Top

മരടിന് ശേഷം ചിലവന്നൂർ, കൊച്ചിയിലെ കായൽ കൈയേറ്റങ്ങൾക്കെതിരെ വീണ്ടും കോടതി ഇടപെടൽ?

മരടിന് ശേഷം ചിലവന്നൂർ, കൊച്ചിയിലെ കായൽ കൈയേറ്റങ്ങൾക്കെതിരെ വീണ്ടും കോടതി ഇടപെടൽ?

മരട് മുന്‍സിപ്പാലിറ്റിയില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച അഞ്ചു ഫ്‌ളാറ്റുകള്‍ പൊളിച്ചു കളയാനുള്ള സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുന്നതിനൊപ്പം കാലതാമസം കൂടാതെ ചിലവന്നൂര്‍ കായലോരത്തെ കയ്യേറ്റങ്ങളും അനധികൃത നിര്‍മാണങ്ങളും ഒഴിപ്പാക്കാനും സര്‍ക്കാര്‍ തയ്യാറാകണമെന്ന ആവശ്യം. ചിലവന്നൂര്‍ കായലോരങ്ങളിലെ തീരദേശ നിയമ ലംഘനങ്ങള്‍ പരിശോധിക്കാന്‍ സുപ്രീം കോടതി ഉത്തരവ് വന്നതിനു പിന്നാാലെയാണ് ഇങ്ങനെയൊരു ആവശ്യം ശക്തമാകുന്നത്. കഴിഞ്ഞ ദിവസം കൊച്ചി നഗരം വെള്ളക്കെട്ടില്‍ മുങ്ങിയതിനു പ്രധാനകാരണം ചിലവന്നൂര്‍ കായല്‍ നശീകരണമെന്ന് പരിസ്ഥിപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയിരുന്നു. ദിനംപ്രതിയെന്നോണം പെരുകി വരുന്ന അനധികൃത നിര്‍മാണങ്ങളും വ്യാപകമായ കയ്യേറ്റവും കായലിനെ ഇല്ലാതാക്കി കൊണ്ടിരിക്കുകയാണെന്നും, ഭരണകൂടങ്ങളും നിയമസംവിധാനങ്ങളും ഇക്കാര്യത്തില്‍ മൗനം പാലിച്ചു വന്നതുകൊണ്ട് ഇതുവരെ ഒന്നും ചെയ്യാന്‍ കഴിയാതിരുന്നിടത്ത് സുപ്രീം കോടതി ഇടപെടല്‍ മാറ്റം കൊണ്ടുവരുമെന്ന് കൊച്ചിയിലെ പരിസ്ഥിതി സ്നേഹികളുടെ പ്രതീക്ഷ

ചരിത്ര പ്രാധാന്യമുള്ളതാണ് ചിലവന്നൂര്‍ കായല്‍. ലോകപ്രശസ്ത സഞ്ചാരി ഇബ്‌നൂബത്തൂത്ത ഈ കായലിലൂടെ സഞ്ചരിച്ചിട്ടുണ്ട്. കോഴിക്കോട് മുച്ചാട് നിന്നും വന്ന ഇബ്‌നുബത്തൂത്ത തുകലന്‍കുത്ത് തോട്(ഇടപ്പള്ളി തോട്),ചിത്തിരക്കായല്‍, ചമ്പക്കര കായല്‍ വഴി ചിലവന്നൂര്‍ കായലില്‍ എത്തുകയും അവിടെ നിന്നും വേമ്പനാട്ട് കായലില്‍ കയറി വൈക്കത്ത് എത്തുകയും വൈക്കത്തു നിന്നും കൊല്ലത്ത് എത്തി അവിടെ നിന്നാണ് തിരിച്ചു പോകുന്നതെന്നുമാണ് ചരിത്രരേഖകള്‍ പറയുന്നത്.
നഗരസഭ 54 -ാം ഡിവിഷന്‍ ആയ ചെട്ടിച്ചിറയില്‍ നിന്നും ആരംഭിച്ച് മരട് വഴി തേവരയിലെത്തി വേമ്പനാട്ട് കായലില്‍ എത്തുന്ന ചിലവന്നൂര്‍ കായലിന് 500 മീറ്ററില്‍ അധികം വീതിയും എട്ടു കിലോമീറ്ററിനടുത്ത് നീളവും ഉണ്ടായിരുന്നുവെന്നു പറയുന്നു. 1980-85 കാലഘട്ടങ്ങളിലെ രേഖകള്‍ പോലും കായലിന്റെ സ്വാഭാവിക വീതിയും നീളവും ഇത്ര തന്നെ പറയുന്നുണ്ട്. വളരെ ശുദ്ധമായ ജലമായിരുന്നു ചിലവന്നൂര്‍ കായലിലേത്. ധാരളം മത്സ്യസമ്പത്തും ഉണ്ടായിരുന്നു. ഈ കായല്‍ ഒരു കാലത്ത് കൊച്ചിയിലെ ജനങ്ങളുടെ പ്രധാന വരുമാന മാര്‍ഗവുമായിരുന്നു. 2005 ഓടു കൂടി റിയല്‍ എസ്‌റ്റേറ്റ് തരംഗം കൊച്ചിയെ പിടികൂടിയതോടെയാണ് ചിലവന്നൂര്‍ കായലിന്റെ നാശവും തുടങ്ങിയതെന്നാണ് പരിസ്ഥിതിപ്രവര്‍ത്തകര്‍ പറയുന്നത്. വാട്ടര്‍ ഫ്രണ്ടേജ് താമസസൗകര്യം എന്ന ആകര്‍ഷണം വന്‍തോതില്‍ സ്വീകരിക്കപ്പെട്ടതോടെ ചിലവന്നൂര്‍ കായലോരത്ത് ഫ്‌ളാറ്റുകളും മറ്റ് വാണിജ്യ നിര്‍മാണങ്ങളും ഉയരാന്‍ തുടങ്ങി. ഇതിനു വേണ്ടി വന്‍തോതില്‍ കായല്‍ കയ്യേറുകയും ചെയ്തു. നിബിഡമായ കണ്ടല്‍ക്കാടുകളായിരുന്നു ഒരു കാലത്ത് ചിലവന്നൂര്‍ കായലിന്റെ ഓരോങ്ങളില്‍ ഉണ്ടായിരുന്നത്. തീരദേശ പരിപാലന നിയമം വന്നതോടെ പരിസ്ഥിതി ലോലപ്രദേശം കൂടിയായ കായല്‍ സിആര്‍ഇസഡ് കാറ്റഗറി ഒന്നില്‍ ഉള്‍പ്പെട്ടു. ചരിത്രപരമായ പ്രാധാന്യം കൂടി കായലിന് ഉണ്ടെന്നതും കാറ്റഗറി ഒന്നില്‍ ഉള്‍പ്പെടാനുള്ള കാരണമായിരുന്നു. ആ സമയത്ത് ഇവിടെ മത്സ്യബന്ധനം നടത്താന്‍ വേണ്ടി ആളുകള്‍ക്കു കായലോരങ്ങള്‍ പാട്ടത്തിനു നല്‍കുമായിരുന്നു. ഇതാണ് പിന്നീട് റിയല്‍ എസ്റ്റേറ്റ് മാഫിയ കൈവശപ്പെടുത്തിയത്.

അഞ്ഞൂറ് മീറ്ററില്‍ അധികം വീതിയുണ്ടായിരുന്ന കായലിന് ഇപ്പോള്‍ നൂറ്റമ്പതില്‍ താഴെ മാത്രമാണ് വീതിയെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നത്. വ്യാപകമായ രീതിയില്‍ വര്‍ദ്ധിക്കുന്ന കയ്യേറ്റവും നിര്‍മാണങ്ങളുമാണ് കാരണം. സര്‍ക്കാര്‍ ഏജന്‍സികള്‍ തന്നെ കായലിന്റെ ആസന്നമായ നാശത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതായിരുന്നു. ചിലവന്നൂര്‍ കായല്‍ പരിസരത്ത് ഒരു തരത്തിലുമുള്ള നിര്‍മാണങ്ങള്‍ അനുവദിക്കരുതെന്ന് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ ഉപ സമിതി എട്ടുവര്‍ഷങ്ങള്‍ക്കു മുമ്പേ റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളതാണ്. ഗ്യാലക്‌സ് ബില്‍ഡേഴ്‌സ് നടത്തിയ നിര്‍മാണത്തെക്കുറിച്ച് അന്വേഷണം നടത്തുന്നതിനായി കേരള ശാസ്ത്ര സാങ്കേതിക കൗണ്‍സില്‍ നിയോഗിച്ച പരിസ്ഥിതി ശാസ്ത്രജ്ഞന്മാരായ ഡോ. കെ വി തോമസ്. ഡോ. പി. ഹരിനാരായണ്‍ എന്നിവരംഗങ്ങളായ രണ്ടംഗ ഉപസമതിയാണ് കായല്‍ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് നല്‍കിയത്. വന്‍തോതിലുള്ള കയ്യേറ്റം കായലിന്റെ ഒഴുക്കും വേലിയേറ്റവും ഇല്ലാതാക്കുകയാണെന്നാണ് ഉപസമതി ചൂണ്ടിക്കാട്ടിയത്. ചീപ്പുകള്‍(കായലിലേക്കുള്ള ജലാഗമനനിര്‍ഗമന മാര്‍ഗങ്ങള്‍) അടഞ്ഞതോടൂകൂടി കായലില്‍ നിന്നും അകത്തേക്ക് വെള്ളം കയറുന്നതിനും പുറത്തേക്ക് ഒഴുകുന്നതിനും തടസം നേരിടുകയാണെന്നും ഈ അവസ്ഥ കായലിനെ ജഡാവസ്ഥയിലാക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കായല്‍ വിസ്തൃതി വന്‍തോതില്‍ കുറഞ്ഞു വരികയാണെന്നും നിലവില്‍ നിര്‍മാണം നടന്നു വരുന്ന ഹീര വാട്ടേഴ്‌സ്, അബാദ് ലോട്ടസ്, ജുവല്‍ ഹോംസ്, പേള്‍ ഗാര്‍ഡന്‍ തുടങ്ങി പത്തോളം കെട്ടിടങ്ങളെ നിര്‍മാണം മുന്നോട്ടു കൊണ്ടു പോകാന്‍ അനുവദിക്കരുതെന്നും 2011 ലെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നതാണെങ്കിലും ഈ കെട്ടിടങ്ങളും പുതിയവയായി വന്ന അതിലേറെ കെട്ടിടങ്ങളും എല്ലാം തന്നെ ഇപ്പോള്‍ ചിലവന്നൂര്‍ കായലോരത്തുണ്ട്.

ചുരുങ്ങിയത് പത്തു വര്‍ഷങ്ങള്‍ക്കു മുന്നേ തന്നെ ചിലവന്നൂര്‍ കായല്‍ വിസ്തൃതി കുറഞ്ഞും ഒഴുക്കില്ലാത്ത അവസ്ഥയിലെത്തിയും ഓരങ്ങളില്‍ ഉണ്ടായിരുന്ന കണ്ടല്‍ കാടുകള്‍ നശിപ്പിക്കപ്പെട്ടും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണെന്നു വ്യക്തമാക്കുന്നതായിരുന്നു ശാസ്ത്ര സാങ്കേതിക പരിസ്ഥി കൗണ്‍സില്‍ ഉപസമതിയുടെ റിപ്പോര്‍ട്ട്. എന്നാല്‍ റിപ്പോര്‍ട്ട് കൊച്ചി കോര്‍പ്പറേഷന്‍ ഉള്‍പ്പെടെ ചെലവന്നൂര്‍ കായലിന്റെ പരിസരങ്ങള്‍ പങ്കിടുന്ന തദ്ദേശഭരണ സ്ഥാപനങ്ങള്‍ തള്ളിക്കളഞ്ഞതാണ് മരടിലും കൊച്ചി നഗരത്തിലും ചിലവന്നൂര്‍ കായലിലേക്കിറങ്ങിയെന്ന പോലെ ധാരളം ഫ്‌ളാറ്റുകളും ആശുപത്രികളും വാണിജ്യ സ്ഥാപനങ്ങളുമൊക്കെ വ്യാപകമായത്.

ഒടുവില്‍ സുപ്രീം കോടതി തന്നെ ഈ വിഷയത്തില്‍ ഇടപെട്ടതോടെയാണ് ചിലവന്നൂര്‍ കായല്‍ സംരക്ഷണത്തിന് വഴി തെളിഞ്ഞിരിക്കുന്നത്. മരടിലെ അഞ്ചു ഫ്‌ളാറ്റുകള്‍ പൊളിക്കുന്നത് കൂടാതെ നഗരസഭ പരിധിയില്‍ തന്നെ തീരദേശ നിയമം ലംഘിച്ചു നടത്തിയിരിക്കുന്ന മറ്റ് നിര്‍മാണങ്ങളും പരിശോധിക്കാന്‍ കോടതി നിർദേശിച്ചിരുന്നു. ഇതിനു പിറകെയാണ് ജസ്റ്റീസ് നവീന്‍ സിന്‍ഹ, ജസ്റ്റീസ് ബി ആര്‍ ഗവായി എന്നിവരുടെ ഡിവിഷന്‍ ബഞ്ച് ചിലവന്നൂര്‍ കായലോരത്തെ എല്ലാ തീരദേശ നിയമലംഘനങ്ങളും പരിശോധിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

' കേരളത്തില്‍ ഏറ്റവും വലതും ശക്തവുമായ റിയല്‍ എസ്റ്റേറ്റ് മാഫിയ പ്രവര്‍ത്തിക്കുന്നത് ചിലവന്നൂര്‍ കായലോരം കേന്ദ്രമാക്കിയാണ്. കായല്‍ നശീകരണത്തിന് ഭരണകൂടങ്ങള്‍ മാത്രമല്ല, നീതിന്യായ വ്യവസ്ഥതയും കണ്ണടച്ചുകൊടുക്കുകയായിരുന്നു. ഗോശ്രീ പാലം നിര്‍മിക്കാന്‍ പണം കണ്ടെത്താന്‍ കായല്‍ നികത്തിയെടുത്ത സ്ഥലം വില്‍ക്കാന്‍ അനുമതി കൊടുത്തത് ഹൈക്കോടതിയാണ്. വല്ലാര്‍പാടം കണ്ടയ്‌നര്‍ ടെര്‍മിനലിനു വേണ്ടി ബോള്‍ഗാട്ടിക്കടുത്ത് കായല്‍ നികുത്തിയെടുത്ത 26 ഏക്കര്‍ ഭൂമിയിലാണ് ഇപ്പോള്‍ ലുലു കണ്‍വെന്‍ഷന്‍ സെന്റര്‍ നില്‍ക്കുന്നത്. തീരദേശ പരിപാല നിയമത്തില്‍ നിന്നും ഒഴിവാക്കപ്പെട്ടിട്ടുള്ള പോര്‍ട്ട് കണ്ടെയ്‌നര്‍ ടെര്‍മിനിലേക്കുള്ള വാട്ടര്‍ ഫ്‌ളോ ശരിയാക്കാന്‍ വേണ്ടിയെന്നു പറഞ്ഞാണ് 26 ഏക്കര്‍ കായല്‍ നികത്തിയത്. പിന്നീട് തങ്ങള്‍ക്കുണ്ടായ നഷ്ടം നികത്താന്‍ വേണ്ടി അത്രയും ഭൂമി വിറ്റൂ. അത് ലുലു വാങ്ങുകയും ചെയ്തു. കോടതി ഇതെല്ലാം അംഗീകരിക്കുകയും ചെയ്തു. നഷ്ടമായത് വേമ്പനാട്ട് കായലിന്റെ നല്ലൊരു ഭാഗവും. കണ്ടയ്‌നര്‍ റോഡ് ഉണ്ടാക്കാനെന്ന പേരിലും നികത്തിയെടുത്തു കുറേ. ഇതിനെല്ലാം ഭരണകൂടത്തിന്റെയും നീതിന്യായ സംവിധാനത്തിന്റെയും അനുമതിയും ഉണ്ടായി. ഇവരെയൊന്നും മറി കടന്ന് ചോദ്യങ്ങള്‍ ഉണ്ടാകില്ലല്ലോ. അതിനാല്‍ തന്നെ പരിസ്ഥിതിക്കെതിരേയുള്ള നശീകരണം തുടര്‍ന്നു കൊണ്ടേയിരുന്നു. ഇപ്പോഴിതാ സുപ്രീം കോടതി ഇടപെട്ടിരിക്കുന്നു. ഈ അവസരമെങ്കിലും പ്രയോജനപ്പെടുത്തും. മരടില്‍ ഫ്‌ളാറ്റുകള്‍ പൊളിക്കാതിരിക്കാന്‍ അവസാനം വരെ ശ്രമിച്ചു നോക്കിയ ഭരണകൂടങ്ങളോ രാഷ്ട്രീയക്കാരോ ഇവിടെയും എന്തായിരിക്കും ചെയ്യുകയെന്ന് ഊഹിക്കാവുന്നതേയുള്ളൂ.കഴിഞ്ഞ ദിവസം ഉണ്ടായ മഴയില്‍ കൊച്ചി നഗരം വെള്ളക്കെട്ടാകാന്‍ കാരണം ചിലവന്നൂര്‍ കായലിന്റെ നാശമാണ്. അത് തിരിച്ചറിഞ്ഞാല്‍ തന്നെ കായല്‍ സംരക്ഷിക്കേണ്ടത് എത്രമാത്രം പ്രധാന്യമുള്ള കാര്യമാണെന്നു മനസിലാകും. പക്ഷേ, കൊച്ചി കോര്‍പ്പറേഷന്‍ തന്നെ ചിലവന്നൂര്‍ കായലില്‍ അനധികൃത നിര്‍മാണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ആകാശ സൈക്കിള്‍ പാതയെന്ന പേരില്‍ പത്മസരോവരം പ്രൊജക്ട് കൊണ്ടു വന്ന് കായലിന്റെ നടുവില്‍ ബണ്ട് കെട്ടിയത് നഗരസഭയാണ്. കോര്‍പ്പറേഷന്‍ മേയര്‍ സൗമിനി ജയിന്‍ പ്രതിനിധീകരിക്കുന്ന 54 -ാം വാർഡിലാണ് ഇത്തരമൊരു പ്രവര്‍ത്തി നടത്തിയത്. സൈക്കില്‍ വേ പദ്ധതിക്കെതിരേ സ്റ്റേ വന്നെങ്കിലും പില്ലറുകള്‍ ഉറപ്പിക്കാനെന്ന പേരില്‍ കായലില്‍ കെട്ടിയ ബണ്ട് ഇപ്പോഴുമുണ്ടവിടെ. കഴിഞ്ഞ ദിവസം 54 -ാം ഡിവിഷനിലെ പല ഭാഗങ്ങളും വെള്ളത്തില്‍ മുങ്ങിയതിനു കാരണം എന്തായിരുന്നുവെന്ന് മനസിലാകുമല്ലോ? പരിസ്ഥിതി പ്രവർത്തകനായ സി ആർ. നീലകണ്ഠൻ ചോദിക്കുന്നു.

ചിലവന്നൂര്‍ കായലിന്റെ തുടക്കമായ കടവന്ത്ര ചെട്ടിച്ചിറ സിആര്‍ഇസഡ് ഒന്നില്‍ വരുന്ന പ്രദേശമായിട്ടുപോലും വലിയ തോതിലാണ് ഇവിടെ കായല്‍ നശീകരണം നടക്കുന്നത്. പത്മസരോവരം പ്രൊജക്ടിനു വേണ്ടി റോഡ് നിര്‍മിക്കാനെന്ന പേരില്‍ കൊച്ചി നഗരസഭ തന്നെയാണ് ഇവിടം നശിപ്പിച്ചതെന്നതാണ് ഗൗരവമേറിയ വിഷയം. മണ്ണും പൂഴിയും ഇട്ടാണ് കായല്‍ നികത്തിയത്. ചെട്ടിച്ചിറയില്‍ നിന്നും പുഞ്ചത്തോട് ഭാഗത്തേക്കുള്ള ചിലവന്നൂര്‍ കായലിന്റെ ഒഴുക്ക് തടസപ്പെട്ടു. പുഞ്ചത്തോട് നഗരസഭയുടെ നേതൃത്വത്തില്‍ തന്നെയാണ് കെട്ടിയടച്ചിരിക്കുന്നത്. ഇവിടെ കായലിന്റെ ഇരു കരകളും വ്യാപകമായി നികത്തപ്പെട്ടുക്കൊണ്ടിരിക്കു
കയാണ്. ചലച്ചിത്ര താരങ്ങളുടെയും ബിസിനസുകാരുടെയും വീടുകള്‍ ഉള്‍പ്പെടെ നികത്തിയെടുത്ത സ്ഥലങ്ങളിലാണ് നില്‍ക്കുന്നത്. തീരദേശ പരിപാലന നിയമത്തിന്റെ നഗ്നമായ ലംഘനങ്ങളാണിവയെല്ലാം. ഈ നിയമലംഘനങ്ങള്‍ക്കെതിരേ കണ്ണടയ്ക്കുന്നത് തുടര്‍ന്നാല്‍ ചിലവന്നൂര്‍ കായലിന്റെ ആസന്നമായ അന്ത്യത്തിന് അധികനാള്‍ വേണ്ടി വരില്ലെന്നാണ് പരിസ്ഥിതി ശാസ്ത്രജ്ഞരും പരിസ്ഥിപ്രവര്‍ത്തകരുമെല്ലാം ചൂണ്ടിക്കാണിക്കുന്നത്. നഗരത്തിന്റെ ഹൃദയഭാഗമെന്നു പറയുന്നിടമാണ് കടവന്ത്രയും പരിസരപ്രദേശങ്ങളും. ഇവിടെ തന്നെയാണ് കായലിനെ ഇല്ലാതാക്കി കൊണ്ടിരിക്കുന്നതും. ഒക്ടോബര്‍ 21 ന് നഗരഹൃദയത്തിലെല്ലാം വെള്ളം കയറി മുങ്ങിയത് എന്തുകൊണ്ടാണെന്ന് ചെട്ടിച്ചിറ ഭാഗത്തെ കാഴ്ച്ചകള്‍ ഉത്തരം നല്‍കുന്നുണ്ട്.


'റാംസാര്‍സൈറ്റില്‍(Ramsar site)ഉള്‍പ്പെടുന്ന(സംരക്ഷിക്കപ്പെടേണ്ട പ്രദേശങ്ങള്‍)താണ് ചിലവന്നൂര്‍ കായല്‍. വേമ്പനാട്ട് കായലുമായി ബന്ധപ്പെടുന്നതുകൊണ്ട് പാഡി ആന്‍ഡ് വെറ്റ്‌ലാന്‍ഡ് അഥോറിറ്റിയുടെ കീഴിലും കായല്‍ വരുന്നുണ്ട്. കൂടാതെ കോസ്റ്റല്‍ റെഗുലേറ്ററി സോണ്‍ കാറ്റഗറി ഒന്നിലും. അതീവ പരിസ്ഥിതി ലോല പ്രദേശമായും കണക്കാക്കുന്ന ചിലവന്നൂര്‍ കായലോരത്ത് നിയമം അറിഞ്ഞുകൊണ്ട് നടന്നിരിക്കുന്ന/ നടന്നുകൊണ്ടിരിക്കുന്ന കൈയേറ്റങ്ങളും അനധികൃത നിര്‍മാണങ്ങളുമാണുള്ളത്.

"2011 ല്‍ ഡിഎല്‍എഫ് ചിലവന്നൂര്‍ കായലോരത്ത് നിര്‍മാണം നടത്തുന്നത് പ്രസ്തുത പ്രദേശത്ത് നിര്‍മാണം പാടില്ലായെന്നുള്ള ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ സ്റ്റോപ്പ് മെമ്മോ നിലവില്‍ നില്‍ക്കുമ്പോള്‍ തന്നെയാണ്. ആദ്യമവര്‍ ആറു നില പണിഞ്ഞു. പിന്നീട് 24 ഓളം നിലകളിലായി കൂറ്റന്‍ സമുച്ചയങ്ങള്‍ ഉണ്ടാക്കി. തീരദേശ പരിപാല നിയമം നഗ്നമായി ലംഘിച്ചുകൊണ്ടാണ് ഡിഎല്‍എഫ് ഫ്‌ളാറ്റ് നിര്‍മിച്ചിരിക്കുന്നതെന്നു ചൂണ്ടാക്കാട്ടി 2014 ല്‍ ആണ് ഞാന്‍ ഹൈക്കോടതിയില്‍ ചെല്ലുന്നത്. സിംഗിള്‍ ബഞ്ചിന്റെ സ്‌റ്റോപ്പ് മെമ്മോ നിലനില്‍ക്കുന്നിടത് നിര്‍മാണം നടത്തുക വഴി കോടതിയലക്ഷ്യം കൂടിയാണ് ഡിഎല്‍എഫ് ചെയ്തത്. എന്നാല്‍ പിന്നീട് കോടതികളില്‍ നിന്നു തന്നെ ഡിഎല്‍എഫ് രക്ഷപ്പെട്ടു പോന്നൂ. വെറും ഒരു കോടി രൂപ മാത്രം പിഴയടച്ചുകൊണ്ട്. നിര്‍മാണം പൂര്‍ത്തിയാക്കിയശേഷം പൊളിച്ചു കളഞ്ഞാല്‍ കോടികള്‍ നഷ്ടമുണ്ടാകുമെന്നും ജനങ്ങളുടെ പണം തന്നെയാണ് പോകുന്നതെന്നുമായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബഞ്ചും പിന്നീട് സുപ്രീം കോടതിയും ഡിഎല്‍എഫിന് അനുകൂലമായി ഉത്തരവ് ഇടാന്‍ കാരണം പറഞ്ഞത്. പൊളിക്കേണ്ടെന്നും പകരം ഒരു കോടി രൂപ പിഴയീടാക്കിയാല്‍ മതിയെന്നുമുള്ള ഡിഎല്‍എഫ് കേസിലെ കോടതികളുടെ നിരീക്ഷണമായിരുന്നു മരടിലെ ഫ്‌ളാറ്റ് ഉടമകള്‍ക്കും ആശ്വാസം. അതവര്‍ പയറ്റി നോക്കുകയും ചെയ്തു. ജ. അരുണ്‍ മിശ്രയെപോലുള്ളൊരു ന്യായാധിപന്റെ മുന്നില്‍ വിലപ്പോയില്ലെന്നു മാത്രം.

ചിലവന്നൂര്‍ കായലുമായി ബന്ധപ്പെട്ട് ഒട്ടനവധി കൈയേറ്റങ്ങള്‍ ഉണ്ടെന്നു തെളിഞ്ഞിട്ടും ഈ നിമിഷം വരെ നടപടികളൊന്നും ഉണ്ടായിട്ടില്ല. ഹീര വാട്ടേഴ്‌സ് 47 സെന്റ് കായല്‍ കയ്യേറിയെന്നു തെളിഞ്ഞിട്ടും അത് തിരിച്ചു പിടിക്കാനുള്ള ശ്രമം പോലും ഇതുവരെ ഉണ്ടായിട്ടില്ല. ഹൈക്കോടതി സ്‌റ്റേ കൊടുത്തിരിക്കുകയാണ്. ഈ കായലിന്റെ യഥാര്‍ത്ഥ വീതിയും നീളവും അളന്ന് ഒരു മാപ്പ് തയ്യാറാക്കണമെന്ന ആവശ്യം എത്രയോ നാളായി ഉയരുന്നു. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ ഉപസമfതി തന്നെ ഇത്തരമൊരു ആവിശ്യം ഉന്നയിച്ചിട്ട് പത്തുവര്‍ഷത്തോളം കഴിഞ്ഞു. . മരടിലെ അഞ്ച് ഫ്‌ളാറ്റുകള്‍ക്കും ഡിഎല്‍എഫിനും അനധികൃതമായി നിര്‍മാണാനുമതി നല്‍കിയ ഉദ്യോഗസ്ഥരേയും ഈ നിര്‍മാണങ്ങളുടെ ഉടമസ്ഥരേയും പ്രതികളാക്കി ഞാന്‍ നല്‍കിയ ഹര്‍ജിയ ഹര്‍ജി വിജിലന്‍സ് കോടതി ഈ മാസം 29 ന് പരിഗണിക്കുന്നുണ്ട്. ഡിഎല്‍എഫിന്റെ കാര്യത്തില്‍, അവര്‍ നിയമം ലംഘിച്ചു എന്ന് ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും വിധിയില്‍ വ്യക്തമായി പറയുന്ന കാര്യമാണ്. പിഴയൊടുക്കി രക്ഷപ്പെട്ടെങ്കിലും അവര്‍ നിയമം ലംഘിച്ചെന്ന കുറ്റത്തില്‍ നിന്നും വിമുക്തരായിട്ടൊന്നുമില്ല. സുപ്രീം കോടതിയില്‍ തന്നെ റിവ്യൂ പെറ്റീഷന്‍ നല്‍കിയാല്‍ ഇനിയും ഡിഎല്‍എഫിനെതിരേ നടപടി വരാനുള്ള സാഹചര്യമുണ്ട്. നിയമസംവിധാനത്തില്‍ തന്നെയാണ് നമ്മാള്‍ ഇപ്പോഴും വിശ്വസിക്കുന്നത്". ചിലവന്നൂര്‍ കായല്‍ കയ്യേറ്റങ്ങള്‍ക്കെതിരേ നിയമ പോരാട്ടം നടത്തി വരുന്ന പരിസ്ഥിതി പ്രവര്‍ത്തകനും വിവരാവകാശ പ്രവര്‍ത്തകനും മായ ചെഷയര്‍ ടാര്‍സന്‍ അഴിമുഖത്തോട് വിശദീകരിച്ചു.
മരടില്‍ സുപ്രീം കോടതി ഉത്തരവ് നടപ്പാക്കേണ്ടി വന്ന സാഹചര്യത്തില്‍ കൊച്ചി നഗരത്തില്‍ ചെലവന്നൂര്‍ കായലോരത്തായി നിലനില്‍ക്കുന്ന അനധികൃത നിര്‍മാണ പ്രവര്‍ത്തികള്‍ക്കെതിരേയും നടപടികള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കുള്ളത്. ഈ വര്‍ഷം ജൂണ്‍ മാസത്തില്‍ ചെഷയര്‍ ടാര്‍സന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച് ജില്ല കളക്ടറോട് ഒരു മാസത്തിനകം ചെലവന്നൂര്‍ കായല്‍ അളന്ന് തിട്ടപ്പെടുത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആവിശ്യപ്പെട്ടിരുന്നതാണ്. പഴയ സര്‍വേ, റീ സര്‍വേ, ഉപഗ്രഹ സര്‍വേ എന്നീ മാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്തി കായല്‍ അളന്നു തിട്ടപ്പെടുത്താനും കയ്യേറ്റങ്ങള്‍ പ്രത്യേകം അടയാളപ്പെടുത്തി സ്‌കെച്ച് ചെയ്ത് കൈമാറാനുമായിരുന്നു കോടതിയുടെ നിര്‍ദേശം. എന്നാല്‍ ഇതില്‍ എന്തെങ്കിലും നടക്കുന്നതായി തനിക്ക് അറിവില്ലെന്നാണ് ചെഷയര്‍ ടാര്‍സന്‍ തന്നെ വ്യക്തമാക്കുന്നത്. മരട് നഗരസഭയുടെ പരിധിയില്‍ ചെലവന്നൂര്‍ കായലോരത്ത് വരുന്ന ഹോളി ഫെയ്ത്ത് എച്ച് ടു ഒ, ജയ്ന്‍ കണ്‍സ്ട്രക്ഷന്‍, ഗോള്‍ഡന്‍ കായലോരം, ആല്‍ഫ വെഞ്ചേഴ്‌സ് എന്നീ ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ സുപ്രീം കോടതി 2019 മേയില്‍ ഉത്തരവ് ഇട്ടതിനു പിന്നാലെയായിരുന്നു കേരള ഹൈക്കോടതിയും ചെലവന്നൂര്‍ കായലോരത്തെ എല്ലാ കയ്യേറ്റങ്ങളും അടയാളപ്പെടുത്തി നല്‍കാന്‍ പറഞ്ഞത്. തീരദേശ പരിപാല അതോറിറ്റിയും തീരദേശ നിയമലംഘനങ്ങള്‍ക്കെതിരേ ഇപ്പോള്‍ ശക്തമായ നിലപാട് സ്വീകരിച്ചിരിക്കുന്ന സാഹചര്യത്തില്‍ കൊച്ചിന്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ കൂടി ഉള്‍പ്പെട്ട അനധികൃത നിര്‍മാണങ്ങള്‍ പൊളിക്കാനുള്ള നടപടികള്‍ എത്രയും വേഗം ഉണ്ടാകണമെന്നാ പൊതുവില്‍ ഉയരുന്ന ആവശ്യം. എന്നാല്‍ സംസ്ഥാന സര്‍ക്കാരും തദ്ദേശഭരണ സ്ഥാപനങ്ങളും ഈ വിഷയത്തില്‍ എടുക്കുന്ന നിലപാടുകള്‍ എന്തായിരിക്കുമെന്ന സംശയവും പരിസ്ഥിതി പ്രവര്‍ത്തകര്‍ ഉയര്‍ത്തുന്നുണ്ട്. ചെലവന്നൂര്‍ കായലിന്റെ കാര്യത്തില്‍ തുടര്‍ന്നു വന്ന കുറ്റകരമായ അനാസ്ഥ ഇനിയും തുടരുകയാണെങ്കില്‍ കൊച്ചി ഇല്ലാതാക്കുന്നതിലേക്കായിരിക്കും കാര്യങ്ങള്‍ വന്നെത്തുകയെന്ന മുന്നറിയിപ്പാണ് ഇവര്‍ നല്‍കുന്നത്.


Next Story

Related Stories