TopTop
Begin typing your search above and press return to search.

പ്രണയം മരണക്കെണിയാകുമ്ബോള്‍; കാമുകന്‍മാര്‍ കൊലയാളികളാകുന്നത് എങ്ങനെ?

പ്രണയം മരണക്കെണിയാകുമ്ബോള്‍; കാമുകന്‍മാര്‍ കൊലയാളികളാകുന്നത് എങ്ങനെ?

കാരക്കോണത്തെ അക്ഷികയുടെ വീട്ടിലേക്കു കയറുമ്ബോള്‍ ചുമരുകള്‍ നിറയെ ചിത്രങ്ങള്‍ കാണാം. പല വര്‍ണ്ണങ്ങളില്‍. പക്ഷേ, ഇപ്പോള്‍ ചുമരിലെ ചിത്രങ്ങള്‍ക്കൊപ്പം ചോരപ്പാടുകളാണ്. ആ ചോരപ്പാടുകള്‍ നമ്മോട് പറയുന്നതു ഒരു പ്രതികാരത്തിന്റെ കഥയാണ്.

ആണിന്റെ പ്രണയ നൈരാശ്യത്തിന് ഇരയായി കേരളത്തില്‍ കൊല ചെയ്യപ്പെട്ട പെണ്‍കുട്ടികളുടെ കൂട്ടത്തില്‍ മറ്റൊരു പേരു കൂടി എഴുതിചേര്‍ക്കപ്പെട്ടിരിക്കുന്നു...അക്ഷിക.മോളെ കണ്ട് കൊതി തീര്‍ന്നിട്ടില്ല...അക്ഷികയുടെ അമ്മ നിറഞ്ഞ കണ്ണുകളോടെ പറഞ്ഞു കൊണ്ടേയിരിക്കുന്നു.

പ്രണയത്തിന്റെ മറവിലെ കൊലപാതങ്ങള്‍ കേരളത്തില്‍ ഇന്ന് സ്ഥിര സംഭവമായിരിക്കുന്നു. പ്രണയം തുടര്‍ന്ന് കൊണ്ടുപോകാന്‍ താല്‍പര്യമില്ലെന്ന് പറയുന്നതോ, പ്രണയാഭ്യര്‍ത്ഥന നിരസിക്കുന്നതോ ഒക്കെയാണ് ഈ കൊലപാതകങ്ങള്‍ക്കെല്ലാം കാരണം. പ്രണയിച്ച പെണ്‍കുട്ടിയെ കൊലപ്പെടുത്തുക മാത്രമല്ല, സ്വയം ജീവനൊടുക്കാനും പലപ്പോഴും ആണ്‍കുട്ടികള്‍ തയ്യാറാവുന്നു. പൊതു ഇടങ്ങളില്‍ വെച്ചു മാത്രമല്ല പെണ്‍കുട്ടികളുടെ വീടുകളില്‍ കയറിവരെ ആക്രമണവും കൊലപാതകവും നടത്തുന്നു. പെട്രോളൊഴിച്ച്‌ കത്തിച്ചോ, കത്തികൊണ്ട് കുത്തി മുറിവേല്‍പ്പിച്ചോ പെണ്‍കുട്ടികളുടെ ജീവനെടുക്കുന്നു.

ഈ അടുത്ത ദിവസങ്ങളില്‍ തിരുവനന്തപുരത്തും, കൊച്ചിയിലുമായി പ്രണയത്തിന്റെ പേരില്‍ ആക്രമിക്കപ്പെട്ടത് മൂന്ന് പെണ്‍കുട്ടികളാണ്. അതില്‍ രണ്ട് പേര്‍ ഇന്ന് ജീവിച്ചിരിപ്പില്ല. ഒരാള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. തിരുവനന്തപുരത്തെ കാരക്കോണത്ത് പത്തൊന്‍പതുകാരിയായ അക്ഷികയെ കഴുത്തറുത്ത് കൊന്നത് അനു എന്ന 24കാരന്‍. അക്ഷികയെ കൊലപ്പെടുത്തി അനു ആത്മഹത്യ ചെയ്തു. എറണാകുളത്തെ കാക്കനാട് പതിനേഴുകാരിയായ നൂര്‍ജഹാനെ കുത്തി പരിക്കേല്‍പിച്ചത് അമല്‍. അമല്‍ പോലീസ് കസ്റ്റഡിയിലാണ്. എറണാകുളത്തു തന്നെ കലൂരില്‍ ഇവ എന്ന പതിനേഴുകാരിയെ കൊല ചെയ്തത് സഫര്‍ അലി. ഈ മൂന്ന് കൊലപാതകങ്ങളുടെയും കാരണം ഒന്നു തന്നെയാണ്. പ്രണയത്തിന്റെ കാര്യത്തില്‍ പെണ്‍കുട്ടികള്‍ തീരുമാനമെടുത്തു.

ജനുവരി 6 ന് രാവിലെയാണ് കാരക്കോണത്തെ ഞെട്ടിച്ചുകൊണ്ട് ദാരുണമായ കൊലപാതകം നടന്നത്. വീട്ടില്‍ അക്ഷികയും മുത്തശ്ശനും മുത്തശ്ശിയും മാത്രമെ ഉണ്ടായിരുന്നുള്ളൂ. പെട്ടെന്നാണ് അനു വീട്ടിലേക്ക കയറി വന്നത്. വീടിനു മുന്നില്‍ ഇരിക്കുകയായിരുന്ന മുത്തശ്ശന്‍ എങ്ങോട്ടാണെന്ന് ചോദിച്ചെങ്കിലും, ഉത്തരം പറയാന്‍ നില്‍ക്കാതെ മുത്തശ്ശനെ തള്ളിയിട്ട് അനു വീടിനകത്തേക്ക് കയറി. അക്ഷികയുടെ മുറിയില്‍ കയറിയ യുവാവ് വാതില്‍ കുറ്റിയിട്ട ശേഷം കൈയിലുണ്ടായിരുന്ന സോഡാ കുപ്പിയുടെ ചില്ലുപയോഗിച്ച്‌ അക്ഷികയുടെ കഴുത്തറുക്കുകയായിരുന്നു. തുടര്‍ന്ന് സ്വന്തം കഴുത്തറുത്ത് ആത്മഹത്യ ചെയ്തു. തുടര്‍ന്ന് നാട്ടുകാരെത്തി വാതില്‍ തുറന്ന് ഇരുവരേയും കാരക്കോണം ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആശുപത്രിയില്‍ എത്തും മുന്‍പ് തന്നെ അക്ഷിക മരിച്ചു. അനു മരിക്കുന്നത് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചാണ്. കാരക്കോണം സ്വദേശി തന്നെയാണ് അനുവും.

മോളെ കണ്ട് കൊതി പോലും തീര്‍ന്നിട്ടില്ല...പഠിക്കാന്‍ അല്‍പം പുറകോട്ടാണെങ്കിലും അവള്‍ക്ക് മറ്റെല്ലാത്തിനുംദൈവംകഴിവു കൊടുത്തിരുന്നു. അക്ഷികയെക്കുറിച്ച്‌ അമ്മ സീമ പറഞ്ഞു തുടങ്ങി. കാരക്കോണത്തെ ഒരു സ്വാകാര്യ സ്‌കൂളിലെ ആയയാണ് സീമ. സംഭവം നടക്കുമ്ബോള്‍ സീമ വീട്ടിലുണ്ടായിരുന്നില്ല. അന്ന് മോള്‍ക്ക് തിരുവനന്തപുരത്തൊരു ഇന്റെര്‍വ്യൂ ഉണ്ടായിരുന്നു, ബ്യൂട്ടീഷന്റെ. അതിന് പോകണമെന്ന് പറഞ്ഞിരിക്കുകയായിരുന്നു അവള്‍. ഞാന്‍ രാവിലെ 8 മണിക്ക് ജോലിക്കു പോയി. പിന്നെ ഒരു പത്തേമുക്കാലൊക്കെ ആയപ്പോഴാണ് എനിക്ക് ഫോണ്‍ വന്നത്. മോള് കതക് തുറക്കുന്നില്ല പെട്ടന്ന് വരണം എന്ന് മാത്രമാണ് ഫോണില്‍ വിളിച്ചപ്പോള്‍ പറഞ്ഞത്. ഈ സംഭവമൊന്നും പറഞ്ഞിരുന്നില്ല.

പ്ലസ് വണ്‍ പ്ലസ്ടുലൊക്കെ പഠിക്കുമ്ബോള്‍ ഇവര്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ ഞങ്ങള്‍ക്കത് അറിയില്ലായിരുന്നു. പിന്നീട് അവന്റെ സ്വഭാവം മനസിലായിട്ടാണെന്ന് തോന്നുന്നു മോള്‍ക്ക് അവനെ ഇഷ്ടമല്ലാതായി. ഞങ്ങള്‍ ഇതേപറ്റി അവളോട് ചോദിക്കുകയും ചെയ്തിരുന്നു. എന്തെങ്കിലും ഉണ്ടെങ്കില്‍ പറഞ്ഞാല്‍ മതി നമുക്ക് വേണ്ടത് ചെയ്യാം എന്ന് അവളോട് പറഞ്ഞിരുന്നു. എന്നാല്‍ അവള്‍ പറഞ്ഞത് വേണ്ട അമ്മാ അവന്റെ സ്വഭാവം ശരിയല്ല, ഇപ്പോ അങ്ങനെയാന്നുമില്ല എന്നാണ്. അതു കഴിഞ്ഞ് അവന്‍ ശല്യം ചെയ്യുന്നതായും മോള് പറഞ്ഞിരുന്നു. ബസിലൊക്കൊ പോകുമ്ബോള്‍ ബസില്‍ അ പയ്യനും ഉണ്ടാകാറുണ്ടെന്ന് പറയുമായിരുന്നു. പിന്നെ ചാക്കയില്‍ ഒരു കോഴ്‌സ് പഠിക്കാന്‍ പോയിരുന്നു അവള്‍. അവിടെയും വരാറുണ്ടെന്ന് പറഞ്ഞിരുന്നു. പിന്നീട് പഠിത്തം നിര്‍ത്തി. ചാക്കയിലെ പഠിത്തം നിര്‍ത്തിയത് ഇവന്റെ ശല്യം കാരണമാണൊ എന്നൊന്നും അറിയില്ല. ഇനി പോകുന്നില്ല എന്നു പറഞ്ഞു. അതിനു ശേഷമാണ് ബ്യൂട്ടീഷന്‍ പഠിക്കാന്‍ പോയത്. അവള്‍ ജീവിതത്തില്‍ എന്തെങ്കിലുമൊക്കെ ആകണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു...സീമ പറഞ്ഞു നിര്‍ത്തി.

ഞാന്‍ രാവിലെ പണിക്കു പോയതാ, പത്തരയാവുമ്ബോ ഫോണ്‍ വന്നു. അത് മാത്രമെ എനിക്കറിയാവുള്ളൂ. അവന്‍ ശല്യം ചെയ്യുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ പോലീസ് സ്‌റ്റേഷനില്‍ പോയി പരാതി കൊടുത്തതാണ്. കഴിഞ്ഞ ഏപ്രിലിലായിരുന്നു അത്. ഇനി ശല്യമുണ്ടാകില്ലെന്ന് അന്ന് എഴുതി വാങ്ങിയിരുന്നു. അതിനു ശേഷം വേറെ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. ഇത് പെട്ടന്നുള്ളൊരു ആക്രമണമായിപ്പോയി....മകളുടെ അപ്രതീക്ഷിത മരണത്തില്‍ തകര്‍ന്നിരിക്കുന്ന അച്ഛന്‍ അജിത്തിന് മറ്റൊന്നും പറയാനുണ്ടായിരുന്നില്ല. പെയിന്ററാണ് അക്ഷികയുടെ അച്ഛന്‍.

അക്ഷികയുടെ കൊലപാതക സമയത്ത് വീട്ടിലുണ്ടായിരുന്നത് മുത്തശ്ശന്‍ പരശുവും മുത്തശ്ശി ബേബിയും മാത്രമാണ്. സംഭവത്തെക്കുറിച്ച്‌ അവരുടെ പ്രതികരണം ഇങ്ങനെ- ഞാന്‍ സിറ്റൗട്ടില്‍ ഇരിക്കുമ്ബോഴാണ് ഒരാള്‍ ഓടിക്കയറി വന്നത്. എവിടെ പോകുന്നെന്ന് ചോദിച്ചപ്പോഴേക്കും എന്നെ പിടിച്ചു തള്ളിയിട്ട് അയാള്‍ അകത്ത് കയറി. വാതിലെല്ലാം കുറ്റിയിട്ടു. ഞാന്‍ അപ്പോഴേക്കും നാട്ടുകാരെ വിളിച്ചു വരുത്തി. അവര്‍ ഓടി എത്തുമ്ബോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. അമ്മച്ചീ എന്റെ കഴുത്തറുത്തെന്ന് മോള്‍ ഉറക്കെ വിളിച്ചു പറഞ്ഞത് കേട്ടു. അത്ര തന്നെ. മുത്തശ്ശന്‍ പരശു പറഞ്ഞു. മകളെയും കൊച്ചു മക്കളെയും കാണാനായി ഗുജറാത്തില്‍ നിന്നും പരശുവും ഭാര്യയും നാട്ടിലെത്തിയിട്ട് പതിനഞ്ചു ദിവസമെ ആകുന്നുള്ളൂ.

എന്റെ അടുത്തു വന്ന് സംസാരിച്ചൊക്കെ ഇരുന്നതാണ്. പിന്നെ അവള്‍ മുറിയിലേക്ക് പോയി. ഞാന്‍ തുണി വിരിക്കാന്‍ മുകളിലേക്കും. പിന്നീട് അമ്മച്ചീ എന്നെ കൊല്ലുന്നേ എന്നുള്ള നില വിളിയാണ് കേട്ടത്. ഞാന്‍ താഴേക്ക് വന്ന് വാതില്‍ തള്ളിയെങ്കിലും തുറക്കാനായില്ല. മോളെ വാതില്‍ തുറക്കെന്ന് ഞാന്‍ ഉറക്കെ വിളിച്ചു പറഞ്ഞു. പക്ഷെ അമ്മച്ചീ എന്നൊരു വിളി മാത്രമാണ് കേട്ടത്. ബേബി പറയുന്നു.

കുഞ്ഞിവിടെ കിടക്കുന്നത് കണ്ടാണ് ഞാന്‍ തൊഴിലുറപ്പിന് പോയത്. പിന്നെ എനിക്കൊരു ഫോണ്‍ വരികയാണുണ്ടായത്.ഈ പയ്യനെക്കുറിച്ച്‌ കഴിഞ്ഞ ദിവസവും അവളുടെ അച്ഛന്‍ ചോദിച്ചിരുന്നു. എന്തെങ്കിലും ഉണ്ടെങ്കില്‍ പറയാനും പറഞ്ഞതാണ്. എന്നാല്‍ ഒന്നും പറഞ്ഞില്ല. അക്ഷികയുടെ അച്ഛന്റെ അമ്മ ഗോമതി പറഞ്ഞു.

ചിത്രം വരയ്ക്കാന്‍ ഏറെ ഇഷ്ടമായിരുന്നു അക്ഷികയ്ക്ക്. പ്ലസ്ടു കഴിഞ്ഞതിനുശേഷം തിരുവനന്തപുരം വുമണ്‍സ് കോളേജില്‍ ബ്യൂട്ടീഷന്‍ കോഴ്‌സ് പഠിക്കുകയായിരുന്നു അക്ഷിക. പരീക്ഷയെല്ലാം കഴിഞ്ഞെന്നും, ഇനി ഒരെണ്ണം മാത്രമെ ബാക്കിയുണ്ടായിരുന്നുള്ളൂ എന്നുമാണ് അക്ഷികയുടെ അമ്മ സീമ പറയുന്നത്.

എറണാകുളത്തെ കാക്കനാടും കലൂരും സമാനസംഭവങ്ങള്‍ കഴിഞ്ഞ ദിവസമുണ്ടായി. കലൂരിലെ ഇവ ആന്റണിയുടെ ശരീരം കണ്ടെടുത്തത് വാല്‍പ്പാറ വനത്തില്‍ നിന്നുമാണ്. സുഹൃത്ത് സഫര്‍ അലി പെണ്‍കുട്ടിയെ കാറില്‍ കയറ്റി കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം വാല്‍പ്പാറയിലെ തേയില തോട്ടത്തില്‍ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. സൗഹൃദം തുടരാനാകില്ലെന്ന് പെണ്‍കുട്ടി പറഞ്ഞതാണ് കൊലയ്ക്ക് കാരണമെന്നാണ് പ്രതി സഫര്‍ പോലീസിനോട് പറഞ്ഞത്. ഹ്യൂണ്ടായ് ഷോറൂമില്‍ ജോലി ചെയ്യുന്ന സഫര്‍ സര്‍വ്വീസ് ചെയ്യാന്‍ ഏല്‍പ്പിച്ചിരുന്ന കാറുമായാണ് വാല്‍പ്പാറയിലെത്തിയത്.

കഴിഞ്ഞ എട്ടു മാസമായി മകളെ സഫര്‍ ശല്യം ചെയ്യുന്നുണ്ടായിരുന്നു എന്നാണ് അച്ഛന്‍ ആന്റണി പറയുന്നത്. സഫര്‍ പലപ്പോഴായും കൊല്ലുമെന്ന് മകളെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും അതിനാല്‍ ഇവയ്ക്ക് സ്‌കൂളില്‍ പോകാന്‍ പോലും പേടിയായിരുന്നെന്നും അച്ഛന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കുറേ നാളായി അച്ഛനായിരുന്നു ഇവയെ സ്‌കൂളില്‍ കൊണ്ടു ചെന്നു വിട്ടിരുന്നത്. മടങ്ങിവരുമ്ബോള്‍ കൂട്ടുകാര്‍ക്കൊപ്പമാണ് ഇവ വരാറുള്ളതെന്നും ഇവയുടെ അച്ഛന്‍ ആന്റണി പറഞ്ഞിരുന്നു. 'എട്ടു മാസമായി ഈ പയ്യന്‍ മകളെ ശല്യം ചെയ്യുന്നത് അറിയാമായിരുന്നു. അവള്‍ പലപ്പോഴും പരാതിയും പറഞ്ഞിട്ടുണ്ട്. അവന്‍ കൊല്ലുമെന്ന് മകളോടും പലപ്പോഴും പറഞ്ഞു. അതുകൊണ്ടു തന്നെ അവള്‍ക്ക് സ്‌കൂളില്‍ പോകുന്നതു പോലും പേടിയായിരുന്നു. കുറേനാളായി ഞാനാണ് മകളെ സ്‌കൂളില്‍ കൊണ്ടാക്കുന്നത്. സ്‌കൂളില്‍ കയറി എന്ന് ഉറപ്പാക്കിയ ശേഷമേ മടങ്ങാറുള്ളൂ. തിരിച്ച്‌ കൂട്ടുകാര്‍ക്കൊപ്പം വരികയാണ് പതിവ്. സ്‌കൂള്‍ കഴിഞ്ഞ കൂട്ടുകാരിയുടെ ബര്‍ത്ത്‌ഡേ പാര്‍ട്ടിയുണ്ടെന്ന് എന്നോട് പറഞ്ഞിരുന്നു. അതുകൊണ്ടാണ് പതിവു സമയമായിട്ടും എത്താതിരുന്നപ്പോള്‍ അന്വേഷിക്കാതിരുന്നത്. കൂട്ടുകാരെ വിളിച്ചപ്പോഴാണ് അവള്‍ ബസ് സ്റ്റോപ്പിലേക്ക് നടന്നുപോയതായി പറഞ്ഞത്. ഇവയുടെ അച്ഛന്‍ മാധ്യമങ്ങളോട് പറഞ്ഞു.ഇവയുടെ മരണത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തിട്ടുണ്ട്.

ഇവയേയും അക്ഷികയേയും പോലെ നൂര്‍ജഹാനും ആക്രമിക്കപ്പെടുകയായിരുന്നു. ഇതില്‍ നൂര്‍ജഹാന്‍ മാത്രമെ ഇന്ന് ജീവിച്ചിരിപ്പുള്ളൂ. കാക്കനാടു വെച്ചാണ് നൂര്‍ജഹാന്‍ ആക്രമിക്കപ്പെടുന്നത്. ബൈക്കിലെത്തിയ പ്രതി അമല്‍ പെണ്‍കുട്ടിയുടെ ശരീരമാകെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. നൂര്‍ജഹാന്റെ കഴുത്തിലും, കൈയിലും, നെഞ്ചിലും, വയറിലും പരിക്കുണ്ട്. കഴുത്തിലേയും നെഞ്ചിലേയും മുറിവുകള്‍ ആഴത്തിലുള്ളതാണ്. പെണ്‍കുട്ടിയിപ്പോള്‍ ഗുരുതരാവസ്ഥയില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരുകയാണ്.

കളമശ്ശേരിയില്‍ ഫാര്‍മസി വിദ്യാര്‍ത്ഥിയാണ് നൂര്‍ജഹാന്‍. ക്ലാസുകഴിഞ്ഞ് വൈകുന്നേരങ്ങളില്‍ ഡേ കെയറില്‍ ജോലിക്കു പോകാറുണ്ടായിരുന്ന നൂര്‍ജഹാന്‍ അങ്ങോട്ട് പോകുന്ന വഴിക്കാണ് അമല്‍ ആക്രമിച്ചത്. സംഭവം കണ്ട ഡേ കെയറിലെ ജീവനക്കാരി എത്തിയപ്പോഴേക്കും അമല്‍ ഓടിരക്ഷപ്പെടുകയായിരുന്നു. അമല്‍ തന്നെ ശല്യം ചെയ്യുന്നതായി പെണ്‍കുട്ടി വീട്ടുകാരെ അറിയിച്ചിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്.

ഇവയും, അക്ഷികയും, നൂര്‍ജഹാനും ഭയന്നാണ് ജീവിച്ചിരുന്നത്. മൂന്ന് പേരും കൊലപാതകികളുടെ ശല്യമുണ്ടെന്ന് വീട്ടുകാരോട് പരാതി പറഞ്ഞിരുന്നവരാണ്. എന്തുകൊണ്ടാണ് പ്രണയം കൊലപാതകത്തിലേക്കു നയിക്കുന്നത്. ഇവിടെ കൂടുതലും കണ്ടുവരുന്നത് ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളെ കൊല്ലുന്നതാണ്. കൂടാതെ കേരളത്തില്‍ തുടരെ തുടരെ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു. ഇതിന്റെ കാരണം എന്താണെന്ന് സൈക്കോളജിസ്റ്റ് ഷിജു ജോസഫ് പറയുന്നു

പൊതുവില്‍ ആളുകളുടെ പെരുമാറ്റത്തെ മൂന്ന് തരത്തില്‍ വിശദീകരിക്കാനാകും. ഒന്ന് ബയോളജിക്കല്‍ കാരണങ്ങളാണ്. മറ്റൊന്ന് റിജക്ഷന്‍ സെന്‍സിറ്റിവിറ്റി ഉള്ളയാളുകളുണ്ട്. അവരെ നിരസിച്ചു കഴിഞ്ഞാല്‍ അവര്‍ക്ക് താങ്ങാന്‍ പറ്റില്ല. ചിലപ്പോള്‍ അവര്‍ ഒരു തരത്തിലുള്ള റിജക്ഷനുകളും നേരിടാത്തവരാകും, അല്ലെങ്കില്‍ നിരന്തരം നിരാസം ഏറ്റുവാങ്ങിയിട്ടുള്ളവരായിരിക്കും. ഇന്നത്തെ കാലത്ത് വലിയ ഗവേഷണങ്ങള്‍ നടക്കുന്നൊരു മേഖല കൂടിയാണത്. ഇവ രണ്ടും കൂടാതെ സാമൂഹികവും സാംസ്‌ക്കാരികവുമായ കാരണങ്ങള്‍ കൂടിയുണ്ട്. കഴിഞ്ഞ കുറച്ചു കാലമായി നമ്മുടെ സമൂഹത്തില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ കൂടി കൂടി വരുന്നുണ്ട്. ഫെമിനിസ്റ്റ് മുന്നേറ്റങ്ങള്‍ ഉണ്ടാകുമ്ബോള്‍, അല്ലെങ്കില്‍ ശബരിമല പോലുള്ള വിധികള്‍ വരുമ്ബോള്‍ ഏറ്റവും കൂടുതല്‍ ആക്രമിക്കപ്പെട്ടിട്ടുള്ളത് സ്ത്രീകളാണ്. ഇവര്‍ ആക്രമിക്കേണ്ടവരാണെന്ന ഒരു ആഹ്വാനമാണ് അതെല്ലാം.

ആ ഒരു സമൂഹത്തിലാണ് 'തേപ്പ്' എന്നൊരു വാക്കുണ്ടാവുന്നത്. തേക്കുന്നവര്‍ മുഴുവന്‍ സ്ത്രീകളണെന്ന ഒരു പൊതുബോധവും ഉണ്ട്. ഇത് കൂടാതെ കേരളത്തിന്റെ കാര്യം പറയുകയാണെങ്കില്‍ കേരളത്തില്‍ കൂടുതല്‍ വിദ്യാഭ്യാസം നേടുന്നതും, അഭിപ്രായങ്ങള്‍ പറയുന്നതും, സാമൂഹ്യമായി ഉന്നതി കൈവരിക്കുന്നതും പെണ്‍കുട്ടികളാണ്. ഇത് ആണ്‍കുട്ടികളില്‍ ആത്മവിശ്വാസ കുറവുണ്ടാക്കുന്നുണ്ട്. അങ്ങനെ ഒരു സമൂഹത്തിലാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ ഉണ്ടാകുന്നത്. ഈ സാമൂഹ്യ അന്തരീക്ഷം സ്ത്രീകളെ ആക്രമിക്കുന്നതിന് അനുകൂലമാണ്. പിന്നെ ഒരു സംഭവം ഒരിക്കലുണ്ടായാല്‍ അതിനെ അനുകരികരിക്കാനുള്ള ഒരു സ്വഭാവം പൊതുവില്‍ മനുഷ്യര്‍ക്കുള്ളതുമാണ്. വലിയ ആലോചനയൊന്നുമില്ലാതെ തങ്ങള്‍ക്ക് മുന്നിലുള്ള മാതൃകകള്‍ വെച്ച്‌ അവര്‍ പ്രതികരിക്കുന്നു. ഇതാണ് ഇതില്‍ നടക്കുന്നത്.

മനുഷ്യരുടെ സ്വഭാവവും അവരുടെ ജീവിതാനുഭവങ്ങളുമെല്ലാം ഇത്തരത്തിലുള്ള കുറ്റ കൃത്യത്തിലേക്ക് അവരെ നയിക്കുന്നു. അതോടൊപ്പം തന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ് കേരളത്തിന്റെ ഇന്നത്തെ സാമൂഹ്യാവസ്ഥയും. പ്രണയ നൈരാശ്യ ആക്രമണത്തിലെ അവസാനത്തെ ഇരകളാകട്ടെ അക്ഷികയും ഇവയും നൂര്‍ജഹാനും. പൊതുസമൂഹത്തിന്റെയും ഗവണ്‍മെന്റിന്റെയും അടിയന്തിര ശ്രദ്ധ ആവശ്യപ്പെടുന്നുണ്ട് ഈ വിഷയം.


Next Story

Related Stories