയതന്ത്രവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇവിടെ ഒന്നാം പ്രതി കോണ്‍സുല്‍ ജനറലാണെങ്കിലും മന്ത്രിക്ക് നിയമം അറിയില്ലായിരുവെന്ന വാദം അത്രകണ്ട് നിഷ്‌കളങ്കമായി കാണാനും കഴിയില്ല. നിയമങ്ങളും ചട്ടങ്ങളും അറിയുമായിരുന്നുവെങ്കില്‍ മന്ത്രി പറയേണ്ടിയിരുന്നത്, തന്നെയല്ല ഇക്കാര്യത്തില്‍ ബന്ധപ്പെടേണ്ടതെന്നും വിദേശകാര്യ മന്ത്രാലയത്തെ ബന്ധപ്പെട്ട് അവര്‍ നല്‍കുന്ന നിര്‍ദേശമനുസരിച്ച് കാര്യങ്ങള്‍ നീക്കൂ എന്നോ, ചീഫ് സെക്രട്ടറിയെ ബന്ധപ്പെടൂ എന്നോ ആയിരുന്നു. അത് പറയാന്‍ മന്ത്രിക്ക് കഴിഞ്ഞില്ലെങ്കില്‍ ചട്ടങ്ങളെക്കുറിച്ചുള്ള അജ്ഞത മാത്രമായിരുന്നോ അതിന്റെ കാരണം? കോണ്‍സുല്‍ ജനറല്‍ ആവശ്യപ്പെട്ട കാര്യങ്ങള്‍ മന്ത്രി ചെയ്തുകൊടുക്കുകയും ചെയ്തു. നിയമത്തിലുള്ള അറിവില്ലായ്മ മൂലമുണ്ടായ വീഴ്ച്ചയാണെന്നു പറഞ്ഞ് പ്രതിരോധിക്കാമെങ്കിലും, മികച്ച അക്കാദമിക് പശ്ചാത്തലമുള്ള കെ ടി ജലീലിന് ചടങ്ങളെക്കുറിച്ച് ഒന്നുമറിയില്ലായിരുന്നുവെന്നതാണ് അന്വേഷണ ഏജന്‍സികള്‍ക്കും ദഹിക്കാതെ കിടക്കുന്നത്.

Next Story

Related Stories